ണ്ടെണ്ണം അടിക്കാതെ ഉറങ്ങാന്‍ പോവില്ലെന്ന നിര്‍ബ്ബന്ധബുദ്ധിക്കാരനായിരുന്നു എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഖുഷ്‌വന്ത്‌സിങ്. ഡെല്‍ഹിയില്‍ സുജാന്‍സിങ് പാര്‍ക്കിലെ വീട്ടില്‍  ഖുഷ്‌വന്ത് നിത്യേന വൈകീട്ട് ഏഴിന് തന്റെ ബാര്‍ തുറക്കും. ഖുഷ്‌വന്തിന്റെ മുറിക്ക് പുറത്ത് ഒരു സൈന്‍ ബോര്‍ഡ് സദാ തൂങ്ങിക്കിടന്നു. ''ക്ഷണമുണ്ടെങ്കില്‍ മാത്രം മണിയടിക്കുക.'' അപരിചിതരോട് ഇന്ത്യയിലെ ഈ പ്രശസ്തനായ സര്‍ദാര്‍ജിക്ക് വല്ലാത്ത ഒരലര്‍ജിയുണ്ടായിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ ശ്രീകോവില്‍ തുറക്കുന്നതും കാത്ത് നില്‍ക്കും. ചുവരിനോട് ചേര്‍ന്ന അലമാര തുറന്ന് ഖുഷ്‌വന്ത് പ്രിയപ്പെട്ട സ്‌കോച്ച് എടുക്കും. കൃത്യം ഒന്നേകാല്‍ മണിക്കൂര്‍. രാത്രി 8.15 ന് ബാറിന് പൂട്ടു വീഴും. പിരിയാന്‍ സമയമായി എന്നറിയാവുന്ന കൂട്ടുകാര്‍ അതോടെ സ്ഥലം വിടും. എഴുത്തിലില്ലാത്ത അച്ചടക്കം ഖുഷ്‌വന്ത് മദ്യപാനത്തില്‍ പുലര്‍ത്തിയിരുന്നു.

മദ്യനിരോധനം ഏറ്റവുമധികം വീറോടെ എതിര്‍ത്തവരില്‍ ഒരാളായിരുന്നു ഖുഷ്‌വന്ത്. പിതാവും ഡെല്‍ഹിയിലെ പ്രമുഖ കെട്ടിട നിര്‍മ്മാതാവുമായിരുന്ന ശോഭ സിങ് തൊണ്ണൂറാമത്തെ വയസ്സിലാണ് മരിച്ചത്. അമ്മ  തൊണ്ണൂറ്റിനാലിലും. പിതാവ് മദ്യം കഴിക്കുമായിരുന്നു. അമ്മയെ എണ്‍പതാമത്തെ വയസ്സില്‍ താനാണ് മദ്യപാനിയാക്കിയതെന്ന് ഖുഷ്‌വന്ത് പറയുമായിരുന്നു. മരണക്കിടക്കയില്‍ ഇടയ്‌ക്കെപ്പൊഴൊ ബോധം വന്നപ്പോള്‍ അമ്മ വിസ്‌കി ചോദിച്ചതിനെക്കുറിച്ച് പറഞ്ഞ് ഖുഷ്‌വന്ത് ഹൃദ്യമായി ചിരിക്കുമായിരുന്നു. കുടുംബത്തില്‍ മദ്യപിക്കാതിരുന്ന ഇളയ സഹോദരനാണ് ആദ്യം ലോകം വിട്ടുപോയതെന്നും ഖുഷ്‌വന്ത് പറയുമായിരുന്നു.

മദ്യനിരോധനം പോലൊരു മണ്ടത്തരം വേറെയില്ലെന്ന് ഖുഷ്‌വന്ത് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തൊരിടത്തും വിജയിക്കാത്ത സംഗതിയാണത്. രാഷ്ട്രീയക്കാര്‍ മദ്യനിരോധനത്തിനു വേണ്ടി വാദിക്കുന്നതു പോലെ കപടമായ മറ്റൊന്നുമില്ലെന്നും ഖുഷ്‌വന്ത് എഴുതി. 2014 മാര്‍ച്ച് 20-ന് 99ല്‍ മരിക്കുന്നതിന് തലേന്നും ഖുഷ്‌വന്ത് പ്രിയപ്പെട്ട സിംഗിള്‍ മാള്‍ട്ട് സ്‌കോച്ച് ആസ്വദിച്ചിരുന്നു. അഞ്ചു മാസങ്ങള്‍ക്ക് ശേഷം ആഗസ്ത് 22-നാണ് കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബാറുകള്‍ നിരോധിക്കുന്നത്. വി.എം. സുധീരന്‍ എന്ന കെ.പി.സി.സി. പ്രസിഡന്റിനെതിരെയുള്ള ഉമ്മന്‍ ചാണ്ടിയുടെ സമര്‍ത്ഥമായ കരുനീക്കം. പക്ഷെ, ഈ നീക്കം തകര്‍ത്തത് കേരളത്തിന്റെ വര്‍ത്തമാനവും ഭാവിയുമാണ്. ഖുഷ്‌വന്ത് ജീവിച്ചിരുന്നിരുെന്നങ്കില്‍ സുധീരനും ചാണ്ടിയും ആ പേനയുടെ പ്രഹരത്തില്‍ നിന്ന് രക്ഷപ്പെടുമായിരുന്നില്ല.

ദേശീയ പാതകളില്‍ നിന്നും മദ്യവില്‍പനശാലകള്‍ മാറ്റണമെന്ന സുപ്രീം കോടതി വിധി വന്നതോടെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി മദ്യവില്‍പന മാറിയിരിക്കുകയാണ്. അവശേഷിക്കുന്ന ചുരുക്കം ചില മദ്യവില്‍പനശാലകള്‍ക്കു മുന്നില്‍ ആയിരക്കണക്കിനു പേരാണ് ക്യൂ നില്‍ക്കുന്നത്. വലിയൊരു ജനവിഭാഗം അവരുടെ സമയത്തിന്റെ വലിയൊരു പങ്ക് ഇങ്ങനെ ക്യൂ നില്‍ക്കുന്നതിന് ചെലവിടാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നുവെന്നത് ഒരു ജനാധിപത്യ സമൂഹത്തിനും ഭൂഷണമല്ല.

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അടിയന്തരമായി ഈ പ്രശ്‌നം കൈകാര്യം ചെയ്യേണ്ടതുണ്ട്. നല്ല മദ്യം കുറഞ്ഞ വിലയ്ക്ക് യഥേഷ്ടം കിട്ടുന്നതിനുള്ള ദീര്‍ഘകാല നടപടികളാണ് വേണ്ടത്. അതിനൊപ്പം തന്നെ ഉത്തരവാദിത്വപൂര്‍ണ്ണമായ മദ്യപാനത്തെക്കുറിച്ചുള്ള ബോധവത്കരണവും ശക്തമായി നടക്കണം. ഖുഷ്‌വന്ത് പറഞ്ഞതു പോലെ കുടിക്കുക എന്നത് ഒരു പാപമല്ല കുടിച്ച് മദോന്മത്തരാവുന്നതിനെതിരെയാണ് ജനങ്ങളും സര്‍ക്കാരും കരുതലെടുക്കേണ്ടത്. സര്‍വ്വകക്ഷി യോഗം വിളിച്ചുകൂട്ടി ഈ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. 

സര്‍വ്വകക്ഷിയോഗം വിളിക്കുന്നത് നല്ല കാര്യം തന്നെയാണ്. പക്ഷെ, ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഇടതുപക്ഷം വിചാരിക്കുന്നത് ശുദ്ധ മണ്ടത്തരമായിരിക്കും. വേണ്ടത് പുതിയ മദ്യനയമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും നാലു വര്‍ഷം ബാക്കിയുണ്ട്. ഇപ്പോഴെങ്കിലും കരളുറപ്പോടെ പുതിയൊരു മദ്യനയം കൊണ്ടു വരാന്‍ സര്‍ക്കാരിനാവുന്നില്ലെങ്കില്‍ ദൈവം വിചാരിച്ചാല്‍ പോലും രക്ഷിക്കാന്‍ പറ്റിയെന്നു വരില്ല.