ഡെറ്റോളിട്ടു കഴുകി കളഞ്ഞാല്‍ തീരുന്നതേയുള്ളൂ ഒരു ബലാത്സംഗം ഉണ്ടാക്കുന്ന ആഘാതം എന്ന് രണ്ട് പതിറ്റാണ്ടിനു മുമ്പ് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. പക്ഷെ മാധവിക്കുട്ടി നല്‍കിയ അത്രയേറെ നവ്വോത്ഥാനപരമായ വാക്യത്തെ കാറ്റില്‍ പറത്തി പുരുഷ കാമനകളെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ തുരുതുരാ പുറത്തു വന്നു.  ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ സിനിമകളില്‍ ആത്മഹത്യ ചെയ്യപ്പെട്ടു കൊണ്ടേയിരുന്നു.. സഹോദരിയെ ബലാത്സംഗം ചെയ്തവനെ കൊന്ന് പക വീട്ടുന്നു എന്നതിനപ്പുറം പെങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനോ മുഖമുയര്‍ത്തി നടക്കാനോ  പ്രേരിപ്പിക്കുന്ന ആങ്ങളമാരെ സിനികള്‍ സൃഷ്ടിച്ചതേയില്ല. കുറ്റവാളിയെ കൊല്ലുന്ന അരാഷ്ട്രീയവാദികളായ നായകന്‍മാര്‍ സഹോദരിയോട് സഹതാപം മാത്രം പങ്കു വെച്ച് അവളെ വീട്ടകങ്ങളില്‍ വീണ്ടും ഒതുക്കി. അതേ ആങ്ങളമാര്‍ തന്നെ അതേ സിനിമയില്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറഞ്ഞ് കയ്യടി നേടി കൊണ്ടേയിരുന്നു.

22 fk kottayam

രണ്ട് പതിറ്റാണ്ടു മുമ്പ് മാധവിക്കുട്ടി പറഞ്ഞത് പോലെ ജനശ്രദ്ധയാകര്‍ഷിച്ച കരുത്തുറ്റ വാക്കുകള്‍ കേള്‍ക്കാന്‍ പിന്നീട് 22 ഫീമെയില്‍ കോട്ടയം വരെ മലയാളികള്‍ക്ക് കാത്തിരിക്കേണ്ടി വന്നു. അവനെന്നോടു ചെയ്തത് പട്ടി കടിച്ചത് പോലെയേ കരുതുന്നൂള്ളൂ എന്ന് റിമ കല്ലിങ്കല്‍ അവതരിപ്പിച്ച ടെസ്സ എന്ന കഥാപാത്രം 2012ലിറങ്ങിയ ഈ ചിത്രത്തിലൂടെ സ്ത്രീകള്‍ക്ക് നല്‍കിയ കരുത്ത് ചെറുതല്ല. 

എന്നിട്ടും ലൈംഗികമായി കയ്യേറ്റം ചെയ്യപ്പെടുന്ന സ്ത്രീകള്‍ ഇരയെന്ന ഒറ്റ വാക്യങ്ങളിലൊതുങ്ങി. ലൈംഗികാതിക്രമ കഥകള്‍ അറിയപ്പെട്ടത് അതേ ഇരയുടെ പേരില്‍. മാധ്യമങ്ങളിലെല്ലാം ഇര മുഖം പൊത്തി കരയുന്ന പ്രതീകാത്മകമായ ചിത്രങ്ങള്‍ മാത്രം. കുറ്റവാളികള്‍ മാനം നഷ്ടപ്പെടാതെ വീര പരിവേഷമുള്ള പള്‍സര്‍ സുനി എന്ന താരമായി മാധ്യമങ്ങളില്‍ വളരുമ്പോള്‍ ആക്രമക്കപ്പെട്ട സ്ത്രീ മാനം നഷ്ടപ്പെട്ടവളെന്ന് മുദ്രകുത്തുന്ന മാനഭംഗം ചെയ്യപ്പെട്ടു എന്ന വാക്കുകള്‍ മാധ്യമങ്ങള്‍ സദാ ഉച്ഛരിച്ചു കൊണ്ടേയിരുന്നു.

fb postഎന്നാല്‍ ഇവിടെ നിങ്ങള്‍ ഇരയെന്നോ മാനഭംഗം ചെയ്യപ്പെട്ടവളെന്നോ മുദ്രകുത്തിയ, പുരുഷനാല്‍ ശാരീരികമായി കയ്യേറ്റം ചെയ്യപപെട്ട ഒരു സ്ത്രീ താന്‍ ആക്രമിക്കപ്പെട്ടതിന് പത്ത് നാള്‍ തികയുന്നതിന് മുമ്പെ മുഖമുയര്‍ത്തി തന്റെ തൊഴിലിടത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു. തന്റെ മാനം അല്ല നഷ്ടപ്പെട്ടതെന്നും പകരം അക്രമിയുടേതാണെന്നും അവള്‍ തന്റെ തിരിച്ചുവരവിലൂടെ ആവര്‍ത്തിക്കുന്നു. മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, ഭാഗ്യലക്ഷ്മി, പൃഥ്വിരാജ് എന്നീ സുഹൃത്തുക്കളുടെ നിലയ്ക്കാത്ത പിന്തുണ ഉണ്ടെങ്കിലും തീരുമാനം അവളുടേതാണ്. ആ തീരുമാനം കേരളത്തിലെ സ്ത്രീകളിലേക്ക് പ്രവഹിപ്പിച്ച ഊര്‍ജ്ജപ്രവാഹം എത്രത്തോളം വലുതാണെന്ന് ഇനി കേരളം കാണാനിരിക്കുന്നതേയുള്ളൂ. ഇരയെന്ന വാക്കിലൊതുങ്ങാതെ പേരും ഊരുമുള്ള ഒരു വ്യക്തിയാണ് താനെന്ന് തുറന്ന് പറഞ്ഞ് കൊണ്ടും പേര് തുറന്ന് പറയാന്‍ നാണം തോന്നേണ്ടത് ആക്രമിയാണെന്ന് പ്രതികരിച്ച് കൊണ്ടും നീ പൊതുസമൂഹത്തിനെ അഭിസംബോധന ചെയ്യുന്ന ഒരു നിമിഷത്തിനായി കാത്തിരിക്കുകയാണ് കേരളീയ സമൂഹം.

ലൈംഗികാതിക്രമത്തിലൂടെ ഒരു സ്ത്രീക്ക് ഒന്നും നഷ്ടപ്പെടുന്നില്ലെന്നും ഒരു റോഡപകടം വന്നാല്‍ മുറിവേറ്റ ഭാഗങ്ങളെ ശുശ്രൂഷിച്ച് ശരീരത്തിന് റെസ്റ്റ് നല്‍കുന്നതിനപ്പുറമല്ല ഒരു ലൈംഗികാതിക്രമമെന്നും ഇതിനേക്കാള്‍ ശക്തമായ ഭാഷയില്‍ ഇനിയൊരു സ്ത്രീക്കും സംവദിക്കാനാവില്ല. നന്ദി... നീ തുടങ്ങി വെച്ച നവ്വോത്ഥാന മുന്നേറ്റത്തിന്, നന്ദി... നീ പകര്‍ന്നു നല്‍കിയ വിപ്ലവജ്വാലയ്ക്ക്. 

അവളുടെ തീരുമാനത്തെ പിന്തുണച്ച് കൊണ്ടും പ്രശംസിച്ചു കൊണ്ടും നടന്‍ പൃഥ്വിരാജ് ഫേസ്ബുക്കിലിട്ട പോസ്റ്റും ഇനി ചരിത്രത്തിന്റെ ഭാഗമാവുകയാണ്.

ബുദ്ധി ഉറയ്ക്കും മുന്‍പ് താന്‍ ചെയ്ത പുരുഷ മേല്‍ക്കോയ്മ ആഘോഷമാക്കിയ സിനിമകള്‍ക്ക്, അതില്‍ നിങ്ങളുടെ മാനം ഇടിക്കുന്ന തരത്തില്‍ പറഞ്ഞ ഡയലോഗുകള്‍ക്ക്, അതിന് ഏറ്റുവാങ്ങിയ കൈയടികള്‍ക്ക് ക്ഷമ ചോദിക്കുകയാണെന്ന് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. മേലില്‍ തന്റെ സിനിമകളില്‍ സ്ത്രീകളെ ഇകഴ്ത്തില്ലെന്ന് ഉറപ്പു പറയുന്നു പൃഥ്വി. ഒരു നടന്‍ എന്ന നിലയില്‍ മോശപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുന്ന സാഹചര്യമല്ലാതെ അത്തരം കഥാപാത്രങ്ങളെ മഹത്വവത്കരിക്കുകയോ വെള്ളിത്തിരയിലെ അവരുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയോ ചെയ്യില്ലെന്ന് പൃഥ്വി ഉറപ്പ് നല്‍കുന്നു. 'ഞാന്‍ എന്നും നിന്റെ ആരാധകനാണെന്ന്' പറഞ്ഞ് കൊണ്ട് മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരു മുന്‍നിര നായക നടന്‍ ഒരു നായികാ നടിയെ ആദരിച്ചിരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരിക്കുന്നു.

Vaikom Vijayalakshmiമറ്റൊരു ധീരമായ വാര്‍ത്ത കൂടി വന്ന ദിവസമാണ് ഫെബ്രുവരി 25, അതും വെള്ളിത്തിരയില്‍ നിന്ന് തന്നെ. വൈക്കം വിജയലലക്ഷ്മി ഉറപ്പിച്ച കല്ല്യാണത്തില്‍നിന്ന് പിന്‍മാറിയിരിക്കുന്നു. വിവാഹ ശേഷം സംഗീത പരിപാടി നടത്താതെ, സംഗീത അധ്യാപികയായി ജോലി നോക്കിയാല്‍ മാത്രം മതിയെന്ന് വൈക്കം വിജയലക്ഷ്മി എന്ന ഗായികയോട് കല്ല്യാണം ഉറപ്പിച്ചയാള്‍ ആവശ്യപ്പെട്ടതാണ് കാരണം.

സ്ത്രീ എത്ര ഉയരങ്ങളിലെത്തിയാലും തൊഴിലിടങ്ങളില്‍ മുന്നേറിയാലും വിവാഹാനന്തരം ഭര്‍ത്താവിന് വേണ്ടി തന്റെ നേട്ടങ്ങളെയെല്ലാം ഒതുക്കി വെക്കണമെന്ന സാമ്പ്രദായിക കുടുംബസങ്കല്‍പങ്ങള്‍ക്ക് ഇതിനേക്കാള്‍ വലിയ തിരിച്ചടി ഇനി ലഭിക്കാനുണ്ടോ. ഇതിനേക്കാള്‍ വലിയ ഉറച്ച വാക്കുകള്‍ ഇനി കേള്‍ക്കാനുണ്ടോ.

വെള്ളിത്തിരയുടെ താളുകളിലൂടെ ഒരു സ്ത്രീ സ്വത്വത്തിന്  ഇത്രയേറെ സ്വീകാര്യതയും ശക്തിയും വന്ന ഫെബ്രുവരി 25 പോലൊരു ദിവസം അടുത്ത കാലത്ത് കേരളത്തിൽ ഉണ്ടായിരിക്കാനിടയില്ല.