പായമണികള്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണെന്ന് എം ജി എസ് നാരായണന്‍ പറയുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇംഗ്ലീഷ് കവി ജോണ്‍ ഡണ്‍ എഴുതിയതുപോലെ ആര്‍ക്കുവേണ്ടിയാണ് ഈ മണികള്‍ മുഴങ്ങുതെന്ന് അന്വേഷിക്കാന്‍ നമ്മള്‍ ആളെ അയക്കേണ്ടതില്ലെന്നും മണി മുഴങ്ങുന്നത് നമുക്ക് വേണ്ടിതന്നെയാണെന്നും എം ജി എസ് വ്യക്തമാക്കുന്നു.സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ കൃത്യമായി പിടിച്ചെടുക്കുകയും അതിനെ വ്യവച്ഛേദിച്ച് , വിശകലനകം ചെയ്ത് വരാനിരിക്കുന്ന നന്മകളും അപകടങ്ങളും തിരിച്ചറിയുകയും ചെയ്യുന്ന ക്രാന്തദര്‍ശികളുടെ ഗണത്തിലേക്ക് എം ജി എസ് ഉയരുന്നത് നിതാന്തമായ ജാഗ്രതകൊണ്ടും കര്‍മ്മങ്ങളിലെ സത്യസന്ധത കൊണ്ടുമാണ്.ചരിത്രകാരനും സാംസ്‌കാരിക വിമര്‍ശകനുമായ എം ജി എസ്സുമായി കോഴിക്കോട്ട് മലാപ്പറമ്പിലുള്ള വീട്ടില്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്.

അപായമണികള്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് താങ്കള്‍ പറയുന്നത്. ഇന്ദിരാഗാന്ധിയേയും അടിയന്തരാവസ്ഥയേയും അതിജീവിച്ച ഇന്ത്യന്‍ ജനാധിപത്യം ഈ പ്രതിസന്ധി  അതിജീവിക്കുമെന്നതില്‍ താങ്കള്‍ എത്രമാത്രം ശുഭാപ്തി വിശ്വാസിയാണ് ?

നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ ഞാന്‍ ഒരു ലേഖനം എഴുതിയിരുന്നു. ജനാധിപത്യത്തിലൂടെ സ്വേച്ഛാധിപത്യത്തിലേക്ക് എ തലക്കെട്ടില്‍ എഴുതിയ ആ ലേഖനത്തില്‍ ജനാധിപത്യം ഏകാധിപത്യത്തിന് അരങ്ങൊരുക്കുന്നതെങ്ങിനെയാണെന്ന് വിശദീകരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഹിറ്റ്‌ലര്‍ ജര്‍മനിയുടെ അധികാരപീഠത്തിലേക്കെത്തുന്നത് തിരഞ്ഞെടുപ്പിലൂടെയാണ്. ജനാധിപത്യത്തിന്റെ സവിശേഷ പരിസരങ്ങളില്‍ തന്നെയാണ്  പലപ്പോഴും ഏകാധിപതികള്‍ ഉടലെടുക്കുന്നത്. നിലവില്‍ ഉയരുന്ന അപായസൂചനകള്‍ വ്യക്തമായ മുന്നയിപ്പാണ് നല്‍കുന്നത്. നോട്ട് റദ്ദാക്കല്‍ ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ ഏകാധിപത്യ പ്രവണതയുടെ അടയാളമുണ്ട്. ഇത് ചെറുക്കപ്പെടുന്നില്ലെങ്കില്‍, ഇതിനെതിരെ പ്രതിരോധമുയരുന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോവും.'' eternal vigilance is the price of liberty ''

വികേന്ദ്രീകൃത അടിയന്തരാവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിലനില്‍ക്കുതെന്നും പിരമിഡിക്കല്‍ മാഫിയ സ്‌റ്റേറ്റായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രമുഖ പത്രപ്രവര്‍ത്തകന്‍ അരു ഷൂറി പറയുന്നതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ?

ഷൂറിയുടെ അഭിമുഖം ഞാന്‍ വായിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ പറയുന്നതിന് ഷൂറിയുടെ അഭിമുഖം വായിക്കണമെന്നുമില്ല. ജനാധിപത്യം സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ ഭരണഘടനയില്‍  പ്രത്യേക മുന്‍കരുതലുകളുണ്ട്. മൗലികാവകാശങ്ങള്‍ ഭരണഘടനാശില്‍പികള്‍ നിര്‍വഹിചിച്ചിട്ടുള്ളത് വെറുതെയല്ല. ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ് , ജുഡീഷ്യറി എന്നിങ്ങനെ അധികാരത്തിന്റെ വിഭജനം കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ളതും ജനാധിപത്യത്തിന്റെ പരിപാലനത്തിനും സംരക്ഷണത്തിനുമാണ്. അടിയന്തരാവസ്ഥയെ ചെറുത്തത് കേരളത്തിലെയോ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയോ സാക്ഷരരായ ജനങ്ങളല്ല. ഉത്തരേന്ത്യയിലെ നിരക്ഷരരും സാധാരണക്കാരുമായ ജനസമൂഹമാണ് അടിയന്തരാവസ്ഥയ്‌ക്കെതിരെ വിധിയെഴുതിയതും ചെറുത്തുതോല്‍പിച്ചതും. ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ ഉന്നതമായ രാഷ്ട്രീയ അവബോധമുള്ളവരാണ്. അവരാണ് ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍. അടിയന്തരാവസ്ഥയിലേതില്‍ നിന്നും ഇന്ത്യ മാറിയിട്ടുണ്ട്. എങ്കിലും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനതയിലുള്ള പ്രതീക്ഷ ഇപ്പോഴും ബാക്കിയാണ്.

ദേശീയതയെക്കുറിച്ച് അടുത്തിടെ  നടത്തിയ  പ്രഭാഷണ പരമ്പരയില്‍ സാങ്കല്‍പിക സമൂഹത്തിന്റെ ഉത്പന്നമാണ് ദേശീയത എന്ന് താങ്കള്‍ പരാമര്‍ശിക്കുകയുണ്ടായി. ഈ കാഴ്ചപ്പാട് ഒന്ന വിശദീകരിക്കുമോ?

ദേശീയതയ്ക്ക് രാഷ്ട്രവുമായി ബന്ധമൊന്നുമില്ല. നിരവധി ചെറുരാജ്യങ്ങളായി ഭിന്നിച്ചു കിടന്നിരുന്ന ഇന്ത്യയെ കൂട്ടിയിണക്കിയത് ഈസ്റ്റിന്ത്യാ കമ്പനിയാണ്. വ്യത്യസ്ത ഭാഷകളും സംസ്‌കൃതികളുമുള്ള ചെറുരാജ്യങ്ങളുടെ സംയോജനം നടക്കുമ്പോള്‍ അതൊരു ദേശീയതയുടെ പിറവിക്ക് കാരണമാവണമെന്നില്ല. ബ്രിട്ടീഷുകാരാണ് ജനാധിപത്യത്തിന്റെ പ്രാഥമിക പാഠങ്ങള്‍ നമുക്ക് തന്നത്. നിയമവാഴ്ചയെക്കുറിച്ചുള്ള ധാരണകള്‍ ഇന്ത്യയിലുണ്ടാവുന്നതും അവരുടെ വരവോടെയാണ്.

mgs narayananഅതുവരെ ജനസമൂഹത്തിന് നിയമ രൂപവത്കരണത്തിലോ നടത്തിപ്പിലോ പങ്കൊന്നുമണ്ടായിരുന്നില്ല. ജനങ്ങള്‍ വെറും പ്രജകള്‍ മാത്രമായിരുന്നു. രാജാക്കന്മാര്‍ നിയമങ്ങളുണ്ടാക്കുകയും അവര്‍ക്ക് തോന്നുന്നതുപോലെ  നടപ്പാക്കുകയും ചെയ്തു. വിചാരണ എന്നൊരു സമ്പ്രദായമേയുണ്ടായിരുന്നില്ല. തിളച്ച നെയ്യില്‍ കൈമുക്കുകയും, മുതലക്കുളത്തിലേക്ക് എറിയുകയും ചെയ്ത ശേഷം രക്ഷപ്പെടുന്നവര്‍ കുറ്റവാളികളല്ലാതാവുന്ന വിചിത്ര രീതികളാണ് നിയമം എന്ന പേരിലുണ്ടായിരുന്നത്. ഇത് മാറ്റിയത് ബ്രിട്ടീഷുകാരാണ്.ഗാന്ധിജിയുള്‍പ്പെടെ ഇംഗ്ലണ്ടില്‍ പോയി പഠിച്ചു വന്നവരായിരുന്നു നമ്മുടെ ദേശീയ സ്വാതന്ത്ര്യ സമര നേതാക്കളില്‍ പലരും എന്ന കാര്യവും മറക്കാനാവില്ല.

സ്വാതന്ത്ര്യ സമരമാണ് ദേശീയത ആദ്യം കൊണ്ടുവന്നത്. ദേശീയതയ്ക്ക് എപ്പോഴും ഒരു ശത്രു വേണം. അത് ബ്രിട്ടീഷുകാരായിരുന്നു. ഇന്നിപ്പോള്‍ ആ രീതിയിലുള്ള ദേശീയബോധമില്ല. അതുകൊണ്ടുതന്നെ അത് അടിച്ചേല്‍പിക്കപ്പെടേണ്ടതാണെന്ന് ഭരണാധികാരികള്‍ കരുതുന്നു. ദേശീയഗാനത്തിന്റെ രൂപത്തിലും മറ്റും ദേശീയത അടിച്ചേല്‍പിക്കുന്നതിനുള്ള നീക്കങ്ങളുണ്ടാവുന്നത് ഈ പശ്ചാത്തലത്തിലാണ്.

ദേശീയത അടിച്ചേല്‍പിക്കപ്പെടേണ്ട സംഗതിയല്ല, ഉള്ളില്‍ നിന്നും ഉടലെടുക്കേണ്ടതാണ്. അതില്ലാതെ വരുമ്പോള്‍ പുറത്തു നിന്നും ബലം പ്രയോഗിച്ച് സൃഷ്ടിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യ വ്യത്യസ്ത സംസ്ഥാനങ്ങളുടെ ഒരു ഫെഡറേഷനാണ്. ഇന്ത്യന്‍ ദേശീയത സാങ്കല്‍പിക സമൂഹത്തിന്റെ ഉത്പന്നമാണെന്ന് പറയേണ്ടി വരുന്നത് ഈ പരിസരത്തിലാണ്.

കോണ്‍ഗ്രസ് ദുര്‍ ബലമായതാണ് ഇന്ത്യയുടെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണം എന്ന നിരീക്ഷണത്തെക്കുറിച്ച് ?

നരേന്ദ്രമോദിയെ വാഴിച്ചത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ അപചയമാണ് ബിജെപിയുടെ വളര്‍ച്ചയ്ക്കും അധികാരത്തിലേക്കുള്ള വരവിനും വഴിയൊരുക്കിയത്. നെഹ്രു കുടുംബത്തിന്റെ ആധിപത്യത്തിനെതിരെയുള്ള പ്രതികരണം കൂടിയാണത്. കോണ്‍ഗ്രസില്‍ നെഹ്രുകുടുംബത്തോടുള്ള വിധേയത്വമാണ് മുഖ്യമെന്നായതോടെ അതിനെതിരെ കലാപമുണ്ടാവുക സ്വാഭാവികമായിരുന്നു.

കോണ്‍ഗ്രസിനെ നെഹ്രുകുടുംബത്തിന്റെ ആധിപത്യത്തില്‍ നിന്ന് മുക്തമാക്കാന്‍ ഇടക്കാലത്ത് ഒരു ശ്രമം നടത്തിയത് പി വി നരസിംഹറാവുവാണ്. പക്‌ഷേ, അതില്‍ വിജയിക്കാന്‍ റാവുവിനായില്ല. 1992 ല്‍ ബാബ്രി മസ്ജിദ് തകര്‍ക്കപ്പെട്ടതാണോ റാവുവിന്റെ ഈ നീക്കം പരാജയപ്പെടാന്‍ കാരണമായത്?

അതൊരു കാരണം മാത്രമാണ്. റാവുവിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ ലോബിയുണ്ടായിരുന്നു. 1996 ലെ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ റാവുവിന്റെ വീഴ്ചയ്ക്ക് വേഗം കൂടുകയും ചെയ്തു. പിന്നീട് 2004 ല്‍ ഭരണം കിട്ടിയപ്പോള്‍ കൂടുതല്‍ പ്രായാഗിക പരിജ്ഞാനവും രാഷ്ട്ര തന്ത്രജ്ഞതയുമുള്ള പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കാന്‍ സോണിയ തയ്യാറായില്ല. ഒരിക്കലും തങ്ങള്‍ക്കെതിരെ തിരിയില്ലെന്ന് ഉറപ്പുള്ള മന്‍മോഹന്‍സിങ്ങിനെയാണ് സര്‍ക്കാരിനെ നയിക്കാന്‍ സോണിയ തിരഞ്ഞെടുത്തത്. ജനപിന്തുണയുള്ള നേതാക്കള്‍ പാര്‍ട്ടിയുടെ തലപ്പെത്താതിരിക്കാന്‍ നെഹ്രുകുടുംബം എപ്പോഴും ശ്രദ്ധിച്ചിരുന്നു.

നോട്ട് റദ്ദാക്കല്‍ വിഷയത്തിലും ദേശീയഗാനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിലും താങ്കള്‍ എടുത്ത നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. വലതുപക്ഷ ക്യാമ്പിനൊപ്പം സഞ്ചരിക്കുന്നയാള്‍ എന്ന പ്രതിച്ഛായയാണ് ഇതോടെ തകര്‍ന്നത്  ?

എന്നെ വലതുപക്ഷക്കാരനാക്കിയത് മാര്‍ക്‌സിസ്റ്റുകാരാണ്. ഞാന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല. നേരത്തെ കോണ്‍ഗ്രസിനോട് അനുഭാവമുണ്ടായിരുന്നു. പക്ഷേ, ഞാന്‍ വലതുപക്ഷവാദിയാണെന്ന് ചിത്രീകരിച്ചത് മാര്‍ക്‌സിസ്റ്റുകാരാണ്. അത് ഞാന്‍ മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെ വിമര്‍ശിച്ചതുകൊണ്ടല്ല , മറിച്ച് ഇ എം എസ്സിനെ തുറന്നുകാട്ടിയതുകൊണ്ടാണ്. ഇ എം എസ് സ്വത്തുക്കള്‍ പാര്‍ട്ടിക്ക് സംഭാവന ചെയ്തുവെന്ന പ്രചാരണം ശരിയല്ലെന്ന് ഞാന്‍ രേഖാമൂലം വ്യക്തമാക്കി. ഇത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ വെറളിപിടിപ്പിച്ചു. ഒരാള്‍ അനഭിമതനായാല്‍ അയാളെ തേജോവധം ചെയ്യാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് അവരുടേതായ രീതികളുണ്ട്.

mgs narayananഇ എം എസ് ചിന്തയിലും മറ്റും പി എസ് എന്ന കള്ളപ്പേരില്‍ ലേഖനങ്ങളെഴുതുമായിരുന്നു. തന്നെ വിമര്‍ശിക്കുന്നവരെ ചെളിവാരിയെറിയാനാണ് ഇ എം എസ് ഈ തൂലികാനാമം ഉപയോഗിച്ചിരുന്നത്. ഇത് ഇ എം എസ് തന്റെ സ്വന്തം മകന്‍ ഇ എം ശ്രീധരന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണ്. പി എസ് എന്ന പേരിലെഴുതിയ ലേഖനത്തില്‍ ഇ എം എസ് തന്നെയാണ് സ്വത്തുക്കള്‍ പാര്‍ട്ടിക്ക് കൈമാറിയെന്ന് പറഞ്ഞത്. ഇത് ശരിയല്ലെന്ന് തെളിയിച്ചത് ബാലകൃഷ്ണന്‍ എന്ന ഗവേഷകനാണ്. കോഴിക്കോട് സര്‍വകലാശാലയില്‍ ഗവേഷകനായിരുന്ന ബാലകൃഷ്ണന്‍ പുറത്തുകൊണ്ടുവന്ന രേഖകളാണ് ഇ എം എസിന്റെ കാപട്യം പുറത്തുകൊണ്ടുവരാന്‍ ഞാന്‍ ഉപയോഗിച്ചത്.

കോണ്‍ഗ്രസ് നേതാവായിരുന്നപ്പോള്‍ ഇ എം എസിന്റെ സ്വത്തുക്കള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരിക്കെ ഇ എം എസ് പാര്‍ട്ടി നയമനുസരിച്ച് ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തു. ഹിറ്റ്‌ലര്‍ സോവിയറ്റ് യൂണിയനെ ആക്രമിച്ച പശ്ചാത്തലത്തില്‍ ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ ഹിറ്റ്‌ലര്‍ക്കെതിരെ യുദ്ധം ചെയ്യുന്ന ബ്രിട്ടനുമായി ഒത്തുപോവണമെന്നതായിരുന്നു അന്ന് കമ്മ്യൂണിസ്റ്റ് ലൈന്‍. ഈ സിദ്ധാന്ത പ്രകാരം ബ്രിട്ടനെ അനുകൂലിച്ചതോടെ ഇ എം എസ്സിന്റെ സ്വത്തുക്കള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തിരിച്ചുകൊടുത്തു. ഈ സ്വത്തുക്കള്‍ ഇനി അന്യാധീനപ്പെടരുതെന്ന് ഇ എം എസ്സിനുണ്ടായിരുന്നു. അതകൊണ്ട് തന്റെ ഓഹരികള്‍ അദ്ദേഹം വിറ്റ് കാശാക്കി. ഇതില്‍ പതിനായിരം രൂപ മാത്രമാണ് ഇ എം എസ് പാര്‍ട്ടിക്ക് നല്‍കിയത്. എന്നാല്‍ സ്വത്ത് മുഴുവന്‍ പാര്‍ട്ടിക്ക് കൈമാറി എന്നാണ് ഇ എം എസ് പ്രചരിപ്പിച്ചത്. പാര്‍ട്ടി അതേറ്റെടുക്കുകയും ചെയ്തു. ഇത് ശരിയല്ലെന്ന് ഞാന്‍ സ്ഥാപിച്ചതോടെ പാര്‍ട്ടി എനിക്കെതിരായി. ഞാന്‍ വലതുപക്ഷ വാദിയുമായി.

വാജ്‌പേയി സര്‍ക്കാര്‍ താങ്കളെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് ചെയര്‍മാനാക്കിയത് ഈ ധാരണ ബലപ്പെടുത്തിയിരുന്നു?

ഞാന്‍ മാര്‍ക്‌സിസ്റ്റുകാരെ നേരിട്ടത് ബിജെപി ശ്രദ്ധിച്ചിരുന്നു. എന്നെ ചെയര്‍മാനാക്കാന്‍ അതവരെ പ്രേരിപ്പിച്ചിട്ടുണ്ടാവാം. ഞാന്‍  നേരത്തെ തന്നെ ഐസിഎച്ആര്‍ മെമ്പര്‍ സെക്രട്ടറിയായിരുന്നു. അതുകൊണ്ടുതന്നെ ഐസിഎച്ആറിന്റെ നടത്തിപ്പിനെക്കുറിച്ച് എനിക്ക് വ്യക്തമായറിയാമായിരുന്നു. ചെയര്‍മാനാണ് പരമാധികാരിയെങ്കിലും മെമ്പര്‍ സെക്രട്ടറിയാണ് കാര്യങ്ങള്‍ നടപ്പാക്കുന്നത്. മെമ്പര്‍ സെക്രട്ടറിയുമായി അഭിപ്രായ വ്യത്യാസമുണ്ടായാല്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുക വിഷമകരമായിരിക്കും. ഇതറിയാവുന്നതുകൊണ്ട് മെമ്പര്‍ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പില്‍ എന്റെ അഭിപ്രായം നിര്‍ണായകമായിരിക്കണമെന്ന് ഞാന്‍ വ്യവസ്ഥ വെച്ചു.

ഇത് എന്‍ഡിഎ സര്‍ക്കാര്‍ അംഗീകരിച്ചു. പക്ഷേ, അവര്‍ ബുദ്ധിപരമായാണ് കരുക്കള്‍ നീക്കിയത്. മെമ്പര്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത മൂന്നുപേരില്‍ ആദ്യ രണ്ടുപേര്‍  ആര്‍ എസ് എസ് അനുഭാവികളായ ഡോ. ഖുരാന, ഡോ. ഹരി ഓം എന്നിവരായിരുന്നു. ഡോ. ആര്‍ സി അഗര്‍വാള്‍ എന്ന പുരാവസ്തു ഗവേഷകനായിരുന്നു മൂന്നാമത്തെയാള്‍. ആര്‍ സി അഗര്‍വാളിന് പാര്‍ട്ടി ബന്ധങ്ങളുണ്ടായിരുന്നില്ല. സ്വന്തം പണി കൃത്യമായി ചെയ്യാനറിയാവുന്ന കക്ഷിയായിരുന്നു അഗര്‍വാള്‍. എന്റെ പിന്തുണ അഗര്‍വാളിനാണെന്ന് ഞാന്‍ മാനവവിഭവശേഷി മന്ത്രാലയത്തെ അറിയിച്ചു. ഡോ. മുരളീമനോഹര്‍ ജോഷിയായിരുന്നു അന്ന് എച് ആര്‍ഡി മന്ത്രി. ഞാന്‍ വിചാരിച്ചത് അവര്‍ അഗര്‍വാളിനെ അംഗീകരിക്കില്ലെന്നായിരുന്നു. പക്ഷേ, അതിനും അവര്‍ സമ്മതം മൂളി.

ഞാന്‍ ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുന്നില്ലെന്ന് മുരളീ മനോഹര്‍ ജോഷി പരാതി പറയുമായിരുന്നു. ഐ സി എച് ആര്‍ പുറത്തിറക്കിയിരുന്ന ഇന്ത്യന്‍ ഹിസ്‌റ്റോറിക് റിവ്യു എ ജേണലിന് ഒരു ഹിന്ദി എഡിറ്ററെ നിയമിച്ച കാര്യം ഞാനറിഞ്ഞത് ഇതിനിടയിലാണ്. മന്ത്രി ജോഷിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ നിയമനം. വാസ്തവത്തില്‍ റിവ്യുവിന് ഒരു ഹിന്ദി എഡിറ്ററുടെ ആവശ്യമുണ്ടായിരുന്നില്ല. ഞാന്‍ ആ നിയമനം റദ്ദാക്കി. ഇതോടെ ഹിന്ദി എഡിറ്ററായിരു സ്ത്രീ മെമ്പര്‍ സെക്രട്ടറി അഗര്‍വാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തി. അന്വേഷണത്തില്‍ ആ സ്ത്രീയുടെ ആരോപണം കളവാണെന്ന് തെളിഞ്ഞു.

രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ ഡെല്‍ഹിയിലെ നാഷണല്‍ മ്യൂസിയം ഡീംഡ് യൂണിവേഴ്‌സിറ്റിയാക്കി. അഗര്‍വാളിന് ഇവിടെ ആര്‍ക്കിയാളജിക്കല്‍ പ്രൊഫസറായി നിയമനം കിട്ടി. മെമ്പര്‍ സെക്രട്ടറി പദവിയേക്കാള്‍ ശമ്പളം കൊണ്ടും ഭാവിയിലെ നേട്ടങ്ങള്‍ കൊണ്ടും ആകര്‍ഷണീയമായ പദവിയായിരുന്നു ഇത്. ഐ സി എച് ആറില്‍ നിന്നും വിട്ടുപോവാന്‍ അഗര്‍വാളിന് മടിയുണ്ടായിരുന്നെങ്കിലും ഞാന്‍ അദ്ദേഹത്തെ പുതിയ പദവി ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചു.

mgs narayananഅഗര്‍വാള്‍ മെമ്പര്‍ സെക്രട്ടറി സ്ഥാനം വിട്ടതോടെ ബിജെപി സര്‍ക്കാര്‍ വളരെ പെട്ടെന്ന് അവരുടെ ഒരാളായ ഡോ. കപില്‍കുമാറിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നു. ഇതംഗീകരിക്കാനാവില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. മെമ്പര്‍ സെക്രട്ടറിയുടെ മുറി ഞാന്‍ പൂട്ടിയിട്ടു, അതിന് കാവലും ഏര്‍പ്പെടുത്തി. ഇതോടെ സര്‍ക്കാര്‍ വെട്ടിലായി. പിന്നെ അവരുടെ മുന്നിലുള്ള ഒരു വഴി എന്നെ പിരിച്ചുവിടുകയാണ്. പക്ഷേ, സുപ്രീംകോടതിയുടെ ഒരു വിധി ഇതിന് തടസ്സമായി. ഐ സി എസ് എസ് ആറിന്റെ മേധാവിയെ പിരിച്ചുവിട്ടപ്പോള്‍ അദ്ദേഹം സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ നിന്നും വിധി സമ്പാദിച്ചിരുന്നു.

നിയമന അധികാരി മന്ത്രിയാണെങ്കിലും നിയന്ത്രണ അധികാരം മന്ത്രിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. റിസര്‍ച്ച് സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ ഒരു പാര്‍ട്ടിക്കും വിധേയരാവരുതെന്ന വ്യക്തമാക്കുന്ന വിധിയായിരുന്നു അത്. ഈ വിധി ഞാന്‍ ഉപയോഗിച്ചേക്കുമെന്ന് പേടിയുണ്ടായിരുന്നതുകൊണ്ട് എച് ആര്‍ ഡി മന്ത്രാലയം എന്നെ പിരിച്ചുവിടാന്‍ മടിച്ചു. ഒടുവില്‍ 2003 ഡിസംബറില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എന്റെ നാമനിര്‍ദ്ദേശം പിന്‍വലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അവര്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ചെയര്‍മാന്‍ സ്ഥാനത്ത് എന്റെ കാലവാധി കഴിയാന്‍ അധിക സമയം അപ്പോള്‍ ബാക്കിയുണ്ടായിരുന്നില്ല. ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ ഞാന്‍ മാനസികമായി തയ്യാറെടുക്കുകയും ചെയ്തിരുന്നു.

ഐ.സി.എച്.ആര്‍ ചെയര്‍മാനായിരിക്കെ എനിക്ക് പല തവണ ഫോണില്‍ ഭീഷണി കിട്ടിയിരുന്നു. വീട്ടില്‍ എത്തുമ്പോള്‍ ഭാര്യ വീട്ടിലുണ്ടായിരിക്കില്ലെന്നും മക്കളെ തട്ടിക്കൊണ്ടുപോവുമെന്നൊക്കെയുള്ള ഭീഷണികള്‍. ഐ എ എസ്സിലും ഐ പി എസ്സിലും പല സീനിയര്‍ ഉദ്യോഗസ്ഥരും എന്റെ ശിഷ്യരായിരുന്നു. ഇവരുടെ സഹായത്തോടെ ചില സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനായതാണ് ഈ വിഷമ ഘട്ടത്തില്‍  തുണയായത്.

നോട്ട് നിരോധനത്തില്‍ എം ടി ആക്രമിക്കപ്പെടുന്നു, ദേശീയഗാന വിഷയത്തില്‍ സംവിധായകന്‍ കമലിനോട് നാടുവിട്ടുപോവണമൊവശ്യപ്പെടുന്നു... ഈ ഘട്ടത്തിലാണ് താങ്കള്‍ കൃത്യമായി നിലപാടെടുത്തത്. സ്വതന്ത്ര ചിന്തയുടെയും നിലപാടിന്റെയും പ്രതിസ്ഫുരണം അതിലുണ്ടായിരുന്നു. ഇടത്  വലത് ചേരികളിലല്ലാതെ സ്വതന്ത്ര ചിന്തയ്ക്ക് ഒരിടമുണ്ട് എന്ന വിളംബരമായിരുന്നു അത്. സ്വതന്ത്രചിന്തയുടെ കാര്യം പറയുമ്പോള്‍ എം.ഗോവിന്ദനെ ഓര്‍ക്കാതിരിക്കാനാവില്ല. എം.ഗോവിന്ദനുമായി താങ്കള്‍ക്ക് ഏറെ അടുപ്പമുണ്ടായിരുന്നു.എം.ഗോവിന്ദന്റെ സ്വാധീനത്തെക്കുറിച്ച് ?

ഞാന്‍ ബിരുദാനന്തര ബിരുദത്തിന് പഠിച്ചത് മദ്രാസ് ക്രിസ്ത്യന്‍ കോളേജിലാണ്.അന്നു തൊട്ടേ ഗോവിന്ദനെയറിയാം. ഗോവിന്ദന്റെ ഭാര്യ പത്മാവതി എന്റെ ബന്ധുവായിരുന്നു. ആ നിലയ്ക്കും ചെന്നൈയില്‍ പുതുപ്പേട്ടിലുള്ള 77 ബി ഹാരിസ് റോഡിലെ ആ വീടിനോട് എനിക്ക് അടുപ്പമുണ്ടായിരുന്നു. അവിടെ ഒരു കസേരയിലിരുന്നുകൊണ്ട് ഗോവിന്ദന്‍ സംസാരിക്കും. ഡയലോഗായിരുന്നു ഗോവിന്ദന്റെ തട്ടകം. എഴുതിയതിനേക്കാള്‍ എത്രയോ മടങ്ങ് കാര്യങ്ങളാണ് ഗോവിന്ദന്‍ സംസാരിച്ചിട്ടുള്ളത്. അമേരിക്കന്‍ ചാരനെന്നും വലതുപക്ഷവാദിയെന്നുമൊക്കെ ഗോവിന്ദന്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഗോവിന്ദന്‍ അതൊന്നും വകവെച്ചില്ല. സ്വതന്ത്ര ചിന്തയുടെ വക്താവായിരുന്നു ഗോവിന്ദന്‍. ഏത് പക്ഷത്താണെന്നു ചോദിച്ചാല്‍ മനുഷ്യന്റെ പക്ഷത്തെന്നാണ് ഗോവിന്ദന്‍ പറയുക. തീര്‍ച്ചയായും എന്റെ ജീവിതത്തിനുമേല്‍ ഗോവിന്ദന്റെ സ്വാധീനമുണ്ട്.