ഏറ്റവും പ്രിയം എന്തിനോടെന്ന് ചോദിച്ചാല്‍ 'പ്രിയ' വരുന്നതിന് മുന്‍പേ കരിമീനിനോടെന്നായിരിക്കും ചാക്കോച്ചന്റെ മറുപടി. ''കരിമീന്‍ പച്ചയോടെ പ്ലേറ്റില്‍ വെച്ച് കൊടുത്താല്‍ കണ്ണും പൂട്ടി തിന്നും'' എന്നാണ് പ്രിയയുടെ കമന്റ്. ഈ കമന്റടിക്കാരിയും അത്ര മോശക്കാരിയല്ലെന്നാണ് ചാക്കോച്ചന്റെ തിരിച്ചടി. അത് ആ തടി കണ്ടാല്‍ അറിയാം. സത്യത്തില്‍ രണ്ടാളും ഭക്ഷണപ്രിയരാണ്.


''ആലോചിച്ചാല്‍ ഞാന്‍ ഏറെ ഭാഗ്യവാനാണ്. മലയാള സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞു. മാത്രമല്ല മനസ്സിനൊത്ത ഭക്ഷണം ഉണ്ടാക്കിത്തരാന്‍ കഴിയുന്ന കൈപുണ്യമുള്ള ഭാര്യയെയും കിട്ടി. അതില്‍പരം ആനന്ദം എന്തുണ്ട്'' ചാക്കോച്ചന്‍ മനസ്സു തുറന്നത് 'പ്രിയക്ക്' ഏറെ പിടിച്ചു. അടുക്കളയിലേക്ക് ഓടിയ പ്രിയ... ഒരു വലിയ പ്ലേറ്റ് നിറയെ ചൂട് പറക്കുന്ന കരിമീന്‍ കറിയുമായി വരുന്നു.


''ദാ കണ്ടോ?'' മുന്നിലെ ഗ്ലാസ് പ്ലേറ്റ് തുടച്ച് ചാക്കോച്ചന്‍ റെഡിയായി നിന്നു.
ഭക്ഷണം കഴിക്കാന്‍ വരട്ടെ... ചാക്കോച്ചന്റെ മനം മയക്കാന്‍ പ്രിയ വിളമ്പുന്ന 'ആലപ്പി കരിമീന്‍ കറി'യുടെ റസിപ്പി എന്താണെന്ന് നോക്കാം.

Karimeen Curry Kunjako Boban

ആലപ്പി കരിമീന്‍ കറി

 • കരിമീന്‍ - 3 എണ്ണം
 • സവാള - 2 എണ്ണം
 • ഇഞ്ചി - 1/2 ടീസ്പൂണ്‍
 • വെളുത്തുള്ളി - 1 1/2 ടീസ്പൂണ്‍
 • മുളക്‌പൊടി - 1 1/2 ടീസ്പൂണ്‍
 • മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
 • തക്കാളി - 1 എണ്ണം
 • പച്ചമുളക് - 2 എണ്ണം
 • ഉപ്പ് - പാകത്തിന്
 • വെളിച്ചെണ്ണ - 3 ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം: വൃത്തിയാക്കി അരിഞ്ഞ കരിമീനില്‍ മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത മിശ്രിതം പുരട്ടിവെക്കുക.
ഒരു പാന്‍ ചൂടാക്കി അതില്‍ അരിഞ്ഞ് വെച്ച തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മഞ്ഞള്‍പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതില്‍ കരിമീനും അല്പം വെള്ളവും ചേര്‍ത്ത് വേവിച്ച് വറ്റിച്ചെടുക്കുക.
കരിമീന്‍ കറിക്ക് കൂട്ടി കഴിക്കാന്‍ പുട്ട് പറ്റില്ല. കരിമീനിന് ഏറെ അനുയോജ്യമായ കോമ്പിനേഷന്‍ കള്ളപ്പമാണ്.

കള്ളപ്പം

 • പച്ചരി - 2 1/2 കപ്പ്
 • ചോറ് - 1        /2 കപ്പ്
 • വെള്ളം - പാകത്തിന്
 • ഉപ്പ് - 1/2 ടീസ്പൂണ്‍
 • പഞ്ചസാര -2 1/2 ടീസ്പൂണ്‍
 • കള്ള് - 1കപ്പ്
 • തേങ്ങ ചിരവിയത് - 1/2 കപ്പ്

വെള്ളത്തില്‍ കുതിര്‍ത്ത പച്ചരി ചോറും വെള്ളവും ചേര്‍ത്ത് അരച്ചെടുക്കുക. അതില്‍ പഞ്ചസാരയും കള്ളും ചേര്‍ത്ത് ആറ് മണിക്കൂര്‍ വെക്കുക. ശേഷം അരച്ചെടുത്ത തേങ്ങയും ഉപ്പും അതില്‍ ചേര്‍ത്ത് കാല്‍മണിക്കൂര്‍ വെക്കുക. പാനില്‍ എണ്ണ ചൂടാക്കി മാവൊഴിച്ച് ചെറുചൂടില്‍ ചുട്ടെടുക്കുക.

Priya

ട്യൂണ കട്‌ലറ്റ്
''ചാക്കോച്ചന്റെ മറ്റൊരു ഇഷ്ട വിഭവമാണ് കട്‌ലറ്റ്. അത് വെജിറ്റബിള്‍, ചിക്കന്‍, ഫിഷ് എന്നീ ഐറ്റമായി ഞാന്‍ പ്രയോഗിക്കാറുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കട്‌ലറ്റും ചൂടുപറക്കുന്ന ചായയും കിട്ടിയാല്‍ ചാക്കോച്ചന്‍ ഹാപ്പിയായി.
കട്‌ലറ്റ് ഐറ്റംസില്‍ വ്യത്യസ്തമായ ട്യൂണ കട്‌ലറ്റാണ് ഞാന്‍ ഇവിടെ പരീക്ഷിക്കുന്നത് നിങ്ങള്‍ക്കും ട്രൈ ചെയ്യാം.''

 • ടിന്‍ഡ് ട്യൂണ - 150 ഗ്രാം (ടിന്‍)
 • ഉരുളക്കിഴങ്ങ് - 4 എണ്ണം
 • സവോള - 1/2 കഷ്ണം
 • പച്ചമുളക് - 4 എണ്ണം
 • ഇഞ്ചി - അരിഞ്ഞത് 1/2 ടീസ്പൂണ്‍
 • കുരുമുളക് പൊടി - കാല്‍ ടീസ്പൂണ്‍
 • മുട്ട - 2 എണ്ണം
 • ബ്രഡ് - 3 എണ്ണം
 • വെളിച്ചെണ്ണ - 250 മീല്ലി
 • ഉപ്പ് - പാകത്തിന്
 • തയ്യാറാക്കുന്ന വിധം:

ടിന്‍ഡ് ട്യൂണാ വെള്ളത്തില്‍ ഉരുളക്കിഴങ്ങ് നന്നായി വേവിക്കുക. അതില്‍ അരിഞ്ഞ് വെച്ച സവാളയും പച്ചമുളകും ഇഞ്ചിയും ചേര്‍ത്ത് വേവിക്കുക. ഉരുളക്കിഴങ്ങ് വറ്റി വരുമ്പോള്‍ അതില്‍ കുരുമുളകും ഉപ്പും വിതറി അടുപ്പില്‍ നിന്ന് മാറ്റുക. ഉരുളക്കിഴങ്ങ് ഇഷ്ടമുള്ള ആകൃതിയില്‍ ഉരുട്ടി എടുത്ത് അടിച്ചുവെച്ച മുട്ടയില്‍ മുക്കിയെടുത്ത് ബ്രഡ്‌പൊടിയില്‍ റോള്‍ ചെയ്ത് വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. ഇത് നല്ലൊരു സ്റ്റാര്‍ട്ടര്‍ കൂടിയാണ്.

 

Priya Kunjako boban

ട്രാവന്‍കൂര്‍ താറാവ് കറി


കോഴിയില്ലെങ്കിലും താറാവില്ലാത്ത ആഘോഷങ്ങള്‍ ചാക്കോച്ചന് ചിന്തിക്കാന്‍ കഴിയില്ല. എന്ത് ടെന്‍ഷനുണ്ടെങ്കിലും താറാവ് കറിയും അപ്പവും തിന്നാല്‍ അത് പറപറക്കും. രസികന്‍ താറാവ്കറിയുടെ റസിപ്പി പറയുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും... ട്രൈ ചെയ്യൂ. അത്രയും രുചിയായിരിക്കും.

 • താറാവ് ഇറച്ചി - 1/2 കിലോ
 • സവാള - 2 എണ്ണം
 • മുളക് പൊടി - 1 1/2 ടീസ്പൂണ്‍
 • മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍
 • വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
 • ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂണ്‍
 • തക്കാളി - 2എണ്ണം
 • മുളക് - 4എണ്ണം
 • ഖരം മസാല - 1/2 ടീസ്പൂണ്‍
 • മല്ലിപ്പൊടി - 1 ടീസ്പൂണ്‍
 • വെളിച്ചെണ്ണ - 5 ടീസ്പൂണ്‍
 • ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം: 3 ടീസ്പൂണ്‍ വെളിച്ചെണ്ണ തവിയില്‍ ചൂടാക്കുക. അതില്‍ അരിഞ്ഞ് വെച്ച സവാള, മഞ്ഞള്‍പ്പൊടി, മുളക് പൊടി, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ ചേര്‍ത്ത് ഉടയ്ക്കുക. അതില്‍ ഉപ്പും മുളകും, മല്ലിപൊടിയും ചേര്‍ത്ത ഇറച്ചി ഇട്ട് നന്നായി ഇളക്കി വേവിക്കുക. അതിനു മുകളില്‍ ഖരം മസാല വിതറി വാങ്ങി വെക്കുക.

 

 

Kunjako Boban image

ചെമ്മീന്‍ പുട്ട്


ബ്രേക്ക് ഫാസ്റ്റിന് ചാക്കോച്ചന്‍ ഏറെ ഇഷ്ടം പുട്ടാണ്. പുട്ടും കടലയും, പുട്ടും മുട്ടക്കറിയും, പുട്ടും ചെറുപയറും എറെ പ്രയോഗിച്ച് പഴറ്റിയ ഐറ്റമാണ്. എന്നാല്‍ ഈ മസാല ചെമ്മീന്‍ പുട്ടിന് വേറെ കറിവേണ്ട. ഒന്നായി ചേര്‍ത്ത് നന്നായി കുഴച്ചാല്‍ ടേസ്റ്റി ഐറ്റം റെഡി ടു ഈറ്റ്.

 • പുട്ട്‌പൊടി - 2 ഗ്ലാസ്
 • ചെമ്മീന്‍ - 200 ഗ്രാം
 • മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
 • മുളക്‌പൊടി - 1/2 ടീസ്പൂണ്‍
 • സവാള - 1എണ്ണം
 • ഇഞ്ചി - കാല്‍ ടീസ്പൂണ്‍
 • വെളുത്തുള്ളി - 2എണ്ണം
 • പച്ചമുളക് - 2 എണ്ണം
 • ഖരം മസാല - ഒരു നുള്ള്.
 • വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
 • ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം:
പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് പുട്ട്‌പൊടി നന്നായി കുഴച്ച് വെക്കുക. അതിനു ശേഷം തൊലി കളഞ്ഞ ചെമ്മീന്‍ മഞ്ഞള്‍ പൊടിയും മുളകു പൊടിയും വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും, സവാളയും ചേര്‍ത്ത് നന്നായി വേവിച്ച് വഴറ്റി എടുക്കുക. പുട്ടുകുറ്റിയില്‍ തേങ്ങക്ക് പകരം വയറ്റി വെച്ച ചെമ്മീനും മസാലയും നിറയ്ക്കുക. പുട്ട് കുറ്റിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുക.