ഒരു വേനലവധി കൂടി തുടങ്ങി. ഓരോ വേനലവധിക്കാലവും എനിക്ക്  പേടിയുടെ കാലം കൂടിയാണ്. നാളെ മുതല്‍ ഒന്നും രണ്ടും മൂന്നുമായി കുട്ടികളുടെ മുങ്ങിമരണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങും!

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ നാലാം തിയതി എന്റെ സുഹൃത്ത് സതീഷിന്റെ മകന്‍ അക്ഷയിന്റെ മരണവാര്‍ത്ത കേട്ടാണ് ഞാന്‍ ഉണര്‍ന്നത് തന്നെ. പുഴയില്‍ കൂട്ടുകാരോടൊത്ത് നീന്താന്‍ പോയതാണ്. ഒറ്റ മകനായിരുന്നു. ജീവനോടെ തിരിച്ചു വന്നില്ല.ആ കുടുംബം ഇനിയും ആ ആഘാതത്തില്‍ നിന്നും മോചിതമായിട്ടും ഇല്ല. പിന്നീടുള്ള ഓരോ ദിവസങ്ങളിലും എറണാകുളത്ത് തന്നെ മരണങ്ങള്‍ ഏറെയുണ്ടായി. മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള ഒറ്റപ്പെട്ട മുങ്ങിമരണത്തിന്റെ വാര്‍ത്തകള്‍ പ്രാദേശിക കോളത്തിനപ്പുറം വരാത്തത് കൊണ്ട് നമ്മള്‍ അറിയുന്നുമില്ല. 

റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവുമധികം പേര്‍ മരിക്കുന്നത് വെള്ളത്തില്‍ മുങ്ങിയാണ്. ഓരോ വര്‍ഷവും ആയിരത്തിയഞ്ഞൂറിലധികം ആളുകളാണ് മുങ്ങിമരിക്കുന്നത്, ഏതാണ്ട് ദിവസം അഞ്ചു വീതം. എന്നാല്‍ റോഡപകടത്തെപ്പറ്റി ഏറെ വിവരങ്ങള്‍, അതായത് എത്ര അപകടം ഉണ്ടായി, എത്ര പേര്‍ക്ക് പരിക്കു പറ്റി, എത്ര പേര് മരിച്ചു, ഏതൊക്കെ മാസങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് എന്നിങ്ങനെയുള്ള  വിവരങ്ങള്‍ കേരളാ പോലീസിന്റെ വെബ് സൈറ്റിലുള്ളപ്പോള്‍ മുങ്ങിമരണത്തെക്കുറിച്ച് ഇത്തരം വിവരങ്ങളൊന്നും ലഭ്യമല്ല.

മുങ്ങിമരണം എന്നത് കേരളത്തിലെ സുരക്ഷാ നിര്‍വഹണ രംഗത്തെ ഒരു 'അനാഥപ്രേത'മാണ്. ഇതിനെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കുന്നില്ല എന്നതോ പോകട്ടെ, ഇതിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ റോഡ് സുരക്ഷാ അതോറിറ്റി പോലെ ഒരു അതോറിറ്റിയോ റോഡ് സുരക്ഷക്കുള്ളത് പോലെ ഒരു ഫണ്ടോ ഇല്ല. ആയിരത്തി അഞ്ഞൂറു പേരുടെ മരണത്തോട് 'അയ്യോ കഷ്ടം!' എന്നതില്‍  കൂടുതല്‍ ഒരു പ്രതികരണവും സമൂഹത്തില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഉണ്ടാകുന്നില്ല. ദുരന്ത നിവാരണ അതോറിറ്റി കഴിയുന്നതെല്ലാം ശ്രമിക്കുന്നുണ്ട്, പക്ഷെ ഒറ്റക്ക് സംഭവിക്കുന്ന മരണങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി പോലെ ഉള്ള സംവിധാനങ്ങള്‍ വച്ച് നേരിടേണ്ട ദുരന്തമല്ലല്ലോ. അതെ സമയം കേരളത്തില്‍ സുനാമിയില്‍ മരിച്ചതിലും കൂടുതല്‍ ആളുകള്‍ ഓരോ മാസവും മുങ്ങി മരിക്കുന്നും ഉണ്ട്. പക്ഷെ ഇതിനെ പ്രതിരോധിക്കാന്‍ പറ്റിയ ഒരു സംവിധാനമോ പദ്ധതിയോ ഉണ്ടാക്കുന്നതില്‍ സമൂഹം വിജയിച്ചിട്ടില്ല.

എല്ലാ റോഡപകടത്തിലും ഒരു 'വില്ലന്‍' ഉണ്ട്. വാഹനം. അപ്പോള്‍ മരിച്ചയാളുടെ ബന്ധുക്കള്‍, വണ്ടിയോടിച്ചിരുന്നത് വേറൊരാള്‍ ആയിരുന്നെങ്കില്‍ അയാള്‍, ഇന്‍ഷുറന്‍സ് കമ്പനി, മരിച്ചയാള്‍ക്ക് വേണ്ടി വാദിക്കുന്ന വക്കീല്‍ എന്നിങ്ങനെ ഈ മരണവുമായി ബന്ധപ്പെട്ടവര്‍ ഏറെയുണ്ട്. റോഡപകടമുണ്ടായി ഒരാള്‍ ആശുപതിയിലെത്തുമ്പോള്‍ തന്നെ 'കേസ് പിടിക്കാന്‍' വക്കീലുമാരുടെ ഏജന്റുകള്‍ അവിടെയുണ്ടാകും. 

മുങ്ങിമരണത്തില്‍ ഇതൊന്നുമില്ല. മുങ്ങിമരിക്കുന്ന ആയിരത്തി അഞ്ഞൂറ് പേരില്‍ ഒരു ശതമാനം പോലും ബോട്ട് മുങ്ങിയല്ല മരിക്കുന്നത്. അപ്പോള്‍ വെള്ളമില്ലാതെ മറ്റൊരു വില്ലനെ ചൂണ്ടിക്കാണിക്കാനുമില്ല. ഇന്‍ഷുറന്‍സ് ഇല്ല, വക്കീല്‍ ഇല്ല, കേസ് ഇല്ല, ഏജന്റുമില്ല. നഷ്ടം കുടുംബത്തിനു മാത്രം. ഈ കുടുംബങ്ങള്‍ കേരളത്തില്‍ എവിടെയും പരസ്പരബന്ധം ഇല്ലാതെ അവരുടെ സ്വകാര്യദുഃഖങ്ങള്‍ ജീവിതം മുഴുവന്‍ പേറി ജീവിക്കുന്നു. ഇങ്ങനെ ഒരു മരണം നമ്മുടെ തൊട്ടടുത്തെത്തുന്നത് വരെ നമ്മള്‍ അതൊരു പ്രശ്‌നമായി കാണുന്നതും ഇല്ല. 

ഓരോ വേനല്‍ക്കാലത്തും കുട്ടികളുടെ സുരക്ഷക്ക് വേണ്ട ചില നിര്‍ദേശങ്ങള്‍ ഞാന്‍ ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല. 

1. ജലസുരക്ഷയെപ്പറ്റി കുട്ടികളെ ചെറുപ്പത്തിലേ പറഞ്ഞു  മനസ്സിലാക്കുക. തീ പോലെ വെള്ളം കുട്ടികള്‍ക്ക് പേടിയോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്നും, മുതിര്‍ന്നവര്‍ ഇല്ലാതെ ഒരു കാരണവശാലും വെള്ളത്തിലേക്ക് ഇറങ്ങരുതെന്ന് അവരെ നിര്‍ബന്ധമായും പറഞ്ഞു മനസ്സിലാക്കുക. അത് ഫ്ളാറ്റിലെ സ്വിമ്മിംഗ് പൂള്‍ ആയാലും ചെറിയ കുളമായാലും കടലായാലും.
 
2. സാഹചര്യമുള്ള എല്ലാവരും കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കുക, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും.
 
3. അവധിക്ക് ബന്ധുവീടുകളില്‍ പോകുന്ന കുട്ടികളോട് മുതിര്‍ന്നവരില്ലാതെ കൂട്ടുകാരുടെ കൂടെ വെള്ളത്തില്‍ മീന്‍ പിടിക്കാനോ, യാത്രക്കോ, കുളിക്കാനോ, കളിക്കാനോ പോകരുതെന്ന് പ്രത്യേകം നിര്‍ദേശിക്കുക. വിരുന്നു പോകുന്ന വീടുകളിലെ മുതിര്‍ന്നവരെയും ഇക്കാര്യം ഓര്‍മിപ്പിക്കുന്നത് നല്ലതാണ്.
 
4. വെള്ളത്തില്‍ അസുഖങ്ങള്‍ കൂടുതലാകാന്‍ സാധ്യത ഉള്ളവരെ (അപസ്മാരം, മസ്സില്‍ കയറുന്നത്, ചില ഹൃദ്രോഗങ്ങള്‍)  പ്രത്യേകം ശ്രദ്ധിക്കുക. കൂട്ടുകാരോടും ബന്ധുക്കളോടും അക്കാര്യം പറയുകയും ചെയ്യുക.
 
5. വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ എന്തെങ്കിലും അപകടം പറ്റിയാല്‍ കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതണമെന്ന കാര്യം  എവിടെ വെള്ളത്തില്‍ പോകുന്നതിന് മുന്‍പും കുട്ടികളെ ബോധ്യപ്പെടുത്തുക. ലൈഫ് ബോയ് കിട്ടാനില്ലാത്തവര്‍ വാഹനത്തിന്റെ വീര്‍പ്പിച്ച ട്യൂബില്‍ ഒരു നീണ്ട പ്ലാസ്റ്റിക് കയര്‍ കെട്ടിയാല്‍ പോലും അത്യാവശ്യ സാഹചര്യത്തില്‍ ഏറെ ഉപകാരപ്രദമായിരിക്കും.
 
6. ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തു ചാടരുതെന്ന് കുട്ടികളെ ബോധവല്‍ക്കരിക്കുക. കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നത് മാത്രമാണ് സുരക്ഷിത മാര്‍ഗം. 
 
7. വെള്ളത്തില്‍ യാത്രയ്ക്കോ കുളിക്കാനോ കളിക്കാനോ പോകുന്ന പെണ്‍കുട്ടികള്‍ അവരുടെ വസ്ത്രധാരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. മിക്കവാറും കേരളീയവസ്ത്രങ്ങള്‍ അപകടം കൂട്ടുന്നവയാണ്. ഒന്നുകില്‍ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുക, അല്ലെങ്കില്‍ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
 
8. വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. വെള്ളത്തിന്റെ ആഴം കാണുന്നതിനേക്കാള്‍ കുറവായിരിക്കാം, ചെളിയില്‍ പൂഴ്ന്നു പോകാം, തല പാറയിലോ കൊമ്പിലോ പോയി അടിക്കാം. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക്  ഇറങ്ങുന്നതാണ് ശരിയായ രീതി.
 
9. കടലിലും പുഴയിലും ആഴം ഇല്ലാത്തതു കൊണ്ടുമാത്രം കുട്ടികള്‍ സുരക്ഷിതരല്ല. ബാലന്‍സ്  തെറ്റി വീണാല്‍ ഒരടി വെള്ളത്തില്‍ പോലും മുങ്ങി മരണം സംഭവിക്കാം. തിരയില്‍ കളിക്കാന്‍ പോകുമ്പോള്‍ പ്രത്യേകം ഓര്‍ക്കേണ്ട കാര്യമാണ്. 
 
10. സ്വിമ്മിംഗ് പൂളിലെ ഉപയോഗത്തിനായി കമ്പോളത്തില്‍ കിട്ടുന്ന വായുനിറച്ച റിംഗ്, പൊങ്ങികിടക്കുന്ന ഫ്ളോട്ട്, കയ്യില്‍ കെട്ടുന്ന ഫ്ളോട്ട് ഇവയൊന്നും പൂര്‍ണ സുരക്ഷ നല്‍കുന്നില്ല. ഇവയുള്ളതുകൊണ്ട് മാത്രം മുതിര്‍ന്നവരുടെ ശ്രദ്ധയില്ലാതെ  വെള്ളത്തില്‍ ഇറങ്ങാന്‍ കുട്ടികള്‍ മുതിരരുത്.
 
11. നേരം ഇരുട്ടിയതിനു ശേഷം ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. അതുപോലെ തിരക്കില്ലാത്ത ബീച്ചിലോ, ആളുകള്‍ അധികം പോകാത്ത തടാകത്തിലോ, പുഴയിലോ പോയി ചാടാന്‍ ശ്രമിക്കരുത്.
 
12. സുഖമില്ലാത്തപ്പോഴോ മദ്യപിച്ചതിന് ശേഷമോ മരുന്നുകള്‍ കഴിക്കുമ്പോഴോ വെള്ളത്തില്‍ ഇറങ്ങരുത്. 

13. ബോട്ടുകളില്‍ കയറുന്നതിന് മുന്‍പ് അതില്‍ ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക.

ഞാന്‍ എപ്പോഴും പറയുന്നത് പോലെ ദുരന്തം ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ഒരു താങ്ക്‌ലെസ്സ് ജോലിയാണ്. നമ്മള്‍ ചെയ്യുന്നത് കൊണ്ട് ആരെങ്കിലും രക്ഷപ്പെട്ടോ എന്ന് അവരോ നമ്മളോ അറിയാന്‍ പോകുന്നില്ല. എന്നാലും ഈ ശ്രമം തുടര്‍ന്ന് കൊണ്ടേ ഇരിക്കണം. അഞ്ചുവര്‍ഷത്തിനകം കേരളത്തിലെ മുങ്ങി മരണനിരക്ക് ആയിരത്തില്‍ താഴെ എത്തിക്കാന്‍ ജല സുരക്ഷാബോധം ആളുകളില്‍ ഉണ്ടാക്കിയാല്‍ സാധിക്കും. അതിന് നമ്മള്‍ ഒരുമിച്ച് ശ്രമിച്ചാല്‍ മാത്രം മതി. പരമാവധി ഷെയര്‍ ചെയ്യുക.

(ഐക്യരാഷ്ട്രസഭയുടെ ദുരന്തലഘൂകരണ വിഭാഗം മേധാവിയാണ് ലേഖകന്‍)