നാളെ ഏപ്രില്‍ പത്ത്, പുറ്റിങ്ങല്‍ ദുരന്തത്തിന് ഒരു വയസ്സ്. 

ഐക്യകേരളത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു 110 പേര്‍ ഒറ്റയടിക്ക് മരിച്ച പുറ്റിങ്ങല്‍ വെടിക്കെട്ടപകടം. മരിച്ചവര്‍ ഭാഗ്യവാന്മാര്‍. പരിക്കുപറ്റിയവരിലേറെയും ദുരന്തത്തിന്റെ മുറിവുകളും ഓര്‍മ്മകളും നഷ്ടങ്ങളുമായി മരിച്ചു ജീവിക്കുന്നു. അവരുടെ ബന്ധുക്കളൊഴിച്ച് സമൂഹം പുറ്റിങ്ങലൊക്കെ എന്നേ മറന്നു. അതിനുശേഷം മുന്നൂറ് അതിപ്രധാനമായ അന്തിച്ചര്‍ച്ചാ വിഷയങ്ങളെങ്കിലും നമുക്ക് കിട്ടുകയും ചെയ്തു.

അപകടം ഒരു ദുരന്തമാകുന്നത് സമൂഹം അതില്‍ നിന്ന് ഒന്നും പഠിക്കാതെ പോകുമ്പോഴാണെന്ന് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അപകടം ഉണ്ടായ ഉടന്‍ രണ്ടുകാര്യങ്ങളില്‍ പൊതുസമൂഹം ഒറ്റക്കെട്ടായിരുന്നു

1.  അപകടത്തിന്റെ ഉത്തരവാദികളെ ജയിലിലടയ്ക്കണം 

2. കേരളത്തില്‍ എല്ലായിടത്തും കരിമരുന്നുപ്രയോഗങ്ങള്‍ നിരോധിക്കണം 

ചാനല്‍ചര്‍ച്ചക്ക് പോയ എന്നോടും ആരെയെങ്കിലും ഒക്കെ കുറ്റക്കാരായി ചൂണ്ടിക്കാണിക്കാന്‍ അവതാരകന്‍ പണിപ്പെട്ടു. അപകടങ്ങള്‍ ഉണ്ടാകുന്നത് ഒരു പറ്റം സുരക്ഷാവീഴ്ചകള്‍ കൊണ്ടാണ്, അതിന് ഒരാളെ മാത്രം കുറ്റം പറയുന്ന രീതി പ്രൊഫഷണല്‍ അല്ല. ആരെയെങ്കിലും ജയിലിലിട്ടാല്‍ സമൂഹത്തിന് സമാധാനം ആകും എന്നതൊഴിച്ചാല്‍ കരിമരുന്നുപ്രയോഗം ശരിയാവാന്‍ ഒന്നും പോകുന്നില്ല. പകരം ചില നിര്‍ദ്ദേശങ്ങളാണ് ഞാന്‍ നല്‍കിയത്. 

ഒന്ന്, രണ്ടുനൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു കലാരൂപമാണ് കേരളത്തില്‍ കരിമരുന്നു പ്രയോഗം. കരിമരുന്ന് കോപ്പുകള്‍ നിര്‍മ്മിക്കുന്ന ഒട്ടേറെ യൂണിറ്റുകള്‍ നമുക്കുണ്ട്. അത് പ്രയോഗിക്കുന്ന നിരവധി പ്രൊഫഷണല്‍സ് വേറെ. കരിമരുന്ന് പ്രയോഗം ആചാരമായ വിവിധ ക്ഷേത്രങ്ങള്‍ പള്ളികള്‍, പിന്നെ ഓരോ വീട്ടിലും കരിമരുന്ന് എത്തിക്കുന്ന വിവിധ മതാചാരങ്ങള്‍. അപ്പോള്‍ ഒരു ഫയര്‍വര്‍ക്ക്‌സ് എക്കോണമിക്കുള്ള സകല ചേരുവകളും ഇവിടെയുണ്ട്.

ലോകത്ത് എത്രയോ സ്ഥലങ്ങളില്‍ ഇപ്പോഴും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആനന്ദം നല്‍കി സുരക്ഷിതമായി കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കുന്നു. ജനീവ നഗരത്തില്‍ തടാകത്തിന്റെ നടുക്ക് ലക്ഷക്കണക്കിന് ആളുകളെ സാക്ഷിനിര്‍ത്തി എല്ലാ വര്‍ഷവും കരിമരുന്നു കലാപ്രകടനം നടക്കുന്നു. നാട്ടിലെ ഭാഷയില്‍ പറഞ്ഞാല്‍ മത്സരക്കമ്പമാണ് നടക്കുന്നത്, രണ്ടു വമ്പന്‍കമ്പനികള്‍ മത്സരിച്ചാണ് പ്രകടനം ഒരുക്കുന്നത്. ഓരോ വര്‍ഷവും ഒന്നിനൊന്നു മെച്ചമായി അത് തുടരുന്നു.

അതിനാല്‍ ഒരു അപകടമുണ്ടായതിന്റെ പേരില്‍ കണ്ണുംപൂട്ടി നിരോധിച്ചു കളയേണ്ട ഒന്നല്ല ഈ കലാരൂപം. പകരം കേരളത്തിലെ കരിമരുന്നു നിര്‍മ്മാണവും കലാപ്രകടനവും നടത്തുന്നവരെയും ഉത്സവക്കമ്മറ്റിക്കാരെയും ഒക്കെ വിശ്വാസത്തിലെടുത്ത് ഈ പ്രസ്ഥാനത്തെ സമൂലം നവീകരിക്കണം.

രണ്ട്, ഇപ്പോള്‍ കരിമരുന്നു അതുപോലെ ഇപ്പോഴത്തെ വെടിമരുന്ന് നിര്‍മ്മാണം, വിപണനം, ഉപയോഗം എന്നിവയുടെ സുരക്ഷാമാനദണ്ഡങ്ങള്‍ കുറ്റമറ്റതാക്കി പാലിക്കാന്‍ അതില്‍ ഉള്‍പ്പെട്ടവരെ സഹായിക്കണം. ഈ വ്യവസായത്തിലെ അപകട സാധ്യതകള്‍ മറ്റാരേക്കാളും അവര്‍ക്കറിയാം. പക്ഷെ പുതിയ മാറ്റങ്ങള്‍ അവരെ പഠിപ്പിക്കാന്‍ ആരും ശ്രമിക്കുന്നില്ല. അതിനായി ഒരു 'സെന്റര്‍ ഫോര്‍ പൈറോടെക്‌നിക്‌സ്' കേരളത്തില്‍ സ്ഥാപിക്കണം. ഈ വ്യവസായത്തില്‍ പ്രൊഫഷണലിസം വരട്ടെ. 

സ്വിറ്റ്‌സര്‍ലാന്‍ഡ് വാച്ചു നിര്‍മ്മാണത്തിന് പ്രശസ്തമാണല്ലോ, അത് കൊണ്ട് വാച്ചുകമ്പനികളില്‍ ജോലിക്ക് പരിശീലിപ്പിക്കുന്ന 'മൈക്രൊടെക്നിക്സ്' എന്ന ഒരു ബിരുദം അവിടെ ഉണ്ട്. അതുപോലെ വൈന്‍ നിര്‍മ്മാണത്തില്‍ ബിരുദം ഫ്രാന്‍സിലും. നൂറിലധികള്‍ എന്‍ജിനീയറിങ് കോളേജുകളും അതിനേക്കാള്‍ എത്രയോ പോളിടെക്‌നിക്കും ഐ ടി ഐ യും ഒക്കെ ഉള്ള കേരളത്തില്‍ നമുക്കാവശ്യമുള്ള കരിമരുന്നുപ്രയോഗം പഠിപ്പിക്കാന്‍ ഒരു തട്ടുകട പോലും ഇല്ല എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതല്ലേ?

FireWorks
ലോകത്ത് വിവധ സ്ഥലങ്ങളില്‍ സുരക്ഷിതമായി വെടിക്കെട്ട് നടക്കുന്നു

 

മൂന്നാമത്, വെടിക്കെട്ട് കൊണ്ട് മാത്രമല്ല കേരളത്തില്‍ ആള്‍ക്കൂട്ടത്തില്‍ ദുരന്തം ഉണ്ടാകുന്നത്. ആന വിരണ്ടും, തിരക്കുമൂലവും ഒക്കെ ഉണ്ടാകുന്ന അപകടങ്ങള്‍, യൂറോപ്പിലെ പോലെ ഏതെങ്കിലും വാഹനങ്ങള്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചു കേറ്റാനുള്ള തീവ്രവാദ സാധ്യതകള്‍, ലക്ഷംപേര്‍ വന്നാലും അവര്‍ക്ക് വേണ്ടി വൃത്തിയുള്ള ഒരു കക്കൂസ് പോലും ഇല്ലാത്ത അവസ്ഥ, സ്ത്രീകള്‍ക്ക് ഒരു ആള്‍ക്കൂട്ടത്തിലും സുരക്ഷിതമായി പോകാനാവാത്ത അവസ്ഥ-ഇതൊക്കെ ഏതൊരു ആള്‍ക്കൂട്ടത്തിലും കേരളത്തില്‍ പ്രശ്‌നം ആണ്. 

അപ്പോള്‍ കേരളത്തില്‍ ആളെക്കൂട്ടി പരിപാടി നടത്തുന്ന എല്ലാവരും, അത് അമ്പലമോ, പള്ളിയോ, മതപ്രസംഗമോ, കള്‍ച്ചറല്‍ ഫെസ്റ്റിവലോ, രാഷ്ട്രീയ മീറ്റിങ്ങുകളോ, യുവജനോത്സവമോ, എന്തായാലും അതിന്റെ സംഘാടകരില്‍ വേണ്ടത്ര പരിശീലനവും മാര്‍ഗ്ഗനിര്‍ദേശങ്ങളും സിദ്ധിച്ച, സുരക്ഷയുടെ പൂര്‍ണ്ണ ഉത്തരവാദിത്തമുള്ള ഒരു കമ്മിറ്റി  ഉണ്ടായിരിക്കണം. പരിപാടികള്‍ സുരക്ഷിതമായി നടത്തുന്നതിന്റെ വ്യക്തിപരമായ ഉത്തരവാദിത്തം അവര്‍ക്ക്  കൊടുക്കണം. ഇവര്‍ക്ക് സുരക്ഷിതമായി ആളെ കൂട്ടി പരിപാടികള്‍ നടത്തുന്നതില്‍ പരിശീലനം കൊടുക്കണം, അതിനു മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കണം. 

അങ്ങനെ പരിശീലനം ലഭിച്ച കമ്മിറ്റിയും മാര്‍ഗ്ഗ നിര്‍ദേശം അനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള സംവിധാനവും ഇല്ലെങ്കില്‍ ആ പരിപാടിക്ക് അനുമതി നിഷേധിക്കണം. ലക്ഷങ്ങളുടെയും കോടികളുടെയും ബിസിനസ്സ് ആകുമ്പോള്‍ ഇത്തരം പരിശീലനത്തിനൊന്നും ആളെക്കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകില്ല, ഉത്തരവാദിത്തം വ്യക്തിപരം ആകുമ്പോള്‍ രാഷ്ട്രീയവും മതവും ഒന്നും പറഞ്ഞിട്ട് അനുമതി മേടിക്കാന്‍ നോക്കില്ല. മറിച്ച് കാര്യങ്ങള്‍ അപകടം ഇല്ലാതെ നടത്തുന്നതില്‍ ആകും ശ്രദ്ധ മുഴുവനും.

ഇങ്ങനെ തികച്ചും ന്യായമായ നടപ്പിലാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലാത്ത ഒരുകൂട്ടം നിര്‍ദ്ദേശങ്ങളാണ് ഞാനന്ന് മുന്നോട്ടു വെച്ചത്. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരു മാറ്റവും ഇല്ല. നാളെ പുറ്റിങ്ങലിലോ മറ്റെവിടെയോ നിന്നും ഇതിലും വലിയ ഒരു ദുരന്തവാര്‍ത്ത കേട്ടാലും അതിശയമില്ല. 

അതുകൊണ്ട് പുറ്റിങ്ങലിന്റെ വാര്‍ഷികത്തില്‍ കേരളത്തില്‍  ജീവിക്കുന്ന നിങ്ങള്‍ ഓരോരുത്തരോടുമാണ് ഇനി എന്റെ അപേക്ഷ. നിങ്ങളുടെ കാര്യം നിങ്ങള്‍ തന്നെ നോക്കുക. തനിക്കു താനും (വെടി) പുരക്ക് തൂണും, എന്നാണല്ലോ പ്രമാണം.

വെടിക്കെട്ടപകടത്തില്‍ ഉള്‍പ്പെടെ തികച്ചും ആകസ്മികമായ അപകടത്തില്‍ ഒരു വര്‍ഷത്തില്‍ പതിനായിരത്തോളം പേരാണ് കേരളത്തില്‍ മരിക്കുന്നത്. അതായത് ഒരു ലക്ഷത്തിന് ഇരുപത്തിയഞ്ചു പേര്‍. ഈ വര്‍ഷം ഇതിലൊരാള്‍ ഞാനോ നിങ്ങളോ ആകാം. അപകടത്തില്‍പെടാനുള്ള സാധ്യതയാണെങ്കില്‍ ഇതിലും കൂടുതലാണ്.

എന്തു കുന്തമാണ് നിങ്ങളെ കൊല്ലാന്‍ പോകുന്നതെന്ന്, അല്ലെങ്കില്‍ അപകടത്തില്‍ പെടുത്തി കട്ടിലില്‍ കേറ്റാന്‍ പോകുന്നത് എന്ന് മുന്‍കൂട്ടി പറയാന്‍ വയ്യ. എന്താണെങ്കിലും നിങ്ങളുടെ സാമ്പത്തികനിലയെയും നിങ്ങളുടെ കുടുംബത്തിന്റെ ജീവിതത്തെയും ഒരപകടം മാറ്റിമറിച്ചേക്കാം. ഇതുവരെ പണിയെടുത്ത് അഭിമാനത്തോടെ ജീവിച്ച നിങ്ങള്‍ക്ക് വേണ്ടി നാട്ടുകാര്‍ പണപ്പിരിവ് വരെ നടത്തേണ്ടിയോ, സര്‍ക്കാരിന്റെ വക സഹായത്തിന് വേണ്ടി നിങ്ങളുടെ കുടുംബം ഓഫീസുകള്‍ തോറും കയറിയിറങ്ങേണ്ടിയോ വന്നേക്കാം. നിങ്ങളുടെ ജീവനോ ആരോഗ്യമോ മാത്രമല്ല നിങ്ങളുടെ അഭിമാനവും കുടുംബത്തിന്റെ മൊത്തം സാമ്പത്തിക സുരക്ഷയും തകരാന്‍ ഒരു നിമിഷം മതി.

മുന്‍പ് പറഞ്ഞ പോലെ അപകടം ആര്‍ക്കും സംഭവിക്കാം. പക്ഷെ കുടുംബത്തെ വഴിയാധാരം ആക്കരുത് എന്നുണ്ടെങ്കില്‍ ഇന്നുതന്നെ പോയി നല്ലൊരു ആരോഗ്യ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും എടുക്കുക. 

ഇനി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഒരു നിര്‍ദേശം തരാം. നാട്ടില്‍ ആളുകൂടുന്ന പരിപാടിക്കൊക്കെ ഒരു ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഓഫര്‍ ചെയ്യുക, അല്ലെങ്കില്‍ പത്തുരൂപ പ്രീമിയത്തിന് ഒരു ദിവസത്തേക്ക് മാത്രം കവര്‍ ഓഫര്‍ ചെയ്യുക. പൗച്ചില്‍ ആക്കി ഷാമ്പൂ വിറ്റ കഥ പോലെ ഇതും വിജയിക്കും എന്നാണ് എന്റെ ഒരു ചിന്ത.

(ഐക്യരാഷ്ട്ര സഭയുടെ ദുരന്തലഘൂകരണ വിഭാഗം മേധാവിയാണ് ലേഖകന്‍)