അന്തരീക്ഷതാപനില ക്രമംവിട്ടുയരുന്നത് ജീവജാലങ്ങളിൽ  ജൈവരാസവ്യതിയാനത്തിന് കാരണമാകുന്നതായി പഠനം. 2015-ൽ തീരദേശങ്ങളിലുണ്ടായ തീക്കാറ്റിനെക്കുറിച്ചുള്ള പഠനത്തിലാണ് കണ്ടെത്തൽ. 

2015 ജൂൺ 17 മുതൽ 25 വരെയാണ് രാത്രികാലങ്ങളിൽ പത്തുമിനിറ്റു നീണ്ട തീക്കാറ്റുണ്ടായത്. ഇതിൽ ചെ‌ടികളുടെ ഇലകൾ കരിഞ്ഞു. മഴ ലഭിക്കേണ്ട സമയത്തുണ്ടായ ഈ തീക്കാറ്റിന് അന്ന് പല വിശദീകരണങ്ങളും ഉണ്ടായെങ്കിലും തെളിവുകളുടെ അഭാവത്തിൽ നിരാകരിക്കപ്പെട്ടു. സമുദ്രത്തിലെ ഉപ്പിന്റെ സ്വാധീനം, അമ്ലമഴ, മരുഭൂമിയിൽനിന്നുണ്ടായ ഉഷ്ണതരംഗം, സൗരവാതം തുടങ്ങിയവയാണ്  കാരണമായി പറഞ്ഞിരുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്താലുണ്ടായ താപവിസ്ഫോടനമാണ് ഇതിനു കാരണമെന്ന് ഈ പഠനത്തിൽ പറയുന്നു. താപവിസ്ഫോടനത്തിലുണ്ടായ ഉഷ്ണക്കാറ്റും ഇതിനെ പ്രതിരോധിക്കാൻ സസ്യങ്ങളിലുണ്ടായ ജൈവരാസ പ്രതിപ്രവർത്തനങ്ങളുമാണ്  ഇലകൾ കരിയാനിടയാക്കിയതെന്നാണ് പഠനഫലം. കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകാലശാലയിലെ റഡാർ വിഭാഗം ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ്, മണിപ്പാൽ സർവകലാശാലയിലെ അറ്റോമിക് ആൻഡ് മോളിക്കുലാർ ഫിസിക്സ് വിഭാഗം പ്രൊഫസറും അന്തരീക്ഷ ശാസ്ത്രജ്ഞനുമായ ഡോ. എം.കെ. സതീഷ് കുമാർ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്.

എന്താണ് താപവിസ്ഫോടനം

കാലവർഷം ദുർബലമായ 2015-ൽ പതിവിനു വിരുദ്ധമായി ഇടിയും മിന്നലുമടങ്ങിയ ക്യുമുലസ് മേഘങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. പ്രാദേശികമായ അന്തരീക്ഷമാറ്റങ്ങളാണ് ഇതിനു കാരണം. അതുകൊണ്ടുതന്നെ ചിലയിടത്ത് വരണ്ട വായുവും മറ്റിടങ്ങളിൽ ഈർപ്പം കൂടിയ വായുവും കാണപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ പെയ്തൊഴിയുന്ന മേഘങ്ങളുടെ താഴെ ഈർപ്പരഹിത വായുവിന്റെ പാളി ഉണ്ടാകും. ഈ വരണ്ട വായുപാളിയിലേക്ക് മഴത്തുള്ളികൾ വീണാൽ താപോർജം സ്വീകരിച്ച് അവ ബാഷ്പീകരിക്കപ്പെടും.ഇതോടെ വരണ്ടവായു അധികമായി തണുത്ത് സാന്ദ്രത കൂടി അതിവേഗം ഭൂമിയിലേക്ക് പതിക്കും. അപ്പോഴുണ്ടാകുന്ന സമ്മർദം താപനില വീണ്ടും കൂട്ടും. തീരപ്രദേശങ്ങളിൽ 10 ഡിഗ്രിയിലധികം ചൂടുകൂടാൻ ഇത് കാരണമാകും. ഇൗ ചൂടുകാറ്റ് ഭൂമിയുടെ പ്രതലത്തിൽ തട്ടി ചുറ്റുപാടുകളിലേക്ക് ശക്തിയോടെ വീശും. ഈ പ്രതിഭാസമാണ് താപവിസ്ഫോടനം. ഇത്തരത്തിൽ ചൂടുയരുന്നതുകൊണ്ടുമാത്രം ചെടികളുടെ ഇലകൾ കരിയണമെന്നില്ല. രാത്രിയിൽ ഈ പ്രതിഭാസത്തിന് വേഗം കൂടും. ഇത് ഇലകളിലെ ചൂട് പെട്ടെന്നുയരാൻ കാരണമാകും. ഈ ചൂട് പ്രതിരോധിക്കാൻ ഇലകളിൽ ജൈവരാസപ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കപ്പെടും. അതുവഴിയുണ്ടാകുന്ന ആന്റി- ഓക്സിഡന്റ് സംയുക്തങ്ങളാണ് ഇലകൾ കരിയാൻ കാരണമാകുന്നത്. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമാണ്. ഇലകളിലിങ്ങനെ നടക്കുന്ന രാസപ്രവർത്തനങ്ങൾ ബ്രണ്ണൻ കോളേജിലെ പരീക്ഷണശാലയിൽ കൃത്രിമമായി പുനഃസൃഷ്ടിച്ചു.

ഉപഗ്രഹചിത്രങ്ങൾ, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ അന്തരീക്ഷ റഡാർ വിശകലനങ്ങൾ, കാലാവസ്ഥാ നിരീക്ഷണമാപിനി, സ്കാനിങ് ഇലക്‌ട്രോൺ മൈക്രോസ്കോപ്പ്, പുണെയിലുള്ള നാഷണൽ കെമിക്കൽ ലബോറട്ടറിയിലെ എക്സ്-റേ പരീക്ഷണം തുടങ്ങിയവ പഠനത്തിനായി പ്രയോജനപ്പെടുത്തി.ഗവേഷണഫലം, കേരളത്തിനും മറ്റു സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പാണെന്ന് പഠനത്തിന് നേതൃത്വം നൽകിയവർ പറയുന്നു. ഡോ. ജിജി ജോസഫ്,  ഡോ. സന്ദീപ്, ഡോ. ശ്രീജിത്ത്, ഡോ. കെ.എം. സുനിൽ, പ്രൊഫ. കെ. മോഹൻകുമാർ എന്നിവരും പങ്കാളികളായി. ശാസ്ത്രീയ വിശകലനത്തിനായി തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടത്തിയ പരീക്ഷണത്തിന്റെ അനുമാനങ്ങൾ ഇന്റർനാഷണൽ ജേണൽ ഓഫ് എർത്ത് ആൻഡ് അറ്റ്മോസ്ഫെറിക് സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.