കിഫ്‌ബി പദ്ധതിയുടെ പ്രധാന ന്യൂനത, രൂക്ഷമായ ധനപ്രതിസന്ധിയുടെ നടുവിലും സർക്കാർ നികുതികൾമാത്രമുപയോഗിച്ച്‌ അടിസ്ഥാനഘടക വികസനം നടത്താമെന്ന അനാരോഗ്യകരമായ നയമാണ്‌.

KIFB

സംസ്ഥാന സർക്കാർ രൂക്ഷമായ ധനപ്രതിസന്ധിയിലാണ്‌. ഈ പ്രതിസന്ധിയിൽനിന്ന്‌ അടുത്തകാലത്തൊന്നും കരകയറാൻ കഴിയുമെന്ന  പ്രതീക്ഷയുമില്ല. എന്നാൽ, മറ്റ്‌ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പൊതുനിക്ഷേപ നിരക്കിന്റെ ഏതാണ്ട്‌ പകുതിമാത്രമാണ്‌ സ്വാതന്ത്ര്യാനന്തര കാലത്തെ കേരളത്തിലെ പൊതുനിക്ഷേപം. അതായത്‌, കേരളം അടിസ്ഥാനഘടക നിക്ഷേപത്തിന്റെ കാര്യത്തിൽ മറ്റുസംസ്ഥാനങ്ങളേക്കാൾ ബഹുദൂരം പിന്നിലാണ്‌. അതുകൊണ്ട്‌ മെച്ചപ്പെട്ട ധനസ്ഥിതിയുള്ള നല്ലകാലം വരുന്നതുവരെ കാത്തുനിൽക്കാതെ പശ്ചാത്തല സൗകര്യവികസനത്തിന്‌ ഒരു നൂതന വികസനപദ്ധതി (കിഫ്‌ബി) അവതരിപ്പിക്കുകയാണെന്ന്‌ ധനമന്ത്രി പറയുന്നു. ഈ പദ്ധതിയെക്കുറിച്ചുള്ള പല ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന്‌ തന്റെ ലേഖനത്തിലൂടെ അഭിപ്രായപ്പെടുന്നു.

ഒന്ന്: രൂക്ഷധനപ്രതിസന്ധിയിലായ സർക്കാർ പശ്ചാത്തല നിക്ഷേപത്തിന്‌ മറ്റുമാർഗങ്ങൾ ആരായാതെ കടംവാങ്ങി, സർക്കാർ പണംമുടക്കിമാത്രം വികസനം എന്ന നയം അനുവർത്തിക്കുന്നത്‌ ആരോഗ്യകരമല്ല. സർക്കാർ-സ്വകാര്യ പങ്കാളിത്ത നിക്ഷേപപദ്ധതികൾ, ബിൽഡ്‌ ഓപ്പറേറ്റ്‌ ആൻഡ്‌ ട്രാൻസ്ഫർ (ബി.ഒ.ടി.) പദ്ധതികൾ, ടോൾചുമത്തി നിക്ഷേപച്ചെലവ്‌ നിർവഹിക്കുന്ന സ്വകാര്യ നിക്ഷേപപദ്ധതികൾ തുടങ്ങിയവയാണ്‌ മറ്റുമാർഗങ്ങൾ. ഇത്തരം പദ്ധതികൾ സർക്കാറിന്‌ കാര്യമായ ധനബാധ്യതയുണ്ടാക്കുന്നില്ലെന്നതാണ്‌ മെച്ചം. മാത്രവുമല്ല സർക്കാർ നേരിട്ട്‌ നടപ്പാക്കുന്ന പദ്ധതികളേക്കാൾ കാര്യക്ഷമമായും വേഗത്തിലും ഇത്തരം പദ്ധതികൾ നടപ്പാക്കാൻ കഴിയും. അത്തരത്തിലുള്ള ഒരു പദ്ധതിയല്ല കിഫ്‌ബി.

രണ്ട്‌: രൂക്ഷമായ സാമ്പത്തികമാന്ദ്യം മാറ്റാനാണ്‌ കിഫ്‌ബി വഴിയുള്ള പ്രോജക്ടുകൾ 2016-ലെ പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ചത്‌. എന്നാൽ, എട്ടുമാസം കഴിഞ്ഞിട്ടും നടപ്പുസാമ്പത്തിക വർഷം ചെലവാക്കാൻ ഉദ്ദേശിച്ച 2500 കോടിയുടെ പ്രോജക്ടുകളിൽ ഒരു രൂപപോലും ചെലവഴിക്കാൻ കഴിഞ്ഞില്ല. വികസനപ്രഖ്യാപനങ്ങൾക്കോ പ്രചാരണത്തിനോ ഉള്ള ഉപകരണമെന്നതിൽക്കവിഞ്ഞ്‌ കിഫ്‌ബിവഴി ഒന്നും നടക്കാത്ത അനുഭവമാണ്‌ ഇതുവരെയുള്ളത്‌.
മൂന്ന്‌: കിഫ്‌ബി പ്രോജക്ടുകൾ വൻകിട പദ്ധതികളായതിനാൽ അവയുടെ രൂപകല്പനയ്ക്കും നടത്തിപ്പിനും വലിയ കാലതാമസമുണ്ടാകുമെന്ന്‌ ധനമന്ത്രി പറയുന്നു. ആദ്യത്തെ രണ്ടുവർഷംകൊണ്ട്‌ 50,000 കോടി രൂപയുടെ പദ്ധതികളാണ്‌ പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നത്‌. പക്ഷേ, 2017-‘18 വരെ ചെലവാക്കാൻ ലക്ഷ്യമിടുന്നത്‌ വെറും 5000 കോടി രൂപയാണ്‌. അതായത്‌ പ്രോജക്ട്‌ തുകയുടെ 10 ശതമാനം. 2018-‘19 ൽ ചെലവാക്കാൻ പ്രതീക്ഷിക്കുന്ന തുക 10,000 കോടി രൂപയാണ്‌. ചുരുക്കത്തിൽ മൂന്നുവർഷം കൊണ്ട്‌ ഈ പദ്ധതി ചെലവാക്കാൻ ലക്ഷ്യമിടുന്നത്‌ മൊത്തം പദ്ധതിത്തുകയുടെ 30 ശതമാനം മാത്രമാണ്‌. ഇത്‌ ഏതുമാനദണ്ഡംെവച്ച്‌ നോക്കിയാലും മോശപ്പെട്ട പദ്ധതി രൂപവത്‌കരണവും നടത്തിപ്പുമാണ്‌. 

നാല്‌: കിഫ്‌ബിയുടെ വൻകിട പ്രോജക്ടുകൾ പൂർത്തീകരിച്ചശേഷംമാത്രമേ പണംനൽകൂ എന്ന വ്യവസ്ഥ കരാറുകാരെ ഈ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിൽനിന്ന്‌ പിന്തിരിപ്പിക്കും.  കരാറുകാർക്ക്‌ പ്രോജക്ടുകളുടെ നടത്തിപ്പിന്റെ പുരോഗതിയനുസരിച്ച്‌ നൽകുന്ന പാർട്ട്‌ ബില്ലുകൾക്ക്‌ പണം നൽകുന്ന രീതിയുണ്ട്‌. ഭൂരിഭാഗം കരാറുകാർക്കും പണംകിട്ടാനുള്ള നീണ്ട കാത്തിരിപ്പ്‌ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. കിഫ്‌ബിയുടെ ഫണ്ടിൽ പണമില്ലാതിരിക്കുകയും പ്രോജക്ട്‌ പൂർത്തിയാക്കുമ്പോൾ കടമെടുത്ത്‌ പണം നൽകാമെന്ന നിലപാടും കരാറുകാരെ പിന്തിരിപ്പിക്കും. തന്മൂലം കിഫ്‌ബി പ്രോജക്ടുകൾ ഏറ്റെടുക്കാൻ കരാറുകാർ താത്‌പര്യം കാണിക്കില്ല.
അഞ്ച്‌: കിഫ്‌ബിക്ക്‌ 50,000 കോടി രൂപ വായ്പയായി സ്വരൂപിക്കാൻ  പ്രയാസമില്ലെന്നാണ്‌ മറ്റൊരു വാദം. കാരണം, കിഫ്‌ബിക്ക്‌ നിയമമനുസരിച്ച്‌ പെട്രോളിയം സെസും മോട്ടോർവാഹന നികുതിയുടെ വിഹിതവും വർഷംതോറും ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ വൻതുക വായ്പയെടുക്കാമെന്നാണ്‌ കരുതുന്നത്‌. പക്ഷേ,  ഇവിടെ പ്രസക്തമായ ചോദ്യം 50,000 കോടിരൂപയുടെ പദ്ധതി പ്രഖ്യാപനം നടത്തുമ്പോൾ കിഫ്‌ബിയുടെ വരുമാനം എത്രയായിരുന്നു എന്നാണ്‌. വെറും 2628 കോടി രൂപയാണ്‌. ഇതിന്റെ പത്തിരട്ടി എടുക്കാമെന്ന്‌ കരുതിയാലും ഈ ലക്ഷ്യം നേടുകയില്ല.

ആറ്‌: കിഫ്‌ബിവഴി നടപ്പാക്കുന്ന പദ്ധതികളിൽനിന്ന്‌ സ്വന്തമായി ടോളോ സെസോവഴി വരുമാനമുണ്ടാക്കുന്നില്ല. അതിനാൽ ഇതിന്റെ തിരിച്ചടവ്‌ മുഴുവനും സംസ്ഥാനനികുതികളിൽനിന്ന്‌ നൽകേണ്ട സ്ഥിതിയാണ്‌. ഇതിനാൽ ഈ സർക്കാറിന്റെ കാലത്തും അടുത്തുവരുന്ന രണ്ട്‌ സർക്കാറുകളുടെ കാലത്തും (മൊത്തം 15 വർഷം) പെട്രോളിയം സെസും മോട്ടോർവാഹന നികുതിയുടെ പകുതിയോളവും തുക കടബാധ്യത നിറവേറ്റാൻ ചെലവാക്കേണ്ടിവരും. ഈ കടബാധ്യതയുടെ തിരിച്ചടവുമൂലം ഇപ്പോഴെടുക്കുന്ന 50,000 കോടിരൂപയുടെ ബാധ്യത 15 വർഷംകൊണ്ട്‌ 94,119 കോടിയായി വർധിക്കുമെന്ന്‌ കണക്കാക്കുന്നു. കടം തിരിച്ചടയ്ക്കലിന്‌ കിഫ്‌ബി നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും ഭാവിസർക്കാറുകൾക്ക്‌ ബാധ്യതയാകില്ലെന്നുമുള്ള വാദം ബാലിശമാണ്‌.കിഫ്‌ബി പദ്ധതിയുടെ പ്രധാന ന്യൂനത, രൂക്ഷമായ ധനപ്രതിസന്ധിയുടെ നടുവിലും സർക്കാർ നികുതികൾമാത്രമുപയോഗിച്ച്‌ അടിസ്ഥാനഘടക വികസനം നടത്താമെന്ന അനാരോഗ്യകരമായ നയമാണ്‌. ഈ നയംമൂലം സർക്കാറിന്റെ ഇപ്പോഴത്തെ കടബാധ്യത ഭാവി സർക്കാറുകളിലേക്ക്‌ മാറ്റപ്പെടുന്നതല്ലാതെ ഈ പ്രശ്നത്തിന്‌ പരിഹാരമുണ്ടാകുന്നില്ല.