നിലവിളികള്‍ ഒപ്പിയെടുത്ത് ജനഹൃദയങ്ങളിലെത്തിക്കാന്‍ നിയോഗിക്കപ്പെട്ട വ്യക്തിയാണ് ഒരു ഫോട്ടോ ഗ്രാഫര്‍. എന്നാല്‍ ഇത്തവണ അബ്ദല്‍ ഖാദര്‍ ഹബാക്ക് എന്ന സിറിയൻ ഫോട്ടോഗ്രാഫറിന് കാഴ്ച്ചക്കാരനായി നിന്ന് എടുക്കാന്‍ കഴിയുന്നതായിരുന്നില്ല ആ ദൃശ്യങ്ങള്‍. അദ്ദേഹം തന്റെ കാമറ മാറ്റിവെച്ച് ആംബുലൻസ് ലക്ഷ്യമാക്കി കുരുന്ന് ജീവനുകളെടുത്തോടി. ബോംബ് സ്‌ഫോടനം നടന്ന സിറിയന്‍ അഭയാര്‍ഥി ബസ്സില്‍ നിന്ന് ഹൃദയമിടിപ്പ് മാത്രം അവശേഷിപ്പിച്ച് കിടന്ന ബാലനെയും എടുത്ത് ഓടുന്ന ഫോട്ടോഗ്രാഫറുടെ ദൃശ്യം ഇന്ന് ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ഒരു ഫോട്ടോഗ്രാഫർ, അല്ലെങ്കിൽ റിപ്പോർട്ടർ അവരുടെ തൊഴിലാണോ ചെയ്യേണ്ടത് അതോ ആക്ടിവിസമാണോ എന്ന തരത്തിലുള്ള ചർച്ചകൾ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. കുരുന്ന ജീവൻ നിലയ്ക്കാൻ കാത്തിരിക്കുന്ന കഴുകന്റെ ചിത്രങ്ങൾ ഒപ്പിയെടുത്ത കെവിൻകാർട്ടറുടെ ഫോട്ടോ പുലിറ്റ്സർ നേടുമ്പോഴും ആ കുട്ടി ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നന്വേഷിക്കാതെ പോയ അതേ ഫോട്ടോ ഗ്രാഫർ ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. കുറ്റബോധം കൊണ്ട് ഒടുവിൽ കെവിൻ കാർട്ടർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നത് ചരിത്രം.

പുരയ്ക്ക് തീ കത്തുമ്പോള്‍ അത് കണ്ട് പാത്രത്തില്‍ വെള്ളവുമായി അണയ്ക്കാന്‍ ഓടലല്ല ഒരു യഥാര്‍ഥ പത്രപ്രവര്‍ത്തകന്‍ ചെയ്യേണ്ടത്. പകരം നിലവിളിച്ച് ആളെക്കൂട്ടി അവരെക്കൊണ്ട് ആ തീ അണപ്പിക്കലാണ് അയാളുടെ ധര്‍മ്മമെന്ന് പറഞ്ഞ നിഖില്‍ ചക്രവര്‍ത്തിയെപ്പോലുള്ള ഇന്ത്യൻ കുലപതികളുണ്ട് നമുക്ക് ചുറ്റിലും. 

പക്ഷെ അക്കാദമികമായ ശീലങ്ങളോ പ്രൊഫഷനിലസമോ കൊണ്ട് തൃപ്തിപ്പെടാവുന്ന നിമിഷമായിരുന്നില്ല സിറിയൻ ഫോട്ടോഗ്രാഫറും ആക്ടിവിസ്റ്റുമായ അബ്ദൽ ഖാദർ ഹബാക്കിന് നേരിടേണ്ടി വന്നത്. 

syrian photographer

'ഭയാനകമായ നിമിഷമായിരുന്നു അത്. ഗുരുതര പരിക്കും പൊള്ളലുമേറ്റ കുട്ടികളുടെ നിലവിളികള്‍ എനിക്ക് കണ്ടു നില്‍ക്കാനായില്ല. അങ്ങനെയാണ് ഞങ്ങള്‍ ടീം ഒന്നടങ്കം കാമറകള്‍ മാറ്റിവെച്ച് കുഞ്ഞുങ്ങളെ സഹായിക്കാനായി ഓടുന്നത്', ഹബ്ബാക്ക് പറയുന്നു.

ആദ്യം ഹബ്ബാക്ക് ഓടിയടുത്ത കുട്ടി മരണപ്പെട്ടിരുന്നു. അടുത്ത കുട്ടിക്കരികിലേക്ക് ഓടിയെത്തുമ്പോള്‍ ചുറ്റിമലുമുള്ളവർ  അവന്‍ മരിച്ചെന്ന് ആര്‍ത്തുവിളിച്ചു . പക്ഷെ ഹൃദയമിടിപ്പ് മാത്രം ശരീരത്തിലവശേഷിപ്പിച്ച് കിടക്കുകയായിരുന്നു ആ പൈതല്‍.  അവനെയും എടുത്ത് കൊണ്ട് ഹബ്ബാക്ക് ആംബുലൻസ് ലക്ഷ്യമാക്കി ഓടി.

മറ്റൊരു ഫോട്ടോഗ്രാഫറായ മുഹമ്മദ് അല്‍ഗാരിബ് തന്റെ കാമറയില്‍ ഒപ്പിയെടുത്തത് ഹബ്ബാക്ക് കുട്ടിയേയുമേന്തി ഓടുന്ന ദൃശ്യങ്ങളാണ്. അല്‍ഗാരിബ് അല്‍പനേരം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടെങ്കിലും പിന്നീട് ഫോട്ടോയെടുക്കുന്ന തന്റെ ദൗത്യത്തിലേക്ക് മടങ്ങി.

'വലിയ ഉത്തരവാദിത്വം നിക്ഷിപ്തമായതിനാല്‍ താന്‍ കര്‍ത്ത്യവ്യത്തിലേക്ക് മടങ്ങി. എന്നാല്‍ മറ്റൊരു ഫോട്ടോഗ്രാഫര്‍ അനേകം ജീവനുകള്‍ രക്ഷിക്കുകയായിരുന്നെന്ന തിരിച്ചറിവ് എന്നെ അഭിമാനം കൊള്ളിക്കുന്നു', അല്‍ഗാരിബ് ഹബ്ബാക്കിനോടുള്ള തന്റെ സ്‌നേഹം പങ്കുവെക്കുന്നു.

ആറോ ഏഴോ വയസ്സുള്ള കുഞ്ഞിനെ ആംബുലന്‍സിലാക്കി വീണ്ടും  രക്ഷാപ്രവര്‍ത്തനത്തിലേക്ക് ഹബ്ബാക്ക് മടങ്ങി. ആ കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്ന് ഹബ്ബാക്കിനറിയില്ല. മറ്റൊരു കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ മരിച്ചു കിടക്കുകയാണെന്ന തിരിച്ചറിവ് ഹബ്ബാക്കിനെ വികാരാധീനനാക്കി. മരിച്ചു കിടക്കുന്ന കുട്ടിക്കരികില്‍ നിന്ന് അലമുറയിട്ട് കരയുന്ന ഹബ്ബാക്കിന്റെ ദൃശ്യം മറ്റൊരു ഫോട്ടോഹ്രാഫര്‍ ഒപ്പിയെടുക്കുകയുണ്ടായി. 

കഴിഞ്ഞയാഴ്ച്ചയാണ് സിറിയയില്‍ നിന്ന് ഒഴിപ്പിച്ചവരെയും വഹിച്ചു കൊണ്ടുള്ള ബസ്സിന് നേരെ ബാംബാക്രമണം ഉണ്ടാവുന്നത്. 126 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഇതില്‍  68ഉം കുഞ്ഞുങ്ങളായിരുന്നു