എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന്‌ സമർഥിക്കുന്ന ‘സർവമതസാമരസ്യ’മാണ്‌ ചട്ടമ്പിസ്വാമികളുടെ ഒന്നാമത്തെ കൃതി. മതവികാരമല്ല, മതവിചാരമാണ്‌ ശരിയെന്ന്‌ ചട്ടമ്പിസ്വാമിയുടെ രചനകൾ മലയാളികളെ ബോധ്യപ്പെടുത്തി. അർധരാത്രിയിൽ ഏകനായി സഞ്ചരിക്കുമ്പോൾ, കള്ളനാണെന്ന്‌ കരുതിയെത്തിയ സുലൈമാൻ റാവുത്തർ എന്ന ചെറുപ്പക്കാരനെ സ്വാമി വിസ്മയിപ്പിച്ചത്‌ ഖുർ ആൻ ഓതിക്കൊണ്ടാണ്‌.

ക്രൈസ്തവതത്ത്വങ്ങളെ ലളിതമായി മലയാളത്തിൽ അവതരിപ്പിച്ച ആദ്യത്തെ ഹിന്ദു സന്ന്യാസിയായ ചട്ടമ്പിസ്വാമികൾ, മതത്തിന്റെ പേരിൽ വന്ന സാംസ്കാരികാധിനിവേശത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ജീവകാരുണ്യത്തെക്കുറിച്ച്‌ അദ്ദേഹം പ്രസംഗിച്ചില്ല. നേരിട്ട്‌ ജീവിതത്തിൽ പകർത്തിക്കാണിച്ചു. ജാതിവാദികളുടെ ആചാര്യപ്പട്ടം നിരാകരിച്ചു.

ശിഷ്യന്മാരെ സുഹൃത്തുക്കളായി കണ്ടു. അദ്വൈത വേദാന്തത്തിന്റെ പ്രായോഗികരൂപം ജീവകാരുണ്യമാണെന്ന്‌ കുട്ടിക്കാലത്തേ സ്വാമി മനസ്സിലാക്കിയിരുന്നൂ. അവർണതയെ അറിവുകൊണ്ട്‌ മാറ്റാമെന്ന്‌ അദ്ദേഹത്തിന്‌ ബോധ്യമുണ്ടായിരുന്നു. സവർണരുടെ വേദപ്രമാണംതന്നെ അതിനുവേണ്ടി ഉപയോഗിച്ചു.

സ്ത്രീക്കും ദളിതനും അറിവുകിട്ടിയാലേ അടിമത്തം അവസാനിക്കൂ എന്നദ്ദേഹം സമർഥിച്ചു. അധികാരമനോഭാവം തന്നെ ഹിംസയാണെന്ന നിലപാട്‌ ചട്ടമ്പിസ്വാമികൾക്കുണ്ടായിരുന്നു. അവശ സമൂഹത്തിനുവേണ്ടിയാണ്‌ സവർണരുടെ കൈ ചലിക്കേണ്ടതെന്ന്‌ ചൂണ്ടിക്കാണിച്ച ഗുരുവാണ്‌ ചട്ടമ്പിസ്വാമികളെന്ന്‌ ‘സമാധി സപ്തകം’ എന്ന കവിതയിൽ കെ.പി. കറുപ്പൻ അടയാളപ്പെടുത്തിയിട്ടുണ്ട്‌.

പ്രസംഗവേദികളിൽ കയറാത്ത ചട്ടമ്പിസ്വാമികൾ നടത്തിയ ഒരേയൊരു പ്രസംഗം സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ളതായിരുന്നു. ടി.സി. കല്യാണിയമ്മയുടെ അപേക്ഷ അനുസരിച്ച്‌ 1906-ൽ എറണാകുളം മഹിളാസമാജം സമ്മേളനത്തിൽ വെച്ച്‌ ‘പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം’എന്ന വിഷയത്തിൽ നടത്തിയ പ്രസംഗം, ലിംഗനീതിയുടെ തത്ത്വശാസ്ത്രം വെളിപ്പെടുത്തി.

പിന്നീടത്‌ പുസ്തകമായി. ശുചിത്വം ചട്ടമ്പിസ്വാമിയുടെ പ്രധാന ചിന്താവിഷയമായിരുന്നു. ‘അടുക്കള അഴുക്കറയാകരുത്‌’ എന്നു പറഞ്ഞ സ്വാമികൾ ശുചിത്വം വീട്ടിൽ നിന്നാരംഭിക്കുന്നു എന്നു വ്യക്തമാക്കി. ശുചിത്വമില്ലായ്മ, മനുഷ്യന്റെ ഏറ്റവും വലിയ പെരുമാറ്റദൂഷ്യമാണെന്ന്‌ പറഞ്ഞ അദ്ദേഹം അത്‌ ഗുണുദോഷിച്ചു മാറ്റേണ്ടതാണെന്നും ഉപദേശിച്ചു. സ്ത്രീകൾ ശുചിത്വത്തിന്റെ പ്രചാരകരാകണമെന്ന്‌ സ്വാമികൾ ഉദ്‌ബോധിപ്പിച്ചു. ‘അമ്മയെ പരിചരിച്ചാൽ മോക്ഷം കിട്ടും’ എന്നു പറഞ്ഞ്‌ സ്വാമികൾ മാതൃത്വ സങ്കല്പത്തെ തെളിച്ചുകാട്ടി.

 1923-ലാണ്‌ ‘ജീവകാരുണ്യ നിരൂപണം’ ചട്ടമ്പിസ്വാമികൾ എഴുതിയത്‌. പന്മനയിലെ മനയിൽകാവിൽവെച്ച്‌ രൂപംകൊണ്ട ആ രചനയ്ക്ക്‌ മനുഷ്യർ മാത്രമല്ല, മറ്റു ജീവജാലങ്ങളും സാക്ഷികളായിരുന്നു. പക്ഷിമൃഗാദികളെ അദ്ദേഹം സമഭാവനയോടെ കണ്ടു. ജീവകാരുണ്യം തന്നെയാണ്‌ മനുഷ്യന്റെ ഏറ്റവും വലിയ ജ്ഞാനമെന്ന്‌ ഓരോ ചെയ്തിയിലും അദ്ദേഹം സൂചിപ്പിച്ചു. എല്ലാവരിൽനിന്നും പഠിക്കുകയും എല്ലാവർക്കും പകരുകയും ചെയ്ത ചട്ടമ്പിസ്വാമികൾക്ക്‌ പാരമ്പര്യഗുരുക്കന്മാരോ സാമ്പ്രദായിക മട്ടിലുള്ള ശിഷ്യന്മാരോ ഉണ്ടായിരുന്നില്ല. ഒരു സന്ന്യാസ സമ്പ്രദായത്തിലും ഉൾപ്പെടാത്ത പ്രതിഭയ്ക്ക്‌ എങ്ങനെയാണ്‌ മുൻഗാമികളും പിൻഗാമികളും ഉണ്ടാവുക?


(ചരിത്ര ഗവേഷകനും പന്തളം എൻ.എസ്‌.എസ്‌. കോളേജിൽ 
മലയാളവിഭാഗം അധ്യാപകനുമാണ്‌ ലേഖകൻ)