ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ അതിസങ്കീര്‍ണമായ സാഹചര്യത്തില്‍ ഒരു പ്രസവം നടന്നു. ഷങ്കര്‍ ചിത്രമായ നന്‍പനിലെ രംഗങ്ങള്‍ അനുസ്മരിപ്പിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ക്കൊടുവില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നന്ദി പറയേണ്ടത് അടിയന്തര ഘട്ടത്തില്‍ അവസരോചിതമായി ഇടപെട്ട ഒരു എംബിബിഎസ് വിദ്യാര്‍ഥിക്കും പിന്നെ വാട്‌സ് ആപ്പിനും. സുഖപ്രസവം നടക്കില്ല എന്ന ഘട്ടത്തില്‍ വാട്‌സ് ആപ്പിലൂടെ വിദഗ്ധ ഡോക് ടര്‍മാരുടെ ഉപദേശങ്ങള്‍ തേടിയാണ് കൈയിലുണ്ടായിരുന്ന മിനിമം മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്താല്‍ ആ വിദ്യാര്‍ഥി പ്രസവം നടത്തിയത്.

നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ വിപിന്‍ ഭഗവൻ റാവു ഖഡ്‌സെയാണ്‌ കുഞ്ഞിനെ പുറത്തെടുത്തത്.  എല്ലാത്തിനുമൊടുവില്‍ ഖഡ്‌സയ്ക്ക് സഹയാത്രക്കാരും കുഞ്ഞിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും നന്ദി പറയാന്‍ വാക്കുകളില്ലാതായി. സംഭവം വിപിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ  വലിയ വാര്‍ത്താശ്രദ്ധ നേടി.

 

അകോലയില്‍ നിന്ന നാഗ്പുരിലേക്കുള്ള തീവണ്ടി യാത്രാമധ്യേയാണ് വിപിന്‍ ഭഗവൻ റാവു ഖഡ്‌സെ എന്ന 24കാരനായ എംബിബിഎസ് വിദ്യാര്‍ഥിയെതേടി ടിടിഎ ഓടി എത്തുന്നത്. വിഷയം- ഒരു യുവതി തൊട്ടടുത്ത ബോഗിയില്‍ പ്രസവത്തോട് മല്ലിടുന്നു. സഹായമെത്തിക്കാന്‍ തീവണ്ടിയില്‍ പരിചയസമ്പന്നനായ ഡോക്ടര്‍മാര്‍ ആരും തന്നെയില്ല. ഒടുവില്‍ നിവൃത്തിയില്ലാതെ എംബിബിഎസ് വിദ്യാര്‍ഥിയായ വിപിന്‍ ആ ദൗത്യമേറ്റെടുക്കുകയായിരുന്നു.

എന്നാല്‍ യുവതിയുടെ അടുത്തെത്തിയപ്പോഴാണ് സംഗതി കൂടുതല്‍ ഗുരുതരമാണെന്ന് വിപിന്‍ തിരിച്ചറിയുന്നത്. കുഞ്ഞിന്റെ തലപുറത്ത് വരേണ്ടതിന് പകരം കുട്ടിയുടെ തോളെല്ലാണ് ആദ്യം കണ്ടത്. 

ആയാസരഹിതമായ പ്രസവം നടക്കുമെന്ന പ്രതീക്ഷ തീരെയില്ല. കുട്ടിയെ പുറത്തെടുക്കാന്‍ പ്രത്യേക ഉപകരണങ്ങളും മറ്റ് ഡോക്ടര്‍മാരുടെ സഹായവും നിര്‍ബന്ധമായും വേണ്ട സാഹചര്യം.

baby train തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യം ഏതു വിധേനയും ഏറ്റെടുത്ത ചെയ്ത് കുഞ്ഞിനെയും അമ്മയെയും രക്ഷിക്കണമെന്ന വിചാരം മാത്രമേ വിപിന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. അങ്ങിനെയാണ് സുഹൃത്തുക്കളുടെയും മറ്റ് ഡോക്ടര്‍മാരുടെയും സഹായം വാട്‌സാപ്പ് വഴി തേടാന്‍ വിപിന്‍ തീരുമാനിക്കുന്നത്.എന്നാല്‍ അമ്മയുടെ ശരീരം കീറാതെ കുട്ടിയെ പുറത്തെടുക്കാനാവില്ലെന്ന നിലപാടാണ് മറ്റ് ഡോക്ടര്‍മാര്‍ വാട്‌സ് ആപ്പ് വഴി വിപിനെ അറിയിച്ചത്.

തന്റെ കയ്യിലുണ്ടായിരുന്ന പരിമിതമായ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് ശരീരം കീറി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. അപ്പോഴേക്കും തീവണ്ടി നാഗ്പുര്‍ എത്തി. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.