മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് വണ്‍വേ ലംഘനത്തിന്റെ പേരില്‍ കോഴിക്കോട് അരയിടത്തുപാലത്ത് വെച്ചാണ് ആം ഓഫ് ജോയ് സഹയാത്രികനായ ജി അനൂപിന്റെ ബൈക്കിന്റെ താക്കോല്‍ പോലീസ് ഊരിക്കൊണ്ടു പോവുന്നത്. താക്കോല്‍ എടുത്തതിന് ശേഷം ജീപ്പില്‍ ഇരിക്കുകയായിരുന്ന ഉദ്യോഗസ്ഥന്റെ അടുത്ത് ചെന്ന്, 'സര്‍, ഞാന്‍ പിന്നീട് വന്നു പിഴ അടച്ചോളാം, ഇപ്പോള്‍ അത്യാവശ്യമായി ഒരു സ്ഥലത്തു എത്തേണ്ടതുണ്ട്' എന്ന് പറഞ്ഞപ്പോള്‍, ജീപ്പിന്റെ വിന്‍ഡോ പൊക്കി മുഖം തിരിച്ച് ഇരിക്കുകായയിരുന്നു ആ ഉദ്യോഗസ്ഥന്‍. പൊലീസിന്റെ മാടമ്പി ഇമേജിന് ഏറ്റവുമധികം സംഭാവന ചെയ്യുന്ന ഈ രംഗങ്ങള്‍, സ്‌കൂളില്‍ പോവുന്ന ഓരോ കുട്ടിയും കാണുമ്പോള്‍, നാളെത്തെ തലമുറയും പൊലീസും തമ്മിലുള്ള അകലം ഇന്നേ സൃഷ്ടിക്കപ്പെടുന്നു.

rti2ഇത്തരത്തില്‍ സാധാരണക്കാരനായ വ്യക്തിയുടെ ഭാഗത്ത് നിന്ന് പിഴവുണ്ടാകുമ്പോള്‍ അവരുടെ അഭിമാനത്തെ ഇകഴ്ത്താനോ താക്കോല്‍ ഊരിക്കൊണ്ടു പോകാനോ , പോലീസ് വണ്ടിയില്‍ ഇരുന്ന് തുടര്‍ നടപടികളെടുക്കാന്‍ പോലുമോ ഉള്ള അധികാരം പോലീസിന് ഇല്ല എന്നുള്ളതാണ് വാസ്തവം. പോലീസിന്റെ അധികാര ദുര്‍വിനിയോഗവും കൊളോണിയല്‍ കാലത്തെ മാടമ്പി സ്വഭാവവും കണ്ട് വിധേയപ്പെടാതെ ആത്മാഭിമാനം ഉള്ള വ്യക്തിയായി നിന്നു കൊണ്ടു തന്നെ നേരിടണമെങ്കില്‍ അധികാരമെന്ത് അധികാര ദുര്‍വിനിയോഗമെന്തെന്ന് എന്ന് തിരിച്ചറിയാനുള്ള പരിമിതമായ അറിവ് ഓരോ വ്യക്തിക്കും ഉണ്ടാവേണ്ടതാണ്.
 
വാഹന പരിശോധനയ്ക്കിടയിലെ പോലീസിന്റെ അധികാര പരിധിയെ കുറിച്ച് കൂടുതലറിയാം, സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ പി. രേഖദാസ്  വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും

വണ്‍വേ ലംഘനം, ഹെല്‍മെറ്റ് ധരിക്കാതിരിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, നോ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്യല്‍ തുടങ്ങിയവയുടെ പരിശോധന നടക്കുമ്പോള്‍ പോലീസിന് താക്കോല്‍ പിടിച്ചെടുക്കാന്‍ അധികാരമുണ്ടോ?

വണ്‍വെ തെറ്റിച്ചതിന് മാത്രം വാഹനം പിടിച്ചെടുക്കാറില്ല. നിയമലംഘകര്‍ മേല്‍വിലാസം വെളിപ്പെടുത്താതിരിക്കുകയോ, മേല്‍വിലാസം കളവായി പറയുന്ന സാഹചര്യത്തിലോ വിലാസം പരിശോധിച്ച് ഉറപ്പ വരുത്താന്‍ വേണ്ടി മാത്രം വ്യക്തിയെയും വാഹനത്തെയും തടഞ്ഞ് വെക്കാറുണ്ട്.വാഹനം കളവുമുതലാണെന്ന സംശയമുള്ള സാഹചര്യത്തിലും മേല്‍വിലാസം കളവാണെങ്കിലും റെജിസ്‌ട്രേഷന്‍ റോഡ് ടാക്‌സ് ഇന്‍ഷുറന്‍സ പെര്‍മിറ്റ്  എന്നിവയില്ലാതെ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാം. താക്കോല്‍ മാത്രമായി പിടിച്ചെടുക്കാറില്ല.


പരിശോധന നടക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന് തന്റെ ഔദ്യോഗിക വാഹനത്തിനുള്ളില്‍ തന്നെ ഇരിക്കാന്‍ അധികാരമുണ്ടോ?

ഔദ്യോഗിക വാഹനത്തില്‍ തന്നെ ഇരിക്കാന്‍ പാടില്ല .   ഇത്തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക വാഹനത്തിനുള്ളില്‍ തന്നെ ഇരിക്കുന്നതിന്റെ തെളിവ് ഫോട്ടോയോ വീഡിയോയോ ആയി സമര്‍പ്പിച്ചാല്‍, അയാള്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കും 

വണ്‍വെ തെറ്റിച്ച ആളോട് ഉടനടി സ്‌റ്റേഷൻ വരെ വന്ന് പിഴ അടച്ച ശേഷം മാത്രമേ വണ്ടി എടുക്കാന്‍ പാടുള്ളൂ എന്ന് നിഷ്‌കര്‍ഷിക്കാന്‍ അധികാരമുണ്ടോ?

സ്വമേധയാ പോലീസ് സ്‌റ്റേഷനില്‍ വന്ന പിഴ അടയ്ക്കുന്ന രീതിയാണ് സ്വീകരിക്കാറുള്ളത്.അല്ലാത്തവര്‍ക്ക് നോട്ടീസ് നല്‍കാറുണ്ട്. നിയമ ലംഘനം നടത്തുന്ന വ്യക്തികളെ ട്രാഫിക് സ്റ്റേഷനില്‍ പോയി പിഴ അടയ്ക്കാന്‍ നിര്‍ബന്ധിക്കാറില്ല.

rti1ട്രാഫിക്ക് നിയമപാലനം ഉറപ്പ് വരുത്തുകയും, നിയമലംഘനം കര്‍ക്കശമായി തടയുകയും ചെയ്യുമ്പോള്‍ തന്നെ, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നിയമലംഘനം നടത്തുന്ന ആളോടുള്ള പെരുമാറ്റത്തില്‍ ബഹുമാനക്കുറവ് വരുത്താന്‍ പാടുണ്ടോ? ബഹുമാനക്കുറവ് വരുത്താന്‍ പാടില്ല എന്നാണ് ഉത്തരമെങ്കില്‍, പൊലീസ് ഉദ്യോഗസ്ഥന്‍ നിയമലംഘനം നടത്തുന്ന ആളെ എങ്ങനെ അഭിസംബോധന ചെയ്താണ് സംസാരിക്കേണ്ടത്? 

 ബഹുമാനക്കുറവ് വരുത്താന്‍ പാടില്ല . സൗമ്യവും മാന്യവുമായ ഭാഷയിലാണ് സംസാരിക്കേണ്ടത് . പൊതുജനങ്ങളില്‍ ആരെയും 'സര്‍' എന്നോ 'മാഡം' എന്നോ അല്ലാതെ വിളിക്കരുത് എന്ന നിഷ്‌കര്‍ഷയുമുണ്ട്.