നിർദിഷ്ട അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ പേരിൽ ഇടയ്ക്കിടെ വിവാദമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമം ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ഇത് ഒരിക്കലും നടക്കാത്ത പദ്ധതിയാണെന്ന് ബോധ്യമുള്ളവർതന്നെയാണ് ഈ വിവാദങ്ങൾ ഉണ്ടാക്കുന്നതും. ഏറ്റവുമൊടുവിൽ പാരിസ്ഥിതികാനുമതി കാലഹരണപ്പെടുന്നതിന്‌ തൊട്ടുമുമ്പ്, പദ്ധതിനിർമാണം തുടങ്ങിയെന്ന്‌ കേന്ദ്രസർക്കാരിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്.

എന്നാൽ, കണ്ണംകുഴിയിൽ വൈദ്യുതിബോർഡിന്റെ കൈവശമിരിക്കുന്ന സ്ഥലത്ത് ഒരു ട്രാൻസ്‌ഫോർമർ സ്ഥാപിച്ചാൽ അത് അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ നിർമാണം തുടങ്ങലാകില്ലെന്ന് വളരെ എളുപ്പത്തിൽ തെളിയിക്കാനാകും. അതോടെ പാരിസ്ഥിതികാനുമതി കാലഹരണപ്പെട്ടെന്ന്‌ തെളിയിക്കാനുമാകും. ഇപ്പോഴത്തെ വിവാദമോ അതിനുപിന്നിലെ ചേതോവികാരമോ ഈ ലേഖനത്തിന്റെ പ്രതിപാദ്യവിഷയമല്ല. മഴയിൽ ഇടയ്ക്കിടെ വലിയ കുറവുണ്ടാകുമ്പോൾ നിർദിഷ്ടപദ്ധതിയിൽനിന്നുള്ള വൈദ്യുതിയുത്‌പാദനം തീർത്തും പരിതാപകരമാകുമെന്ന്‌ ചൂണ്ടിക്കാണിക്കാനാണിവിടെ ശ്രമിക്കുന്നത്. 

പുഴയിൽ വെള്ളമില്ല
അതിഗൗരവമുള്ള പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതങ്ങൾക്കൊപ്പം 163 മെഗാവാട്ട്‌ സ്ഥാപിതശേഷിയുള്ള ഈ പദ്ധതിക്കാവശ്യമായ ജലം പുഴയിലില്ലെന്നതും പദ്ധതി തീർത്തും തെറ്റാണെന്ന്‌ പറയുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഇവിടെ പദ്ധതിക്കാവശ്യമായ ജലലഭ്യതയുണ്ടെന്ന്‌ കേന്ദ്രജലകമ്മിഷൻ കണ്ടെത്തിയെന്നവാദത്തിന് മറുപടി പറയേണ്ടതുണ്ട്. വർഷം ശരാശരി 110 കോടി ഘനമീറ്റർ (1100 എം.സി.എം) ജലമുണ്ടെന്നാണ് വൈദ്യുതി ബോർഡ് കണക്കാക്കിയത്. കേന്ദ്രജലകമ്മിഷൻ 1055 എം.സി.എം ജലമുണ്ടെന്ന്‌ പറഞ്ഞു.

പദ്ധതിപ്രദേശത്തിന്‌ ഏറെ മുകളിലുള്ള നെല്ലിയാമ്പതി കാരാപ്പാറയിലെയും ഏറെ താഴെയുള്ള ആറങ്ങാലിയിലെയും ഗേജിങ് സ്റ്റേഷനുകളിലെ കണക്കിന്റെ അടിസ്ഥാനത്തിൽ ജലകമ്മിഷൻ പറയുന്ന കണക്കിനെക്കാൾ പെരിങ്ങൽക്കുത്തിൽ വൈദ്യുതിബോർഡ് രേഖപ്പെടുത്തുന്ന കണക്കുകളെ വിശ്വസിക്കാൻ ഞങ്ങളൊരുക്കമാണ്. പക്ഷേ, ഈ ജലലഭ്യത 163 മെഗാവാട്ട്‌ സ്ഥാപിതശേഷിയുള്ള അതിരപ്പിള്ളി പദ്ധതിക്ക് പര്യാപ്തമാണോയെന്ന്‌ ജലകമ്മിഷൻ പരിശോധിച്ചിട്ടില്ല. പദ്ധതിയുടെ പ്രവർത്തനം കീഴ്‌നദീതടത്തിൽ പ്രശ്നങ്ങളുണ്ടാക്കുമോ എന്നും അവർ പരിശോധിച്ചില്ല. വൈദ്യുതിബോർഡിന്റെ രേഖകൾപ്രകാരംതന്നെ നിർദിഷ്ടപദ്ധതിയിൽനിന്നുള്ള വൈദ്യുതിലഭ്യത 21.2 കോടി യൂണിറ്റാണ്.  

ഇത് സ്ഥാപിതശേഷിയുടെ കേവലം 14.86 ശതമാനമാണ്. നിർദിഷ്ടപദ്ധതിയിൽനിന്ന്‌ വൈദ്യുതിബോർഡ് പറയുന്നതിനെക്കാൾ ഗണ്യമായ കുറവ് വൈദ്യുതിയേ ലഭിക്കൂ എന്ന് ജലലഭ്യതയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ബോധ്യമാകും. വിവരാവകാശനിയമപ്രകാരം ലഭ്യമാക്കിയ, പെരിങ്ങൽക്കുത്തിലെ ദിവസേനയുള്ള ജലനിർഗമനത്തിന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ സാധാരണ ജലലഭ്യതയുണ്ടായിരുന്ന ഒരു വർഷത്തെയും അധിക ജലലഭ്യതയുണ്ടായിരുന്ന ഒരു വർഷത്തെയും കുറഞ്ഞ ജലലഭ്യതയുണ്ടായിരുന്ന ഒരു വർഷത്തെയും യഥാർഥ വൈദ്യുതിലഭ്യതയും (ഓരോ ദിവസത്തെയും കണക്കുകൾ ഉൾപ്പെടെ) വൈദ്യുതിബോർഡ് കണക്കാക്കിയ വൈദ്യുതിലഭ്യതയും തമ്മിലുള്ള താരതമ്യം വൈദ്യുതി ബോർഡിന്‌ നൽകിയിരുന്നു (പട്ടിക ഒന്ന്‌). എന്നാൽ, അവരത്‌ ഖണ്ഡിക്കാനോ ശരിവയ്ക്കാനോ തയ്യാറായില്ല.

2015-ൽ പദ്ധതിയുടെ പാരിസ്ഥിതികാനുമതി പുനഃസ്ഥാപിക്കുന്നതിനുമുമ്പ് കേന്ദ്രസർക്കാരിന്റെ എക്സ്‌പർട്ട് അപ്രൈസൽ കമ്മിറ്റിക്കും ഇത്‌ അയച്ചുകൊടുത്തെങ്കിലും അവരും അവഗണിച്ചു. സ്ഥാപിതശേഷിയുടെ 12 ശതമാനത്തോളം വൈദ്യുതിമാത്രമാണ് ഈ പദ്ധതിയിൽനിന്ന് ലഭിക്കുക. അതായത് വർഷത്തിൽ 12 ശതമാനം സമയംമാത്രമേ പ്രധാന പവർഹൗസ് പ്രവർത്തിപ്പിക്കാനാകൂ. അതിനുള്ള വെള്ളമേ ലഭ്യമാകൂ.

മഴ കുറയുമ്പോൾ 
കേരളത്തിൽ മഴ കുറയുന്നു എന്ന വലിയ ആശങ്കയിലാണ് നാമെല്ലാവരും. സമീപകാലത്തെ അനുഭവങ്ങളും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളും ഈ ആശങ്കയെ ബലപ്പെടുത്തുന്നു. മഴക്കുറവ് ജലവൈദ്യുതിയുടെ ഉത്‌പാദനത്തിൽ വലിയ ¶കുറവുവരുത്തും. 2016-'17 സാമ്പത്തികവർഷം സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിൽനിന്ന്‌ ഏകദേശം 670 കോടി യൂണിറ്റ്‌ പ്രതീക്ഷിച്ചിടത്ത് 440.6 കോടി  യൂണിറ്റ് മാത്രമാണ് ലഭ്യമായത്. അതിരപ്പിള്ളിപദ്ധതിക്കുള്ള ജലലഭ്യത പ്രധാനമായും പെരിങ്ങൽക്കുത്തിൽനിന്ന്‌ വൈദ്യുതിയുത്‌പാദനം കഴിഞ്ഞുവരുന്ന വെള്ളവും മഴക്കാലത്ത് അണക്കെട്ട്‌ നിറയുമ്പോൾ തുറന്നുവിടുന്ന വെള്ളവുമാണ്.

പെരിങ്ങൽക്കുത്തിന് താഴെയുള്ള 26 ചതുരശ്രകിലോമീറ്റർ വൃഷ്ടിപ്രദേശത്തുനിന്ന്‌ നാലുശതമാനത്തോളം വെള്ളം ലഭിക്കും. കഴിഞ്ഞ ജലവർഷം (2016 ജൂൺ ഒന്നുമുതൽ 2017 മേയ് 31 വരെ) പെരിങ്ങൽക്കുത്തിൽനിന്നുള്ള വൈദ്യുതോത്‌പാദനത്തിൽ വലിയ കുറവുണ്ടായി. അതിലുപരി കേവലം 20 ലക്ഷം ഘനമീറ്റർ വെള്ളമാണ് അവിടെനിന്നും സ്പിൽ ആയി വന്നത്. 19.32 കോടി യൂണിറ്റായിരുന്നു പെരിങ്ങൽക്കുത്തിലെ വൈദ്യുതോത്‌പാദനം. ഇതിലൂടെ ഏകദേശം 50 കോടി ഘനമീറ്റർ ജലമാണ് താഴേക്കൊഴുകിയത്. രണ്ട്‌ എം.സി.എം. സ്പില്ലും 26 ചതുരശ്രകിലോമീറ്റർ വൃഷ്ടിപ്രദേശത്തുനിന്നുള്ള നീരൊഴുക്കും ചേർത്താലും മൊത്തം 530 എം.സി.എമ്മിൽത്താഴെ ജലംമാത്രമാണ്‌ ഉണ്ടായിരുന്നത്.

അതിരപ്പിള്ളി പദ്ധതി ഉണ്ടായിരുന്നെങ്കിൽ ഈ ജലം ഉപയോഗിച്ച്‌ പരമാവധി 11 കോടി യൂണിറ്റ്‌ വൈദ്യുതി മാത്രമേ ലഭിക്കുമായിരുന്നുള്ളൂ.  ഇതേ കാലയളവിൽ കേരളത്തിന്റെ മൊത്തം വൈദ്യുതി ആവശ്യകത 2378.4 കോടി യൂണിറ്റായിരുന്നു. ഈ ആവശ്യകതയുടെ കേവലം 0.46 ശതമാനംമാത്രമേ അതിരപ്പിള്ളി പദ്ധതിക്ക് നൽകാനാകുമായിരുന്നുള്ളൂ. ഇതിൽത്തന്നെ നവംബർ മുതലുള്ള ഏഴുമാസം 14,293 എം.യു വൈദ്യുതി ആവശ്യമായിരുന്നിടത്ത് ഈ പദ്ധതിയിൽനിന്ന്‌ പരമാവധി 20 എം.യു. വൈദ്യുതിമാത്രമേ ലഭിക്കുമായിരുന്നുള്ളൂ-കേവലം 0.14 ശതമാനം. 2017 ജൂൺ, ജൂലായ് മാസങ്ങളിൽ കഴിഞ്ഞവർഷത്തെക്കാൾ കുറഞ്ഞ നീരൊഴുക്കാണുണ്ടായത് എന്ന വസ്തുതകൂടി ശ്രദ്ധിക്കപ്പെടണം.

മഴ കുറയുന്ന സാഹചര്യത്തിൽ  ജലവൈദ്യുതപദ്ധതികളുടെ പ്രസക്തിതന്നെ നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവും സൗരോർജം ഉൾപ്പെടെയുള്ള പാരമ്പര്യേതര സ്രോതസ്സുകളുടെ ആശാസ്യതയും ഉൾക്കൊണ്ടുകൊണ്ടാകണം, മുഖ്യമന്ത്രി സംസ്ഥാനത്തെ സമ്പൂർണ വൈദ്യുതീകൃതമായി പ്രഖ്യാപിക്കുന്ന സമ്മേളനത്തിൽ കേരളത്തിന് ഇനി അഭികാമ്യം വൻകിട ജലവൈദ്യുതപദ്ധതികളല്ല, സൗരോർജം ഉൾ​െപ്പടെയുള്ള ബദൽ സ്രോതസ്സുകളാണെന്ന് പ്രസ്താവിച്ചത്. വൈദ്യുതിബോർഡ് ഇത് വൈകാതെ തിരിച്ചറിയുമെന്ന് പ്രത്യാശിക്കാം. ഈ പദ്ധതി എതിർക്കപ്പെടുന്നതിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും കാരണങ്ങൾ കാടിനും പുഴയ്ക്കും പരിസ്ഥിതിക്കുമുണ്ടാകുന്ന നാശവും ആദിവാസികൾ ഉൾ​െപ്പടെ പുഴയെ ആശ്രയിക്കുന്ന ജനങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങളുമാണെന്ന് ഒരിക്കൽക്കൂടി അടിവരയിടട്ടെ. 

സാമ്പത്തിക നഷ്ടം കൂടും

1500 കോടി രൂപ പദ്ധതിച്ചെലവും (ഇത് കഴിഞ്ഞവർഷം സംസ്ഥാന ധനകാര്യമന്ത്രിതന്നെ പറഞ്ഞതാണ്) 21.2 കോടി യൂണിറ്റ് വാർഷിക വൈദ്യുതിലഭ്യതയുമുണ്ടെങ്കിൽ ഒരു യൂണിറ്റ്‌ വൈദ്യുതിക്ക് ചുരുങ്ങിയത് 12 മുതൽ 15 രൂപവരെയാകുമെന്നാണ് കണക്കാക്കിയിരുന്നത് (പാരിസ്ഥിതിക-സാമൂഹിക നഷ്ടങ്ങൾ കണക്കിലെടുക്കാതെയാണിത്). അപ്പോൾ വൈദ്യുതോത്‌പാദനം പകുതിയായി കുറയുമ്പോൾ വൈദ്യുതിയുടെ വിലയെന്താകും? മഴക്കുറവ് തുടർക്കഥയാകുകയാണെങ്കിൽ അതിരപ്പിള്ളി പദ്ധതിയിൽനിന്നുള്ള സാമ്പത്തികനഷ്ടം നേരത്തേ ചൂണ്ടിക്കാണിച്ചതിലും ഏറെ വർധിക്കും.

(ചാലക്കുടി പുഴ സംരക്ഷണസമിതി സെക്രട്ടറിയാണ്‌ ലേഖകൻ)