ഴിമതി, സ്വജനപക്ഷപാതം, പ്രകൃതി ചൂഷണം, വനംകയ്യേറ്റം, ബാല പീഡനം, സുരക്ഷാ പാളിച്ചകള്‍ തുടങ്ങീ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു സമൂഹത്തിന്റെ സുസ്ഥിര വികസനത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ജാഗ്രത കാണിക്കാത്ത മാധ്യമങ്ങളും സമൂഹവും പെണ്ണുമായി ബന്ധപ്പെട്ട വിഷയത്തിലേക്കെത്തുമ്പോള്‍ കാണിക്കുന്ന  നിതാന്ത ജാഗ്രതയാണ് മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയുടെയും പിന്നാമ്പുറ താത്പര്യം. പ്രകൃതി വിരുദ്ധതയും സ്ത്രീവിരുദ്ധതയും ബാല പീഡനവും രാജിവെപ്പിക്കാത്ത സമൂഹ ജാഗ്രത ഇക്കിളി വിഷയത്തിലും പെണ്ണുമായി ബന്ധപ്പെട്ട വിഷയത്തിലും കേരള രാഷ്ട്രീയത്തിന്റെ ഗതി വീണ്ടും മാറ്റിയിരിക്കുന്നു.

ഒരു മന്ത്രി ലൈംഗികച്ചുവയോടെ സംസാരിച്ചുവത്രെ. തന്റെ തീര്‍ത്തും സ്വകാര്യമായ ഇടത്തില്‍ ഒരു സ്ത്രീയുമായി ഒരു മന്ത്രി ലൈംഗിക വേഴ്ച്ചയില്‍ ഏര്‍പ്പെട്ടാലോ ലൈംഗികച്ചുവയില്‍ സംസാരിച്ചാലോ അത് ജനവിരുദ്ധമാകുകയാണ്.അല്ലെങ്കിൽ ജനവിരുദ്ധമാക്കിത്തീർക്കുകയാണ്. കേൾവിക്കാരനെ കോൾമയിർകൊള്ളിക്കുന്നവ  എക്‌സ്‌ക്ലൂസീവ് വാര്‍ത്തയായും രാജിയിലേക്കെത്തിക്കേണ്ട വിഷയമായും മാറ്റീത്തീര്‍ക്കുന്നതിന്റെ അരാഷ്ട്രീയത രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നില്ല. ആ ചർച്ചയ്ക്ക് തുടക്കമിടുന്നതിലൂടെ തുടക്കമിടുന്നയാളെയും സദാചാര ഗുണ്ടായിസത്തിനിരയാക്കുമെന്ന് ഭയന്നിട്ടാവണം പലരും എതിരിടാൻ മടിക്കുന്നത്.

Read | പൊതുപ്രവര്‍ത്തനം തുടങ്ങിയത് കെ.എസ്.യുവില്‍; വിവാദത്തില്‍ പെട്ട് രാജി

യഥാര്‍ഥത്തില്‍ സ്ത്രീയെ വില്‍പനച്ചരക്കാക്കിയത് ശശീന്ദ്രനല്ല പകരം വാര്‍ത്ത തിരഞ്ഞെടുത്ത മാധ്യമവും അത് കേട്ട് രോമാഞ്ചം കൊണ്ടവരുമാണ്. ലൈംഗികച്ചുവയുള്ള സംഭാഷണത്തെ ഇവിടെ ഒരു ചാനല്‍ അവരുടെ ലോഞ്ചിങ് ദിവസം വിരുന്നുമുറികളിലേക്കെത്തിച്ചിരിക്കുന്നത് സ്ത്രീകളോടുള്ള അതിയായ സ്‌നേഹം കൊണ്ടും സ്ത്രീ സംരക്ഷണം ലക്ഷ്യം വെച്ചുമാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇത് പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കാനുള്ള കുറുക്കുവഴിയാകുന്നു. ഒരു സ്ത്രീയെ ചൂഷണം ചെയ്തിട്ടുണ്ടെങ്കില്‍ അതും ഒരു ജനപ്രതിനിധി ചൂഷണം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷെ വാര്‍ത്തകളെല്ലാം വെളിവാക്കുന്നത് ലൈംഗികച്ചുവയുള്ള സംഭാഷണമെന്നാണ്. ഒരു മന്ത്രിക്ക് ഉഭയസമ്മതത്തോടെ ഒരു സ്ത്രീയോട് ലൈംഗികച്ചുവയുള്ള ഭാഷയില്‍ സംസാരിക്കാന്‍ പാടില്ലെന്ന് ഏത് നിയമ നിഘണ്ടുവിലാണുള്ളത്. എന്നാല്‍ ഇവിടെ അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ട വിഷയം തന്നെയാണ്. അതിൽ സർക്കാരിന് ജനങ്ങളോട് ബാധ്യതയുണ്ട്.

കുണ്ടറയിലെ ബാലപീഡന അന്വേഷണത്തിലും വാളയാറില്‍ ലൈംഗിക ചൂഷണത്തിന് ഇരയായി മരണപ്പെട്ട പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിലും ഉണ്ടായ പോലീസിന്റെ കനത്ത അലംഭാവത്തില്‍ രാജിവെക്കാന്‍ വകുപ്പു മന്ത്രിയോടോ പോലീസിനോടോ ആവശ്യപ്പെടാത്ത സമൂഹം ഇവിടെ അശ്ലീല സംഭാഷണം നടത്തി എന്ന വിഷയത്തില്‍ ഒരു മന്ത്രിയെ രാജിവെപ്പിച്ചിരിക്കുന്നു. ലൈംഗിക ചൂഷണമാണോ അധികാര ദുര്‍വിനിയോഗമാണോ എന്നത് സംബന്ധിച്ചുള്ള തീര്‍പ്പ് കല്‍പിക്കുന്നതിനു മുമ്പെയാണ് സദാചാര മാധ്യമ ഗുണ്ടായിസം. 

ദൃശ്യമാധ്യമ ചരിത്രത്തിലെ ഏറ്റവും വില കുറഞ്ഞ ഏതാനും ഏടുകളില്‍ ഒന്നായിത്തീരുകയാണ് ശശീന്ദ്രന്‍ വിഷയവും. ജലമലിനീകരണമോ, വരള്‍ച്ചയോ, അഴിമതിയോ പോലുള്ള സമൂഹത്തിന്റെ സുസ്ഥിര വികസനത്തിനെ ബാധിക്കുന്ന വിഷയങ്ങളില്‍ ഭരണാധികാരികള്‍ കാണിക്കുന്ന നിസ്സംഗത, രാജിവിഷയമോ ജനവിരുദ്ധമോ അല്ലാതാവുകയും പകരം അശ്ലീലച്ചുവയുള്ള സംഭാഷണം ജനങ്ങളെ ബാധിക്കുന്ന വിഷയവുമായുന്നതെങ്ങിനെയാണ്?

Read | സ്ത്രീ വിഷയം: രാജിവെക്കേണ്ടി വന്നത് മൂന്ന് എല്‍.ഡി.എഫ് മന്ത്രിമാര്‍ക്ക്

നാല് പ്രധാന വിഷയത്തില്‍ തീര്‍ത്തും നിരുത്തരവാദപരമായ നിലപാടുകള്‍ പുലര്‍ത്തിയ സര്‍ക്കാര്‍ ലൈംഗിക വിഷയത്തില്‍ അടിപതറിയിരിക്കുന്നു. കുട്ടികളുടെ ഭാവിയെ ഒന്നടങ്കം ബാധിക്കുന്ന എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയ്ക്കായി പ്രതിപക്ഷം പോലും ദുര്‍ബലമായ വാദമേ ഉയര്‍ത്തിയിരുന്നുള്ളൂ. സര്‍ക്കാര്‍ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കുക വരെ ചെയ്തിരിക്കുന്നു.

കണക്ക് പരീക്ഷ ചോദ്യപേപ്പര്‍ തയാറാക്കാന്‍ ചുമതലപ്പെടുത്തിയ പാനലിലെ ഒരു അധ്യാപകന്‍ തയാറാക്കിയ ചോദ്യങ്ങള്‍ അതേ പോലെ മലപ്പുറത്തെ ഒരു ട്യൂഷന്‍ സെന്ററിന് ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍. കുട്ടികളുടെ ഭാവിയെ വരെ ബാധിക്കുന്ന ഗുരുതര വിഷയത്തിൽ ഇല്ലാത്ത എക്സ്ക്ലൂസീവ്നെസ്സും രാജിയും ലൈംഗികച്ചുവയുള്ള സംഭാഷണത്തിൽ പലരും കണ്ടിരിക്കുന്നു. 

നാട്ടിലെ അവശേഷിച്ച കാടുകളും കത്തുകയാണ്. വരള്‍ച്ച അതിന്റെ ഏറ്റവും ഭീകരഭാവം പ്രകടമാക്കിയ, ജലക്ഷാമം രൂക്ഷമായ കാലമാണിത്. അപ്പോഴാണ് ഒരു മന്ത്രി വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്ന് പ്രസ്താവിച്ചത്. സര്‍ക്കാര്‍ പ്രകൃതി വിരുദ്ധ നിലപാടുകള്‍ പുലര്‍ത്തുക എന്നതാണ് ഏറ്റവും ജനവിരുദ്ധം എന്നിരിക്കെ അതില്‍ രോഷം കൊള്ളാത്ത ജനഹൃദയം ഒരു സ്ത്രീയുമായി ബന്ധപ്പെട്ട ആക്ഷേപത്തില്‍ ക്ഷുഭിതരായിരിക്കുന്നു.

വയനാട്ടിലെ ബാലപീഡനകേസിലും കുണ്ടറയിലെയും വാളയാറിലെയും പീഡനത്തെ തുടര്‍ന്നുള്ള കുട്ടികളുടെ ദുരൂഹ മരണങ്ങളിലും പോലീസിന്റെ നിലപാടാണ് പ്രധാനമായും വിമര്‍ശിക്കപ്പെട്ടത്. ഈ വിഷയങ്ങളിലൊന്നും ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെടാത്ത സമൂഹത്തെ അസ്വസ്ഥരാക്കിയിരിക്കുന്നത് ലൈംഗികച്ചുവയുള്ള സംഭാഷണമാണ്. സ്ത്രീ സംരക്ഷകരായി മുന്നോട്ടു വന്ന് കൊണ്ട് ശശീന്ദ്രന്റെ ലൈംഗികച്ചുവയുള്ള സംഭാഷണം പുറത്ത് വിട്ട മാധ്യമം അങ്ങനെ സാംസ്കാരിക കേരളത്തെ ഇക്കിളിപ്പെടുത്തി രംഗപ്രവേശനം ചെയ്തിരിക്കുന്നു , 'അതി ഗൗരവതരമായ' വിഷയത്തിൽ ഒരു മന്ത്രിയെ രാജിവെപ്പിച്ചു കൊണ്ട്.