indiaഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ കണക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരിക്കുന്നു. വാഷിങ്‌ടൺ കേന്ദ്രമാക്കിയുള്ള ഇന്റർനാഷണൽ ഫുഡ്‌ പോളിസി റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ (IFPRAI) തയ്യാറാക്കിയ ആഗോള വിശപ്പുസൂചിക(Global Hunger Index-GHI)യിൽ ഇന്ത്യ 119 വികസ്വര രാജ്യങ്ങളുടെ പട്ടികയിൽ 100-ാം സ്ഥാനത്താണ്‌. ലോകസമ്പദ്‌വ്യവസ്ഥകളിൽ മികച്ചൊരു സ്ഥാനം അവകാശപ്പെടുമ്പോഴും വിശപ്പിന്റെ പിടിയിലമരുന്ന ഇന്ത്യയെ ‘സീരിയസ്‌’ വിഭാഗത്തിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌. അഭയാർഥിപ്രശ്നങ്ങളും വംശീയ കലാപങ്ങളും യുദ്ധസമാനമായ സാഹചര്യങ്ങളും നേരിടുന്ന മ്യാൻമാറിനും (77-ാം സ്ഥാനം), ബംഗ്ളാദേശിനും (88-ാം സ്ഥാനം), ഇറാക്കിനും (78), ഉത്തരകൊറിയയ്ക്കും (93), ശ്രീലങ്കയ്ക്കും (84) പിന്നിലാണ്‌ ഇന്ത്യ. മാത്രമല്ല, തെക്കൻ ഏഷ്യയുടെ വളരെ മോശം പ്രകടനത്തിനുള്ള പ്രധാനകാരണം ഇന്ത്യയുടെ സ്കോറാണെന്നുകൂടി റിപ്പോർട്ട്‌ പരാമർശിക്കുമ്പോൾ ഇന്ത്യയിലെ ദാരിദ്ര്യം ഉപഭൂഖണ്ഡത്തിനുകൂടി ബാധ്യതയാണെന്ന്‌ മനസ്സിലാകും.

വിശക്കുന്ന ഇന്ത്യ
2016-ലെ കണക്കനുസരിച്ച്‌ ലോകത്താകെ ഭാരക്കുറവുള്ള 192 ദശലക്ഷം കുട്ടികളുണ്ടെന്നാണ്‌ കണക്ക്‌. ഇതിൽ 97 ദശലക്ഷം കുട്ടികൾ ഇന്ത്യയിലാണ്‌. ശിശുമരണനിരക്ക്‌ 2016-ൽ 1000-ന്‌ 34 ആയി കുറഞ്ഞെന്ന്‌ സർക്കാർ അവകാശപ്പെടുമ്പോഴും 2005-നുശേഷം കേവലം ഒരു ദശകത്തിനുള്ളിൽ അഞ്ചുവയസ്സിൽതാഴെയുള്ള ഒരു ദശലക്ഷം കുട്ടികൾ ഇന്ത്യയിൽ മരിച്ചെന്ന്‌ ‘ലാൻസെറ്റ്‌’ ശാസ്ത്രവാരിക റിപ്പോർട്ടുചെയ്യുന്നു.
എഫ്‌.എ.ഒ.യുടെ റിപ്പോർട്ടുപ്രകാരം (The State of Food Security and Nutrition in the World-2017) 2007-ൽ 190.7 ദശലക്ഷം ആളുകളാണ്‌ ഇന്ത്യയിൽ പോഷകാഹാരക്കുറവ്‌ അനുഭവിക്കുന്നത്‌. 15-നും 49-നും ഇടയിൽ പ്രായമുള്ള 51.4 ശതമാനം സ്ത്രീകളും വിളർച്ചയുടെ പിടിയിലാണ്‌. അഞ്ചുവയസ്സിൽതാഴെയുള്ള 38.4 ശതമാനം കുട്ടികൾ ഉയരക്കുറവുള്ളവരും 21 ശതമാനം ഭാരക്കുറവ്‌ ഉള്ളവരുമാണെന്ന്‌ റിപ്പോർട്ട്‌ പ്രസ്താവിക്കുന്നു. കുട്ടികളിലെ ഈ പോഷകാഹാരക്കുറവ്‌ മരണത്തിനുവരെ കാരണമായേക്കാവുന്ന മലേറിയ, ഡയറിയ, ന്യുമോണിയ തുടങ്ങിയ ഭീഷണികൾക്കും ഇടയാക്കുന്നു. ഞെട്ടിക്കുന്ന  ഒരുവസ്തുത, പോഷകാഹാരക്കുറവ്‌ സൃഷ്ടിക്കുന്ന അസുഖങ്ങളാൽ 3000 കുട്ടികൾവീതം പ്രതിദിനം ഇന്ത്യയിൽ മരിക്കുന്നുവെന്നതാണ്‌. 2017-ലെ ഓക്സ്‌ഫെഡ്‌ സർവേപ്രകാരം ഇന്ത്യയിലെ 217 ദശലക്ഷം കുട്ടികളിൽ 50 ശതമാനംപേർ ബഹുമുഖദാരിദ്ര്യത്തിന്റെ പിടിയിലാണിന്ന്‌. ബഹുമുഖ ദാരിദ്ര്യമെന്നാൽ ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ തലങ്ങളിലായി തരംതിരിച്ചിരിക്കുന്ന 10 സൂചകങ്ങളിൽ മൂന്നിലൊരു ഭാഗത്തിന്റെ ദൗർലഭ്യം നേരിടുന്നവർ എന്ന്‌ നിർവചിക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ ആകെയുള്ള ബഹുമുഖ ദരിദ്രക്കുട്ടികളിൽ 31 ശതമാനംപേർ ഇന്ത്യയിലാണെന്ന്‌ (Oxford Poverty and Human Development Initiative-OP HDI) കണക്കാക്കപ്പെട്ടിരിക്കുന്നു.
ഏഷ്യൻ വികസന ബാങ്കിന്റെ (ADB) കണക്കനുസരിച്ച്‌ ഇന്ത്യയിൽ 21.9 ശതമാനംപേർ ദാരിദ്ര്യരേഖയ്ക്ക്‌ താഴെ കഴിയുന്നവരാണ്‌. തൊട്ടയൽരാജ്യങ്ങളായ ഭൂട്ടാൻ (12%), ശ്രീലങ്ക (6.7%), മാലിദ്വീപ്‌ (15%) എന്നിവരെക്കാൾ ദാരിദ്ര്യനിർമാർജനത്തിൽ നാമേറെ പിന്നിലാണെന്ന്‌ ഈ കണക്കുകളിൽനിന്ന്‌ വ്യക്തം.

ഇന്ത്യയിൽ സംഭവിക്കുന്നത്‌
വൈരുധ്യങ്ങളാണ്‌ ഇന്ത്യയിൽ സംഭവിക്കുന്നത്‌. ലോകത്തെ ഭക്ഷ്യ ഉത്‌പാദനത്തിൽ രണ്ടാംസ്ഥാനമുണ്ട്‌ ഇന്ത്യക്ക്‌. അതേസമയം, ലോകത്തിലെ  പോഷകാഹാരമില്ലാത്ത ജനസംഖ്യയിൽ രണ്ടാംസ്ഥാനവും ഇന്ത്യക്കാണ്‌. രാജ്യത്ത്‌ ഉത്‌പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ ശേഷിയില്ലാത്തവർ ദശലക്ഷക്കണക്കിന്‌ ഇവിടുണ്ട്‌ എന്നാണിത്‌ സൂചിപ്പിക്കുന്നത്‌. ഇതിന്റെ അടിസ്ഥാനകാരണം മറ്റൊന്നുമല്ല, ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ പകുതിയിലേറെയും കൈയടക്കി അനുഭവിക്കുന്നത്‌  ജനസംഖ്യയിലെ സമ്പന്നരായ ഒരു ശതമാനംപേരാണ്‌ എന്നതുതന്നെ.

(യൂണിവേഴ്‌സിറ്റി കോളേജിൽ സാമ്പത്തികശാസ്ത്രവിഭാഗം അധ്യാപകനാണ്‌ ലേഖകൻ)