ലൈംഗികാതിക്രമങ്ങളുടെ വാർത്തകളിലേക്കാണ് ഓരോ ദിവസവും പുലരുന്നത്. സ്ത്രീയെക്കണ്ട് ബഹുമാനിക്കുക എന്നത്‌ ഇന്ന് പുസ്തകങ്ങളിലെ വായിച്ചറിവുകൾ മാത്രമാകുകയാണ്. ലൈംഗികാവശ്യം പൂർത്തീകരിക്കാനുള്ള വസ്തുവായിമാത്രമാണ് സ്ത്രീയെ പലപ്പോഴും  കണക്കാക്കുന്നത്‌. 

കാണുകയും കേൾക്കുകയും വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് നമ്മുടെ കുട്ടികൾ ജീവിതത്തിലേക്ക് പകർത്തുന്നത്. പുതിയ കാലത്തെ വാർത്തകൾ മാനസികാരോഗ്യമുള്ള ഒരു തലമുറയുടെ വളർച്ചയ്ക്ക് ഒട്ടും സഹായകരമല്ല. 

വ്യക്തിയുടെ ശരീരത്തിലേക്ക് അതിക്രമിച്ചുകയറുന്നതുമുതൽ  നഗ്നതാപ്രദർശനംവരെ ലൈംഗികാതിക്രമങ്ങളുടെ പരിധിയിൽ വരുന്നുണ്ട്. പ്രവൃത്തികൊണ്ടുമാത്രമല്ല, വാക്കുകൊണ്ടും നോട്ടം കൊണ്ടും വ്യക്തിയെ പീഡിപ്പിക്കാം. അമേരിക്കയിൽ അഞ്ചിലൊരു സ്ത്രീ ഏതെങ്കിലുംതരത്തിലുള്ള അതിക്രമങ്ങൾക്കിരയായിട്ടുണ്ടെന്നാണ് യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിന്റെ വനിതാവിഭാഗത്തിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്ര ഭീകരമല്ലെങ്കിലും കേരളത്തിലെ കണക്കുകൾ ആശാവഹമല്ല.  

കേരള പോലീസിന്റെ കണക്കുകളനുസരിച്ച് 2008-ൽ 568  ബലാത്സംഗക്കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2016 ആയപ്പോഴിത് 1644 ആയി വർധിച്ചു. ലൈംഗികാതിക്രമങ്ങൾ 2008-ൽ 2745 എന്നത് 2016-ൽ 4035 ആയി. വീടിന്റെ നാലുചുവരുകൾക്കകത്തു മുതൽ ജോലിസ്ഥലത്തും വിദ്യാലയങ്ങളിലുംവരെ സ്ത്രീകൾക്കും കുട്ടികൾക്കും നേരേ അതിക്രമങ്ങൾ നടക്കുന്നു. തികച്ചും അപരിചിതരായവർ പ്രതിസ്ഥാനത്തുവരുന്ന കേസുകൾ വളരെ കുറവാണ്. ഭൂരിഭാഗം കേസുകളിലും അറിയാവുന്ന വ്യക്തികളാണ് പ്രതിസ്ഥാനത്ത്. ജാഗ്രതപാലിക്കേണ്ടത് ഏറെ ആവശ്യംതന്നെ. 

സമൂഹത്തിലും ജീവിതരീതിയിലുമുണ്ടായ മാറ്റം വർധിച്ചുവരുന്ന അതിക്രമങ്ങൾക്ക് ഒരു കാരണമാണ്. വിവരസാങ്കേതികവിപ്ലവത്തോടെ ഇന്റർനെറ്റിലൂടെ ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം വിരൽത്തുമ്പിൽ ലഭ്യമായിത്തുടങ്ങി. ലൈംഗികതയ്ക്കുതന്നെ കോടിക്കണക്കിന് സൈറ്റുകളുണ്ട്. ശാസ്ത്രീയമായ വിവരങ്ങളല്ല ഇവയൊന്നും നൽകുന്നത്. 

വിദേശജീവിതശൈലിയുടെ സ്വാധീനവും നമ്മുടെയെല്ലാം ജീവിതത്തിലുണ്ട്. എന്തിനുമേതിനും സ്വാതന്ത്ര്യം വേണമെന്ന പക്ഷക്കാരാണ് യുവതലമുറ. ഈ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗവും ഒരു പ്രശ്നമാണ്. 
അതിക്രമങ്ങൾ തടയുന്നതിനുള്ള പദ്ധതികൾ രൂപവത്കരിക്കേണ്ടത് ഇരയുടെ പക്ഷത്തുനിന്നാണ്. പീഡനം ഒരു വ്യക്തിയിൽ മാനസികമായുണ്ടാക്കുന്ന ആഘാതം വലുതാണ്. പലരിലും ഇത് ജീവിതാവസാനംവരെ നിലനിൽക്കും. ലൈംഗികതയോടും എതിർലിംഗത്തോടുമുള്ള എതിർപ്പ്, ഭയം എന്നിവയെല്ലാം ഇതിന്റെ ബാക്കിപത്രമാണ്.

പീഡനം: ആഘാതം പലവിധം

പീഡനങ്ങളിലൂെട കടന്നുപോകുന്ന ഓരോ വ്യക്തിക്കും ആദ്യം അനുഭവപ്പെടുക മാനസികമായ മുരടിപ്പുതന്നെയാണ്. എല്ലാവരോടും എല്ലാത്തിനോടും ദേഷ്യം, പക, ലജ്ജ, കുറ്റബോധം, ആത്മഹത്യാപ്രവണത തുടങ്ങിയവയും ഇതിനൊപ്പം ചേർത്തുവെയ്ക്കാം. ചില കണക്കുകൾ ഇങ്ങനെ:
 പീഡിപ്പിക്കപ്പെട്ട സ്ത്രീകളിൽ 94 ശതമാനവും കടുത്ത മാനസികസംഘർഷത്തിന് അടിപ്പെട്ടു
 30 ശതമാനം സ്ത്രീകളിൽ ഈ ആഘാതം ഒൻപതുമാസംവരെ നീണ്ടുനിന്നു
 33 ശതമാനം സ്ത്രീകൾ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു
 13 ശതമാനം ആത്മഹത്യയ്ക്ക് ശ്രമിച്ചു
 38 ശതമാനത്തിന് പിന്നീടുള്ള ജീവിതത്തിലും ജോലിയുമെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നു 
 37 ശതമാനം കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ അഭിമുഖീകരിച്ചു.

      അതിക്രമങ്ങൾക്കിരയായവർ മാനസികസംഘർഷം കുറയ്ക്കാൻ മദ്യത്തെയും മയക്കുമരുന്നിനെയും ആശ്രയിക്കുന്നതായും കണ്ടുവരുന്നു. ആരോഗ്യപ്രശ്നങ്ങളെയും ഇതിനൊപ്പം ചേർത്തുവായിക്കാം. ലൈംഗികമായി പടരുന്ന രോഗങ്ങളും ചിലർക്കെങ്കിലും പിന്നീടുള്ള ജീവിതത്തിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. വയറിനകത്ത് പ്രശ്നങ്ങൾ, വേദന എന്നിവയും ആരോഗ്യപ്രശ്നങ്ങളുടെ കൂട്ടത്തിലുണ്ട്.

മാറ്റം വേണം

 നിയമത്തിലും നിയമപാലനത്തിലുമെല്ലാം മാറ്റംവരേണ്ടത് ഏറെ ആവശ്യമാണ്‌. കുറ്റംനടന്ന് വർഷങ്ങൾക്കുശേഷമാണ് പലപ്പോഴും പ്രതിയെ ശിക്ഷിക്കുന്നത്. കുറ്റക്കാർക്ക്  ഒരാനുകൂല്യവും നൽകാതെ കടുത്തശിക്ഷതന്നെ നൽകണം. ഇത്തരം കേസുകളുടെ വിചാരണയ്ക്ക് അതിവേഗകോടതിയും സംവിധാനങ്ങളും വേണം
 ചില കേസുകളിൽ പ്രതികളിൽ രതിവൈകൃതം മാനസികരോഗത്തിന്റെ തലത്തിലേക്ക് വളർന്നിട്ടുണ്ടാകും. എന്നാൽ, മാനസികരോഗത്തിന്റെ ആനുകൂല്യം നേടി ഒരു പ്രതിപോലും രക്ഷപ്പെടരുത് 
 കുട്ടികൾക്ക് ചെറുപ്പംമുതലേ ലൈംഗികവിദ്യാഭ്യാസം നൽകണം. ലൈംഗികതൃഷ്ണ കൂടുതലുള്ള പ്രായമാണ് കൗമാരം. ഈ കാലഘട്ടത്തിൽ എതിർലിംഗത്തിൽപ്പെട്ടവരോട് ആകർഷണം തോന്നുന്നത് സ്വാഭാവികമാണ്. അതിനാൽത്തന്നെ നല്ലതേത്, ചീത്തയേത് എന്ന ബോധവത്കരണം ഏറ്റവുംകൂടുതൽ ആവശ്യമുള്ളതും ഈ കാലഘട്ടത്തിൽത്തന്നെ. ഇഷ്ടമില്ലാത്തത് വേണ്ടെന്നുപറയാൻ ചെറുപ്പത്തിലേ കുട്ടികളെ പഠിപ്പിക്കണം. 
 സാമൂഹിക ബോധവത്കരണപരിപാടികൾ വേണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സംഘടനകളുമെല്ലാം ഇതിന് മുൻകൈയെടുക്കണം  

(ക്ലിനിക്കൽ സൈക്കോളജിസ്റ്റും സെക്സ് തെറാപ്പിസ്റ്റുമാണ്‌ ലേഖകൻ)