ദിസ്പുർ: ബൈക്കിലെത്തിയ ഒരു സംഘം തന്നെ ലൈംഗികമായി അതിക്രമിച്ചപ്പോള്‍ ആ 21കാരി പകച്ചു പോയി. ഒരു വിധം വീട്ടിലെത്തിയ അവള്‍ തന്റെ അനുഭവം ധൈര്യപൂര്‍വ്വം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പേര് വെളിപ്പെടുത്തിയാല്‍ മാനം നഷ്ടപ്പെടുന്നത് ഇരയ്ക്കല്ല എന്ന കൃത്യ ബോധ്യമുള്ളതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വന്തം പേര് വെളിപ്പെടുത്തി ആ പെണ്‍കൊടി ധൈര്യപൂര്‍വ്വം മുന്നോട്ടു വന്നു. അവളുയര്‍ത്തിയ ഫെയ്‌സ്ബുക്ക് കൊടുങ്കാറ്റില്‍ ഇടപെടാതിരിക്കാന്‍ സര്‍ക്കാരിനായില്ല. വെറുമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ആസ്സാമിനെ ഒന്നടങ്കം കുലുക്കിയിരിക്കുകയാണ്

'അവര്‍ ഇരുട്ടത്താണ് എനിക്കരികിലേക്ക് വന്നത്. ഹെല്‍മെറ്റുകൊണ്ട് അവര്‍ സ്വന്തം മുഖം മറച്ചിരുന്നു. ഞാന്‍ വഴിയരികിലേക്ക് ചേര്‍ന്ന് നടന്നെങ്കിലും അവരെന്നെ പിന്തുടര്‍ന്നു. അവര്‍ എന്റെ മാറില്‍ കടന്നു പിടിച്ചു ബൈക്കോടിച്ചു പോയി. ഒരു നിമിഷം ഞാന്‍ തരിച്ചു നിന്നു'

എന്നാല്‍ ഒരു നിമിഷം മാത്രമേ അവള്‍ തരിച്ചു നിന്നുള്ളൂ. സ്വന്തം അനുഭവം അവള്‍ക്കറിവുള്ള മാധ്യമത്തിലൂടെ അവള്‍ മാലോകരെ അറിയിച്ചു. അപമാനിച്ചവരുടെ മാനമാണ് നഷ്ടപ്പെടുന്നത് പകരം അപമാനിക്കപ്പെട്ട തന്റേതല്ല എന്ന് ഫെയ്‌സ്ബുക്കിലൂടെ തുറന്ന് പറയാന്‍ ധൈര്യം കാണിച്ച ശുഭലക്ഷമിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് വിദ്യാര്‍ഥികള്‍ ഇതിനോടകം തന്നെ സംഘടിച്ചു കഴിഞ്ഞു.

പോസ്റ്റ് ഇട്ട് അടുത്ത ദിവസം തന്നെ ജനങ്ങള്‍ നീതി തേടി തെരുവിലിറങ്ങി. അസ്സമിലെ ജോര്‍ഹട്ടില്‍ തുടങ്ങിയ പ്രക്ഷോഭം മറ്റ് ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. 3500 പേരാണ് ശുഭലക്ഷമിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റിന് ലൈക്കിട്ടവര്‍ 15000 കടന്നു. പോസ്റ്റ് വിദ്യാര്‍ഥി ഹൃദയങ്ങളിലിടം പിടിച്ചതോടെ അവര്‍ സംഘടിച്ചു. ജോര്‍ഹാട്ട്  ജില്ലയിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം ശുഭലക്ഷമിക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് രംഗത്തെത്തി. ജില്ലയ്ക്ക പുറത്തുള്ളവരും സംസ്ഥാനമൊട്ടാകെയും അവള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങി കഴിഞ്ഞു.

അതേ സമയം  ഒരു എസ് എഫ് ഐ കാരിയായ പെണ്‍കുട്ടി ഇത്തരം പോസ്റ്റുകൾ സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ പാടില്ലെന്ന് പരസ്യമായി പറഞ്ഞ അസ്സാം മന്ത്രിയായ ചന്ദ്രമോഹന്‍ പട്ടോവരിയുടെ പ്രസ്താവന വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. മന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കൊണ്ട് സമാന്തര പ്രക്ഷോഭം നടത്തുകയാണ് വിദ്യാര്‍ഥികള്‍.

വമ്പിച്ച പിന്തുണയും പ്രതികരണവുമാണ് അസ്സാമിലെ വിദ്യാര്‍ഥികളില്‍ നിന്ന് ശുഭലക്ഷമിയുടെ പോസ്റ്റിനുണ്ടായത്. "താന്‍ അനുഭവിച്ച പീഡനത്തെ കുറിച്ച് പറയാന്‍ ആ പെണ്‍കുട്ടി നാണിച്ചില്ല. അവള്‍ ചോദിക്കുന്നത് നീതിയാണ്. ഞങ്ങള്‍ അവള്‍ക്കൊപ്പമാണ്" വിദ്യാര്‍ഥികള്‍ പറയുന്നു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നിലാണ് അസ്സം. ലക്ഷത്തില്‍ 148 പേര്‍ അസ്സാമില്‍ ബലാത്സംഗത്തിനിരയാവുന്നു. ദേശീയ ശരാശരി 54 ആയിരിക്കുന്ന സ്ഥാനത്താണിത്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 22000 സ്ത്രീകള്‍ അസ്സാമില്‍ ബലാത്സംഗത്തിനിരയായിട്ടുണ്ട്.