ന്നിലെ നടന്റെ പരമാവധികൾ തിരിച്ചറിയുകയും അതിനെ വെല്ലുവിളിക്കുകയുംചെയ്ത ആചാര്യനായിരുന്നു കാവാലം നാരായണപ്പണിക്കർ. വ്യക്തിപരമായി ആഴത്തിലുള്ള ബന്ധമൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. നെടുമുടിവേണുവിൽനിന്നാണ് എപ്പോഴും ഞാൻ അദ്ദേഹത്തെക്കുറിച്ച് കേട്ടിരുന്നത്. അദ്ദേഹത്തിന്റെ നാടകങ്ങളെക്കുറിച്ചും നാടകപ്രവർത്തനങ്ങളെക്കുറിച്ചും നാടകപരീക്ഷണങ്ങളെക്കുറിച്ചുമെല്ലാം വേണുച്ചേട്ടൻ ആവേശത്തോടെ പറയുമായിരുന്നു. കാവാലംസാർ എഴുതിയ ചിലപാട്ടുകൾക്ക് ഞാൻ സിനിമയിൽ അഭിനയിച്ചിട്ടുമുണ്ടായിരുന്നു. ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന സിനിമയിൽ അദ്ദേഹം എഴുതിയ ‘കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ തൊട്ടൂ തൊട്ടില്ല...’ എന്ന പാട്ട് എനിക്ക് പാടാനും സാധിച്ചു. എന്നാൽ ‘കർണഭാരം’  എന്ന നാടകമാണ് എന്നെ അദ്ദേഹത്തിന് ശിഷ്യപ്പെടുത്തിയത്. എന്നെപ്പോലുള്ള ഒരാൾക്ക് എടുത്താൽപ്പൊങ്ങാത്ത ഒരു ഭാരംതന്നെയാണ് അദ്ദേഹം തലയിൽവെച്ചുതന്നത്.

‘വാനപ്രസ്ഥം’ എന്ന സിനിമയിലെ അഭിനയത്തിന് എനിക്ക്‌ ദേശീയ അവാർഡ് ലഭിച്ച അതേവർഷമാണ് ഡൽഹിയിൽ നാഷണൽ തിയേറ്റർ ഫെസ്റ്റിവൽ നടക്കുന്നത്. അതിൽ ഒരു നാടകമവതരിപ്പിക്കാൻ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ സാരഥിയായ രാംഗോപാൽ ബജാജും കാവാലംസാറും ചേർന്നാണ് എന്നോട് ആവശ്യപ്പെടുന്നത്. നാടകം എന്ന് കേട്ടപ്പോൾത്തന്നെ ഞാൻ ഞെട്ടി. അത് സംസ്കൃതംകൂടിയാണ് എന്നറിഞ്ഞപ്പോൾ വല്ലാതെ വിയർത്തു. റേഡിയോയിൽ സംസ്കൃതംവാർത്ത കേട്ട പരിചയം മാത്രമേ എനിക്ക്‌ ആ ഭാഷയുമായി ഉണ്ടായിരുന്നുള്ളൂ. അത് ഞാൻ കാവാലംസാറിനോട് പറഞ്ഞപ്പോൾ സാർ ചിരിച്ചുകൊണ്ട് എന്റെ തോളിൽതട്ടി. എന്നിട്ടു പറഞ്ഞു:
   ‘‘തനിക്ക്‌ സാധിക്കുമെടോ’’

Mohanlal_Kavalam
കര്‍ണാഭരണം അവതരിപ്പിച്ച ശേഷം
മോഹന്‍ലാല്‍ കാവാലത്തിന്റെ 
അനുഗ്രഹം വാങ്ങുന്നു.

അടുത്തദിവസം ഒരങ്കംമാത്രമുള്ള കർണഭാരത്തിന്റെ സ്ക്രിപ്റ്റ് അദ്ദേഹം എനിക്കയച്ചുതന്നു. വായിച്ചാൽ അഞ്ചു മിനിറ്റുവേണ്ട തീരാൻ. എന്നാൽ, എന്റെ കൈയിൽക്കിടന്ന്‌ ആ അക്ഷരങ്ങൾ വിറച്ചു. ‘കാക്കക്കുയിൽ’ എന്ന സിനിമയിലായിരുന്നു ആ സമയത്ത് ഞാൻ അഭിനയിച്ചുകൊണ്ടിരുന്നത്. തീർത്തും വ്യത്യസ്തമായ അന്തരീക്ഷം. ഇതിന് രണ്ടിലും ഇടയിൽക്കിടന്ന് ഞാൻ ഊഞ്ഞാലാടി. സെറ്റിൽ, ഹോട്ടൽമുറിയിൽ, എയർപോർട്ടിൽ, കുളിമുറിയിൽവരെയിരുന്ന് ഞാൻ ആ നാടകം മനഃപാഠമാക്കി. ആ ദിവസങ്ങളിലെ രാത്രികളിൽ ഞാൻ ഞെട്ടിയുണർന്നത് ഇപ്പോഴും ഓർക്കുന്നു. അപ്പോഴെല്ലാം എനിക്കുമുകളിൽ കാവാലംസാറിന്റെ നിഴൽപരക്കും; ശബ്ദവും: ‘‘തനിക്ക് സാധിക്കുമെടോ’’.

ഡൽഹിയിലെ കമാനി ഓഡിറ്റോറിയത്തിലായിരുന്നു ആദ്യ പ്രദർശനം. 80 നാടകങ്ങളിൽ ഒറ്റ സംസ്കൃതനാടകമേ ഉണ്ടായിരുന്നുള്ളൂ. മുന്നിൽ പ്രൗഢമായ സദസ്സ് - സംസ്കൃതപണ്ഡിതർ, പ്രൊഫസർമാർ, എഴുത്തുകാർ, ഭാഷാവിദഗ്ധർ, നാടകപ്രതിഭകൾ... തിരശ്ശീലയ്ക്കുപിറകിൽ കാവാലംസാർ ഉണ്ട് എന്ന ഏകധൈര്യമായിരുന്നു എന്നെ വേദിക്കുനടുവിൽ നിവർന്നുനിർത്തിയത്. സർവദൈവങ്ങളെയും കാവാലംസാറിനെയും മനസ്സിൽ ധ്യാനിച്ചാണ് ഞാൻ കർണഭാരത്തിലെ ആദ്യശ്ലോകം ചൊല്ലിയത്:
  ‘മാതാവന്മമ ശരമാർഗ ലക്ഷ്യഭൂതാഃ
      സമ്പ്രാപ്താഃക്ഷിതിപതയഃസജീവശേഷാഃ’

പിന്നീടെല്ലാം എനിക്കിപ്പോൾ ഒരു സ്വപ്നംപോലെയാണ് തോന്നുന്നത്. ഇടയ്ക്കിടെ കാവാലംസാർ വേദിയിലേക്കു കയറിവരും. ശ്ലോകങ്ങൾ ചൊല്ലിക്കൊണ്ടുതന്നെ. ആവേശത്തോടെ. എനിക്കത് വലിയ ഒരാശ്വാസമായിരുന്നു. എന്തുവന്നാലും അദ്ദേഹമുണ്ടല്ലോ. അന്നുതന്നെ ആ നാടകം ഞാൻ ഒരിക്കൽക്കൂടി ചെയ്തു. അതിനുശേഷം മുംബൈയിലെ ഷണ്മുഖാനന്ദഹാളിലും ലീല കെംപൻസ്കിയിലും ‘കർണഭാരം’ അരങ്ങേറി. ചിലപ്പോൾ അടുത്ത ഡയലോഗ് എന്താണെന്നറിയാതെ ഞാൻ ബ്ലാക്കൗട്ട് ആയിട്ടുണ്ട്. അപ്പോഴെല്ലാം കാവാലം എന്ന ഗുരു എന്നിൽച്ചൊരിഞ്ഞ ഗുരുത്വമാണ് എനിക്ക്‌ വെളിച്ചം പകർന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. നാടകം കണ്ട് എന്റെ അമ്മാവൻ പറഞ്ഞു: ‘ആരുപറഞ്ഞു നിനക്ക് സംസ്കൃതം അറിയില്ലയെന്ന്‌?’

സത്യമായും എനിക്കിപ്പോഴും സംസ്കൃതമറിയില്ല. ആ നാടകം കഴിഞ്ഞമാസമെടുത്ത് ഞാനൊന്ന് വായിച്ചുനോക്കി. പേടിച്ചുപോയി. ഇതാണോ ഞാൻ നാലുതവണ കെട്ടിയാടിയത്? ഇനിയൊരിക്കലും എനിക്കത് അഭിനയിക്കാൻ സാധിക്കില്ല. കാരണം കാവാലംസാറില്ലാതെ എനിക്ക് ആ ഭാരമുയർത്താൻ സാധിക്കില്ല. പിന്നീട് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ കർണന്റെ അന്തഃസംഘർഷങ്ങളെക്കുറിച്ച് ക്ലാസ്സെടുക്കാൻ എന്നെ ക്ഷണിച്ചിരുന്നു. അവർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു: ‘‘എനിക്കൊന്നുമറിയില്ല. കാവാലംസാർ പറഞ്ഞതിലധികം ഒന്നും എനിക്ക് കർണഭാരത്തെക്കുറിച്ചറിയില്ല’’.   കാളിദാസന്റെ ഉജ്ജയിനിയിൽച്ചെന്ന് കാവ്യപാരായണം നടത്തണം എന്നും അതിന് ഞാനും കൂടെച്ചെല്ലണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘വിക്രമോർവശീയം’ അരങ്ങേറണം എന്നും പറഞ്ഞിരുന്നു. രണ്ടും നടന്നില്ല. കാവാലം നാരായണപ്പണിക്കരില്ലാത്ത ഈ ലോകത്ത് ഇനിയത് നടക്കുകയുമില്ല.

കഴിഞ്ഞമാസം ഞാൻ അദ്ദേഹത്തെച്ചെന്ന് കണ്ടിരുന്നു. പഴയ അതേ ഊർജം അദ്ദേഹത്തിന്റെ മെലിഞ്ഞ ശരീരത്തിലും നനുത്തശബ്ദത്തിലും ഉണ്ടായിരുന്നു. കാവാലം മറഞ്ഞപ്പോൾ എനിക്ക്‌ ഒരു മാനസഗുരുവിനെയാണ് നഷ്ടപ്പെട്ടത്. മഹാഗുരുക്കന്മാരും വലിയമനുഷ്യരും ഓരോന്നായി മറയുമ്പോൾ ഭൂമിയിലെ പ്രകാശം കുറഞ്ഞുകുറഞ്ഞു വരുന്നതുപോലെ എനിക്കു തോന്നുന്നു. കാവാലംസാർ, അങ്ങയുടെ ഓർമയ്ക്കുമുന്നിൽ ഞാൻ കരീടമഴിച്ചുവെക്കുന്നു... പ്രണാമം.