plasticപ്ലാസ്റ്റിക്കിന്റെ മാരകമായ വിപത്തിൽ നിന്ന്‌ രക്ഷപ്പെടാൻ നമ്മൾ ഓരോരുത്തരും സ്വയം തീരുമാനിക്കണമെന്നാണ് കേരളസർക്കാറിന് കീഴിലുള്ള ‘ശുചിത്വമിഷന്റെ’ എക്സിക്യൂട്ടീവ് ഡയറക്ടറായ ഡോ. കെ. വാസുകി ഐ.എ.എസ്. പറയുന്നത്. പ്ലാസ്റ്റിക്മാലിന്യങ്ങളിൽ നിന്ന്‌ രക്ഷപ്പെടുത്തുക എന്നത് സർക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല. ഓരോരുത്തരും ഇതേക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്ലാസ്റ്റിക്, ഗ്ലാസ് തുടങ്ങി ഖരമാലിന്യങ്ങൾക്കും പച്ചക്കറി, ഭക്ഷണപദാർഥങ്ങൾ തുടങ്ങി മണ്ണിൽ അലിയുന്ന മാലിന്യങ്ങളും നിക്ഷേപിക്കാൻ വ്യത്യസ്തസൗകര്യങ്ങൾ ഏർപ്പെടുത്തണം. അത് വീടുകളിൽ തുടങ്ങണം. ഇവ ശേഖരിക്കാൻ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം. പൊതുസ്ഥലങ്ങളിൽ വ്യത്യസ്തമായ നിക്ഷേപകേന്ദ്രങ്ങളും വേണം.

മുമ്പ് ആയുർവേദമരുന്നുകൾ മുഴുവൻ ഗ്ലാസ് കുപ്പികളിലായിരുന്നു വിതരണംചെയ്തിരുന്നത്. എന്നാലിന്ന് മിക്ക കമ്പനികളും തങ്ങളുടെ കഷായങ്ങളും കുഴമ്പുകളും തൈലങ്ങളുമെല്ലാം പ്ലാസ്റ്റിക് കുപ്പികളിലാക്കിക്കഴിഞ്ഞു. ഗ്ലാസ് കുപ്പിയെക്കാൾ വിലക്കുറവ്, മറ്റിടങ്ങളിലേക്ക് കടത്താനുള്ള സൗകര്യം, മരുന്ന് നഷ്ടപ്പെടുന്നതിന്റെ അളവ് ഏറെ കുറവ്. ഇതൊക്കെയാണ് ആയുർവേദമരുന്നുകളും പ്ലാസ്റ്റിക് കുപ്പികളിലേക്ക് മാറാൻ കാരണമായത്. എന്നാൽ, ഇതെത്രമാത്രം അപകടം വരുത്തുന്നുവെന്നത് രോഗികൾക്കറിയില്ല. ഇക്കാര്യമറിയുന്ന ചില ഡോക്ടർമാരെങ്കിലും തങ്ങളുടെ രോഗികൾക്ക് ഗ്ലാസ് കുപ്പിയിൽത്തന്നെയാണ് മരുന്നുകൾ കൊടുക്കുന്നത് എന്നത് ആശ്വാസകരമാണ്. 

‘‘പ്ലാസ്റ്റിക് കുപ്പിയിൽ ഒഴിച്ചുവെക്കുന്ന ആയുർവേദമരുന്നുകളൊന്നും ഒരാളും ഇതുവരെ ലാബ് പരിശോധനകൾക്ക് വിധേയമാക്കിയിട്ടില്ല. പിണ്ഡതൈലം ഒരാഴ്ച പ്ലാസ്റ്റിക് കുപ്പിയിൽ ഒഴിച്ചുവെച്ചാൽ കുപ്പിയുടെ നിറംതന്നെ മാറും. അതിനകത്തെ മരുന്നിന്റെ ഗുണത്തെയും അത് മാറ്റും. പ്ലാസ്റ്റിക്പാത്രങ്ങളിൽ എണ്ണയാക്കാനേ പാടില്ല. അപ്പോൾപ്പിന്നെ കഷായങ്ങളുടെ കാര്യം പറയാനുണ്ടോ. ഫുഡ് ഗ്രേഡിലുള്ള പ്ലാസ്റ്റിക് കുപ്പിയിൽ ഒരു രണ്ടോമൂന്നോ മാസംവരെ ഇവ വേണമെങ്കിൽ സൂക്ഷിക്കാം. അതിലധികം പാടില്ല. എന്നാൽ, മരുന്ന് രോഗിയുടെ െെകയിൽ കിട്ടുമ്പോൾത്തന്നെ പലപ്പോഴും ഒരു വർഷം കഴിഞ്ഞിരിക്കും. അതിനാൽ ആസവാരിഷ്ടങ്ങൾ, എണ്ണ, തൈലങ്ങൾ ലേഹ്യങ്ങൾ എന്നിവ ഗ്ലാസ്‌കുപ്പിയിൽ തന്നെയാകുന്നതാണ് നല്ലത്. പൊടികൾ (ചൂർണങ്ങൾ), ഗുളികകൾ എന്നിവ പ്ലാസ്റ്റിക് പാക്കറ്റുകളിലാകാം’’ -ഒറ്റപ്പാലം പാലപ്പുറത്തുള്ള പടിഞ്ഞാറക്കര ആയുർവേദ ഹോസ്പിറ്റലിലെ ഡോ. പി. സേതുമാധവൻ പറയുന്നു. താൻ ആയുർവേദമരുന്നുകളെല്ലാം ഗ്ലാസ് കുപ്പിയിലാണ് കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വേപ്പിന്റെയും കാഞ്ഞിരത്തിന്റേതുമായിരുന്ന എണ്ണപ്പാത്തികൾ പല ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിലും പ്ലാസ്റ്റിക്കിന്റേതും ഫൈബറിന്റേതുമായി മാറിക്കഴിഞ്ഞു. മരുന്നുകൾ നിറയ്ക്കാൻ പ്രത്യേക മെഡിക്കൽ ഗ്രേഡ് പ്ലാസ്റ്റിക് ഉണ്ട്. എന്നാൽ, പല മരുന്നു കമ്പനികളും ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള പ്ലാസ്റ്റിക് പോലുമല്ലെന്ന് മുംബൈയിലെ ആയുർവേദ ഡോക്ടറായ കൃഷ്ണപ്പിഷാരടി പറയുന്നു. 
ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് പോലെത്തന്നെ മെഡിക്കൽ ഗ്രേഡ് പ്ലാസ്റ്റിക്കുമുണ്ട്. മരുന്നുകൾ നിറയ്ക്കാനും പൊതിയാനുമൊക്കെയാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ, ഇതൊന്നും പരിശോധനയ്ക്കുവിധേയമാക്കിയല്ല ചെയ്യുന്നത്. കൃത്രിമവാൽവ്, കൃത്രിമ രക്തധമനികൾ, സ്റ്റെന്റ്, കോൺടാക്ട്‌ ലെൻസ് എന്നിവയ്ക്കൊക്കെ പ്രത്യേകം നിലവാരമുള്ള പ്ലാസ്റ്റിക്‌തന്നെ ഉപയോഗിക്കണമെന്നാണ്. എന്നാൽ, ഇതൊക്കെ പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യത്തിൽ പരിശോധനകൾ ഒന്നും നടക്കാറില്ലെന്നും ഡോ. കൃഷ്ണപ്പിഷാരടി പറയുന്നു.

രാജ്യത്ത് പ്രതിദിനം 15,000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഉണ്ടാകുന്നത്. ഇതിൽ 9000 ടൺ മാത്രമാണ് ശേഖരിക്കാൻ കഴിയുന്നത്. ബാക്കി 6000 ടൺ മാലിന്യമായി അവശേഷിക്കുന്നു എന്നാണ് കേന്ദ്രസർക്കാർ  വെളിപ്പെടുത്തിയത്. ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാക്കുന്ന ഭവിഷ്യത്ത് വലുതാണ്. ഇതിന് തടയിടാൻ സർക്കാർ പല നിയന്ത്രണങ്ങളും കൊണ്ടുവരുന്നുണ്ടെങ്കിലും ഇതൊന്നും കാര്യക്ഷമമായി നടപ്പാക്കാൻ കഴിയാറില്ല. 50 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതിലുള്ള നിരോധനം കേന്ദ്രസർക്കാർ മാസങ്ങൾക്കുമുമ്പ് ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. എന്നാൽ, നഗരങ്ങളിൽപ്പോലും ഇത് കൃത്യമായി നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഈ നിരോധനംകൊണ്ട് എന്തുഗുണം. തുണി സഞ്ചികളും മറ്റും പ്രോത്സാഹിപ്പിക്കാൻ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ സൗജന്യമായി നൽകുന്നതല്ലെന്ന് കടകളിലും മറ്റും ബോർഡ് എഴുതിവെക്കണം എന്ന മറ്റൊരു നിയമവുമുണ്ട്. എന്നാൽ, ഇതും നടപ്പാകുന്നില്ല. രാജ്യത്തെ 60 പ്രമുഖ നഗരങ്ങളിൽ മാത്രം പ്രതിദിനം 3500 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് പുറംതള്ളുന്നത്. കഴിഞ്ഞവർഷം ഇത്തരത്തിൽ 1.1 കോടി ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഈ നഗരങ്ങളിൽ നിന്ന്‌ പുറംതള്ളപ്പെട്ടത്. മനുഷ്യർക്കെന്നപോലെത്തന്നെ മൃഗങ്ങൾക്കും ഇത് ഏറെ മാരകമാണ്. കടലിലെ മത്സ്യസമ്പത്ത് കുറയാനുള്ള കാരണങ്ങളിൽ ഒന്ന് കടലിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യമാണ്. ലോകത്ത് ഓരോ വർഷവും ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് ബാഗുകൾ ഒരു ലക്ഷം കോടിയിലധികമെന്നാണ് യു.എസ്. പരിസ്ഥിതിസംരക്ഷണ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ പത്തു ശതമാനമെങ്കിലും കടലിൽ എത്തുന്നു.  പ്ലാസ്റ്റിക്‌വസ്തുക്കൾ കഴിക്കുന്ന മത്സ്യങ്ങൾക്ക് പ്രജനനശേഷി ഇല്ലാതാകുന്നു എന്ന കണ്ടെത്തലും വൻ ഭീഷണിയാണുണ്ടാക്കുന്നത്. 

മഹാരാഷ്ട്രാ ടൂറിസം െഡവലപ്പ്‌മെന്റ് കോർപ്പറേഷൻ തങ്ങളുടെ ചില വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് ബോട്ടിൽ റീസൈക്കിൾ മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. ഒരു ഫ്രിഡ്ജിന്റെ വലിപ്പത്തിലുള്ള മെഷീനിലേക്ക് കാലിയായ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാം. കുപ്പികൾ പൊടിച്ച് പ്ലാസ്റ്റിക് യാൺ ആക്കി മെഷീൻ മാറ്റിക്കൊള്ളും. റെയിൽവേ സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് ബോട്ടിലുകൾ എത്തുന്നത്. ഒരു രാജധാനി എക്സ്‌പ്രസ്സിൽ മാത്രം പ്രതിദിനം ശരാശരി 1500 വാട്ടർബോട്ടിലുകൾ ആണ് ഉപയോഗിക്കപ്പെടുന്നത്. കുടിവെള്ള കുപ്പികളിൽ നിന്നുമാത്രം റെയിൽവേ ഒരു വർഷം ഉണ്ടാക്കുന്നത് 20,000 ടൺ പ്ലാസ്റ്റിക് മാലിന്യമാണ്.  
(അവസാനിച്ചു)