കഴിഞ്ഞമാസം ഞാനും ആലീസും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും ചേർന്ന് റോമിലേക്ക്‌ ഒരു യാത്രപോയിരുന്നു. അവിടത്തെ ഒരു ഇന്ത്യൻ സ്കൂളിന്റെ ഉദ്ഘാടനത്തിനായിരുന്നു യാത്ര. കൂട്ടത്തിൽ മാർപാപ്പയെയും ഒന്ന് കണ്ടാൽക്കൊള്ളാമെന്ന് മോഹമുണ്ടായിരുന്നു. പക്ഷേ, നടന്നില്ല. റോമിലെ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഞാൻ ലഗേജിനായി ബെൽറ്റിൽ കാത്തുനിൽക്കുകയായിരുന്നു. ഒരുപാട് പെട്ടികളും ബാഗേജുകളും എന്റെ മുന്നിലൂടെ കടന്നുപോയി; പല വലിപ്പത്തിൽ, പല നിറങ്ങളിൽ. എന്നാൽ, ഒരുപാടുതവണ ബെൽറ്റ് കിടന്നു കറങ്ങിയെങ്കിലും എന്റെ പെട്ടി മാത്രം വന്നില്ല. കാത്തുനിന്ന് കാത്തുനിന്ന് ഞാൻ മടുത്തു. അവസാനത്തെ പെട്ടിയും ബെൽറ്റിൽനിന്ന് അപ്രത്യക്ഷമായി. എന്നിട്ടും എന്റെ പെട്ടിമാത്രം വന്നില്ല.

ആ വലിയ വിമാനത്താവളത്തിൽ ഞാനും ആലീസും ഞെട്ടറ്റുവീണതുപോലെ നിന്നു. ഞങ്ങളുടെ എല്ലാം ആ പെട്ടിയിലായിരുന്നു. വസ്ത്രങ്ങൾ മുതൽ ഷേവിങ് റേസർ വരെ. പെട്ടി കിട്ടിയില്ലെങ്കിൽ എന്തുചെയ്യും എന്നാലോചിച്ചാണ് ഞങ്ങൾ കൂടുതൽ പിടഞ്ഞത്. എന്തുടുക്കും? പണത്തിനും മറ്റ് കാര്യങ്ങൾക്കും എന്തുചെയ്യും? ഒരെത്തുംപിടിയും കിട്ടിയില്ല.   ഞങ്ങൾ വന്ന വിമാനക്കമ്പനിയുമായി ഞാൻ ബന്ധപ്പെട്ടു. വിമാനത്താവളത്തിലുള്ള അവരുടെ ഓഫീസിൽച്ചെന്ന് എന്റെ പരാതി അറിയാവുന്ന ഇംഗ്ലീഷിൽ പറഞ്ഞു. അവരുടെ ഇംഗ്ലീഷ് എന്റേതിനെക്കാൾ മോശമായതിനാൽ ഞാൻ പറഞ്ഞത് അവർക്ക് പെട്ടെന്ന് മനസ്സിലായി. അവർ എന്നോട് ഒരുപാടുതവണ മാപ്പുപറഞ്ഞു. എന്നെയും ആലീസിനെയും  വിശാലമായ ഒരു ലോഞ്ചിൽ കൊണ്ടുപോയിരുത്തി. കുടിക്കാൻ മധുരപാനീയം തന്നു. ഇനി എന്താണു വേണ്ടതെന്നു ചോദിച്ചു. പെട്ടിമാത്രം മതി.  ഞാൻ പറഞ്ഞു. കാത്തിരിക്കാൻ പറഞ്ഞ് അവർ എന്റെ പെട്ടി അന്വേഷിക്കാൻ പോയി.

റോം വിമാനത്താവളത്തിലെ ആ ലോഞ്ചിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ അങ്ങനെയിരുന്നപ്പോൾ എന്റെ മനസ്സ് വർഷങ്ങൾക്കുമുമ്പുള്ള ഒരു അനുഭവത്തിലേക്കു പറന്നുപോയി. സ്ഥലം ഖത്തർ വിമാനത്താവളം. ഗൾഫ് രാജ്യങ്ങളിൽ പരിപാടികൾ നടത്തിക്കൊണ്ടുള്ള ഒരു ടൂറിലായിരുന്നു ഞങ്ങളുടെ സംഘം. ദുബായിൽനിന്ന് ഖത്തറിലെത്തിയ ഞാനും നെടുമുടി വേണുവുമടക്കമുള്ള സംഘം ബാഗേജ് എടുക്കാനായി ബെൽറ്റിനു മുന്നിൽ നിൽക്കുന്നു. എല്ലാവരുടെയും പെട്ടി എന്റെ മുന്നിലൂടെ കടന്നുപോയി. എന്റേതുമാത്രം കാണാനില്ല. ഒടുവിൽ അവസാനത്തെ പെട്ടിയും കടന്നുപോയി. എന്റേതുമാത്രം ഇല്ല.  എന്റെ പ്രധാന പെട്ടി ദുബായിലെ താമസസ്ഥലത്തു വെച്ച് ഖത്തറിലെ രണ്ടുദിവസത്തെ പരിപാടിക്കു വേണ്ട സാധനങ്ങൾ മാത്രം എടുത്ത് ചെറിയ പെട്ടിയിലാക്കി കൊണ്ടുവന്നതായിരുന്നു ഞാൻ. നെടുമുടി വേണുവാണ് എന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞത്. 

അങ്ങനെയായാൽ പെട്ടി ബാഗേജിലിട്ട് നമുക്ക് സ്വതന്ത്രമായി നടക്കാം. രണ്ടു മുണ്ടുകളും രണ്ടു ജുബ്ബയും അടിവസ്ത്രങ്ങളും പല്ലുതേക്കാനുള്ള ബ്രഷും ഒരു ഷേവിങ് റേസറുമാണ് അതിലുണ്ടായിരുന്നത്.  ഇന്നത്തെപ്പോലെയല്ല. ഞാൻ സിനിമയിൽ സജീവമായിവരുന്നേയുണ്ടായിരുന്നുള്ളൂ. കൂകിത്തെളിയുന്നേയുള്ളൂ. അധികം പരിചയങ്ങളോ സ്വാധീനമോ ഒന്നുമില്ലാത്ത കാലം. എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ട് നിൽക്കുമ്പോൾ ഒരാൾ എന്റെയടുത്ത് വന്നു. അയാൾ ഞാൻവന്ന ഫ്ളൈറ്റിൽത്തന്നെ ഉണ്ടായിരുന്നതാണ്. തോമസ് എന്നാണ് പേര്. വിമാനത്തിൽവെച്ച് ഞങ്ങൾ വിശദമായി പരിചയപ്പെട്ടിരുന്നു.  പരിചയപ്പെടുകയും ചെയ്തിരുന്നു.
 തോമസ് എന്നെ മാറ്റിനിർത്തി ചോദിച്ചു:
  'എന്തൊക്കെയുണ്ടായിരുന്നു ആ പെട്ടിയിൽ?' 
ഞാൻ അതിൽ ഉണ്ടായിരുന്ന 'വിലപ്പെട്ട സാധനങ്ങൾ' എന്തൊക്കെയാണെന്ന് പറഞ്ഞുകൊടുത്തു. അതുകേട്ട് തോമസ് എന്റെ മുഖത്തേക്ക് അല്പനേരം തറപ്പിച്ചുനോക്കി. എന്നിട്ടു പറഞ്ഞു:
  'ഞാൻ ഒരു കാര്യം പറഞ്ഞാൽ ചെയ്യുമോ?'
 എനിക്കൊന്നും മനസ്സിലായില്ല.
 'പറയൂ', ഞാൻ പറഞ്ഞു
 'നിങ്ങൾ ഇപ്പോൾത്തന്നെ ഖത്തർ എയർവേസിന്റെ ഓഫീസിൽപ്പോണം. അവിടെ മലയാളിയായ ഒരു മാനേജരുണ്ട്. പെട്ടി കാണാതായ കാര്യം പറയണം. അതിൽ വിലപിടിപ്പുള്ള സാധനങ്ങൾ ഉണ്ടായിരുന്നതായും പറയണം. നല്ലൊരു കാശ് നഷ്ടപരിഹാരമായി അടിക്കാൻ പറ്റിയ സമയമാണ്.'
 'അത് വേണോ? മോശമല്ലേ?', ഞാൻ ചോദിച്ചു
 'എന്ത് മോശം മാഷേ? നിങ്ങക്ക് നഷ്ടപരിഹാരമായി തരുന്ന പണംകൊണ്ട് ഖത്തർ എയർവേസിന് വിമാനം കഴുകാൻപോലുമാവില്ല.'

അതുകേട്ടപ്പോൾ എനിക്കൊരു ധൈര്യം വന്നു. എന്റെ പെട്ടിയിൽ എന്തുണ്ടെന്നാണ് ഞാൻ പറയുക? ലിസ്റ്റുണ്ടാക്കാനും തോമസ് തന്നെ സഹായിച്ചു: എന്റെ ഭാര്യക്കായി വാങ്ങിയ എട്ടുപവന്റെ മാല, മകന് വാങ്ങിയ സ്വർണ ബ്രേസ്‌ലെറ്റ്, എന്റെ വിലപിടിച്ച വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ദുബായ്, ഷാർജ, അബുദാബി എന്നീ സ്ഥലങ്ങളിലെ പരിപാടി കഴിഞ്ഞ് കിട്ടിയ മുപ്പതിനായിരം രൂപ എന്നിവയെല്ലാം ആ പെട്ടിയിലായിരുന്നു എന്ന് പറയണം. ഇത്രയൊക്കെ പറഞ്ഞിട്ടും എനിക്ക് ഒരു ധൈര്യം വന്നില്ല. ചെയ്യുന്നത് ശരിയോ എന്ന തോന്നൽ. അതുകേട്ടപ്പോൾ തോമസ് പറഞ്ഞു:  'വെറുതേയല്ല നിങ്ങളുടെ തീപ്പെട്ടിക്കമ്പനികളായ ബേബി മാച്ച് ഫാക്ടറിയും ഇന്നസെന്റ് മാച്ച് ഫാക്ടറിയും പൂട്ടിപ്പോയത്.' അതുകേട്ടപ്പോൾ ഞാൻ ഒന്നിനും കൊള്ളാത്തവനാണെന്നെനിക്കു തോന്നി. പിന്നെ കാശിന് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. കുറേ കടം വീടാനും ഉണ്ടായിരുന്നു. അതുകൊണ്ട് തോമസ് പറഞ്ഞ പ്രകാരം പ്രവർത്തിക്കാൻ ഞാൻ തീരുമാനിച്ചു

ഖത്തർ എയർവേസിന്റെ പ്രതിനിധി പാലക്കാട്ടുകാരനായ ഒരു സി.എൻ. നായരായിരുന്നു. അയാളോട് ഞാൻ കാര്യമെല്ലാം പറഞ്ഞു. നായർ അതെല്ലാം എഴുതിയെടുത്തു. ഒരു കടലാസിൽ എന്നെക്കൊണ്ട് ഒപ്പിടുവിച്ചു. എത്രയും പെട്ടെന്ന് പെട്ടി കണ്ടെത്താനുള്ള കാര്യങ്ങൾ ചെയ്യാമെന്നും പറഞ്ഞു. എത്രയും പെട്ടെന്ന് പെട്ടി കിട്ടിയിട്ടില്ലെങ്കിൽ പിറ്റേദിവസം ഖത്തറിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ ഞാനിത് പറയും എന്നും ഒരൂക്കിന് ഞാൻ തട്ടിവിട്ടു. അതു കേട്ടപ്പോൾ നായർ ഒന്നുലഞ്ഞതായി എനിക്കു തോന്നി. അയാൾ വേഗം പോയി.  ഖത്തറിൽ ഞങ്ങൾക്ക് എല്ലാ കാര്യങ്ങൾക്കും സഹായിയായി ഉണ്ടായിരുന്നത് ഒരു ഇബ്രാഹിംകുട്ടിയാണ്. അല്പം ഷോപ്പിങ്‌ വേണം എന്ന് ഞാൻ ഇബ്രാഹിമിനോടു പറഞ്ഞു. വീട്ടിലേക്ക്‌ ഒരു ടി.വി. വാങ്ങണം, വി.സി.ആർ. വാങ്ങണം. അതൊന്നും ഇല്ലാത്ത ഒരു കാലമായിരുന്നു അത്. സിനിമ നിർമിക്കാനായി വിറ്റ വളപോലും എനിക്ക് അതുവരെ ആലീസിന് തിരിച്ചെടുത്ത്  കൊടുക്കാൻ സാധിച്ചിരുന്നില്ല. പിന്നെയല്ലേ ടി.വി.യും വി.സി.ആറും. മകൻ സോണറ്റിനോട് ഇതെല്ലാം കൊണ്ടുവരാമെന്ന് ഞാൻ പറഞ്ഞതുമാണ്. നഷ്ടപ്പെട്ട പെട്ടിയിലുള്ള എന്റെ 'വിലപ്പെട്ട സാധന'ങ്ങൾക്കുള്ള നഷ്ടപരിഹാരം ലഭിക്കുമ്പോൾ ആ പണം ഉപയോഗിക്കാം എന്നതായിരുന്നു എന്റെ മനസ്സിൽ.

ഇബ്രാഹിംകുട്ടി എന്നെ വലിയ ഒരു കടയിൽ കൊണ്ടുപോയി. എനിക്കാവശ്യമായ എല്ലാ സാധനങ്ങളും അവിടെയുണ്ടായിരുന്നു. അവയെല്ലാം പായ്ക്ക്ചെയ്തുവച്ചു. പണം എത്തിക്കാമെന്നു പറഞ്ഞ് ഞങ്ങൾ ഇറങ്ങി. ഖത്തർ എയർവേസിൽനിന്ന് കിട്ടുന്ന പണം ഇവിടെ കൊടുക്കാം എന്നായിരുന്നു എന്റ മനസ്സിൽ. ഉച്ചകഴിഞ്ഞപ്പോഴേക്കും പോയ പെട്ടിയുടെ നഷ്ടപരിഹാരം കാത്തിരിക്കുകയായിരുന്ന എന്റെ മുറിയിലേക്ക്‌ മറ്റു ചില പെട്ടികൾ വന്നു, കടയിൽ എടുത്തുവെച്ച ടി.വി.യും വി.സി.ആറും. കടക്കാരൻ സ്നേഹപൂർവം കൊടുത്തയച്ചതാണ്. എന്റെ മുറിയിൽ രണ്ട് വലിയ പെട്ടികൾ നിറഞ്ഞിരുന്നു. ഞാൻ വീട്ടിലേക്കു വിളിച്ച്‌ ടി.വി.യും വി.സി.ആറും വാങ്ങിയ കാര്യം പറയുകയും ചെയ്തു. നേരത്തോടുനേരമായിട്ടും നഷ്ടപ്പെട്ട എന്റെ പെട്ടിമാത്രം കിട്ടിയില്ല. അന്നു രാത്രി എനിക്ക്‌ മര്യാദയ്ക്ക് ഉറക്കം കിട്ടിയില്ല.

പിറ്റേന്ന് രാവിലെ ഇബ്രാഹിംകുട്ടി മുറിയിൽ എത്തി. ഒപ്പം തലേന്ന് കണ്ട ഖത്തർ എയർവേസിന്റെ നായരും ഒരു സ്ത്രീയും ഉണ്ടായിരുന്നു. അവരുടെ കൈയിൽ ഈത്തപ്പഴത്തിന്റെ ഒരു പെട്ടിയും മറ്റൊരു വലിയ പൊതിയും ഉണ്ടായിരുന്നു. മുറിയിൽ ഉള്ള സ്ഥലത്ത് ഞാൻ അവരെ ഇരുത്തി. അപ്പോൾ നായർ പറഞ്ഞു:  'മിസ്റ്റർ ഇന്നസെന്റ്, താങ്കളുടെ നഷ്ടപ്പെട്ട വിലയേറിയ വസ്തുക്കളെക്കുറിച്ചോർത്ത് ഞങ്ങൾ വലിയ ടെൻഷനിലായിരുന്നു. മറ്റെല്ലാം മാറ്റിവെച്ച് ഞങ്ങൾ വിശദമായി അന്വേഷിച്ചു. ഒടുവിൽ ഞങ്ങളത് കണ്ടെത്തി. താങ്കളുടെ വിലയേറിയ പെട്ടി ചെറിയൊരു കൈപ്പിഴയിൽപ്പെട്ട് ജർമനിയിലേക്കുള്ള ഒരു വിമാനത്തിലെ ലഗേജിൽപ്പെട്ടുപോയി. ഞങ്ങൾ അത് തിരിച്ചെടുത്തിരിക്കുന്നു. ഇതാ...'

അതുപറഞ്ഞ് നായർ എന്റെ പെട്ടി മുന്നിലേക്കു വെച്ചുതന്നു. വൃത്തിയായി പൊതിഞ്ഞ നിലയിലായിരുന്നു പെട്ടി. ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ പകച്ചുനിന്നു. അപ്പോൾ നായർ തുടർന്നു:  'മിസ്റ്റർ ഇന്നസെന്റ് തുറന്നുനോക്കൂ, എല്ലാം ഇല്ലേയെന്ന്.' അതുകേട്ടപ്പോൾ ഞാൻ ഒന്നുകൂടിത്തളർന്നു. കണ്ണിൽ ഇരുട്ടുകയറുന്നതുപോലെ.  'മടിക്കേണ്ട, തുറന്നുനോക്കിക്കോളൂ. ഞങ്ങളുടെ ഒരു വിശ്വാസത്തിനാണ്.'  അപ്പോഴും ഞാൻ വിയർത്തുനിന്നതേയുള്ളൂ. അല്പം നിമിഷങ്ങൾകൊണ്ട് ഞാൻ പഴയ അവസ്ഥയെ തിരിച്ചുപിടിച്ചു. എന്നിട്ട് നായരോട് പറഞ്ഞു: 'കുഴപ്പമില്ല, മിസ്റ്റർ നായർ. എനിക്കു നിങ്ങളെ വിശ്വാസമാണ്. പിന്നെ, പെട്ടി തുറക്കാനുള്ള ഒരു കോഡ് നമ്പർ ഉണ്ട്. അതിപ്പോൾ എനിക്കോർമയില്ല. നാട്ടിൽ ഭാര്യയെ വിളിച്ചിട്ടുവേണം അത് എഴുതിയെടുക്കാൻ.'  നായർ ചിരിച്ചു. ആ ചിരിക്കുള്ളിൽ എന്തോ ഒന്ന് ഒളിപ്പിച്ചുവെച്ചതുപോലെ എനിക്കു തോന്നി. പോവുമ്പോൾ നായർ അല്പം കനപ്പിച്ച ശബ്ദത്തിൽ പറഞ്ഞു:

'മിസ്റ്റർ ഇന്നസെന്റ്‌, ഖത്തർ എയർവേസിന് ആരുടെയും ഒന്നും വേണ്ട.' ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ കണ്ണിൽനിന്ന് വെള്ളം വന്നു. മനസ്സിൽ മകനെ ഓർത്തു. എന്നിട്ട് മനസ്സിൽ പറഞ്ഞു: ക്രിസ്ത്യാനികളെ നശിപ്പിക്കാൻ വേണ്ടി എന്തിനാ ദൈവമേ ഇങ്ങനെ നായന്മാരെ സൃഷ്ടിച്ചിരിക്കുന്നത്!   മുറിയിലെത്തിയപ്പോൾ എന്റെ മുന്നിൽ രണ്ടു വലിയ പെട്ടികൾ ഉയർന്നുകിടന്നു ചിരിച്ചു. കടയിൽനിന്നു വാങ്ങിയ ടി.വി.യും വി.സി.ആറുമാണ്. ഇനി എങ്ങനെ ഞാൻ ഇവയുടെ വിലകൊടുക്കുമെന്നാലോചിച്ചപ്പോൾ എ.സി. മുറിയിലിരുന്നും ഞാൻ വിയർത്തു.

എല്ലാ കുരുക്കുകളിലും ഒരു കച്ചിത്തുരുമ്പ് എനിക്കു കിട്ടാറുണ്ട്. പെട്ടെന്ന് മുറിയിലേക്കു വന്ന ഒരു ഫോണായിരുന്നു ഇത്തവണത്തെ എന്റെ കച്ചിത്തുരുമ്പ്. ഇബ്രാഹിംകുട്ടി മുന്നിലിരിക്കുമ്പോൾ അയാൾ കേൾക്കാൻ തക്കവണ്ണം പ്രത്യേകതരത്തിൽ മൂളി. 'ഓ അതുശരി' എന്ന് ആവർത്തിച്ചുപറഞ്ഞു. ഫോൺ വെച്ചപ്പോൾ മുഖത്ത് അല്പം നിരാശ പ്രകടിപ്പിച്ചുകൊണ്ട് ഇബ്രാഹിമിനോട് പറഞ്ഞു: 'ദുബായിൽനിന്നാ. ഞങ്ങളുടെ ടിക്കറ്റ് പ്രകാരം നിശ്ചിതമായ ഭാരം സാധനങ്ങളേ ഫ്ളൈറ്റിൽ കൊണ്ടുപോകാൻ സാധിക്കൂ. അതുകൊണ്ട് ഇബ്രാഹിം ഈ ടി.വി.യും വി.സി.ആറും തിരിച്ചുകൊടുക്കണം. അയാൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവുമല്ലോ. ഇനിയൊരിക്കൽ വരുമ്പോൾ വാങ്ങാം.'

പിറ്റേദിവസം രാവിലേതന്നെ സാധനങ്ങൾ കൊണ്ടുപോയി. അവ മുറിയിൽനിന്ന് പോകുന്നതു നോക്കി ഞാൻ നിരാശയോടെ നിന്നു.      പരിപാടി കഴിഞ്ഞ് ഞാൻ നാട്ടിലെത്തിയത് ഒരു ഈസ്റ്റർ ദിനത്തിലാണ്. മകൻ സോണറ്റ്‌ ഒരു സിനിമാ കാസറ്റുമായി കാത്തുനിൽപ്പുണ്ടായിരുന്നു. ഞാൻ അഭിനയിച്ച 'റാംജിറാവു സ്പീക്കിങ്ങി'ന്റെ കാസറ്റായിരുന്നു അത്.  എന്റെനേരേ നീട്ടിയിട്ട് അവൻപറഞ്ഞു: 'അപ്പച്ചാ, അപ്പച്ചന്റെ സിനിമയാ...'
ഞാൻ ഒന്നും മിണ്ടാതെ നിന്നു. ആലീസിന് ഒന്നും മനസ്സിലായില്ല. പോയപ്പോഴുള്ള പെട്ടി മാത്രമേ എന്റെ കൈയിലുള്ളൂ എന്നുകണ്ടപ്പോൾ അവൾക്ക് എന്തോ പന്തികേടുതോന്നി. ഞാൻ അവളോട് സംഭവിച്ച കാര്യം മുഴുവൻ പറഞ്ഞു. ആലീസും സോണറ്റും എല്ലാം കേട്ടിരുന്നു. പറഞ്ഞുകഴിഞ്ഞപ്പോൾ ഞങ്ങൾക്കുചുറ്റും ഒരു നിശ്ശബ്ദത പരന്നു. ആ നിശ്ശബ്ദതയ്ക്കു മുകളിലൂടെ ഒരു ശബ്ദം എവിടെനിന്നോ വരുന്നതുപോലെ എനിക്കു തോന്നി: അന്യന്റെ മുതൽ ആഗ്രഹിക്കരുത്.   ആലീസാണോ ഇതു പറഞ്ഞത്, എന്റെ മകനാണോ പറഞ്ഞതെന്ന് എനിക്ക്‌ പെട്ടെന്നു മനസ്സിലായില്ല. ഇവർ രണ്ടുപേരുമല്ലായിരുന്നു, വർഷങ്ങൾക്കുമുമ്പ് മരിച്ചുപോയ എന്റെ പിതാവ് തെക്കേത്തല വറീതിന്റേതായിരുന്നു ആ ശബ്ദം.