'ദേഹത്ത് കല്ലെടുത്തെറിഞ്ഞവൻ ഇനിയും വരികയാണെങ്കില്‍ പിടിച്ചു നിര്‍ത്തൂ, അപ്പോള്‍ ഞങ്ങള്‍ അറസ്റ്റ് ചെയ്യാം.' 

വീട്ടുമുറ്റത്തു നിന്നിരുന്ന ഗവേഷക വിദ്യാര്‍ഥിയായ അപര്‍ണ പ്രശാന്തിയോട് അശ്ലീല ആംഗ്യം കാണിക്കുകയും കല്ലെറിയുകയും ചെയ്തയാള്‍ക്കെതിരെ അപര്‍ണ കൊടുത്ത പരാതിയിലാണ് പോലീസിന്റെ ഈ രീതിയിലുള്ള പ്രതികരണം. എന്നാല്‍ പൊതുപ്രവര്‍ത്തകയായ അമ്മ പി ഗീതയുടെ ഇടപെടലും അപര്‍ണയുടെ തന്റേടവും പോലീസിനെ സമ്മര്‍ദ്ദത്തിലാക്കി. അപര്‍ണയ്ക്കനുകൂലമായ ഡിവൈ.എസ്.പിയുടെ ഇടപെടല്‍ കൂടി വന്നതോടെ പോലീസ് കേസന്വേഷിക്കാന്‍ നിര്‍ബന്ധിതരായി. പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി ജാമ്യത്തില്‍ ഇറങ്ങി.

പ്രശ്‌നം തല്‍ക്കാലത്തേക്കു തീര്‍ന്നെന്ന് പോലീസ് തീര്‍പ്പു കല്‍പിക്കുമായിരിക്കും. മുത്തച്ഛന്‍ കൊച്ചു മകളെ പീഡിപ്പിക്കുകയും അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുകയും ചെയ്യുന്ന കെട്ട കാലത്ത് ഒരു കല്ലേറ് കഥ, വായനക്കാരെ കൂട്ടാന്‍ പര്യാപ്തമല്ലാത്ത വാര്‍ത്തയായിരിക്കാം. സ്ത്രീകള്‍ക്കെതിരെയുള്ള ക്രൈമുകളുടെ അതിപ്രസരത്തില്‍, അതിനു മാത്രം  ആകര്‍ഷകമായ കാര്യങ്ങള്‍ പോലീസിന് ഈ കേസില്‍ കാണാന്‍ കഴിയില്ലായിരിക്കാം. എന്നാല്‍ കല്ലേറില്‍നിന്ന് തെല്ലകലെയല്ല ഒരു ബലാത്സംഗമെന്നും, ഒറ്റപ്പെടുത്തലുകള്‍ക്കു തൊട്ടടുത്താണ് സദാചാര ഗുണ്ടായിസവും പിന്നാലെ വരുന്ന ആത്മഹത്യയെന്നും സമൂഹത്തിന് തിരിച്ചറിവുണ്ടാകേണ്ടിയിരിക്കുന്നു. ആ തിരിച്ചറിവും ദീര്‍ഘവീക്ഷണവുമുണ്ടായാലേ 100% സാക്ഷരസമൂഹമാണ് കേരളമെന്നു പൊങ്ങച്ചം പറഞ്ഞു നടക്കാനുള്ള നേരിയ അവകാശമെങ്കിലും നമുക്കെല്ലാവര്‍ക്കുമുള്ളൂ. 

വൈകിയെത്തുന്ന അമ്മ അതിനേക്കാള്‍ വൈകിയെത്തുന്ന മകള്‍

'പ്രസംഗിച്ചൊക്കെ നടന്നാ മതിയോ മോളുടെ കല്ല്യാണം നടത്തേണ്ടേ' എന്ന നേര്‍ത്ത രീതിയിലുള്ള കൊച്ചുവര്‍ത്തമാനങ്ങളാണ് അയല്‍പക്കങ്ങളില്‍നിന്ന് ആദ്യമാദ്യം പി. ഗീതയ്ക്ക് കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ ആ കൊച്ചുവര്‍ത്തമാനങ്ങള്‍ പിന്നീട് വലിയ വര്‍ത്തമാനങ്ങളായി. 'അമ്മയ്ക്കും മോള്‍ക്കും ഭ്രാന്താണ്, മറ്റേ പണിയാണ്' എന്ന നീചമായ തലത്തിലേക്ക് ആരോപണങ്ങള്‍ വളഞ്ഞ് വളര്‍ന്നു. അപ്പോഴും അപക്വമായ കാഴ്ച്ചപ്പാടുകളുടെ വായാടിത്തങ്ങളായി ആ വാക്കുകളെ ആ അമ്മയും മോളും തള്ളിക്കളഞ്ഞു. എന്നാല്‍ അയല്‍പക്കത്തെ മൂന്ന് വയസ്സുകാരി 'ദേ ഭ്രാന്തി പോണു' എന്ന് വിളിച്ചപ്പോള്‍ അപര്‍ണയുടെ മനസ്സൊന്ന് ഉലഞ്ഞു. അയല്‍ക്കാര്‍ റസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ച് സംഘബോധം കൈവരിച്ചതോടെ ആരോപണങ്ങള്‍ ക്രിമിനല്‍ ഗൂഢാലോചനയായി. അത് ഊരുവിലക്കിന്റെ സ്വഭാവസവിശേഷതകള്‍ ആര്‍ജ്ജിച്ചത് വളരെ പെട്ടെന്നായിരുന്നു. 

'അച്ഛനെക്കാള്‍ വൈകിയെത്തുന്ന അമ്മ. അതിനെക്കാള്‍ വൈകിയെത്തുന്ന മകള്‍, 25 കഴിഞ്ഞിട്ടും കല്ല്യാണം കഴിക്കാത്തവള്‍'... ഇങ്ങനെ പ്രതീക്ഷ എന്ന നാട്ടുക്കൂട്ടം ഗീതയ്ക്കും അപര്‍ണയ്ക്കും ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങള്‍ നിരവധിയാണ്. റസിഡന്റ്‌സ് അസോസിയേഷന്‍ യോഗങ്ങളില്‍നിന്ന് വിട്ടുനിന്ന കുടുംബം പിന്നീട് ഏവരുടെയും കണ്ണിലെ കരടായി. നിസ്സാരകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ കുടുംബത്തെ ഒറ്റപ്പെടുത്തി കൊണ്ടെിരുന്നു. എല്ലാറ്റിലുമുപരി ഇരുവരെയും അലട്ടിയത് നാട്ടില്‍ പറഞ്ഞു പരത്തിയ തേജോവധം ചെയ്യുന്ന വാക്കുകളായിരുന്നുവെന്ന് അപര്‍ണ പറയുന്നു.

കേരളത്തിലെ പൊതുമണ്ഡലങ്ങളില്‍ സജീവമായി ഇടപെടുന്ന സ്ത്രീകളെല്ലാം പ്രശ്‌നക്കാരായിരിക്കുമെന്ന വിവരക്കേടും ആണ്‍കോയ്മയെ ആരാധിക്കുന്ന കൂട്ടങ്ങള്‍വെച്ചു പുലര്‍ത്തുന്ന വഷളത്തരവുമാണ് ഈ അസഹിഷ്ണുതയ്ക്കും ഒറ്റപ്പെടുത്തലിനും പിന്നില്‍. ഏഴു വര്‍ഷം മുമ്പ് രൂപീകരിച്ച റസിഡന്‍സ് അസോസിയേഷന്‍ നാട്ടുക്കൂട്ടം പോലെ വളര്‍ന്ന് അവരുടേതായ വിധി പുറപ്പെടുവിക്കുന്നതില്‍ വരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍.

'നായയെ കൊല്ലും നായയെ വളർത്തുന്നവരെയും' 

dog caracass2016 ഒക്ടോബറിലാണ് സ്ഥിതിഗതികള്‍ മറ്റൊരു വഴിക്ക് നീങ്ങുന്നത്. വീട്ടില്‍ ഗീത വളര്‍ത്തുന്ന തെരുവുനായ്ക്കള്‍ ശല്യമാണെന്ന് പറഞ്ഞാണ് അയല്‍ക്കൂട്ടം  അസഹിഷ്ണുത പ്രകടിപ്പിച്ചു തുടങ്ങിയത്. സമ്മതമില്ലാതെ നായ പിടുത്തക്കാര്‍ തങ്ങളുടെ വീട്ടുവളപ്പില്‍ കയറി നായ്ക്കളെ ഓടിച്ചത് തടഞ്ഞ ഗീതയും ഭര്‍ത്താവ് പവിത്രനും മകള്‍ അപര്‍ണയും നേരിട്ടത് കൊലവിളികളാണ്. പഞ്ചായത്തില്‍നിന്ന് അനുമതിയോ മറ്റ് അനുബന്ധ രേഖകളോ ഇല്ലാതെ വീട്ടുകാരുടെ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിനാണ് ഇവര്‍ നായ പിടുത്തക്കാരെ ചോദ്യം ചെയ്തത്. എന്നാല്‍ കയ്യില്‍ വലിയ മുട്ടന്‍ വടിയുമായി വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അയല്‍ക്കാര്‍ തങ്ങളെ നേരിട്ടതെന്ന് അപര്‍ണ പറയുന്നു.

'നായ്ക്കളെ കൊല്ലും, നായ്ക്കളെ വളര്‍ത്തുന്നവരെയും കൊല്ലും എന്ന് മരവടികള്‍ എടുത്ത് ആക്രോശിച്ചു കൊണ്ട് അവര്‍ ഞങ്ങള്‍ക്കരികിലേക്ക് വന്നു. പഞ്ചായത്തിനെയും പേടിയില്ല, പോലീസിനെയും പേടിയില്ല എന്നവര്‍ ആവര്‍ത്തിച്ചു.' അപര്‍ണ്ണ പറയുന്നു.

വീട്ടുവളപ്പിലേക്ക് അതിക്രമിച്ചു കയറി എന്ന് പോലീസില്‍ പരാതിപ്പെട്ടെങ്കിലും കാര്യമായ ഇടപെടല്‍ പോലീസില്‍നിന്നുണ്ടായില്ല. ഇതില്‍നിന്നു ഉരുത്തുരിഞ്ഞ ആത്മവിസ്വാസമാണ് ആറു മാസം പ്രായമുള്ള ഒരു പട്ടിക്കുട്ടിയെ കൊന്ന് ഇവരുടെ വീട്ടിന് മുന്നില്‍ ഇടുന്ന അക്രമത്തിലേക്ക് പലരെയും നയിച്ചതെന്ന് ഗീതയും കുടുംബവും ഉറച്ചു വിശ്വസിക്കുന്നു.

ഗീത ഭക്ഷണം കൊടുക്കാറുള്ള ഒറ്റ എന്നു പേരുള്ള തെരുവു നായക്കുട്ടിയുടെ ജഡം വീട്ടിനുമുന്നില്‍ പ്രത്യക്ഷപ്പെട്ടു. അതിന്റെ മുന്‍കാലുകള്‍ ഒടിഞ്ഞു തൂങ്ങിയിരുന്നു. കണ്ണുകള്‍ പുറത്തേക്ക് തള്ളി ആന്തരികാവയവങ്ങള്‍ പുറത്തു വന്ന നിലയിലുമായിരുന്നു.

നായയെ കൊല്ലും നായയെ വളര്‍ത്തുന്നവരെയും കൊല്ലും എന്ന ആക്രോശം അപകടകരമായ മനസ്സില്‍നിന്ന് ഉതിര്‍ന്ന വാക്കുകളാണെന്ന തിരിച്ചറിവില്‍ ഗീതയും കുടുംബവും വീണ്ടും പോലീസിനെ സമീപിക്കുകയായിരുന്നു. പട്ടിക്കുട്ടിയെ പോസറ്റ്‌മോര്‍ട്ടം നടത്തി മറവ് ചെയ്‌തെങ്കിലും പരാതിയില്‍ തുടര്‍നടപടികളുണ്ടായില്ല. 

'വീട്ടിലെ മരങ്ങള്‍  തടസ്സമാകുന്നുവെന്ന് പറഞ്ഞ് അയല്‍ക്കൂട്ടം ഞങ്ങളെ വീണ്ടും ഒറ്റപ്പെടുത്തി. ഞങ്ങളുടെ പറമ്പിലെ മരത്തില്‍നിന്ന് അവരുടെ പറമ്പിലേക്ക് ഇലകള്‍ കൊഴിയുന്നുവെന്നും ആ  ഇലകള്‍ക്കടിയില്‍ പാമ്പ് വരുമെന്നും അത്  കുട്ടികളുടെ ജീവന് ഭീഷണിയാണെന്നും പറഞ്ഞ് അയല്‍ക്കാര്‍ ആര്‍ഡിഒയ്ക്ക് പരാതി നല്‍കി. വീട്ടിലെ മരങ്ങളുടെ ബാഹുല്യം കാരണം അയല്‍വാസികളായ തങ്ങളുടെ ശ്വാസകോശം ചുരുങ്ങുന്ന അസുഖമുണ്ടാകുന്നു എന്ന പരാതിയില്‍  ആരോഗ്യ വകുപ്പ ഉദ്യോഗസ്ഥരും വീട്ടിലെത്തിയിരുന്നു' അപര്‍ണ പറയുന്നു. ഉറച്ചവാക്കുകളോടെ ജീവിക്കുന്ന സ്ത്രീകളോടുള്ള അസഹിഷണുതയാണ് ഈ പരാതികളുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് അപര്‍ണയും  ഗീതയും ഉറച്ചു വിശ്വസിക്കുന്നു.

ഗീതയുടെ വീട്ടിലെ മരങ്ങളുടെ ശല്യം കാരണം  വഴിയില്‍ വൈദ്യുത ലൈനിന് താഴെ കരിയിലകള്‍ കൂട്ടിയിട്ട് കത്തിച്ച് സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തിയും അയല്‍ക്കൂട്ടം ശക്തി തെളിയിച്ചു. പരാതികളുമായി പോലീസ് േേസ്റ്റഷനിലെത്തിയ തങ്ങളോട് തൊട്ടതിനും പിടിച്ചതിനുമെല്ലാം പരാതിയുമായി വന്നാലോ എന്ന രീതിയില്‍ സംസാരിക്കുകയാണ് പോലീസ് ചെയ്തതെന്ന് ഗീത പറയുന്നു.

അടുത്ത വീട്ടുകാരുമായി നല്ല ബന്ധത്തിലല്ലെന്ന് പറഞ്ഞ് ഇവരുടെ പരാതികളെ നിസ്സാരവത്കരിക്കുകയാണ് പോലീസെന്നും അപര്‍ണ കുറ്റപ്പെടുത്തുന്നു. പെരുമ്പാവൂരിലെ ജിഷയുടെ  മരണത്തിന് മുമ്പ്  അവളുടെ അമ്മ പോലീസില്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നുവെന്നും അത് പോലീസ് ഗൗരവമായി എടുത്തില്ല എന്നതും ഇതിനോട് ചേര്‍ത്ത് കാണേണ്ടതാണ്.

കല്ലേറിൽ നിന്ന് ബലാത്സംഗത്തിലേക്കുള്ള ദൂരമെത്ര?

'രാവിലെയാവുമ്പോ അവിടത്തെ തള്ള വേഷം കെട്ടി പോകും. ഇപ്പോ തള്ളേ മോളും മാത്രമേയുള്ളൂ' എന്ന അടക്കം പറച്ചില്‍ ഒരു ദിവസം അപര്‍ണയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. അന്നേ ദിവസമാണ് അതേ വീട്ടില്‍ പണിക്ക് വന്നിരുന്ന ആറ് തൊഴിലാളികളില്‍ ഒരാള്‍ അപര്‍ണയ്ക്കു നേരെ കല്ലെറിയുന്നതും അസഭ്യമായ ആംഗ്യങ്ങള്‍ കാണിക്കുന്നതും പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ഇത്തരത്തിലുള്ള നിസ്സാരപ്രശ്‌നങ്ങളുമായി പോലീസ് സ്റ്റേഷനില്‍ വരുന്നുവെന്ന് പോലീസ് നിരുത്സാഹപ്പെടുത്തുകയായിരുന്നു.'കോടതിയില്‍ പോവേണ്ടി വരും, മൊഴിയെടുക്കേണ്ടി വരും' എന്ന് പേടിപ്പിച്ച് കേസില്‍നിന്ന് അപർണ്ണയെ പിന്‍മാറ്റാനുള്ള ശ്രമവും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായി.

'ഒരു കാരണവുമില്ലാതെ ഒരാള്‍ കല്ലിടുത്തെറിയുമോ' എന്ന രീതിയില്‍ മൊഴിയെടുക്കാന്‍ വന്ന വനിത പോലീസുദ്യോഗസ്ഥ ചോദിച്ച ചോദ്യം അപമാനകരമായി അനുഭവപ്പെട്ടെന്ന് അപര്‍ണ പറയുന്നു. ഏതൊരു റേപ്പിന് പുറകില്‍ അതിന് പുരുഷനെ പ്രേരിപ്പിച്ച സ്ത്രീകളുടെ ചെയ്തികളുണ്ടെന്ന് സമര്‍ഥിക്കുകയായിരുന്നില്ലേ ആ പോലീസുകാരിയും. ഈ ആംഗ്യങ്ങളെല്ലാം കാണാന്‍ നിങ്ങള്‍ അയാളെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നോ എന്ന ചോദ്യങ്ങളും അപര്‍ണയ്ക്കു നേരെ പോലീസുയര്‍ത്തി. പ്രതിയെ തിരിച്ചറിയാത്തതിനാല്‍ കേസ് തള്ളിയെന്ന് ആദ്യം പറഞ്ഞ പോലീസുകാര്‍ ഡിവൈ.എസ്.പിയുടെ ഇടപെടല്‍ വന്നതോടെ പ്രതിയെ അറസ്റ്റ് ചെയ്തു.

പോലീസിന്റെ ഇത്തരം നിസ്സാരവത്കരണങ്ങൾ 'ഞങ്ങടെ പിള്ളാരെ തൊട്ടു കളിച്ചാല്‍ റേപ്പ് എന്താണെന്ന് ശരിക്ക് പഠിപ്പിക്കും' എന്ന് ആക്രോശിക്കാന്‍ ആൾകകൂട്ടത്തിന് ധൈര്യം നല്‍കിയിരിക്കുന്നു. സമൂഹത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ ശബ്ദം ഉയര്‍ത്തുന്ന അമ്മയുടെയും മകളുടെയും ഗതി ഇതാണെങ്കില്‍ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും.

കല്‍പിക്കപ്പെട്ട സമയത്തിനപ്പുറത്തേക്ക് സക്രിയമായി സമൂഹത്തില്‍ ഇടപെട്ട് ജോലി ചെയ്യുന്ന ഒരു സ്ത്രീയെ ഇത്തരത്തില്‍ മുന്‍വിധിയോടെ കാണുന്ന അയല്‍പക്കങ്ങളുടെ മനോഭാവത്തില്‍ ഇനിയും മാറ്റം വരേണ്ടതല്ലേ?  നിസ്സാരമായ പരാതികളായി പോലീസ് തള്ളികളയുന്ന പരാതികള്‍ ഒരിക്കലെങ്കിലും ഗൗരവമായി എടുത്തിരുന്നെങ്കില്‍ ഒരു ബലാത്സംഗമെങ്കിലും, ഒരു ലൈംഗിക കയ്യേറ്റമെങ്കിലും പോലീസിനും കുറയ്ക്കാമായിരുന്നില്ലേ? സദാചാര ഗുണ്ടായിസത്തെ മഹത്വവത്കരിക്കുന്നവരും അതിനെതിരെ കണ്ണടയ്ക്കുന്നവരും  ആത്മഹത്യകളും ഫാസിസ്റ്റ് ഗുണ്ടാവിളയാട്ടവും ഇനിയും കണ്ടില്ലെന്നുണ്ടോ?

അതേ സമയം 'തന്റെ വീട്ടില്‍ ആളുകള്‍ വരുമ്പോള്‍ പി.ഗീതയുടെ വീട്ടിലെ നായ്ക്കൾ ചെരുപ്പുകള്‍ കടിച്ചു കൊണ്ടുപോകുകയാണെന്നും ഈ പ്രശ്നവുമായി ബന്ധപ്പെട്ട് പി ഗീതയുടെ വീട്ടുകാരെ സമീപിച്ചപ്പോള്‍ അവര്‍ സഹകരിച്ചില്ല'എന്നുമാണ് അയല്‍ക്കാരുടെ പ്രതികരണം. യാതൊരു രീതിയിലും സഹകരിക്കുന്നവരല്ല ഈ കുടുംബമെന്നാണ് അയല്‍പക്കക്കാരുടെ പരാതി. കൂടുതല്‍ പ്രതികരിക്കാൻ റസിഡന്റ്സ് ഭാരവാഹികൾ തയ്യാറായില്ല.