Nandagopalഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം 1960 ദശകത്തിലാണ് വലിയ മാറ്റങ്ങൾ സംഭവിച്ചത്. രാഷ്ട്രീയമായും സാമൂഹ്യമായും സാംസ്കാരികമായും ഉണ്ടായ മാറ്റം കലയിലും ബാധിച്ചു. ദേശീയസ്വത്വം, ദക്ഷിണഭാരതസ്വത്വം, പ്രാദേശികസ്വത്വം, വ്യക്തിത്വം എന്ന നാല് ഘടകങ്ങൾ എല്ലാ കലാകാരന്മാരെയും ബാധിച്ചു. കെ.സി.എസ്. പണിക്കരാണ് ദക്ഷിണഭാരതത്തിൽ അതിന്റെ മുൻപന്തിയിൽ നിന്നത്. അന്നത്തെ ആധുനികതയ്ക്ക് രണ്ട് ഘടകങ്ങളുണ്ടായിരുന്നു. ഒന്ന്, അമൂർത്തത, രണ്ട്, സമൂർത്തത. ഇന്ത്യയിലും പാരമ്പര്യം എന്നത് വലിയ ഒരു പ്രചോദനമായി എല്ലാ കലാകാരന്മാരും ഏറ്റെടുത്തു. നന്ദഗോപാൽ മദ്രാസിലാണ് തന്റെ പഠനങ്ങളെല്ലാം നിർവഹിച്ചത്. കെ.സി.എസ്. പണിക്കരുടെ മകൻ എന്ന നിലയിൽ കലകളെക്കുറിച്ച് ചെറുപ്പത്തിൽത്തന്നെ കാര്യമായ അറിവ് സമ്പാദിച്ചിരുന്ന നന്ദഗോപാൽ ആദ്യം ഫിസിക്സ് ഐച്ഛികവിഷയമായി ഡിഗ്രിയെടുത്തു. തുടർന്നാണ് കലാപഠനത്തിന് ചേരുന്നത്. തീരേ കുറച്ചുപേർക്ക് മാത്രമേ ഇവ്വിധത്തിൽ ശാസ്ത്രപശ്ചാത്തലവും കലാപശ്ചാത്തലവും ഒരുമിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളൂ. മദ്രാസിലെ കലാപഠനത്തിനുശേഷവും അവിടെത്തന്നെ തുടർന്ന അദ്ദേഹം ശില്പകലയിലാണ് ശ്രദ്ധിച്ചത്. അദ്ദേഹം അധികമാരും ചെയ്യാത്ത ചില ഘടകങ്ങൾക്ക് പ്രാധാന്യം നൽകി. 

ശില്പം ത്രിമാന കലയാണ്. എന്നാൽ അപൂർവം ചിലർ മാത്രമാണ് പരന്ന ശില്പങ്ങൾ (flat sculpture) ഉണ്ടാക്കുന്നത്. ആധുനികതയിൽ ജാനകി റാം, പരന്ന ശില്പം ചെയ്ത ഒരു പ്രധാനിയാണ്. നന്ദഗോപാൽ , പാരമ്പര്യത്തിന്റെ ചിഹ്നങ്ങളെ ധ്വന്യാത്മകമാക്കി.  ലോഹം ആണ് പറ്റിയ മാധ്യമമായി നന്ദഗോപാൽ തിരഞ്ഞെടുത്തത്. ലോഹത്തെ  ഇത്രയധികം മുൻഭാഗപ്രാധാന്യമുള്ള ശില്പമാക്കിയവർ വേറെയില്ല. വളരെ വലിയ ശില്പം മുതൽ ചെറിയ ശില്പത്തിൽവരെ വെൽഡിങ് ആണ് അദ്ദേഹം കൂടുതലായി ഉപയോഗിച്ച സാങ്കേതികവിദ്യ. സ്വർണപ്പണിക്കാരുടെയും ഫർണിച്ചർ നിർമാതാക്കളുടെയും ഇരുമ്പ് പണിക്കാരുടെയും എല്ലാം പാരമ്പര്യം ചേർന്നതാണ് നന്ദഗോപാലിന്റെ ആധുനികത. 

സാധാരണ ശില്പങ്ങൾ അതിന്റെ വ്യാപ്തപരിധിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയാണ്.  നന്ദഗോപാലിന്റെ ശില്പങ്ങളാകട്ടെ തുറന്ന രൂപങ്ങളും. അതിൽ ഇനിയും എന്തുവേണമെങ്കിലും വെൽഡ് ചെയ്ത് കൂട്ടിച്ചേർക്കാം എന്ന ഒരു പ്രതീതി നന്ദഗോപാൽ കാഴ്ചക്കാർക്ക് നൽകുന്നു. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാ രൂപങ്ങളും പറക്കുന്ന മട്ട് കാണിക്കുന്നു. കൂർപ്പുകൾ, വർത്തുളതകൾ, വളവുകൾ, ചുരുളുകൾ എന്നീ അടിസ്ഥാന രൂപങ്ങളുടെ അസാമാന്യ സംയോജനമാണ് അവ. നന്ദഗോപാലിന്റെ ശില്പങ്ങൾക്ക് ചിത്രരചനയുമായി നല്ല സാമ്യമുണ്ട്. ജാപ്പനീസ്, ചൈനീസ് ചിത്രങ്ങളിൽ സ്വതന്ത്ര ബ്രഷ് ചലനം സാധാരണ എടുത്തുപറയാറുണ്ട്. അതിന് സമാന്തരമാണ് നന്ദഗോപാലിന്റെ ശില്പവിന്യാസം. അതാണ് ഈ ശില്പങ്ങൾക്ക് തുറന്ന ശില്പപ്രതീതി നൽകുന്നത്. 

അനുഷ്ഠാനരൂപങ്ങൾ, ദേവരൂപങ്ങൾ, ചിന്നിച്ചിതറിയ രൂപങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ശില്പതലങ്ങൾ ഓരോ രൂപത്തിലും കാണാം. കൂർമം, വൃക്ഷം, ഗരുഡൻ, പക്ഷി, ദൈവരൂപം തുടങ്ങി നിരവധി പേരുകൾ നൽകി അദ്ദേഹം പഴയ സങ്കല്പത്തെ ആധുനികമാക്കിയെടുത്തു. അതൊരു നിയന്ത്രിത പൊട്ടിത്തെറിയാണ്. നന്ദഗോപാലിന്റെ ഇത്തരത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന്റെ കലാമർമജ്ഞതയുടെയും സാങ്കേതികവിദ്യയുടെയും ലാവണ്യബോധത്തിന്റെയും അടിസ്ഥാന ഘടകമാണ്. അതുകൊണ്ടാണ് ഈ നിയന്ത്രിതപൊട്ടിത്തെറി അക്രമാസക്ത ഭാവം കാണിക്കാത്തത്. തികഞ്ഞ സാത്വികഭാവമാണ് ഇവയ്ക്കെല്ലാം. 

ഒന്നിനോടൊന്ന് കൂട്ടിച്ചേർത്ത് രൂപത്തെ തിരശ്ചീനമായും ലംബമായും ഗോപുരസദൃശമാക്കുന്ന ഒരു പ്രക്രിയ നന്ദഗോപാലിന്റെ സവിശേഷതയാണ്. ബുദ്ധവിഗ്രഹങ്ങളോ മറ്റ്  രൂപങ്ങളോ അല്ല പകരം തീനാളങ്ങൾ ചിതറുന്ന ചോള കാലഘട്ടത്തിലെ നടരാജവിഗ്രഹങ്ങളാണ് നന്ദഗോപാലിന്റെ ശില്പങ്ങൾ കാണുമ്പോൾ ഓർമവരിക. ഭാരതത്തിലെ തന്നെ പ്രധാനശില്പികളുടെ കൂട്ടത്തിലാണ് നന്ദഗോപാൽ. പ്രത്യേകിച്ചും പാരമ്പര്യത്തെയും ആധുനികതയെയും ഒരുമിപ്പിച്ച നവീനശില്പി എന്ന നിലയ്ക്ക് ദക്ഷിണഭാരതത്തിൽ നന്ദഗോപാലിന് തുല്യം നിൽക്കാൻ വളരെ കുറച്ചുപേർ മാത്രമേയുള്ളൂ.  (പ്രശസ്ത കലാനിരൂപകനാണ്‌ ലേഖകൻ)