ഗാന്ധാരിയെ പോലെ കണ്ണു മൂടിക്കെട്ടിയിരിക്കുന്നു നീതിപീഠം. ഗാന്ധാരിയെ പോലെ എന്നത് വാസ്തവത്തില്‍ ഒരു തെറ്റായ ഉപമയാണ്. കാരണം ഭര്‍തൃസ്‌നേഹത്താല്‍ അന്ധയായ ഗാന്ധാരി പുത്രസ്‌നേഹത്താല്‍ കാഴ്ചയില്ലാത്ത കണ്ണിലും പക്ഷപാതി ആയിരുന്നു. ഇന്ത്യന്‍ ജുഡീഷ്യറി ഒരു മകനോടും പ്രീതിയോ ഭേദമോ ഇല്ലാതെ പ്രവര്‍ത്തിക്കണം എന്നാണ് സങ്കല്‍പം.

ഇന്ത്യാ ചരിത്രത്തിലെ നീതിപീഠം ചിലപ്പോഴൊക്കെ മൂടിക്കെട്ടിയ തുണിശ്ശീല വലിച്ചെറിഞ്ഞ് പുറത്തേക്ക് നോക്കാറുണ്ട്. അങ്ങനെ നോക്കിയപ്പോഴാണ് പണ്ട് അലഹാബാദ് കോടതി വിധി വന്നത്. പിന്നാലെ അടിയന്തിരാവസ്ഥയും. 
എന്നാലും പലപ്പോഴും തീരുമാനം എടുക്കാനാവാത്ത കഴിവില്ലായ്മക്കും പണിയെടുക്കാന്‍ മിനക്കെടാതെ കേസ് നീട്ടിവയ്ക്കുന്ന പതിവുകള്‍ക്കും ഇടയില്‍ ചാഞ്ചാടാറുണ്ട് കോടതികള്‍. 

കാരണം ജഡ്ജിമാരും മനുഷ്യരാണ്. ഇന്ത്യന്‍ ജനാധിപത്യം കല്‍പിച്ചു നല്‍കിയിട്ടുള്ള പരമോന്നതമായ പദവികള്‍ രാഷ്ട്രീയത്തൂണിന്റെ കല്‍പനകളില്‍ ഇളകാറുണ്ട് എന്നതും ചരിത്രമാണ്. കിട്ടാനുള്ള സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി കേസില്‍ ജഡ്ജിമാര്‍ വിധിന്യായങ്ങളില്‍ നീതിയെ ബലികഴിക്കുന്നു എന്ന് ആരോപിച്ചത് പണ്ട് നിയമമന്ത്രി ആയിരുന്ന ശാന്തി ഭൂഷണ്‍ ആണ്. അദ്ദേഹം സുപ്രീം കോടതിയില്‍ നന്നായി ഒട്ടിച്ച് സമര്‍പ്പിച്ച ഒരു കവറുണ്ട്. അതിനുള്ളില്‍ അതിന് മുമ്പ് വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരുടെ പേരുവിവരങ്ങളുണ്ട്. ആരൊക്കെ അഴിമതി നടത്തി എന്നതിന്റെ തെളിവുകളും. രാജ്യത്തിന്റെ അന്തസ്സ് ഓര്‍ത്ത് പേര് വെളിപ്പെടുത്തുന്നില്ലെന്ന് അന്ന് ശാാന്തിഭൂഷണ്‍ പറഞ്ഞു.

ആ ശാന്തിഭൂഷന്റെ മകന്‍ പ്രശാന്ത് ഭൂഷണ്‍ ഇന്ന് ട്വീറ്റ്  ചെയ്തു. ''ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്. ഇത് നിര്‍ത്തണം. ഇത് ജനാധിപത്യത്തിന് ഭീഷണിയാണ്. കോടതിയില്‍നിന്ന് പുറത്തു വന്ന നാലു ജഡ്ജിമാര്‍ പരമോന്നതി കോടതിയിലെ വഴിവിട്ട കാര്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നു.'' 

മാസങ്ങള്‍ക്ക് മുമ്പ് ജസ്റ്റിസ് കര്‍ണനെ തുറുങ്കിലടയ്ക്കാന്‍ ഉത്തരവിട്ടത് സുപ്രീം കോടതിയാണ്. ഒളിവില്‍ പാര്‍ത്ത് മടുത്ത്,  കുറ്റവാളിയെപോലെ കര്‍ണന്‍ നിസ്സഹായനായി. ഒടുവില്‍ കവചകുണ്ഡലങ്ങള്‍ അഴിച്ച് തിഹാര്‍ ജയിലില്‍ എത്തി. കര്‍ണന്‍ പറഞ്ഞത് ജാതീയമായ വിവേചനങ്ങള്‍ താന്‍ നേരിടുന്നു എന്നാണ്. ഇതിലും മൂന്നു കൊല്ലം മുമ്പാണ് ജസ്റ്റിസ് ബ്രിജ് ഗോപാല്‍ ലോയ കൊല്ലപ്പെടുന്നത്. 2014 ഡിസംബര്‍ ഒന്നിന്. നാഗ്പൂരില്‍ വച്ച്. 

ലോയയുടെ ബന്ധുക്കള്‍ അന്നുപറഞ്ഞ ചിലകാര്യങ്ങളുണ്ട്. ''ഈ മരണം ഒരു ഹാര്‍ട് അറ്റാക്കല്ല. സൊറാബുദ്ദീന്‍ ഷേഖ് വധക്കേസില്‍ കോഴ നിഷേധിച്ചതിനുള്ള പ്രതികാരമാണ്. കോഴ വാഗ്ദാനം ചെയ്തത് അമിത് ഷായാണ്.''

സൊറാബുദ്ദീന്‍ ഷേഖ് കേസ് ചരിത്രമാണ്. സൊറാബുദ്ദീന്‍ ഷേഖിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത് 2005 നവംബര്‍ 23നാണ്. ഹൈദരാബാദില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള ബസ് യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തു. ഇതിന് സാക്ഷി ആയിരുന്നു തുള്‍സി പ്രജാപതി. എന്തായാലും ഡിസംബര്‍ 26ന് പോലീസുമായി ഏറ്റുമുട്ടുന്നതിനിടെ സൊറാബുദ്ദീന്‍ കൊല്ലപ്പെട്ടു. 28 ന് കൗസര്‍ബിയും. പിന്നീട് തുള്‍സി പ്രജാപതി രാജസ്ഥാനില്‍ ജയിലിലായി. അഭയ് ചൂദാസാമയുടെ സംഘത്തില്‍ പെട്ട സുപ്പാരി സംഘത്തിലെ(പണം വാങ്ങി തട്ടിക്കൊണ്ടുപോകല്‍ ) അംഗമാണ് സൊറാബുദ്ദീന്‍ എന്നായിരുന്നു വിവരം. 

സാംഗ്ലിയില്‍നിന്ന് ഭാര്യയോടൊപ്പം യാത്ര ചെയ്യുമ്പോള്‍ പോലീസ് കൊണ്ടുപോയ സൊറാബുദ്ദീന്‍  പിന്നീട് ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘാംഗമായി. എകെ 47 അടക്കം കണ്ടെടുത്തു. രാജ്യദ്രോഹപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പോലീസിനോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടു.

മറ്റൊരു കേസിലാണ് തുള്‍സി പ്രജാപതി രാജസ്ഥാന്‍ ജയിലില്‍ ആയത്. അവിടെ നിന്ന് വ്യാജ ഏറ്റുമുട്ടലിന് സാക്ഷിയായ തന്റെ ജീവന്‍ അപകടത്തിലാണെന്ന് പ്രജാപതി മജിസ്‌ട്രേറ്റിന് കത്തയച്ചു. വൈകാതെ ഗുജറാത്ത് പോലീസ് വേറൊരു കേസിന്റെ വിചാരണയ്ക്കായി ഇയാളെ രാജസ്ഥാനില്‍ നിന്ന് ഏറ്റുവാങ്ങി. വരും വഴി പോലീസുമായി ഏറ്റുമുട്ടി പ്രജാപതിയും കൊല്ലപ്പെട്ടു. 2006ല്‍. 

2010 ല്‍ കേസ് സിബിഐയ്ക്ക് സുപ്രീം കോടതി കൈമാറി. ആറു മാസത്തിന് ശേഷം കുറ്റപത്രം. അപ്പോഴേക്കും ദേശീയ നേതാവായി മാറിയിരുന്ന അമിത് ഷാ കേസില്‍ പ്രതിയായി. രണ്ടു ദിവസത്തിന് ശേഷം 2010 ജൂലൈ 25ന് അമിത് ഷാ അറസ്റ്റിലായി. ഒക്ടോബര്‍ 29ന് അമിത് ഷായ്ക്ക് ഗുജറാത് ഹൈക്കോടതി ജാമ്യം നല്‍കി.

സുപ്രീം കോടതി നാടകീയമായി കേസ് പിന്നെ മുംബൈ കോടതിയിലേക്ക് മാറ്റി. 2013ല്‍ തുള്‍സി പ്രജാപതി കേസും  സൊറാബുദ്ദീന്‍ കേസിനൊപ്പം ചേര്‍ത്തു. 2014 ഡിസംബര്‍ മുപ്പതിന് മുംബൈ സെഷന്‍സ് കോടതി അമിത് ഷായെ കുറ്റ വിമുക്തനാക്കി.

അതിനും മുമ്പേ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കേ നരേന്ദ്ര മോദിയുടെ അടുത്ത  സുഹൃത്തും അഹമ്മദാബാദിലെ എല്ലിസ് ബ്രിഡ്ജ് എംഎല്‍എയും ബിജെപി നേതാവും ആയിരുന്ന ഹരേന്‍ പാണ്ഡ്യയുടെ വധത്തില്‍ സൊറാബുദ്ദീനെ ഉപയോഗിച്ചെന്നും വാര്‍ത്തകള്‍ വന്നു. 

കേസുകെട്ടുകളില്‍ ചോര മണക്കുന്നുണ്ട്. ജസ്റ്റിസ് ലോയയുടെ ബന്ധുക്കള്‍ അദ്ദേഹത്തിന്റേത് ഹൃദയസ്തംഭനമല്ലെന്ന് സംശയം പ്രകടിപ്പിച്ചതും ഈ സാഹചര്യത്തിലാണ്. അനുകൂല വിധി നേടാന്‍ 100 കോടി രൂപ ലോയക്ക് അമിത് ഷാ വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം വന്നത്. നാഗ്പൂരില്‍ സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ലോയ പുലര്‍ച്ചെ നെഞ്ചുവേദനയെ പറ്റി പറയുന്നു. അഞ്ചു മിനിറ്റ് അകലെയുള്ള ആശുപത്രിയിലെത്തിക്കാന്‍ ഒരു മണിക്കൂറോളം എടുക്കുന്നു. ആശുപത്രി രേഖകള്‍ മുഴുവന്‍ സംശയാസ്പദമാണ്. ലോയ കൊല്ലപ്പെടുമ്പോള്‍ രാജ്യത്തെ ഏറ്റവും ശക്തനായ രണ്ടാമത്തെ നേതാവ് സംശയത്തിന്റെ നിഴലിലാവുന്നു.

ആ കേസ് താരതമ്യേന ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിലാണ് കേസ് കേള്‍ക്കുന്നത്. പിന്നാലെ മെഡിക്കല്‍ കോഴയുടെ കഥകള്‍ വന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ള ജഡ്ജിമാര്‍ക്ക് കൊടുക്കാനെന്ന പേരില്‍ കോടികള്‍ പിരിച്ചെടുത്തെന്ന് വ്യക്തമായ കേസില്‍ ജസ്റ്റിസ് ദീപക് മിശ്ര വിധി പറയരുതെന്ന നിലപാടാണ് ജസ്റ്റിസ് ചെലമേശ്വര്‍ എടുത്തത്.

ജസ്റ്റിസ് ചെലമേശ്വര്‍ ഏറ്റവും ആര്‍ജവമുള്ള ന്യായാധിപരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. മുമ്പ് കേരള ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോഴും അദ്ദേഹത്തിന്റെ നീതിബോധം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. അധികാരത്തോട് സന്ധി ചെയ്തിട്ടുമില്ല. 

നരേന്ദ്ര മോദി പ്രധാനമന്ത്രി ആയ ശേഷം ഭയാശങ്കകളുടെ കാലത്തേക്ക് രാജ്യം നീങ്ങുന്നു എന്ന് കോടതിമുറികളില്‍ ആശങ്ക നിറയുന്നുണ്ട്. അസഹിഷ്ണുതയുടെ രാഷ്ട്രീയം നിയമപുസ്തകങ്ങളിലേക്ക് നുഴഞ്ഞുകയറുന്നു എന്ന് പ്രഗത്ഭരായ അഭിഭാഷകര്‍ തന്നെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സൊറാബുദ്ദീന്‍ ഷേഖ് ഏറ്റുമുട്ടല്‍ കേസില്‍ മൃദുസമീപനം സ്വീകരിക്കണമെന്ന് നിര്‍ദേശം വന്നെന്ന് സിബിഐ അഭിഭാഷക രോഹിണി സല്യാന്‍ പറഞ്ഞതും ഈ ഘട്ടത്തിലാണ്. 

അധികാരത്തിന്റെ ദുശ്ശാസനങ്ങളെ ചോദ്യം ചെയ്യാനുള്ള കരുത്താണ് ഇന്ത്യന്‍ ജനാധിപത്യത്തെ നിലനിര്‍ത്തുന്നത്. മിക്കവാറും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ വിരമിക്കല്‍ ദിവസത്തിന് തൊട്ടു മുമ്പ് പുറപ്പെടുവിക്കുന്ന പല വിധികളും  രാജ്യ താല്‍പര്യത്തിന് ഗുണകരമല്ലെന്ന് വിമര്‍ശനമുണ്ട്.  മലയാളിയായ ഒരു ന്യായാധിപനാണ് പിരിയും മുമ്പേ കെജി ബേസിന്‍ എണ്ണപ്പാടം കുഴിക്കാന്‍ ആവശ്യപ്പെട്ടതിന്റെ ഇരട്ടിയോളം തുക റിലയന്‍സിന് നല്‍കാന്‍ ഉത്തരവിട്ട് ചരിത്രം  കുറിച്ചത്.

ഭയം ജനാധിപത്യത്തിന് ഭൂഷണമല്ല. കൊടിയുടെ നിറം കാവിയായാലും ചുവപ്പായാലും. കേന്ദ്ര മന്ത്രിമാര്‍ ആരും തന്നെ തുറന്നു സംസാരിക്കാന്‍ പോലും തയ്യാറാവാത്ത കാലത്താണ് കോടതി മുറിയില്‍നിന്ന് നാലു ജഡ്ജിമാര്‍ പുറത്തിറങ്ങുന്നത്. ഒരു കൊല്ലപ്പെട്ട ഒരു ന്യായാധിപന് നീതി കിട്ടാന്‍ കൊല്ലങ്ങള്‍ വേണ്ടി വരുമ്പോള്‍, എന്നിട്ടും നീതി ഉറപ്പില്ലാതെ വരുമ്പോള്‍ അവര്‍ നേരിട്ട് ജനങ്ങളോട് പറയുകയാണ്- നീതിപീഠത്തില്‍ ചില അനീതികളുണ്ട്.
കുളിക്കുമ്പോഴെങ്കിലും ഗാന്ധാരിയും കണ്ണിലെ കറുത്ത തുണിശ്ശീല അഴിച്ചുവച്ചിട്ടുണ്ടാവും. ലോയയുടെ ചോരയും കര്‍ണന്റെ കണ്ണീരും കൂടി ഇനി ഇന്ത്യന്‍ നീതിപീഠങ്ങളില്‍ ചരിത്രമാണ്. 

പുതിയ ചരിത്ര നിമിഷത്തിലും ജസ്റ്റിസ് ചെലമേശ്വര്‍ ഒരു പേരും പറഞ്ഞില്ലെന്നതാണ് ശ്രദ്ധേയം. ഒപ്പം ജനാധിപത്യത്തിന്റെ ഭാവിയില്‍ ജുഡീഷ്യറിയുടെ നിലനില്‍പിനെപ്പറ്റിയാണ് ആശങ്കപ്പെട്ടത് എന്നതും സ്മരണീയം.  
മൂന്നു തൂണുകള്‍ തമ്മിലുള്ള കൊള്ളക്കൊടുക്കകളില്‍ അധികാരം മുമ്പെന്നത്തേക്കാള്‍ മുട്ടിലിഴയാന്‍ പറയുന്ന നാലാം തൂണിനെ സമീപിക്കുകയായിരുന്നു ആ നാലു പേരും. അഭിഭാഷകര്‍ കോടതി മുറിയില്‍ തല്ലിച്ചതയ്ക്കുന്ന അതേ മാധ്യമങ്ങളിലേക്ക്. 

വായില്ലാക്കുന്നിലപ്പന്മാരുടെ നാട്ടില്‍ പഴയ വാക്കുകള്‍ എല്ലാ അധികാരികള്‍ക്ക് ഓര്‍ക്കാം. ഇരുണ്ട കാലങ്ങളിലും പാട്ടുണ്ടാകും. ഇരുണ്ട കാലങ്ങളെ കുറിച്ചുള്ള പാട്ട് . 1976 ല്‍ കടമ്മനിട്ടയുടെ ശാന്ത പറഞ്ഞ വാക്കുകള്‍ വെറുതേ നമുക്കും ഓര്‍ക്കാം-

അതുകൊണ്ട് നമുക്ക് വര്‍ത്തമാനം പറയാന്‍ ശ്രമിക്കാം.
മൗനത്തിന്റെ കരിന്തോട് പൊട്ടിച്ച് പുറത്തിറക്കാം
നിര്‍വികാരതയെ നിഷേധിക്കാം
ഹാ നാം ഇവിടെ ഈ കരിമ്പനച്ചുവട്ടില്‍ തളഞ്ഞുകിടക്കുകയാണല്ലോ
ഈ ചങ്ങലക്കണ്ണികള്‍ക്കിടയിലൂടെയാണല്ലോ 
എന്റെ പെണ്ണേ ഞാന്‍ നിന്നെ കാണുന്നതു പോലും
ഈ കണ്ണികളിലൂടെയാണല്ലോ.
ഒരു നെടുവീര്‍പ്പെങ്കിലുമയച്ച് ഈ കാല്‍ച്ചങ്ങല
നമുക്ക് പൊട്ടിക്കാം.