ടിസിയാന കന്റോണ്‍ എന്ന തന്റെ മകളുടെ പോണ്‍ വീഡിയോ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തിറങ്ങിയിരിക്കുന്നത് ഒരമ്മയാണ്. മരിച്ചു കഴിഞ്ഞെെങ്കിലും കളങ്കപ്പെട്ട തന്റെ മകളുടെ പേര് വീണ്ടെടുക്കാൻ പോരാടുകയാണ് ഈ അമ്മ.

ലോകത്ത് പോണ്‍ വീഡിയോ കാണുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ഇന്ത്യക്കാര്‍.  സംഭവം നടന്നത്  ഇറ്റലിയിലാണെങ്കിലും ടിസിയാന കന്റോണ്‍ എന്ന പേര് ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് ഗൂഗിളില്‍ ഹോട്ട് വീഡിയോ തിരയുന്നവര്‍ ഈ അമ്മയുടെയും ആത്മഹത്യ ചെയ്ത മകളുടെയും നെഞ്ച് പിളരുന്ന വേദന അറിയേണ്ടതുണ്ട്.

2015 ഏപ്രിലിലാണ് ടിസിയാനോയുടെ സെക്‌സ് വീഡിയോകള്‍ അഞ്ച് പേരുടെ ഫോണിലേക്ക് വാട്‌സ് ആപ് വഴിയെത്തുന്നത്. ആ വീഡിയോകള്‍ ലഭിച്ചവരില്‍ ഒരാള്‍ സെര്‍ജിയോയിലുള്ള ടിസിയാനോയുടെ കാമുകനായിരുന്നു. ടിസിയാനോ അജ്ഞാതരായ പുരുഷന്‍മാര്‍ക്കൊപ്പം സെക്‌സ് ചെയ്യുന്നതായിരുന്നു വീഡിയോകളുടെ ഉള്ളടക്കം. ശര വേഗത്തിലാണ് പല പോണ്‍ വെബ്‌സൈറ്റുകളിലും അവ അപ് ലോഡ് ചെയ്യപ്പെട്ടത്.. അവളുടെ ആകാരത്തേക്കാള്‍, അതിലെ ലൈംഗിക വേഴ്ച്ചകളേക്കാള്‍ വീഡിയോയെ വൈറലാക്കിയത് അവള്‍ പോലും അറിയാതെ  ഉരുവിട്ട വാക്കുകളായിരുന്നു. ' നിങ്ങള്‍ വീഡിയോ എടുക്കുകയാണോ, കേമം തന്നെ' (you are making a video, Bravo!!) എന്ന് ടിസിയാനോ ഉരുവിട്ട ആ വാക്കുകള്‍  ചര്‍ച്ചചെയ്യപ്പെട്ടു. ട്രോളുകളും പരിഹാസ കമന്റുകളായും മാത്രമല്ല ടീ ഷര്‍ട്ടുകളില്‍ പോലും ആ വാക്കുകള്‍ ഇടം നേടി. 

 സ്വന്തം ലൈംഗിക വേഴ്ച്ചകള്‍ മറ്റുള്ളവരെ കാണിക്കാൻ ലജ്ജയില്ലാത്ത പെണ്‍കുട്ടികളെ പരാമർശിക്കുന്ന തരത്തിൽ ആ പ്രയോഗത്തിന്  സോഷ്യല്‍ മീഡിയ മറ്റൊരു മാനം നല്‍കി.

ടിസിയാനയുടെ ചിത്രങ്ങളും വാക്കുകളും എങ്ങും ആഘോഷമായി. ആ ഒരൊറ്റ വാക്യം കൊണ്ടു തന്നെ ടിസിയാനോയുടെ സമ്മതത്തോടെ ചിത്രീകരിച്ച വീഡിയോ ആണെന്ന ധാരണയില്‍ ഇറ്റലിയിലെങ്ങും ആ വീഡിയോയ്ക്ക് സ്വീകാര്യതയും ലഭിച്ചു.

porn revenge
കടപ്പാട്: ബിബിസി

ടിസിയാന കരുത്തയായിരുന്നു അവള്‍ വീഡിയോയ്ക്ക് എതിരെ പൊരുതാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ വീഡിയോ നീക്കം ചെയ്യാനുള്ള ത്വരിത നടപടി ഒരു ഭാഗത്തു നിന്നുമുണ്ടായില്ല. തന്റെ സമ്മതത്തോടെയല്ല വീഡിയോ അപ് ചെയ്തതെന്ന വാദവുമായി കോടതിയെ സമീപിക്കുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. അവളെ ലോകം തിരിച്ചറിയാന്‍ തുടങ്ങി. പരിഹാസ വാക്കുകളും ശകാരങ്ങളും ഏറ്റ് അവള്‍ സ്വയം വെന്തു. ഇനിയീ പ്രശ്‌നം ഒരിക്കലും പരിഹരിക്കാനാവില്ലെന്ന ഭയത്താല്‍ ഒടുവില്‍ വീട്ടുമുറിയില്‍ ആ പെണ്‍കുട്ടി  തൂങ്ങി മരിക്കുകയായിരുന്നു.

സ്ഥിതിഗതികള്‍ മാറി മറിഞ്ഞത് ടിസിയാനോയുടെ ആത്മഹത്യയോടെയാണ്. വീഡിയോകള്‍ സൈറ്റുകളില്‍ നിന്ന് പിന്‍വലിക്കണമെന്ന് കോടതി ഉത്തരവ് വരുമ്പോഴേക്കും അവള്‍ ജീവിതത്തോട് വിട പറഞ്ഞിരുന്നു. 

പൊതു സമൂഹത്തില്‍ തേജോവധം ചെയ്യപ്പെട്ട ടിസിയാനോ എന്ന പേര് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇന്നവളുടെ അമ്മ മരിയ തെരേസ. അങ്ങിനെയാണ് ആ അമ്മ തന്റെ മകളുടെ പോണ്‍ വീഡിയോ കാണാനുള്ള തീരുമാനം സ്വയം എടുക്കുന്നത്. അതൊരു ഗൂഡാലോചനയായിരുന്നെന്ന് ആ അമ്മ തിരിച്ചറിയുന്നത് വീഡിയോ കണ്ട ശേഷമാണ്.

'അവളെ ലഹരിക്കടിമയാക്കി ആരൊക്കെയോ ചേർന്ന് നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് ആ വീഡിയോ. ആ വീഡിയോയുടെ വിതരണത്തില്‍ വരെ കൃത്യമായ ഗൂഡാലോചന നടന്നിട്ടുണ്ട്, '. ആ അമ്മ പറയുന്നു. എന്റെ മകളെ തേജോവധം ചെയ്ത് ഇല്ലാതാക്കുക എന്നത് മാത്രമാണ് ആ വീഡിയോയുടെ ഉദ്ദേശം , അവര്‍ ആവര്‍ത്തിക്കുന്നു.

ടിസിയാന തന്റെ മുൻ കാമുകന് അയച്ച വീഡിയോ ആണ് പിന്നീട് പൊതു മാധ്യമങ്ങളിൽ പ്രചരിച്ചതെന്ന സംശയം നിലനിൽക്കുന്നുണ്ട്.

'അവളുടെ കാമുകന്‍ പോലും എന്നെ സഹായിച്ചില്ല. എല്ലാ ചോദ്യങ്ങളില്‍ നിന്നും അവന്‍ ഇന്നും അകന്ന് നില്‍ക്കുകയാണ്', തെരേസ പറയുന്നു. പോണോഗ്രാഫിയുമായും സ്വകാര്യതയുമായും ബന്ധപ്പെട്ട ഇറ്റലിയുടെ ചര്‍ച്ചകള്‍ വിപുലപ്പെടുന്നത് ടിസിയാനോയുടെ മരണത്തോടെയായിരുന്നു. പോണ്‍ പകയ്ക്കിരയാവുന്ന പെണ്‍കുട്ടികൾക്കും രക്ഷിതാക്കൾക്കും തന്നെക്കൊണ്ടാവും വിധമുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കാനുള്ള ഒരുക്കത്തിലാണ് ഈ അമ്മ.