പുതിയ വര്‍ഷം അതിവേഗം കടന്നുവന്നു കൊണ്ടിരിക്കുകയാണ്. സാര്‍വത്രികമായി ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത് നല്ല സമൃദ്ധിയും, സന്തോഷവുമുള്ള പുതുവര്‍ഷമാണ്. നമ്മുടെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ മിക്കവാറും കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ചുള്ള കേക്ക് മുറിക്കലോ, സുഹൃത്തുക്കളുടെ കൂടെ ഒരു പാര്‍ട്ടിയോ മറ്റുമായി കടന്നുപോകും. എന്നാല്‍ ലോകത്തെ ചില രാജ്യങ്ങളില്‍ വളരെ വ്യത്യസ്തവും, കൗതുകപൂര്വവുമായ ചില ആഘോഷങ്ങള്‍ ഉണ്ട്. അതിലൂടെയാണ് ഇന്നത്തെ യാത്ര.
സ്പെയിന്
സ്പെയിനില്‍, പുതുവത്സരാഘോഷത്തിന്റെ പ്രധാനതാരം മുന്തിരിയാണ്. രാത്രി 12 മണിക്ക്, ക്ലോക്കില്‍ ഓരോ മണി മുഴങ്ങുമ്പോള്‍ ഒന്ന് എന്ന കണക്കു വച്ച് ഭാഗ്യം ലഭിക്കണമെങ്കില്‍ 12 വിവിധതരത്തിലുള്ള മുന്തിരികള്‍ കഴിക്കണം. അങ്ങനെ വരാന്‍ പോകുന്ന 12 മാസവും ഭാഗ്യവും, ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.
റഷ്യ
റഷ്യയിലെ വിശ്വാസം അനുസരിച്ച് മുതിര്‍ന്നവര്‍ പുതുവര്‍ഷത്തില്‍ നടക്കണം എന്നുള്ള ഒരു ആഗ്രഹം കടലാസ്സില്‍ എഴുതിയതിനു ശേഷം, അതിനെ കത്തിക്കും, എന്നിട്ട് ആ ചാമ്പല്‍ വീഞ്ഞില്‍ കലക്കിയതിനു ശേഷം രാത്രി 12:01 നു മുന്‍പ് കുടിച്ചു തീര്‍ക്കും.
ഗ്രീസ്
പുതുവര്‍ഷത്തിന്റെ തലേനാള്‍ വീടിന്റെ മുമ്പില്‍ ഒരു സവാള തൂക്കിയിടുക എന്ന പാരമ്പര്യം ഗ്രീസില്‍ കാണപ്പെടാറുണ്ട്. പുതുവര്‍ഷത്തിന്റെ അന്ന് രാവിലെ അച്ഛനമ്മമാര്‍ കുട്ടികളെ ഈ സവാള കൊണ്ട്, നെറ്റിയില്‍ തട്ടിയാണ് ഉണര്‍ത്തുക.
സ്വിറ്റ്സര്‍ലന്‍ഡ്
സ്വിറ്റ്സര്‍ലന്‍ഡില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ആരംഭിക്കുന്നത് ഐസ്ക്രീം നിലത്തിട്ടു കൊണ്ടാണ്. ഐസ്ക്രീം എന്നത് സമ്പന്നതയെ പ്രതീകവത്കരിക്കുന്നു. അങ്ങനെ കടന്നുവരുന്ന വര്‍ഷത്തെ സമ്പന്നത ഉറപ്പാക്കുകയാണ് ആ പാരമ്പര്യം.
ഹംഗറി
ഹംഗറിയിലെ പുതുവത്സരവും ഭക്ഷണവും തമ്മില്‍ അവിഭാജ്യമായ ഒരു ബന്ധമുണ്ട്. വര്‍ഷാവസാനത്തെ അത്താഴത്തിനു പൊരിച്ച പന്നിയിറച്ചി ഉണ്ടെങ്കില്‍ വരും വര്‍ഷം സമ്പല്സമൃദ്ധമാകുമെന്നാണ് വിശ്വാസം. പന്നിയുടെ കൊഴുപ്പ് സമ്പത്തിനെയും, സമൃദ്ധിയെയും സൂചിപ്പിക്കുന്നു. പുതുവര്‍ഷാരംഭത്തില്‍ ചിക്കന്‍, മീന്‍ എന്നീ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒട്ടുമിക്ക ഹംഗേറിയന്‍ ആളുകളും ഒഴിവാക്കുകയാണ് പതിവ് - ചിക്കന്‍ കഴിക്കുന്നത് ഭാഗ്യം പറത്തിക്കൊണ്ട് പോകുമെന്നും, മീന്‍ കഴിക്കുന്നതിലൂടെ ഭാഗ്യം ഒഴുകിപ്പോകുമെന്നുമാണ് വിശ്വാസം.
ബ്രസീല്‍
ബ്രസീലില്‍ പുതുവര്‍ഷത്തില്‍ പയറ് \പരിപ്പ്ന ധാന്യം കഴിക്കുന്ന ഒരു പാരമ്പര്യമുണ്ട്. ഇവ പണത്തെ പ്രതിനിധാനം ചെയ്യുന്നതിനാല്‍ വര്‍ഷം മുഴുവന്‍ സമ്പത്തുണ്ടാകുമെന്നാണ് വിശ്വാസം.
എസ്തോണിയ
എസ്തോണിയയില്‍ പുതുവര്‍ഷ പാരമ്പര്യവും ഭക്ഷണത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. പുതുവര്‍ഷത്തില്‍ സമൃദ്ധി ഉറപ്പാക്കാന്‍ പുതിയ വര്‍ഷങ്ങളില്‍ ഏഴു തവണ, അല്ലെങ്കില്‍ ഒമ്പതു തവണ അല്ലെങ്കില്‍ പന്ത്രണ്ടു തവണ ഭക്ഷണം കഴിക്കണമെന്നാണ്. എസ്തോണിയയില്‍ 7,9,12 എന്നി സംഖ്യകള്‍ ഭാഗ്യസംഖ്യകളായിട്ടാണ് കണക്കാക്കപ്പെടുന്നത്.
പോര്‍ട്ടൊറിക്കൊ
'സമ്പന്ന തുറമുഖം' എന്ന് സ്പാനിഷില്‍ അര്‍ത്ഥം വരുന്ന പോര്‍ട്ടോ റിക്കോ ഒരു ദ്വീപസമൂഹമാണ്.
പോര്ട്ടൊറി?ക്കൊയുടെ പുതുവര്‍ഷ പാരമ്പര്യത്തിന്റെ ഭാഗമായിട്ട് ജനങ്ങള്‍ തങ്ങളുടെ ജനാലകളിലൂടെ വെള്ളം ഒഴിക്കാറുണ്ട്. ദുര്‍ഭൂതങ്ങളെ ഓടിക്കുന്നതിനായിട്ടാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്.
ഡെന്മാര്ക്ക്
ഡെന്മാര്ക്കിലെ ചില പ്രദേശങ്ങളിലെ ജനങ്ങള്‍ വര്‍ഷം മുഴുവന്‍ ചീനക്കളിമണ്ണ് കൊണ്ടുള്ള പ്ലേറ്റുകള്‍ സൂക്ഷിച്ചു വയ്ക്കും. എന്നിട്ട് പുതുവര്‍ഷത്തിന്റെ തലേ നാളായ ഡിസംബര്‍ 31ന് അത് ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും വീടുകളുടെ മുമ്പില്‍ കൊണ്ടു പോയി പൊട്ടിച്ചിടുന്നതാണ് പാരമ്പര്യം. വീടുകളുടെ മുമ്പില്‍ എത്ര പ്ലേറ്റുകള്‍ ഉടഞ്ഞു കിടപ്പുണ്ടോ അത്രയും ഭാഗ്യം തങ്ങള്‍ക്കു കിട്ടും എന്നാണ് വിശ്വാസം.
ചെക്ക് റിപ്പബ്ലിക്
ചെക്ക് ജനതയുടെ വിശ്വാസമനുസരിച്ചു വരുന്ന വര്‍ഷം എങ്ങനെയുള്ളതാണെന്ന് അറിയണമെങ്കില്‍, പുതുവര്‍ഷത്തിന്റെ തലേനാള്‍ ഒരു ആപ്പിള്‍ എടുത്ത് കൃത്യമായി പകുത്തു നോക്കണം. അതിന്റെ മധ്യഭാഗത്തെ ആകൃതി നോക്കിയാല്‍ പ്രവചിക്കാം എന്നാണ് അവര്‍ പറയുന്നത്.
തുര്‍ക്കി
തുര്‍ക്കിയില്‍ പുതുവര്‍ഷാരംഭ സമയത്ത് വീടുകളുടെ പ്രധാന കവാടത്തിനു മുന്പില് കുറച്ച് ഉപ്പു വിതറുന്ന പതിവുണ്ട്. ഇങ്ങനെ ചെയ്താല്‍ വര്‍ഷം മുഴുവന്‍ സമാധാനവും, സമ്പത്തും ഉണ്ടാകുമെന്നാണ് അവിടത്തെ ജനങ്ങളുടെ വിശ്വാസം.
എക്വഡോര്‍
ഇവിടെ നോക്കുകുത്തിയില്‍ കടലാസ് നിറച്ചതിനു ശേഷം അവയെ പാതിരാത്രി കത്തിച്ചു കൊണ്ടാണ് പുതുവര്‍ഷാഘോഷം ആരംഭിക്കുന്നത്. അതുപോലെ തന്നെ കഴിഞ്ഞവര്‍ഷത്തെ ഫോട്ടോ കത്തിച്ചുകളയാറുമുണ്ട്. ഇങ്ങനെ ചെയ്യുന്നത് വഴി ഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം.
ജപ്പാന്
ജപ്പാനിലെ വിശ്വാസമനുസരിച്ച് ബുദ്ധ പ്രാര്‍ത്ഥനാലയങ്ങളില്‍ മണി 108 പ്രാവശ്യം മുഴക്കിയാണ് പുതുവത്സരത്തെ സ്വാഗതം ചെയ്യുന്നത്. ബുദ്ധവിശ്വാസം അനുസരിച്ചു ഇത് ശുദ്ധീകരണത്തെ പ്രതിനിധീകരിക്കുന്നു.
ഫിലിപ്പീന്‍സ്
ഫിലിപ്പൈന്‍സുകാര്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് വൃത്താകൃതിയുള്ളതെന്തും വളരെ ശ്രേഷ്ഠമായതാണ്. അതിനാല്‍ പുതുവര്‍ഷാരംഭത്തില്‍ അവര്‍ വൃത്തത്തിന്റെ ആകൃതിയിലുള്ള ഫലങ്ങളും, പച്ചക്കറികളും കഴിക്കാന്‍ ശ്രമിക്കുന്നു. ഇങ്ങനെ ചെയ്താല്‍ വര്‍ഷം മുഴുവന്‍ തങ്ങള്‍ക്കു സമ്പദ്സമൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം.
അയര്‍ലന്‍ഡ്
ഇവിടത്തെ ചില ഭാഗത്തുള്ള ആളുകള്‍ പുതുവര്‍ഷത്തിന്റെ ഐശ്വര്യത്തിനായും, ദുര്‍ദേവതകളെ ഓടിക്കുന്നതിനായും, ബ്രഡ് കൊണ്ട് തങ്ങളുടെ മതിലുകളില്‍ പ്രഹരിക്കാറുണ്ട്.
ക്രിസ്മസ് സ്പെഷ്യല്‍ ഫുഡ് ആര്‍ട്ട്
ഉപയോഗിച്ചിരിക്കുന്നത്: ആപ്പിള്‍,ബിസ്ക്കറ്റ്,ബ്രൊക്കോളി,സ്ട്രോബെറി,കോളിഫ്ളവര്‍,ക്യാപ്സിക്കം,(മഞ്ഞ,പച്ച), സെലറി, കാരറ്റ്,പപ്പടം,ബ്ലുബെറി,ബ്ലാക്ക്ബെറി
writer is...
അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്നു.
ഐടി മേഖലയില്‍ ജോലി ചെയ്യുന്നു.
ഫുഡ് ആര്‍ട്ട് രംഗത്ത് വിദഗ്ദ്ധ.
Content Higlight: welcoming new year new year 2018