നാടകാന്തം കവിത്വമാണെങ്കില്‍ കേരള പോലീസ് കവികളാണ്. കേരളത്തിലെ എല്ലാ കോടതികളിലും ഈ ദിവസങ്ങളില്‍ വലയുമായി പോലീസ് കാത്തുനില്‍ക്കുകയായിരുന്നു. കൊത്തിയ പാമ്പിനെ വിളിച്ചു വരുത്തി വിഷമിറക്കുകയാണ് അടുത്തിടെയായി നമ്മുടെ പോലീസിന്റെ ഒരു രീതി. ഊര്‍ജ്ജം, സമയം, സമ്പത്ത് എന്നിവ പാഴ്‌വ്യയം ചെയ്യരുതെന്നാണ് പോലീസിന്റെ ഒരു ഇത്. കൊച്ചിയിലെ കോടതികളില്‍ അതുകൊണ്ടു തന്നെ നല്ല അസ്സല്‍ ചീനവല തന്നെയാണ് പോലീസ് വിരിച്ചിരുന്നത്. എന്നിട്ടും പള്‍സര്‍ സുനിയും കൂട്ടുപ്രതിയും കോടതി മുറിക്കുള്ളില്‍ പ്രതിക്കൂട്ടില്‍ വരെയെത്തിയതിനു ശേഷമാണ് പോലിസ് വിവരമറിഞ്ഞത്. ജഡ്ജി ഊണ് കഴിക്കാന്‍ പോയതാണ് പോലീസിന് രക്ഷയായത്. ആ ടൈമിങിന് കേരള പോലീസ് ബഹുമാനപ്പെട്ട കോടതിയോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു.

പള്‍സര്‍ സുനിയുടെ അറസ്റ്റിനായി പ്രാര്‍ത്ഥിച്ചതുപോലെ അടുത്ത കാലത്തൊന്നും കേരളത്തിലെ സ്ത്രീകള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് പള്‍സര്‍ സുനിയുടെ അറസ്റ്റ് വാര്‍ത്ത ടിവിയില്‍ കണ്ട് ഒരു വീട്ടമ്മ വിളിച്ചുപറഞ്ഞത്  ഇത് ശരിക്കുമൊരു അത്ഭുതമാണെന്നാണ്. കാരണം കുറച്ചു നേരം മുമ്പ് മാത്രമാണ് അവര്‍ പള്ളിയില്‍ പോയപ്പോള്‍ പള്‍സര്‍ സുനിയുടെ അറസ്റ്റിനായി പ്രാര്‍ത്ഥിച്ചത്. പള്‍സര്‍ സുനിയുടെ അറസ്റ്റിനായി സ്ത്രീകള്‍  പ്രാര്‍ത്ഥിക്കുമ്പോള്‍ അത് നമ്മുടെ പോലിസിനു നല്‍കുന്ന പ്രതിച്ഛായ പക്ഷെ,  ആഹ്ലാദിപ്പിക്കുന്നതല്ല. കേരളത്തെ നടുക്കിയ ഒരു കുറ്റകൃത്യത്തിലെ മുഖ്യപ്രതിയെ കോടതി മുറിയില്‍നിന്നു പിടികൂടിയെന്നു പറയുമ്പോള്‍ കേരള പോലീസിന് ഒരിക്കലും അഭിമാനം കൊണ്ട് പുളകിതരാവാനാവില്ല.

ബൈബിളിലൊരു വാക്യമുണ്ട്. ''ദൈവത്തോടുള്ള പേടിയാണ് വിജ്ഞാനത്തിന്റെ തുടക്കം.'' പള്‍സര്‍ സുനിക്കും   കേരള പോലീസിനുമിടയില്‍ ഈ ബൈബിള്‍ വചനം ഒരു പാട് കാര്യങ്ങള്‍ പറയുന്നുണ്ട്. പേടിയാണ് മുഖ്യം. പേടിയില്ലെങ്കില്‍ പരിഷ്‌കൃത സമൂഹത്തിനെന്നല്ല, അപരിഷ്‌കൃത സമൂഹത്തിനും നിലനില്‍ക്കാനാവില്ല. രാജഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള പരിണാമത്തിലെ പ്രധാന സംഗതി നിയമവാഴ്ചയുടെ വരവായിരുന്നു. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്ല്യരാണെന്നതാണ് ഇതിന്റെ കാതല്‍. പക്ഷെ, തുല്ല്യരാണെന്നു പറഞ്ഞാല്‍ അതിന്റെയര്‍ത്ഥം നിയമത്തെ പേടിക്കേണ്ടെന്നല്ല. പേടിക്കണം. ദൈവത്തെ പേടിയില്ലാത്തവരും നിയമത്തെ പേടിക്കണം. പേടിയില്ലാതാവുമ്പോഴാണ് പള്‍സര്‍ സുനിമാര്‍ ജനിക്കുന്നത്.

വ്യാഴാഴ്ച രാവിലെ കേരള പോലീസിലെ ഒരു ഉന്നത പോലീസ് ഓഫീസറുമായി സംസാരിച്ചു. നിലവില്‍ സര്‍വ്വീസിലിരിക്കുന്നതിനാലാണ് അദ്ദേഹത്തിന്റെ പേരു പറയാത്തത്. നിരവധി കേസുകള്‍ അന്വേഷിക്കുകയും കേരളം കണ്ട ചില ഭീകര കൊലപാതകങ്ങളുടെ അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തിട്ടുള്ള പോലീസ് ഓഫീസറാണ്. നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച സംഭവം വിശകലനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞ ഒരു കാര്യം കേരളത്തില്‍ പോലീസിനോടുള്ള പേടി ഇല്ലാതായിരിക്കുന്നുവെന്നാണ്. കുറ്റം ചെയ്തു കഴിഞ്ഞാല്‍ കോടതിയും ശിക്ഷയുമൊക്കെ വരുന്നതിനു മുമ്പ് രംഗപ്രവേശം ചെയ്യുന്നവരാണ് പോലീസുകാര്‍. പോലീസിനോടുള്ള പേടിയാണ് ഒരു വിധം കുറ്റവാളികളെയൊക്കെ 'ആത്മനിയന്ത്രണ'ത്തിലേക്ക് കൊണ്ടുവരുന്നത്.

കൊച്ചിയാണ് കേരളത്തില്‍ ഗുണ്ടകളുടെ തലസ്ഥാനം. ഗുണ്ടകള്‍ അന്യഗ്രഹ ജീവികളല്ല.നമ്മളെ പോലെ തന്നെ തീര്‍ത്തും സാധാരണക്കാരായ മനുഷ്യരാണ് ഗുണ്ടകള്‍. അപ്പോള്‍ സ്വാഭാവികമായും അവര്‍ പോലീസിനെ പേടിക്കേണ്ടതാണ്. പക്ഷെ, പോലീസിനും മുകളിലാണ് രാഷ്ട്രീയക്കാരെന്നും ഈ രാഷ്ട്രീയക്കാര്‍ സംരക്ഷിക്കാനുണ്ടെങ്കില്‍ പോലീസ് പുല്ലാണെന്നും ഗുണ്ടകള്‍ തിരിച്ചറിയുന്നു. ഈ പ്രപഞ്ചസത്യം നമ്മള്‍ സാദാ പൗരന്മാര്‍ക്കും അറിയാവുന്നതാണെങ്കിലും ആ അറിവ് മൂലധനമാക്കാനറിയാമെന്നിടത്താണ് ഗുണ്ടകളും നമ്മളും തമ്മിലുള്ള വ്യത്യാസം. കൊച്ചിയില്‍ അടുത്തിടെ ഒരു ഗുണ്ടാനേതാവിനെ അറസ്റ്റ് ചെയ്തതിനെതുടര്‍ന്നാണ് സ്ഥലം പോലീസ് മേധാവിക്ക് സ്ഥലം  മാറ്റമുണ്ടായതെന്നത് പരസ്യമാായ രഹസ്യം. ഗുണ്ടയെ തൊട്ടാല്‍ കൈപൊള്ളുമെന്ന ചിന്ത പോലീസിലുണ്ടായാല്‍ പിന്നെ നിയമവാഴ്ച എങ്ങോട്ടു പോയി എന്നു മാത്രം നമ്മള്‍ നോക്കിയാല്‍ മതി.

മറ്റൊരു സുപ്രധാനമായ കാര്യം പോലീസിന്റെ പ്രൊഫഷണലിസമാണ്. പണി ചെയ്യാനറിയുന്നതിനെയാണ് പ്രൊഫഷണലിസം കൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്നത്. പറമ്പ് കിളയ്ക്കുന്ന പണിയായാലും ഗുണ്ടകളെ പിടിക്കുന്ന പണിയായാലും പണിക്കാര്‍ പ്രൊഫഷണലല്ലെങ്കില്‍ പണി പാളുമെന്നത് അച്ചട്ടാണ്. പള്‍സര്‍ സുനി പോലീസിന്റെ മൂക്കിന്റെ തുമ്പത്തുനിന്നാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി സുനിയുടെ ഫോണിലേക്ക് കൊച്ചിയിലെ പോലീസ് മേധാവി വിളിച്ച ആ വിളയുണ്ടല്ലോ അതൊരു ഒന്നൊന്നര വിളിയായിരുന്നു. ലോകത്തൊരു പോലീസുകാരനും പറ്റാന്‍പാടില്ലാത്ത അബദ്ധമായിരുന്നു ആ വിളി. ഇന്നിപ്പോള്‍ കുറ്റവാളികള്‍ക്ക് വരമ്പത്ത് കൂലികൊടുക്കുന്ന ഒരു സാധനമുണ്ടെങ്കില്‍ അത് മൊബൈല്‍ഫോണാണ്. സജീവമായ മൊബൈല്‍ഫോണ്‍ കൈയ്യിലുണ്ടെങ്കില്‍ അത് തലയ്ക്ക് മുകളില്‍ സിസിടിവി ക്യാമറയുള്ളതുപോലെയാണ്.

പള്‍സര്‍ സുനിയെന്ന മുഖ്യപ്രതിയെ വിളിച്ചിട്ട് നിര്‍മ്മാതാവ് ഫോണ്‍ കൈമാറിയപ്പോള്‍ പോലീസ് മേധാവി എന്താണ് പറഞ്ഞതെന്ന് നമുക്കറിയില്ല. പോലീസ് മേധാവിക്കാണ് ഫോണ്‍ കൈമാറുന്നതെന്ന് പറഞ്ഞാണോ നിര്‍മ്മാതാവ് ഫോണ്‍ കൊടുത്തതെന്നും നമുക്കറിയില്ല. അറിയാവുന്ന കാര്യം പോലീസ് മേധാവി സംസാരിച്ചതോടെ ഫോണ്‍ കട്ടാക്കി സുനി മുങ്ങിയെന്നതു മാത്രമാണ്. പ്രൊഫഷണലായ ഒരു പോലീസ് മേധാവി ഒരിക്കലും അന്നേരത്ത് പ്രതിയോട് സംസാരിക്കാന്‍ തുനിയില്ല. സമാധാന ചര്‍ച്ചയ്ക്ക് വട്ടമേശ സമ്മേളനത്തിന് വിളിക്കാനായിരുന്നെങ്കില്‍ ഓകെ. പക്ഷെ, പ്രതിയെ പിടിക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ നിര്‍മ്മാതാവിനെക്കൊണ്ട് സുനിയോട് സംസാരിപ്പിക്കുകയും അതേസമയം തന്നെ സിഗ്‌നല്‍  പിന്തുടര്‍ന്ന് സുനിയുടെ സങ്കേതം കണ്ടെത്തുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. കേരള പോലീസിന്റെ പ്രൊഫഷണലിസത്തിന് സംഭവിച്ചിട്ടുള്ള ഈ അപചയം വാസ്തവത്തില്‍ വല്ലാതെ പേടിപ്പിക്കുന്ന ഒന്നാണ്.

അരമണിക്കുറിനുള്ളില്‍ കേരളത്തില്‍ ഏതു ജില്ലയുടെയും അതിര്‍ത്തികള്‍ അടയ്ക്കാന്‍ പോലീസിനാവുമെന്നാണ് നമ്മുടെ പോലീസ് ഓഫീസര്‍ പറഞ്ഞത്. കേരളത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കാനും പോലീസിന് അധികം സമയമൊന്നും വേണ്ട. ഇവിടെയും വീഴ്ചയുണ്ടായി. പള്‍സര്‍ സുനി എറണാകുളം വിടാനും കേരളം വിട്ടുപോവാനും ഇടയായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് പോലീസിന് അങ്ങിനെ എളുപ്പത്തിലൊന്നും തലയൂരാനാവില്ല. കൊച്ചിയില്‍ പ്രധാന നിരത്തുകളിലോ കവലകളിലോ ഇപ്പോള്‍ സിസിടിവി ക്യാമറകള്‍ അധികമൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സൂചന. മെട്രൊ റെയിലിന്റെ നിര്‍മ്മാണത്തിനിടയില്‍ സിസിടിവി ക്യാമറകളുടെ ശൃംഖല തകര്‍ന്നപ്പോള്‍ ബദല്‍ സംവിധാനം കൊണ്ടുവരാന്‍ പോലീസ് മറന്നുപോയെന്നാണറിയുന്നത്.

ആത്മവീര്യം തകര്‍ന്ന ഒരു പോലിസ് സേനയാണ് കേരളത്തിലിപ്പോഴുള്ളതെന്നാണ് ആക്ഷേപം. ഈ പരാതിയില്‍ സത്യമുണ്ടോയെന്ന് അന്വേഷിച്ച് നടപടിയെടുക്കേണ്ടത് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ്. അങ്കമാലിക്കടുത്ത് അത്താണിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അതിക്രമത്തില്‍ തകര്‍ന്നത് മലയാളിയുടെ മൊത്തം മാനമാണ്. ഈ മാനം കുറച്ചെങ്കിലും തിരിച്ചുകിട്ടണമെങ്കില്‍ കേരള പോലീസ് പ്രൊഫഷണലാവുക തന്നെ വേണം. കള്ളന്മാരെയും കൊള്ളക്കാരെയും പേടികൂടാതെ ജീവിക്കുകയെന്നത് പൗരസമൂഹത്തിന്റെ അവകാശമാണ്. ഈ അവകാശം നിറവേറണമെങ്കില്‍ പക്‌ഷേ, നിയമവാഴ്ചയോട് പേടി കൂടിയേ തീരൂ. ഈ പേടി നിലനിര്‍ത്താനാണ് ഒരു ഭരണകൂടത്തെ ജനം തിരഞ്ഞെടുക്കുന്നത്. കുറ്റവാളിയുടെ അറസ്റ്റിനായി ദൈവത്തെ ശരണം പ്രാപിക്കുന്ന സ്ത്രീകളോട് ആത്യന്തികമായി പോലീസല്ല, സര്‍ക്കാര്‍ തന്നെയാണ്  മറുപടി പറയേണ്ടത്. തീര്‍ച്ചയായും ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാവി  ഈ പേടിയിലാണ്.