വായനാശീലത്തെക്കുറിച്ച് പറയുമ്പോൾ ഓർമ്മ വരുന്നത് കുട്ടികൾക്കുള്ള  പ്രസിദ്ധീകരണങ്ങൾ വരുവാനായി കാത്തിരിക്കുമായിരുന്ന എന്റെ കുട്ടിക്കാലമാണ്. വായിക്കാൻ പഠിക്കുന്നതിന് മുൻപേ പുരാണ കഥാപാത്രങ്ങളും ചരിത്ര പുരുഷന്മാരുമൊക്കെ എന്റെ കൂട്ടുകാരായിരുന്നു.

എന്റെ അച്ഛനും,അമ്മയും, ചേച്ചിയും എനിക്ക് കുഞ്ഞിലേ ഒരുപാടു കഥാപുസ്തകങ്ങൾ വായിച്ചു തന്നിരുന്നത് എന്നിൽ വായനാശീലം ഉണ്ടാക്കാൻ സഹായിച്ചു. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ കുഞ്ഞുങ്ങൾക്കായി വായിച്ചു കൊടുക്കാൻ സമയം കണ്ടെത്തുക അത്ര എളുപ്പമല്ല. അപ്പോൾ വായനയെ അപേക്ഷിച്ച്‌ എളുപ്പമായ ടെലിവിഷൻ അല്ലെങ്കിൽ കാർട്ടൂൺ എന്നിവ കാണിച്ചു കൊടുക്കാൻ നമ്മൾ ശ്രമിക്കും. അത് തീരെ ചെറുപ്രായത്തിൽ തന്നെയാണെങ്കിലും നല്ലതിനേക്കാളേറെ ഒരുപാടു ദൂഷ്യ ഫലങ്ങളായിരിക്കും ഉണ്ടാക്കുക. 

ഭാഷ ഉപയോഗിക്കുന്നത് ആശയവിനിമയത്തിനായിട്ടാണ്. അതിനായുള്ള പ്രധാന മാർഗങ്ങളാണ് വായനയും, എഴുത്തും. പഠനങ്ങൾ സൂചിപ്പിക്കുന്നത് കുട്ടികൾക്ക് ഉച്ചത്തിൽ വായിച്ചു കൊടുക്കുന്നത് അവരുടെ ഭാവനയെ ഉത്തേജിപ്പിക്കുകയും ലോകത്തിനെയും അതിലെ വസ്തുക്കളെയും കുറിച്ചുള്ള അവരുടെ ധാരണ വികസിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ്. കൂടാതെ അത് അവരുടെ ഭാഷാ വൈദഗ്ദ്ധ്യം വർധിപ്പിക്കുകയും ചെയ്യും.

ജനിച്ച്‌ ഏതാനും മാസങ്ങളാകുമ്പോൾ തന്നെ കുഞ്ഞുങ്ങൾക്ക് വസ്തുക്കളെ നോക്കി കാണാനും, ചുണ്ടിക്കാണിക്കാനും കഴിയും. കുട്ടികളിൽ അവലോകനം ചെയ്യാനുള്ള കഴിവുകൾ വളർത്തിയെടുക്കാൻ വിവിധ ചിത്രങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആ വസ്തുക്കളുടെ പേരുകൾ പറയുക. ചിത്രങ്ങളിൽ ശ്രദ്ധിക്കുകയും, യഥാർത്ഥ വസ്തുക്കളുടെ പേരുകൾ കേൾക്കുകയും ചെയ്യുമ്പോൾ കുട്ടിക്ക് അവ തമ്മിലുള്ള ബന്ധം മനസ്സിലാകുകയും  അതോടൊപ്പം ഭാഷയുടെ പ്രാധാന്യം പഠിക്കുകയും ചെയ്യും.

കുഞ്ഞുങ്ങളുടെ ആരോഗ്യമുള്ള മസ്തിഷ്ക വളർച്ചയ്ക്ക്‌ അത്യാവശ്യമാണ്  മാതാപിതാക്കളുമായും, മറ്റു മുതിർന്നവരുമായിട്ടുമുള്ള ഇടപെടലുകളെന്നാണ് തലച്ചോറിന്റെ വളർച്ചയെക്കുറിച്ചുള്ള ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. സാമൂഹ്യവും, വൈകാരികവും, മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന്‌ ഇത് അത്യന്താപേക്ഷിതമാണ്‌. 

കുട്ടികൾക്ക് വായിച്ചു കൊടുക്കുന്നതിലൂടെ അവർക്കും മാതാപിതാക്കൾക്കും ലഭിക്കുന്ന ചില പ്രയോജനങ്ങൾ :

നല്ല മാതൃക 

മാതാപിതാക്കൾ ചെയ്യുന്നത് പിന്തുടരുക എന്നത് കുട്ടികളുടെ സ്വതസ്സിദ്ധമായ ഒരു കഴിവാണ്. നിങ്ങൾ കുട്ടികൾക്ക് വായിച്ചു കൊടുക്കുകയാണെങ്കിൽ അതവർക്കും സ്വയം വായിക്കാനുള്ള പ്രചോദനമായി മാറും. എന്നാൽ കുട്ടികൾ അവരുടെ ചുറ്റുമുള്ളവർ വായിക്കുന്നത് കാണുന്നില്ലെങ്കിൽ അവർക്ക് ആ ശീലം ലഭിക്കാൻ വളരെ പ്രയാസമാണ്. വായന എന്നത് ശ്രദ്ധ (concentration) വികസിപ്പിച്ചെടുക്കാനുള്ള ഒരു എളുപ്പ വിദ്യയാണ്. മുതിർന്നവരിൽ നിന്ന് കുട്ടികൾക്ക് പഠിക്കാൻ അത്യുത്തമമായ ഒരു ശീലമാണ് വായന.

ആത്മാഭിമാനവും ആത്മവിശ്വാസവും 

വായിച്ചു കൊടുക്കുന്നതു വഴി കുട്ടികൾ പുതിയ വാക്കുകൾ പഠിക്കുകയും അവരുടെ പദാവലി വികസിക്കുകയുമാണ് ചെയ്യുന്നത്.  വളരെ ചെറുപ്രായത്തിലേ കുട്ടികൾക്ക് നമ്മൾ കഥകളും മറ്റും വായിച്ചു കൊടുക്കുന്നത് അവർക്ക്‌ അധ്യാപകരോ, മറ്റു മുതിർന്നവരോ ആയി അനായാസേന ആശയവിനിമയം നടത്താൻ സഹായിക്കുന്നു. തങ്ങൾക്കു പറയേണ്ടതിനാവശ്യമായ വാക്കുകൾ പറയുന്നതുവഴി കുട്ടിക്ക് നല്ല ആത്മാഭിമാനവും, ആത്മവിശ്വാസവും ഉണ്ടാകുന്നു. കുട്ടികളിൽ വാക്കുകളുപയാഗിക്കാനുള്ള അറിവ് അവരുടെ ചിന്തകളെ വാക്കുകളും, വാക്യങ്ങളുമാക്കി മാറ്റുകയും അതുവഴി ബുദ്ധിമുട്ടില്ലാതെ ആശയവിനിമയം നടത്തുവാനും കഴിയും. (വാക്കുകൾ ഉപയോഗിക്കാൻ അറിയാത്തതും അതിനാൽ തങ്ങളുടെ ആവശ്യം അറിയിക്കാൻ കഴിയാത്തതും ചിലപ്പോൾ കുട്ടികളിൽ ഒരുപാടു ദേഷ്യം അല്ലെങ്കിൽ ബുദ്ധിമുട്ട്‌ ഉണ്ടാക്കാറുണ്ട്.)

സ്നേഹബന്ധം വളർത്തുക

നിങ്ങളുടെ കുട്ടികളോടൊപ്പം നിങ്ങൾ ചെലവഴിക്കുന്ന സമയം, നിങ്ങൾ അവരോട് പറയുന്ന കഥ, അവർക്കു പകർന്നു കൊടുക്കുന്ന സന്തോഷം, ആവേശം അത് കാണുന്നതുതന്നെ അമൂല്യമായ അനുഭവമാണ്. ഇത് വഴി അച്ഛനമ്മമാരും, കുട്ടികളും തമ്മിൽ നല്ല സ്നേഹബന്ധം വളർത്തിക്കൊണ്ടുവരാൻ സഹായിക്കും. കഥകളിലൂടെ അവർക്ക്‌ നല്ല മാർഗനിർദേശങ്ങൾ നൽകാനും, അവരുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാനും, ഭയങ്ങൾക്ക്‌ സാന്ത്വനം നൽകാനും ഈ അവസരം അത്യുത്തമമാണ്. 

വർദ്ധിച്ച ഏകാഗ്രതയും അച്ചടക്കവും

വായനയുടെ ലോകത്തിൽ സഞ്ചരിക്കുന്ന കുട്ടികൾക്ക് ആത്മനിയന്ത്രണവും, ദീർഘവീക്ഷണവും, മെച്ചപ്പെട്ട ഓർമ്മ നിലനിർത്തലും എളുപ്പം കിട്ടുന്ന ചില ഗുണങ്ങളാണ്.

ഉന്നതശ്രേണിയിലെ മികവ്

പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്, ചെറുപ്പത്തിലേ തന്നെ വായന തുടങ്ങുന്ന കുട്ടികളിൽ പ്രാഥമിക വിദ്യാഭ്യാസം അല്ലെങ്കിൽ വിദ്യാഭ്യാസത്തിന്റെ ഔപചാരിക തുടക്കത്തിന് വളരെ സഹായിക്കുമെന്നതാണ്.
ചെറിയ കുട്ടികളെ ആദ്യമായി ഒരു കഥ വായിച്ചു തീരുന്നതുവരെ പിടിച്ചിരുത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. എങ്ങനെ കുഞ്ഞുമായി പങ്കിടുന്ന വായനസമയം ആനന്ദകരമാക്കുവാൻ കഴിയുമെന്നായിരിക്കും നിങ്ങളിപ്പോൾ ചിന്തിക്കുക. അതിനും ഒരുപാടു വഴികളുണ്ട്. ഇതെല്ലം എന്റെ മൂന്നര വയസ്സുകാരിയിൽ കുഞ്ഞിലേ മുതൽ പരീക്ഷിച്ചു വിജയിച്ചതാണ്. 
1.    വായിക്കുന്നതിനായി എല്ലാ ദിവസവും ഒരു നിശ്ചിത സമയം നിർണയിക്കുകയും, അതൊരു പതിവായി തുടരുകയും ചെയ്യുക. ഉദാഹരണത്തിന് രാത്രി കുഞ്ഞിനെ ഉറക്കുന്നതിനു മുമ്പുള്ള സമയം. നിങ്ങളും കുഞ്ഞും ചേർന്നിരുന്നു വായിക്കുന്ന ആ സമയം കുഞ്ഞിന് കിട്ടുന്ന സുരക്ഷിതത്വവും, സ്നേഹവും ഒരു ടെലിവിഷൻ ഷോയും നൽകില്ല.
2.    വായനയ്ക്കായി  തിരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ കുഞ്ഞിന്റെ പ്രായത്തിനും, താല്പര്യത്തിനും അനുസരിച്ചായിരിക്കണം. എന്നാൽ മാത്രമേ കുഞ്ഞിന്റെ ശ്രദ്ധ പൂർണമായും കിട്ടുകയുള്ളു. വായന ഒരു കളിയാക്കി മാറ്റുക. ഉദാഹരണത്തിന് കുഞ്ഞിനോട് അവരുടെ മൂക്ക് എവിടെയാണ് എന്ന് ചോദിക്കുക? തുടർന്ന് ‘എവിടെ അമ്മയുടെ മൂക്ക്?’ അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയുടെ മൂക്ക് സ്പർശിച്ച് പറയുക, ‘ഇത് എന്താണ്?’ അത് കുട്ടികളിൽ ജിജ്ഞാസ വളർത്തും, കൂടാതെ അറിയാനുള്ള താത്പര്യവും.
3.    ഒരു പുസ്തകം തന്നെ വീണ്ടും വീണ്ടും വായിക്കണം എന്ന് മിക്ക കുട്ടികളും പറയും. നൂറു പ്രാവശ്യം ആ പുസ്തകം വായിച്ചുകൊടുക്കൂ!! അത് ഒരു വിധത്തിൽ നല്ലതാണ്. ആവർത്തിച്ച് വായിക്കുന്നത് കുട്ടികളിൽ ഭാഷാ വൈദഗ്ദ്ധ്യം വികസിപ്പിക്കാൻ സഹായിക്കുന്നുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
4.    കഥകൾ വായിക്കുമ്പോൾ അതിലെ നർമവും, ഭാവവും ഒത്തു ചേർത്ത് വായിക്കു, അത് അവരെ കൂടുതൽ ഉന്മേഷത്തിൽ കൊണ്ടുവരും. കൂടാതെ വ്യത്യസ്ത കഥാപാത്രങ്ങൾക്കായി വ്യത്യസ്ത ശബ്ദത്തിൽ വായിക്കാൻ ശ്രമിക്കു, കുഞ്ഞുങ്ങളെ കുടുകുടെ ചിരിപ്പിക്കാൻ അത് മതി.  അവരുടെ ആ ചിരി കാണുക എന്നത് ഒരു രസം തന്നെയാണ്. 
5.    കുട്ടികൾക്ക് പുസ്തകം വായിച്ചു കൊടുക്കുമ്പോൾ കഴിവതും അവരെയും വായനയിൽ ഒരു ഭാഗമാക്കുക. അപ്പോൾ അവർ സജീവമായി ഒരു കഥ കേൾക്കും. എന്താണ് സംഭവിക്കുന്നതെന്ന് ചർച്ച ചെയ്യുക, പേജിൽ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുക, കുട്ടിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. നിങ്ങളുടേതായ ചോദ്യങ്ങൾ ചോദിക്കുക, കുട്ടിയുടെ പ്രതികരണങ്ങൾ കേൾക്കുക.


writer is...

അമേരിക്കയിലെ സിയാറ്റിലിൽ താമസിക്കുന്നു. ഐടി മേഖലയിൽ  ജോലി ചെയ്യുന്നു. ഫുഡ് ആർട്ട് രംഗത്ത് വിദഗ്ദ്ധ.