കേര(ള)ംഎങ്ങോട്ട്‌?  5
 

കായംകുളം എന്നുകേൾക്കുമ്പോൾ മോഷ്ടാവായ കൊച്ചുണ്ണിയെ എന്നപോലെ ചിലർ നല്ലയിനം തെങ്ങിൻതൈകളെക്കുറിച്ചും ഓർക്കും. കാരണം അത്യുത്‌പാദനശേഷിയുള്ള നല്ലയിനം തെങ്ങിൻതൈകൾ കായംകുളം സി.പി.സി.ആർ.ഐ. കേന്ദ്രത്തിൽനിന്ന്‌ വർഷത്തിലൊരിക്കൽ വിതരണം ചെയ്യാറുണ്ട്. പക്ഷേ, കേന്ദ്രത്തിനുമുന്നിൽ എല്ലാദിവസവും തൈ വില്പനയുണ്ട്. സി.പി.സി.ആർ.ഐ.യുടെ തൈ ആണെന്നുകരുതി അത്‌ വാങ്ങിപ്പോകുന്നവർ നിരവധിയാണ്. അല്ലെങ്കിലും മലയാളിയുടെ ദൗർബല്യമാണ് തെങ്ങ്. എവിടെയെങ്കിലും തൈ കിട്ടാനുണ്ടെന്നു കേട്ടാൽ എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഒരെണ്ണം സംഘടിപ്പിക്കും. വൃത്തിയായി പറമ്പിൽ കുഴിച്ചിടുകയുംചെയ്യും. പിന്നീടുള്ളതെല്ലാം ആ തൈതന്നെ ചെയ്തുകൊള്ളണം. സമയാസമയങ്ങളിൽ കായ്ഫലവും നൽകണം. അത്‌ നിർബന്ധമാണ്.


 കാറ്റുവീഴ്ചാരോഗബാധിത സ്ഥലങ്ങളിൽ ഏതെങ്കിലും തൈവെച്ചിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ടാണ് 1987-ൽ രോഗപ്രതിരോധശേഷിയുള്ള തെങ്ങിനങ്ങൾ വികസിപ്പിച്ചെടുക്കാൻ സി.പി.സി.ആർ.ഐ. ശ്രമമാരംഭിച്ചത്. അങ്ങനെ മൂന്നിനങ്ങൾ വികസിപ്പിച്ചെടുത്തു. അതിൽ ‘കല്പരക്ഷയും’ ‘കല്പശ്രീയും’ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളാണ്. ‘കല്പസങ്കര’ രോഗസഹനശേഷിയുള്ള ഇനവും. ചാവക്കാട്, മലയൻ, ന്യൂലേഖ, ഗംഗാബോണ്ടം, ഗുഡാഞ്ജലി എന്നീ കുറിയ പച്ചയിനങ്ങളെ ഉപയോഗിച്ചുള്ള മറ്റു പരീക്ഷണങ്ങൾ നടന്നുവരികയാണെന്ന് സി.പി.സി.ആർ.ഐ. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. റെജി ജെ. തോമസ് പറഞ്ഞു.
 പൊതുവെ കുറിയയിനങ്ങൾക്കാണ് രോഗപ്രതിരോധശേഷി കണ്ടുവരുന്നത്. അതിൽത്തന്നെയും പതിനെട്ടാംപട്ടയെന്ന ചാവക്കാട് ഗ്രീൻ ഡ്വാർഫാണ് (സി.ജി.ഡി. അഥവാ ചാവക്കാട് കുറിയ പച്ച) മികച്ചത്. രോഗബാധിതപ്രദേശങ്ങളിലെ നെടിയയിനങ്ങളിൽ 80 ശതമാനവും രോഗമെടുത്തപ്പോൾ ചാവക്കാട് പച്ചയിൽ 75 ശതമാനം രോഗത്തെ അതിജീവിച്ചതായി കണ്ടു. പക്ഷേ, ഈയിനത്തിന് തേങ്ങയ്ക്ക് വലിയ വലിപ്പമുണ്ടാകില്ല. കൊപ്രയുടെ തൂക്കവും കുറവാണ്. ഉയരം കുറവായതിനാൽ കയറാൻ എളുപ്പമുണ്ടെന്നതും പാചകത്തിന്‌ പറ്റിയ പച്ചത്തേങ്ങയാണെന്നതുമാണ് അനുകൂലഘടകം.
 കരിക്കിനുപറ്റിയ ഇനമാണ് മലയൻ ഗ്രീൻ ഡ്വാർഫ് (എം.ജി.ഡി.) എന്ന മലയൻ പച്ചയിനം. മലേഷ്യയിൽനിന്ന്‌ ഇറക്കുമതിചെയ്ത ഇവൻ മലപ്പുറത്തെ മുണ്ടേരി ഫാമിലും എറണാകുളം നേര്യമംഗലത്തുള്ള നാളികേര വികസന ബോർഡ് (സി.ഡി.ബി.) ഫാമിലും മാത്രമേയുള്ളൂ.


രോഗബാധിതപ്രദേശങ്ങളിൽ ആരോഗ്യത്തോടെനിന്ന് വർഷത്തിൽ 80 തേങ്ങയിലധികംതരുന്ന പശ്ചിമതീര നെടിയയിനത്തിൽനിന്ന്‌ വികസിപ്പിച്ചെടുക്കുന്ന ഡബ്ല്യു.സി.ടി. എലിറ്റ് ഇനങ്ങൾക്കും നല്ല ഡിമാൻഡാണ്.
 പക്ഷേ, ഇതിന്റെയെല്ലാം ലഭ്യതയാണ് വലിയ പ്രശ്നം. സങ്കരയിനങ്ങളും ഹൈബ്രിഡുമെല്ലാം വികസിപ്പിച്ചെടുത്ത സി.പി.സി.ആർ.ഐ.ക്ക്‌ വർഷത്തിൽ 15,000 തൈകൾ മാത്രമാണ് ഉത്‌പാദിപ്പിക്കാനാകുന്നത്. കഴിഞ്ഞ വർഷമിത് 17,000 ആയിരുന്നു. വളരെ ശാസ്ത്രീയമായി വിത്തുതേങ്ങ ഉത്‌പാദിപ്പിക്കുന്നതാണ്‌ എണ്ണക്കുറവിന്‌ കാരണമെന്ന്‌ പ്രാദേശികകേന്ദ്രം തലവൻ ഡോ. കൃഷ്ണകുമാർ പറഞ്ഞു. തൈ കിട്ടണമെങ്കിൽ മുൻകൂറായി അപേക്ഷിക്കണം. നാളികേര വികസനബോർഡിന്റെ നേര്യമംഗലത്തുള്ള ഫാമിൽ കഴിഞ്ഞവർഷം മൊത്തം 1.91 ലക്ഷം തൈകളാണ് ഉത്‌പാദിപ്പിച്ചത്. ഇതിൽ 20,000 കുറിയയിനമുണ്ട്. അവിടെ 12 ലക്ഷം പേരാണ്‌ തൈക്ക്‌ അപേക്ഷിച്ച്‌ കാത്തിരിക്കുന്നത്‌. ബോർഡിന്റെ നേതൃത്വത്തിൽ പുതുതായി പ്രവർത്തനമാരംഭിച്ച നാളികേരോത്‌പാദന കമ്പനികളും ചെറിയതോതിൽ തൈകളുണ്ടാക്കുന്നുണ്ട്‌. 
സംസ്ഥാന കൃഷിവകുപ്പ് പ്രതിവർഷം കഷ്ടി നാലുലക്ഷം തൈകൾ ഉത്‌പാദിപ്പിക്കുന്നു. അതിൽ 2.77 ലക്ഷവും പശ്ചിമതീര നെടിയയിനമാണ്. കാറ്റുവീഴ്ചാ പ്രദേശങ്ങളിൽ ഇത് രോഗത്തിന് ഇരയാകും. 2857 ഡബ്ല്യു.സി.ടി. എലിറ്റ് ഇനങ്ങളാണ് ഉത്‌പാദിപ്പിക്കുന്നത്. 1.11 ലക്ഷം കുറിയയിനങ്ങളും പുറത്തിറക്കുന്നുണ്ട്. മലയൻ യെല്ലോ ഡ്വാർഫ്-8030, ടി x ഡി-19228, ഡി x ടി-21330, സെഗ്രിഗൻസ്-22537, മറ്റു കുറിയയിനങ്ങൾ-40194 എന്നിങ്ങനെയാണിത്. സങ്കരയിനത്തിലെ കരുത്തില്ലാത്ത വിഭാഗമാണ് സെഗ്രിഗൻസ്.


 കാർഷിക സർവകലാശാല ഒന്നരലക്ഷം തൈ ഉത്‌പാദിപ്പിക്കുന്നു. പ്രതിവർഷം കേരളത്തിൽ 28 മുതൽ 30 ലക്ഷം വരെ തെങ്ങിൻതൈ വേണ്ടിടത്താണ് കഷ്ടി നാലുലക്ഷം മാത്രം കൃഷിവകുപ്പ് തയ്യാറാക്കുന്നത്. സി.പി.സി.ആർ.ഐ, നാളികേര വികസന ബോർഡ്, കാർഷിക സർവകലാശാല എന്നിവയെല്ലാം കൂടിയാകുമ്പോൾ മൊത്തം കേരളത്തിൽ ഉത്‌പാദിപ്പിക്കുന്ന തൈകൾ എട്ടുലക്ഷം മാത്രമാണ്. അതിൽത്തന്നെ കൂടുതലും കാറ്റുവീഴ്ചാബാധിത പ്രദേശങ്ങളിൽ നടാൻ പറ്റിയതല്ല. നെടിയ ഇനങ്ങളുമാണ്. കർഷകന് തേങ്ങയിടാനുള്ള സൗകര്യം കണക്കിലെടുത്ത് കുറിയയിനം തെങ്ങുകളെ പ്രോത്സാഹിപ്പിക്കലാണ് പൊതുവായ നയം. പക്ഷേ, യാഥാർഥ്യം മറിച്ചും.
 തെങ്ങിൻതൈ ഉത്‌പാദനം വർധിപ്പിക്കുന്ന കാര്യത്തിൽ ഏത് സർക്കാറിന്റെ കാലത്താണെങ്കിലും കൃഷിവകുപ്പ് പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. 1996-ൽ നടത്തിയ  അസത്യപ്രസ്താവനതന്നെ അതിനുതെളിവ്. കേന്ദ്രസർക്കാറിന്റെ ആവശ്യപ്രകാരം അന്നുനടത്തിയ സർവേയുടെ റിപ്പോർട്ടിൽ ഏതാണ്ട് 10 ലക്ഷം തൈകൾ സർക്കാർതന്നെ ഉത്‌പാദിപ്പിച്ച്‌ വിതരണം ചെയ്യുന്നുണ്ടെന്നും 20 മുതൽ 30 ലക്ഷം വരെ തൈകൾ സ്വകാര്യമേഖലയിൽ ഉത്‌പാദിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു. 20 വർഷത്തിനുശേഷമുള്ള ഉത്‌പാദനത്തിന്റെ കണക്ക് ഏതാണ്ട് നാലുലക്ഷം മാത്രമാണ്. കാർഷിക സർവകലാശാലയെക്കൂടി കണക്കിലെടുത്താൽ അഞ്ചരലക്ഷം.
 വാഗ്ദാനം ഇപ്പോഴും തുടരുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത് 10 ലക്ഷം കുറിയയിനം തെങ്ങുകൾ ഓരോ വർഷവും അധികമായി ഉത്‌പാദിപ്പിച്ച് അഞ്ചുവർഷംകൊണ്ട് 50 ലക്ഷം തെങ്ങുകൾ സംസ്ഥാനത്ത് നീര ഉത്‌പാദനത്തിന് തയ്യാറാക്കുമെന്നാണ്. ‘എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം’ എന്നുമാത്രമേ ഈ പ്രസ്താവനയെ വിശേഷിപ്പിക്കാനാകൂ.
 രോഗവ്യാപനത്തിന്റ ചരിത്രം സർവേകളിലൂടെ വ്യക്തമാണ്. അടുത്തത് സർവേയിൽ പ്രതിഫലിച്ച രോഗാവസ്ഥ.

കുറിയ ഇനങ്ങളും 
സങ്കരയിനങ്ങളും-3 ഇന്ന് ഇന്ത്യയിലുള്ള 98 ശതമാനം തെങ്ങുകളും നെടിയ ഇനങ്ങളാണ്.ഇതിൽ ഭൂരിഭാഗവും പശ്ചിമതീര നെടിയ ഇനമെന്ന ഡബ്ലിയു.സി.ടി.ആണ്. പതിനെട്ടാം പട്ടയും ചെന്തെങ്ങുമാണ് കേരളത്തിലെ സാധാരണക്കാർ അറിയുന്ന കുറിയ (ഡ്വാർഫ്) ഇനങ്ങൾ. ചാവക്കാട് പച്ച കുറിയ ഇനമാണ് പതിനെട്ടാംപട്ട. ചാവക്കാട് ഓറഞ്ച് ഡ്വാർഫ് (സി.ഒ.ഡി.) ചെന്തെങ്ങും. കുറിയ ഇനങ്ങളിൽ നല്ല വിളതരുന്ന മലയൻ ഗ്രീൻ ഡ്വാർഫും മലയൻ ഓറഞ്ച് ഡ്വാർഫും മലേഷ്യയിൽനിന്നും കൊണ്ടുവന്ന കുറിയ ഇനങ്ങളാണ്. കുറിയ ഇനം തെങ്ങിന്റെ പെൺപൂവിൽ നെടിയ ഇനത്തിന്റെ പരാഗരേണുക്കൾ പതിച്ചുണ്ടാക്കുന്ന പരാഗണം വഴിയാണ് സങ്കരയിനം തൈകൾ ഉണ്ടാക്കുന്നത്. തിരിച്ചും ചെയ്യാം. ഡിxടി, ടിxഡി എന്നിവ ഇതുപോലുള്ള സങ്കരയിനങ്ങളാണ്. ടിxഡി-യിൽ മാതൃവൃക്ഷം നെടിയ ഇനമാണ്. 

 വിത്തുതേങ്ങ ഉത്‌പാദനത്തിൽ
  മുന്നേറ്റംവേണം ഇന്ത്യയിൽ ഒരുവർഷം 100 ലക്ഷം തെങ്ങിൻതൈകൾ വേണം. പക്ഷേ, ഉത്‌പാദിപ്പിക്കുന്നതാകട്ടെ 30 ലക്ഷംമാത്രം. വിതരണത്തിനെത്തുന്ന നല്ലൊരു ശതമാനവും ഗുണനിലവാരം പുലർത്താത്തവയാണ്.  
 തെങ്ങിൻതൈ നല്ലതാകണമെങ്കിൽ മാതൃവൃക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രധാനമാണ്. നെടിയ ഇനമാണെങ്കിൽ രോഗാവസ്ഥയില്ലാത്ത തോട്ടത്തിൽ ചുരുങ്ങിയത് വർഷത്തിൽ 100 തേങ്ങയെങ്കിലും കിട്ടുന്ന 20 വയസ്സിനു മുകളിൽ പ്രായമായ തെങ്ങായിരിക്കണം. കുറിയയിനത്തിന്റെ പ്രായം എട്ടിനും 30 വയസ്സിനുമിടയിലായിരിക്കണം. രണ്ടിലും 30 ഓലയെങ്കിലും വേണം. ചുരുങ്ങിയത് 12 കുലയും.
 രാജ്യത്ത് ഏറ്റവും കൂടുതൽ തെങ്ങുകളുള്ള കേരളത്തിൽ കൃഷിവകുപ്പിനുകീഴിൽ എട്ട് നാളികേര നഴ്‌സറികളേയുള്ളൂ. വിത്തുതേങ്ങയാകട്ടെ കുറ്റ്യാടി, പെരുമ്പടപ്പ്, ചാവക്കാട് എന്നിവിടങ്ങളിൽനിന്നും സംഭരിക്കുന്നു. മുണ്ടേരി ഫാമിൽ കുറച്ചു മലയൻ യെല്ലോ ഡ്വാർഫ് ഇനങ്ങളുണ്ട്.
 മൂന്നുവർഷംകൊണ്ടേ ഒരു തൈ വളർത്തിയെടുക്കാനാകൂ. ഇത്തരം സങ്കീർണതകൾക്കിടയിൽ ഭരണാധികാരികൾ ഒന്നുമറിയാതെയാണ് തൈ ഉത്‌പാദനം കൂട്ടുമെന്ന് പ്രഖ്യാപിക്കുന്നത്. തൈ ഉത്‌പാദനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന കാർഷിക സർവകലാശാലയുടെ പീലിക്കോട് കേന്ദ്രത്തിൽ 42 ശാസ്ത്രജ്ഞർ വേണ്ടിടത്ത് നാലുപേരാണുള്ളത്. പിന്നെങ്ങനെ തൈ ഉത്‌പാദനം കൂടും?
 -1ആരോഗ്യമുള്ള തെങ്ങിലെ എല്ലാ തേങ്ങയും വിത്തുതേങ്ങയാക്കാനും പറ്റില്ല. അതിൽത്തന്നെ നല്ല തിരഞ്ഞെടുപ്പുവേണം. കൂടാതെ സങ്കരയിനം തെങ്ങിൻതൈ ഉത്‌പാദനമാകട്ടെ വളരെ ശ്രമകരവും കഠിനാധ്വാനം ആവശ്യമായിട്ടുള്ളതുമാണ്. പലതവണ തെങ്ങിൽ കയറിമാത്രമേ വിത്തുതേങ്ങയുത്‌പാദനം നടത്താനാവൂ. രാജ്യത്തെ മിക്കവാറും ഫാമുകളിൽ കണിശമായ നിയന്ത്രണങ്ങൾ പാലിക്കാതെയാണ് വിത്തുത്‌പാദനം നടത്തുന്നതെന്ന് ശാസ്ത്രജ്ഞന്മാർക്ക് പരാതിയുണ്ട്.


(തുടരും)