വിശേഷാവസരങ്ങളിലല്ലാതെ എന്നാണ് നമ്മൾ കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുന്നത്? കുടുംബത്തിലെ എല്ലാവരും ഒത്തുചേർന്നിരുന്നു ഭക്ഷണം കഴിച്ചിരുന്ന പണ്ടത്തെ ആ രീതി കാലത്തിന്റെ ഒഴുക്കിൽ എവിടെയോ നഷ്ടമായി. തിരക്കുള്ള ജീവിതശൈലിയും അച്ഛനും അമ്മയും ജോലിക്കു പോകുന്നതും കുട്ടികളുടെ സ്കൂളും ട്യൂഷനും എല്ലാംതന്നെ അതിന്റെ കാരണമാണ്. എന്നിരുന്നാലും, ഒരു കുടുംബമെന്ന നിലയിൽ ഒന്നിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുന്നത് നമ്മുടെ വളർന്നു വരുന്ന കുട്ടികൾക്ക് വളരെ ഗുണം ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

പ്രഭാത ഭക്ഷണമോ ഉച്ചഭക്ഷണമോ അത്താഴമോ ആകട്ടെ, ആഴ്ചയിൽ 4 -5 തവണ വീട്ടിൽ ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്‌. പ്രവർത്തിദിവസങ്ങളിൽ ഇതിനുള്ള അവസരം ലഭിക്കുന്നില്ലെങ്കിൽ വാരാന്ത്യം നമുക്ക് അതിനായി മാറ്റിവയ്ക്കാം. ഒരു നേരമെങ്കിലും ഒത്തൊരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതു കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് നോക്കാം:

ജീവിതസമ്മർദങ്ങൾ കുറയ്ക്കാൻ 
വൈകുന്നേരം ഭക്ഷണവേളയിൽ പ്രിയപ്പെട്ടവരുടെ സാമീപ്യം നമുക്ക് നല്ല ചിന്തകൾ നൽകുന്നു. അന്നു നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കാനും കുട്ടികളുടെ വർത്തമാനങ്ങൾ കേൾക്കാനുള്ള സമയം അവർക്ക്‌ നൽകാനും സാധിക്കും.

അച്ഛനോട്, അല്ലെങ്കിൽ അമ്മയോട് തങ്ങളുടെ കാര്യങ്ങൾ പറയാം എന്നതു തന്നെ അവരുടെ നിസ്സാരമോ അല്ലെങ്കിൽ, കൂടിക്കുഴഞ്ഞതോ ആയോ എന്തു പ്രശ്നങ്ങൾക്കും പരിഹാരത്തിന്റെ ആദ്യപടി തന്നെയാണ് ഭക്ഷണവേള.

അത്‌ ജീവിത സമ്മർദങ്ങളെ കുറയ്ക്കാൻ മുതിർന്നവരെയും കുട്ടികളെയും സഹായിക്കുന്നുവെന്ന് നിസ്സംശയം പറയാം. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ പറയാൻ അല്ലെങ്കിൽ, അവരുടെ അന്നത്തെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്നത് ഒരു വലിയ  ഭാഗ്യമല്ലേ.

കുടുംബബന്ധങ്ങൾ ദൃഢപ്പെടുത്താൻ 
കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗമാണ് ഒരുമിച്ച്‌ സമയം ചെലവഴിക്കുക എന്നത്. ചെറിയ കുഞ്ഞുങ്ങളുള്ള കുടുംബത്തിൽ ഇങ്ങനെ ഒരുമിച്ചുള്ള ദിനചര്യ സുരക്ഷിതത്വവും കുടുംബത്തിൽ താൻ ഒരു അത്യാവശ്യ ഘടകം ആണെന്നുള്ള തോന്നലുമുണ്ടാക്കും. 

കൗമാര പ്രായക്കാരായ കുട്ടികളുള്ള മാതാപിതാക്കളുടെ എപ്പോഴെത്തെയും ആധിയാണ് മയക്കുമരുന്ന്, ചീത്ത കൂട്ടുകെട്ടുകൾ, ഇന്റർനെറ്റ് ദുരുപയോഗം, വിഷാദരോഗം എന്നിവ. ഇതിലേക്ക് കുട്ടികളുടെ നുഴഞ്ഞുകയറ്റം ഒരു പരിധിവരെ കുറയ്ക്കാൻ തീൻമേശയിലെ കുടുംബത്തിന്റെ ഒത്തൊരുമയ്ക്ക് കഴിയുമെന്നാണ് കൊളംബിയ യൂണിവേഴ്സിറ്റിയുടെ നാഷണൽ സെന്റർ ഓൺ അഡിക്‌ഷൻ ആൻഡ് സബ്സ്റ്റൻസ് അബ്യൂസ് (സി.എ.എസ്.എ.) നടത്തിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.  

Familyഒരു ചെറിയ ഉദാഹരണം: നമ്മുടെ ഒരു ദിവസത്തെ, ഒരു പൂവിനോട് ഉപമിക്കുകയാണെങ്കിൽ, തീർച്ചയായും അനുകൂലവും (സുഗന്ധവും ഭംഗിയുമുള്ള ഒരു റോസ്), പ്രതികൂലവും (മുള്ളിനെ പ്പോലെ വിഷമിപ്പിച്ച ഒരു സംഭവം), പ്രതീക്ഷകളും (നാളെയുടെ പ്രതീക്ഷയായ ഒരു മൊട്ടുപോലെ) നമുക്ക് കാണാം. ‘നിങ്ങളുടെ ദിവസം എങ്ങനെയുണ്ടായിരുന്നു’ എന്നു ചോദിക്കുന്നതു വഴി ഇവയെല്ലാം തന്നെ മനസ്സിലാക്കുകയാണ് ചെയ്യുന്നത്. 

തീൻമേശയിലെ കൂട്ടായ്മയും അക്കാദമിക് പ്രകടനവും
തീൻമേശയിലെ ഒത്തുചേരലും അക്കാദമിക് പ്രകടനവും തമ്മിൽ പ്രധാനപ്പെട്ട ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. ഓരോ ആഴ്ചയിലും അഞ്ചോ ആറോ പ്രാവശ്യം കുടുംബത്തിന്റെ കൂടെ ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് ഉന്നത ശ്രേണിയിലെ ഗ്രേഡുകൾ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സി.എ.എസ്.എ. നടത്തിയ ഗവേഷണങ്ങൾ പറയുന്നത്‌. 

അച്ഛനമ്മമാരോട് തങ്ങളുടെ ബന്ധം കൂടുതൽ ദൃഢപ്പെടുത്താൻ തീൻമേശയിലെ ഈ ഒത്തുചേരൽ സഹായിക്കുന്നു. ഇങ്ങനെ ഒരുമിച്ചു കൂടുമ്പോൾ കുട്ടികൾ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നു. അങ്ങനെ ഫാസ്റ്റ് ഫുഡ് കൊണ്ടുണ്ടാകുന്ന പൊണ്ണത്തടി ഇല്ലാതാകുന്നു.

അച്ഛനമ്മമാർ സംസാരിക്കുന്നത്‌ കേൾക്കുന്ന ചെറിയ കുട്ടികൾ, അവരുടെ ഭാഷാപരിജ്ഞാനം വർധിപ്പിക്കുകയാണ്. വായിക്കുമ്പോൾ മനസ്സിൽ പതിയുന്ന വാക്കുകളേക്കാളുമേറെ അവർക്ക്‌ ഇതിൽ നിന്ന് ലഭിക്കും.

പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇങ്ങനെ ഒത്തൊരുമിച്ചു ഭക്ഷണം കഴിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ആത്മാഭിമാനം വളരെ അധികം ഉണ്ടാകുമെന്നും അതുവഴി ജീവിതത്തിൽ നേട്ടങ്ങളുണ്ടാകുമെന്നുമാണ്. 

തീൻമേശയിലെ മര്യാദകൾ മനസ്സിലാക്കാൻ
കുട്ടികളെപ്പോഴും മാതൃകയാക്കുക ആരെയാണ്...? അമ്മയും അച്ഛനും ആണ് കുട്ടികളുടെ ആദ്യ ഗുരുക്കന്മാർ. കുട്ടികൾ എല്ലായ്‌പോഴും അച്ഛനമ്മമാരെ കണ്ണുമടച്ച്‌ അനുകരിക്കുകയാണ് പതിവ്. അനുയോജ്യമായ തീൻമേശ മര്യാദകൾ, ഭക്ഷണരീതി, സാമൂഹിക കഴിവുകൾ എന്നിവ പകർന്നുനൽകാനുള്ള മികച്ച അവസരമാണ് ഒത്തൊരുമിച്ചുള്ള ഭക്ഷണസമയം.

familyഇവിടെ ഓർമിക്കേണ്ട ഒരു ചെറിയ നിയമം - വിമർശിക്കരുത്, കുറ്റപ്പെടുത്തരുത്... പകരം ഉദാഹരണത്തിലൂടെ അവരെ നയിക്കുക. 

പുതിയ ഭക്ഷണങ്ങൾ കഴിപ്പിക്കാനുള്ള അരങ്ങ്
മാതാപിതാക്കൾക്ക് കുട്ടികൾക്കായി വൈവിധ്യമുള്ള ഭക്ഷണങ്ങളുടെ കവാടം തുറന്നുകൊടുക്കാനും അവരുടെ അഭിരുചികളെ വിപുലമാക്കാനും ഒരുമിച്ചുള്ള ഭക്ഷണം സഹായിക്കും. പഠനങ്ങൾ സൂചിപ്പിക്കുന്നത് 9 മുതൽ 14 വയസ്സു വരെ പ്രായമുള്ളവർ കുടുംബങ്ങളുമായി അത്താഴം കഴിക്കുന്നതു വഴി കൂടുതൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നു (കാത്സ്യം, ഇരുമ്പ്, നാരുകൾ തുടങ്ങിയ ധാരാളം പോഷക ഘടകങ്ങൾ ഇങ്ങനെ അവർക്കു ലഭിക്കുന്നു). സോഡ, വറുത്ത ഭക്ഷണങ്ങൾ തുടങ്ങിയവ കുറയ്ക്കുന്നതായും കാണപ്പെടുന്നു. 

ആരോഗ്യകരമായ ഭക്ഷണം = ആരോഗ്യമുള്ള കുട്ടികൾ 
പഠനങ്ങളനുസരിച്ച് മാതാപിതാക്കൾക്കൊപ്പം ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയ കുട്ടികൾ വിഷാദരോഗം, ആത്മഹത്യാ പ്രവണത എന്നിവയിൽ നിന്ന് ഒരു പരിധിവരെ മാറിനിൽക്കും. മക്കൾ എന്തെങ്കിലും കാരണവശാൽ മാനസികമായി തകർന്നിരിക്കുന്നു എന്നത് എളുപ്പം മനസ്സിലാക്കാൻ അവരുമായി പങ്കുവയ്ക്കുന്ന സമയം സഹായിക്കും. ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും കഴിക്കാൻ കുട്ടികളെ സഹായിക്കാൻ ഈ തീൻമേശയിലെ കൂട്ടായ്മയ്ക്ക് കഴിയും.

ലേഖിക: അമേരിക്കയിലെ സിയാറ്റിലിൽ താമസിക്കുന്നു. ഐടി മേഖലയിൽ  ജോലി ചെയ്യുന്നു. ഫുഡ് ആർട്ട് രംഗത്ത് വിദഗ്ദ്ധ. 

family food