തിരുവനന്തപുരം മ്യൂസിയത്തില്‍ ഒന്നിച്ചിരുന്ന യുവതീയുവാക്കളെ കസ്റ്റഡിയില്‍ എടുത്ത പോലീസ്, യൂണിവേഴ്‌സിറ്റി കോളേജില്‍ ഒന്നിച്ചിരുന്നതിന് യുവാവിനെയും അയാളുടെ പെണ്‍സുഹൃത്തുക്കളെയും കൈകാര്യം ചെയ്ത എസ്.എഫ്.ഐക്കാര്‍, നിലമ്പൂര്‍ കക്കാടംപൊയിലില്‍ സദാചാര പൊലീസിങ് നേരിടേണ്ടി വന്ന മാധ്യമപ്രവര്‍ത്തക, അഴീക്കലില്‍ സദാചാര പോലീസിങ്ങിന്റെ ഇടപെടലില്‍ ജീവിതം തന്നെ അവസാനിപ്പിച്ച അനീഷ്, പൊട്ടുതൊട്ടു കൂട്ടുകാരോടൊപ്പം നിന്ന് ചിത്രങ്ങളെടുത്തതിന് സൈബര്‍ ആക്രമണം നേരിട്ട അസ്‌നിയ..... അടുത്തകാലത്തായി കേരളത്തിലെ അസഹിഷ്ണുക്കളുടെ അക്രമങ്ങള്‍ നേരിട്ടവരുടെ പട്ടിക നീളുകയാണ്. ഒടുവില്‍ 'മര്യാദ' പഠിപ്പിക്കാന്‍ ചൂരല്‍വടിയുമായി ശിവസേനക്കാര്‍.

അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കി അവിടെ അശ്ലീലം കണ്ടെത്തുന്ന ഞരമ്പുരോഗം സമൂഹത്തില്‍ മൂര്‍ച്ഛിച്ചുകൊണ്ടേയിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മറൈന്‍ ഡ്രൈവിലെ കുടപ്രണയങ്ങളെ ചൂരല്‍വടിയില്‍ അച്ചടക്കം പഠിപ്പിക്കാനെത്തിയ ശിവസേനക്കാര്‍, അതുകൈയും കെട്ടി നോക്കി നിന്ന പൊലീസ്. പെണ്ണിന് സ്വാതന്ത്ര്യം വേണം എന്നുറക്കെ പ്രഖ്യാപിക്കുന്ന വനിതാദിനം തന്നെ 'നിനക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ?' എന്ന ക്ലീഷേ ചോദ്യത്തോടെ ശിവസേനക്കാര്‍ നടത്തിയ ചൂരല്‍ പരാക്രമം എത്ര കാലമെടുത്താലാണ് സമൂഹം ഇത്തരം കപടസദാചാര ബോധത്തില്‍ നിന്നും തലയൂരുക എന്ന ചോദ്യത്തിനുളള കൃത്യമായ ഉത്തരമാണ്. അത് വെറും ഉട്ടോപ്യയാണെന്ന ഉത്തരം. ഇത്തരമൊരു പ്രകടനമുണ്ടാകുമെന്നും സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും ക്രിയാത്മകമായി പ്രവര്‍ത്തിക്കാതിരുന്ന ജനങ്ങളുടെ 'കാവലാള്‍' പൊലീസ് അത് അരക്കിട്ട് ഉറപ്പിക്കുന്നുമുണ്ട്. 

  • മറൈന്‍ ഡ്രൈവിലെ ശിവസേന സദാചാര ഗുണ്ടായിസം അപലപനീയം - വി.എം. സുധീരന്‍ .
  • മറൈന്‍ ഡ്രൈവില്‍ കണ്ടത് പോലീസിന്റെ പിടിപ്പുകേടാണെന്നും കുറ്റക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കണമെന്നും -കുമ്മനം രാജശേഖരന്‍ 
  • ശിവസേന നടത്തിയ അഴിഞ്ഞാട്ടത്തെ ആധുനിക സമൂഹത്തിന് അംഗീകരിക്കാനാവില്ല. കാട്ടാളത്തവും ഗുണ്ടായിസവുമാണ് അവര്‍ കാണിച്ചത് സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് വ്യക്തമാക്കി.

എല്ലാം ഒരു വിരല്‍ത്തുമ്പിലേക്ക്  ചുരുങ്ങിയ വിവരസാങ്കേതികവിദ്യയുടെ കാലത്ത് നിസാരമായ കുടപ്രണയങ്ങളെയാണോ നിങ്ങള്‍ ചൂരല്‍വടിയിലൂടെ അച്ചടക്കം പഠിപ്പിക്കുന്നത്? കൊച്ചി പഴയ കൊച്ചിയല്ലെന്ന് മാലോകര്‍ മുഴുവനുമറിഞ്ഞിട്ടും മറൈന്‍ ഡ്രൈവിലെ ഈ കുടപ്രണയങ്ങള്‍ മാത്രമാണോ നീതിയുക്തമല്ലാത്തതായി തോന്നുന്നത്? ശീതികരിച്ച മുറികളില്‍ ഉന്നതരുടെ അറിവോടെയുള്ള നെറികെട്ട സെക്‌സ് മാഫിയക്കെതിരെയും കൗമാരക്കാരെ സാമൂഹ്യവിരുദ്ധരായി വളര്‍ത്തിയെടുക്കുന്ന ലഹരി മാഫിയക്കെതിരെയുമല്ലേ ആദ്യം ശബ്ദം ഉയരേണ്ടത്? അവിടെ ചൂരല്‍ വിലപ്പോവില്ലായിരിക്കും.

ജനാധിപത്യ മര്യാദകളെ ബഹുമാനിച്ചുകൊണ്ട് പൊതുഇടങ്ങളില്‍ ഇറങ്ങി നടക്കുന്നതിനും പരസ്പരം പ്രണയിക്കുന്നതിനും വേണ്ടിയായിരുന്നു 2014 നവംബറില്‍ പരസ്പരം ചുംബിച്ചുകൊണ്ട് അവര്‍ ഒരുമിച്ചത്. സദാചാരവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുവെന്നാരോപിച്ച് കോഴിക്കോട്ടെ കോഫീ ഷോപ്പ് യുവമോര്‍ച്ച അടിച്ചു തകര്‍ത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ന് സമരം.

സമരരീതിയെ കുറിച്ചും സമരം ഉന്നയിക്കുന്ന ആശയത്തെ കുറിച്ചും തിരിച്ചും മറിച്ചും ചര്‍ച്ചകള്‍ ചെയ്ത് മടുത്ത അതേ ചുംബനസമരം വീണ്ടും നടക്കുകയാണ്, അതേ മറൈന്‍ ഡ്രൈവില്‍... ഒന്നിച്ചിരിക്കാനുള്ള മനുഷ്യാവകാശത്തിന് വേണ്ടി. അന്ന് സമരരാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, അവരുടെ സമരരീതിയെ കുറിച്ചും അഭിപ്രായവ്യത്യാസമാകാം. പക്ഷെ അതിലൂടെ ഉന്നയിക്കപ്പെടുന്ന സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ഭാഷയെങ്കിലും കേള്‍ക്കാന്‍ നാം ബാധ്യസ്ഥരല്ലേ?  സാക്ഷരരെന്ന് അവകാശപ്പെടുന്ന കേരളത്തെ ഉത്തരേന്ത്യന്‍ ഖാപ് പഞ്ചായത്തുകളായി പരിണമിക്കുന്നതില്‍ നിന്നും തടഞ്ഞേ പറ്റൂ.

മറൈന്‍ ഡ്രൈവിലെ 'കുടചൂടി പ്രേമം' നിര്‍ത്തലാക്കിയത് കൊണ്ട് പെണ്‍കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയും എന്ന് പറയുന്നത് മൂഢത്വമാണ്. പ്രണയവും സൗഹൃദവും കൈമാറാന്‍ യുവത്വത്തിന് ഇടങ്ങളില്ലാതായിരിക്കുന്നു. സിസിടിവി ക്യാമറകളുടെ മധ്യത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഈ കാലത്ത് അതിനുള്ളിലും അശ്ലീലം മാത്രം കാണാന്‍ ശ്രമിക്കുന്നത് കണ്ണടച്ചിരുട്ടാക്കാനുള്ള ശ്രമമാണ്. ഇത്തരം കപട പ്രകടനങ്ങളല്ല സമൂഹത്തിനാവശ്യം. ഒരു ശതമാനമെങ്കിലും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ്. വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍.  
 
പ്രണയിക്കുമ്പോള്‍ ഭയമെന്തിന് ? 

കമിതാക്കളെ, നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്? ഒരു ചൂരല്‍ വടിയെ ഭയന്നോടേണ്ട വികാരമാണോ പ്രണയം. നിങ്ങളിലെ പ്രണയത്തിന്റെ സത്യസന്ധതയെ തന്നെയല്ലേ ഇത് ചോദ്യം ചെയ്യുന്നത്. പ്രണയത്തിലും യുദ്ധത്തിലും എന്തും നീതിയുക്തമാണെന്നല്ലേ ആപ്തവാക്യം. അന്യന്റെ സ്വകാര്യതയെ ആസ്വദിക്കുന്ന സാഡിസ്റ്റുകളായി അധ:പതിച്ചു പോയ ഒരു വിഭാഗത്തിന് മുന്നില്‍ അടിയറവ് പറയാതെ പൊരുതുകയല്ലേ വേണ്ടിയിരുന്നത്. തിരിച്ചടിക്കണം. കട്ട ലോക്കല്‍ അടി. അല്ല, പിന്നെ...!


ചില​ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍

Fb post

troll

Troll

 

Troll