നവമീതിഥിയാണ് മഹാനവമി എന്ന മഹാദിനം. ഈ ദിനം ശിവന്റെ 'ശൃംഗാര താണ്ഡവ'ത്തിന്റെ ദിനമാണ്. ശൃംഗാരം രസരാജനായതുകൊണ്ട് ആ പേരു കൊടുത്തുവെന്നേയുള്ളൂ. നവരസങ്ങളും ഇതുള്‍ക്കൊള്ളുന്നു. ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അദ്ഭുതം, ശാന്തം എന്നിവയാണ് നവരസങ്ങള്‍. ഇവയില്‍ ആദ്യമുണ്ടായത് ശൃംഗാരമാണെന്ന് മനഃശാസ്ത്രം പറയുന്നു.

saraswathiസ്ത്രീ-പുരുഷ ബന്ധത്തിനടിസ്ഥാനമാണ് ശൃംഗാരം. ആ ബന്ധത്തില്‍നിന്നാണ് പുതിയ വ്യക്തിത്വങ്ങള്‍ ഉണ്ടാവുന്നത്. വ്യക്തിത്വത്തിന്റെ പ്രകാശനങ്ങളാണ് ഭാവങ്ങള്‍, ഭാവങ്ങളുടെ സൂക്ഷ്മതകളാണ് രസങ്ങള്‍. അപ്പോള്‍ ശൃംഗാരരസത്തില്‍നിന്ന് ഉദ്ഭവിച്ചവയാണ് മറ്റെല്ലാ രസങ്ങളും എന്നര്‍ഥം. അങ്ങനെ ശൃംഗാരതാണ്ഡവമെന്നത് രസതാണ്ഡവം തന്നെയെന്നു പറയാം.

ശൃംഗാരതാണ്ഡവത്തിന്റെ ജ്യാമിതീയ രൂപമാണ് ശൃംഗാരതാണ്ഡവകോലം. ഇവിടെയാണ് ദേവിയെ 'സിദ്ധിദാത്രി' എന്ന ഭാവത്തില്‍ പൂജിക്കുന്നത്. പൂര്‍ണ ഉപചാരങ്ങളോടെയായിരിക്കണം പൂജ. കൗളാചാരമനുസരിച്ചുള്ള കുമാരീപൂജയാണ് നിര്‍വഹിക്കുന്നതെങ്കില്‍ പത്തുവയസ്സുള്ള കന്യകയിലാണ് ദേവിയെ ആവാഹിക്കേണ്ടത്. പത്തുവയസ്സുള്ള കന്യകയ്ക്ക് തന്ത്രത്തില്‍ 'ഭദ്ര, സുഭദ്ര' എന്നൊക്കെ പറയാറുണ്ട്.

ഈ ഒമ്പതു പൂജകളിലും ജപസാധനകളിലും യുക്തിക്കുനിരക്കുന്ന വ്യത്യാസങ്ങള്‍ വരുത്താവുന്നതാണ്. ശ്രീലളിതാസഹസ്രനാമം ജപം മാത്രമായി ചെയ്യാം, പുഷ്പംകൊണ്ട് അര്‍ച്ചിക്കയുമാകാം. ഇഷ്ടനിവേദ്യം നല്കുകയുമാകാം. മാനസപൂജയാണ് ശ്രേഷ്ഠവും അദ്ഭുതഫലം തരുന്നതും; പക്ഷേ, വളരെ ശ്രദ്ധിക്കേണ്ട സംഗതി ബാഹ്യപൂജയിലെ എല്ലാ വിശദാംശങ്ങളും തെറ്റാതെ മാനസപൂജയില്‍ സങ്കല്പിച്ചേ മതിയാകൂ. ഇതത്ര എളുപ്പമുള്ള കാര്യമല്ല.

നവരാത്രി ആചരണങ്ങളില്‍ സാധാരണ തന്ത്രിമാര്‍ അനുഷ്ഠിക്കാറുള്ള ഒരു പ്രത്യേകക്രിയ, ഗ്രഹദോഷശാന്തിക്കായി ചെയ്യുന്ന പൂജകളാണ്. ഓരോ ദിവസവും ഓരോ ഗ്രഹത്തെ സങ്കല്പിച്ച് പൂജ, ഹോമം എന്നിവ നടത്താറുണ്ട്.

ഒരു ക്രമം താഴെക്കൊടുക്കുന്നു:-
പ്രഥമ - ബുധഗ്രഹഹോമം, പൂജ (ബുധനാഴ്ചയെങ്കില്‍)
ദ്വിതീയ - ബൃഹസ്പതിഗ്രഹഹോമം, പൂജ (വ്യാഴമാണെങ്കില്‍)
തൃതീയ - ശുക്രഗ്രഹഹോമം, പൂജ (വെള്ളിയെങ്കില്‍)
ചതുര്‍ഥി - ശനീശ്വരഹോമം, പൂജ (ശനിയാഴ്ച വന്നാല്‍)
പഞ്ചമി - സൂര്യപൂജ, ഗായത്രീഹവനം (ഞായര്‍ വന്നാല്‍)
ഷഷ്ഠി - ചന്ദ്രഗ്രഹ ഹോമവും പൂജയും (തിങ്കള്‍)
സപ്തമി - കുജപൂജയും ഹോമവും (ചൊവ്വ)
അഷ്ടമി - രാഹുപൂജയും ഹോമവും (യുക്തംപോലെ)
നവമി - കേതുപൂജയും ഹോമവും (യുക്തംപോലെ)

ഇവിടെ വളരെ ശ്രദ്ധേയമായ ഒരു സംഗതി, ഈ ഗ്രഹങ്ങളെയെല്ലാം പൂജിക്കുംമുമ്പ് ശിവശക്തിപൂജ നടത്തിയിരിക്കണമെന്നതാണ്. ശിവന്റെ ക്രിയാഊര്‍ജങ്ങളായാണ് ഈ ഗ്രഹങ്ങളെ കാണുന്നത്, ജ്യോതിശ്ശാസ്ത്രത്തിലെ ഗ്രഹങ്ങളായല്ല.

ക്രിയാബലങ്ങളെ മനസ്സിലാക്കുക പ്രയാസമുള്ള കാര്യമല്ല. ഒരുവന്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ക്രിയാശക്തിയല്ല പഠിക്കുമ്പോള്‍ ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്ന അവയവം, ചെലുത്തുന്ന ശക്തിയുടെ അളവ്, ചെയ്യുന്ന ക്രിയയുടെ ഗഹനത ഇത്യാദി ഒട്ടേറെ അംശങ്ങളെ പരിഗണിക്കേണ്ടതുണ്ട്.

പ്രപഞ്ചത്തില്‍ പരബ്രഹ്മം ഉപയോഗിക്കുന്ന ഇത്തരം ശക്തികളെ ഒമ്പതായി തിരിച്ച് ജ്യോതിഷികള്‍ പറയാറുണ്ട്. ഇവയാണ് നവ-ഗ്രഹ ശക്തികള്‍. പൂജയും ഹവനവും ഈ പ്രാണോര്‍ജങ്ങളെ ക്രമീകരിക്കുന്നു: കൂടുതല്‍ അളവുള്ളതിനെ കുറയ്ക്കുകയും കുറഞ്ഞ അളവുള്ളതിനെ ആവശ്യമെങ്കില്‍ കൂട്ടുകയും ചെയ്യുന്നു. മന്ത്രങ്ങളുടെ ഉച്ചാരണം കൊണ്ടുണ്ടാക്കുന്ന ഊര്‍ജശക്തിയും തന്ത്രിയുടെ മനസ്സിന്റെ ശക്തിയും കൂടിച്ചേരുമ്പോള്‍ ഈ ക്രമീകരണം തികച്ചും ഫലവത്താകുന്നു