'നിങ്ങള്‍ തോല്‍ക്കാന്‍ പോവുകയാണ്. ഇറാഖിനെ ഭരിക്കുക എന്നത് അത്ര ലളിതമായ കാര്യമല്ലെന്ന് നിങ്ങള്‍ താമസിയാതെ തിരിച്ചറിയും' തന്നെ തൂക്കിലേറ്റും മുന്‍പ് സദ്ദാം ഹുസ്സൈന്‍ അമേരിക്കന്‍ സി ഐ എ ഉദ്യോഗസ്ഥന്‍ ജോണ്‍ നിക്‌സണോട് പറഞ്ഞതാണീ വാക്കുകള്‍.  ഇറാഖില്‍ തഴച്ചു വളര്‍ന്ന ഐഎസ് പോലുള്ള ഭീകരവാദ സംഘടനകളെ അമര്‍ച്ച ചെയ്യാന്‍ അമേരിക്കയ്ക്ക് കഴിയാതെ വന്നപ്പോള്‍ സദ്ദാമിന്റെ വാക്കുകളിലെ ശരി വര്‍ഷങ്ങള്‍ക്കിപ്പുറം ആ രാജ്യം തിരിച്ചറിയുകയായിരുന്നു. തന്റെ അസാന്നിധ്യത്തില്‍, ഇറാഖില്‍ സുന്നി ജിഹാദിസം വേരൂന്നുമെന്നും ഐഎസ് പോലുള്ള ഭീകര സംഘടനകളുടെ പിറവിക്ക് അത് നിദാനമാകുമെന്നും തന്നെ തൂക്കിലേറ്റും മുമ്പ് നിക്‌സണോട് സദ്ദാം തുറന്ന് പറഞ്ഞിരുന്നു. ആ വാക്കുകൾക്ക് ചെവികൊടുക്കാതെ അമേരിക്ക പാഴാക്കിയതാവട്ടെ ഒരു പതിറ്റാണ്ട് സമയവും അനേകം മനുഷ്യ ജീവനുകളും. 

abubakr al bagdadi ഇറാഖിലെ തങ്ങളുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ മൊസൂളില്‍ ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ചൊവ്വാഴ്ച്ചയാണ് അനുയായികളെ അറിയിച്ചത്. അവശേഷിക്കുന്ന പോരാളികളോട് രക്ഷപെടുക അല്ലെങ്കില്‍ സ്വയം ചാവേറായി മരിക്കുക എന്ന സന്ദേശമാണ് ബാഗ്ദാദി നല്‍കിയിരിക്കുന്നത്. യുദ്ധമുഖത്തുള്ള പോരാളികളോടായി നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് അറബുനാട്ടുകരല്ലാത്തവര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങുകയോ സ്വയം പൊട്ടിത്തെറിച്ച് മരിക്കുകയോ ചെയ്യുക എന്ന സന്ദേശം ബാഗ്ദാദി നല്‍കിയത്. 

അനാഥമായിരുന്നു ഈ പത്ത് വർഷക്കാലവും ഇറാഖ്. അവശേഷിക്കുന്ന തട്ടകമായ മൊസൂളും കൈവിട്ട് ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖില്‍ തോല്‍വി സമ്മതിച്ച് വിടവാങ്ങാനൊരുങ്ങുമ്പോള്‍ ആ തോല്‍വിക്കൊപ്പം അമേരിക്ക വിജയം നുണയുന്നുണ്ടെങ്കിലും അമേരിക്കയുടെ നിലപാടുകളിലെ വലിയ തോല്‍വി ഓര്‍മ്മിക്കപ്പെടുകയാണ്. ഐ എസിന്റെ വളര്‍ച്ചയ്ക്ക് കാരണമായ അമേരിക്കയുടെ ഇറാഖ് അധിനിവേശ നിലപാടാണ് ഇവിടെ തോല്‍വിയേറ്റ് വാങ്ങുന്നത്. സദ്ദാമിനെ വധിച്ചതിലൂടെ ഇറാഖിനെ അനാഥമാക്കുകയായിരുന്നെന്നും ഐഎസ് പോലുള്ള ഭീകരസംഘടനകൾക്ക് ആ രാജ്യത്തെ കീറിയെറിയാൻ തങ്ങൾ വിട്ടു കൊടുക്കുകയുമായിരുന്നുവെന്ന തിരിച്ചറിവിൽ അമേരിക്ക ഒടുവിൽ എത്തിച്ചേർന്നിരിക്കുന്നു. 

Mysterious ’Saddam Channel’ disappearsലോകത്തെ നശിപ്പിക്കാന്‍ ശക്തിയുള്ള രാസായുധങ്ങള്‍ കൈവശമുണ്ടെന്ന മുടന്തന്‍ ന്യായീകരണവുമായി ലോക പോലീസ് ഇറാഖില്‍ ആധിപത്യം ഉറപ്പിച്ച് ഇറാഖിനെ രക്ഷിക്കുമെന്ന വീരവാദം മുഴക്കിയപ്പോള്‍ അത് പമ്പര വിഡ്ഢിത്തമെന്ന് കരുതിയ ഒരാളേ ഉള്ളൂ- സദ്ദാം ഹുസൈന്‍. സദ്ദാമിനെ ഇല്ലാതാക്കി ഇറാഖിനെ അങ് ഭരിച്ചു കളയാം എന്ന അമേരിക്കന്‍ മോഹങ്ങള്‍ക്ക് അമേരിക്ക നല്‍കേണ്ടി വന്ന വില വലുതാണ്.

അമേരിക്ക ചെയ്ത രാജ്യാന്തര അബദ്ധത്തിന് ഇറാഖും സിറിയയും ശിഥിലമാകുന്ന കാഴ്ച്ചയാണ് ലോകം കണ്ടത്. അമേരിക്ക സദ്ദാമിനെ തൂക്കിലേറ്റിയ നിമിഷം പിറവി കൊണ്ട ഐഎസ് എന്ന ഭീകര സംഘടന അമേരിക്കക്ക് മാത്രമല്ല ലോക രാജ്യങ്ങള്‍ക്കും ഉയര്‍ത്തിയ ഭീഷണി ചെറുതായിരുന്നില്ല. ഒരു പതിറ്റാണ്ട് കാലം ലോകത്തെയും ഇറാഖി ജനതയെയും മുള്‍മുനയില്‍ നിര്‍ത്തിയ ഐഎസ് എന്ന സംഘടന സദ്ദാം ജീവിച്ചിരുന്നെങ്കില്‍ പിറവി കൊള്ളുമായിരുന്നില്ല. അങ്ങിനയെങ്കില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ അഭയാര്‍ഥികളാവുമായിരുന്നില്ല. ആയിരക്കണക്കിന് പട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ല. അതുകൊണ്ടാണ് ഐഎസിന്റെ പിതൃത്വം അമേരിക്കയേറ്റു വാങ്ങേണ്ടി വരുന്നതും അമേരിക്കന്‍ സാമ്രാജ്യത്വ മോഹത്തിന്റെ സന്തതിയാണ് ഐ എസ് എന്ന് ലോകം ഏകകണ്ഠമായി പറയുന്നതും.

'ഇറാഖ് എന്ന ബഹുവര്‍ഗ്ഗ സമൂഹത്തെ നിയന്ത്രിക്കാന്‍ സദ്ദാമിനെപ്പോലെ ശക്തനായ , അനുകമ്പയില്ലാത്ത ഒരു ഭരണാധികാരിയെയായിരുന്നു ആവശ്യം. സുന്നി തീവ്രവാദികളെയും ഷിയ തീവ്രവാദികളെയും ഒരു പോലെ ഒതുക്കാന്‍ കെല്‍പുള്ള സദ്ദാമിന്റെ ഭരണമായിരുന്നു ഇറാഖിന് വേണ്ടിയിരുന്നതെന്ന്' സദ്ദാമിനെ തൂക്കിലേറ്റി ഒരു പതിറ്റാണ്ടിന് ശേഷം എഴുതിയ പുസ്തകത്തില്‍ ജോണ്‍ നിക്സണ്‍ തുറന്നു പറയുന്നുണ്ട്.

2003ലെ ഇറാഖിലെ അമേരിക്കന്‍ അധിനിവേശ കാലത്ത് സദ്ദാം ഹുസൈനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരില്‍ ഒരാളാണ് ജോണ്‍ നിക്സണ്‍. ഒളിത്താവളത്തില്‍ നിന്ന് സദ്ദാം ഹുസൈനെ കണ്ടെത്തിയ സഖ്യ സേനയില്‍ നിക്സണും ഉണ്ടായിരുന്നു.

debriefingസദ്ദാമിന്റെ ശരികളും അമേരിക്കയുടെ ശരികേടുകളും  നിക്‌സണ്‍ തന്റെ പുസ്തകമായ ഡി ബ്രീഫിങ് ദി പ്രസിഡന്റ് എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.. ഐസിസിന്റെ തീവ്രവാദ പ്രവര്‍ത്തനവും ഇറാഖിനെയും സിറിയയെയും ചൂഴ്ന്നു നില്‍ക്കുന്ന ആഭ്യന്തര പ്രശ്നങ്ങളും കലാപങ്ങളും തുടര്‍ന്നുള്ള പലായനവും സദ്ദാം ജീവിച്ചിരുന്നെങ്കില്‍ സംഭവിക്കില്ലായിരുന്നു എന്നും നിക്സണ്‍ പുസ്തകത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു. 

'എന്റെ ഭരണത്തിന് മുമ്പ് കലാപവും ശണ്ഠയും മാത്രമായിരുന്നു ഇറാഖില്‍ നിന്ന് ഉയര്‍ന്നു കേട്ടത്. എല്ലാം ഞാന്‍ അവസാനിപ്പിച്ചു. ജനങ്ങളെ അനുസരിക്കാനും പഠിപ്പിച്ചു' -ചോദ്യം ചെയ്യലിനിടെ നിക്സണോട് സദ്ദാം തന്റെ ക്രൂര ചെയ്തികളെ  ന്യായീകരിക്കുന്നതിങ്ങനെയാണ്.  അതു ശരിയാണെന്നാണ് ഇറാഖ് അധിനിവേശം ശിഥിലമാക്കിയ ഇറാഖി ജനതയുടെ ജീവിതവും ഐ എസിന്റെ ഭീകര താണ്ഡവം നഷ്ടപ്പെടുത്തിയ 4000ത്തിലധികം അമേരിക്കന്‍ പട്ടാളക്കാരുടെ ജീവനും അമേരിക്കയെ പഠിപ്പിക്കുന്നത്. സ്വന്തം രാജ്യത്തെ കുറിച്ച് സദ്ദാം ജോണ്‍ നിക്‌സണുമായി പങ്ക് വെച്ച് കാഴ്ച്ചപ്പാടുകളാണ് സദ്ദാമിനെ ഇറാഖ് ഭരിക്കാന്‍ അനുവദിക്കണമായിരുന്നു എന്ന പറയുന്നതിലേക്ക് വരെ ഈ മുന്‍ സി ഐ  െഉദ്യോഗസ്ഥനെ എത്തിച്ചതും

സദ്ദാം ഹുസ്സൈന്‍ സ്വേച്ഛാധിപതിയായിരുന്നു പക്ഷെ ആ സ്വേച്ഛാധിപതിയെ തൂക്കിലേറ്റുന്നതിലൂടെ ഇറാഖിനെയാണ് തങ്ങള്‍ തൂക്കിലേറ്റിയതെന്ന അമേരിക്കയുടെ തിരിച്ചറിവിന്റെ വര്‍ഷങ്ങളായിരുന്നു കടന്നു പോയ ഒരു പതിറ്റാണ്ട് കാലം. 

trumpസദ്ദാം ഹുസൈനും മുഅമര്‍ ഗദ്ദാഫിയും ജീവിച്ചിരുന്നെങ്കില്‍ ലോകം കൂടുതല്‍ മെച്ചപ്പെട്ടേനെ എന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവുന്നതിന് മുമ്പ് തന്നെ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ലോക പോലീസെന്ന് ഒരിക്കല്‍ അഭിമാനം കൊണ്ടതിന് പിന്നീട് അമേരിക്കക്കാരില്‍ നിന്ന് തന്നെ ഉയര്‍ന്ന തിരുത്തലുകളിലൊന്നായിരുന്നു അത്. സദ്ദാം നല്ല നേതാവാണെന്ന് പറയില്ലെങ്കിലും സദ്ദാമും ഗദ്ദാഫിയും ഇറാഖിലും ലിബിയയിലും നടത്തിയ ഭരണത്തേക്കാൾ മോശമാണ് നിലവിലെ ഇരു രാജ്യങ്ങളുടെയും അവസ്ഥയെന്നും തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.

ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയുടെ അഭാവത്തില്‍ സുന്നി ജിഹാദിസം ഇറാഖില്‍ തഴച്ചു വളരുമെന്ന്  സദ്ദാമിന് അറിയാമായിരുന്നു. സദ്ദാമിനെ തൂക്കിലേറ്റിയതോടെ സുന്നി ജിഹാദിസത്തെ ആശയപരമായി നേരിടാനോ ജനങ്ങളെ തീവ്ര ചിന്താഗതിക്കാര്‍ക്കെതിരെ അണിനിരത്താനോ അമേരിക്കയ്ക്ക്‌ കഴിയാതെ പോയി.

സൗദി അറേബ്യയില്‍ ഉദ്ഭവിച്ച വഹാബിസം ഇറാഖില്‍ നുഴഞ്ഞു കയറി വ്യാപിക്കുന്നുണ്ടെന്നും അധികാരം നഷ്ടപ്പെട്ട തനിക്ക് ഇതില്‍ ഇനി ഒന്നും ചെയ്യാനാവില്ലെന്നുമുള്ള സദ്ദാമിന്റെ ആശങ്ക അദ്ദേഹം നിക്‌സണോട് പങ്ക് വെച്ചിരുന്നു. ആ ആശങ്ക ഒരു ഭരണാധികാരിയുടെ സ്വരാജ്യത്തെ കുറിച്ചുള്ള ദീര്‍ഘ വീക്ഷണമായിരുന്നു.

'നിങ്ങള്‍ പരാജയപ്പെടും, കാരണം നിങ്ങള്‍ക്ക് ഞങ്ങളുടെ ഭാഷയറിയില്ല, ഞങ്ങളുടെ ചരിത്രവും; എല്ലാത്തിനുമുപരി ഒരു അറബിയുടെ മനസ്സെന്തെന്ന് വായിക്കാന്‍ പോലും നിങ്ങള്‍ക്കാവില്ലെന്ന' സദ്ദാമിന്റെ വാക്കുകള്‍ ബാഗ്ദാദിയുടെ വിടവാങ്ങല്‍ പ്രസംഗത്തോട് ചേര്‍ത്ത് വെച്ച് അമേരിക്ക തിരിച്ചറിഞ്ഞത് ഇറാഖിലെ ജനതയ്ക്ക്‌ മുഴുവന്‍ അസ്ഥിര ജീവിതവും അരക്ഷിതാവസ്ഥയും സമ്മാനിച്ചു കൊണ്ടാണ്.