കേര(ള)ം എങ്ങോട്ട്? - 3
പല പരീക്ഷണങ്ങളും രോഗത്തിനു വിധേയമായി. അവയുടെ ബാക്കിപത്രമാണ് തുടക്കത്തില്‍പ്പറഞ്ഞ രോഗബാധിത തെങ്ങുകളും രോഗമില്ലാതെ കായ്ച്ചുനില്‍ക്കുന്ന കുറിയയിനം തെങ്ങുകളും 


 കായംകുളത്തിനടുത്തുള്ള കൃഷ്ണപുരം അവിടത്തെ കൊട്ടാരമികവിനാല്‍ പ്രശസ്തമാണ്. എന്നാല്‍, 'കാറ്റുവീഴ്ചബാധിതകേരള'ത്തിന് മറക്കാനാവാത്ത മറ്റൊരു സ്ഥാപനം കൃഷ്ണപുരത്തുണ്ട്. അതാണ് സി.പി.സി.ആര്‍.ഐ.യുടെ പ്രാദേശികകേന്ദ്രം. അവിടേക്ക് കാലുകുത്തുമ്പോഴറിയാം, കാറ്റുവീഴ്ചയെന്ന രോഗത്തിന്റെ താണ്ഡവം.


 രോഗബാധിതമായ ഒട്ടേറെ തെങ്ങുകള്‍ അവിടെ പരീക്ഷണങ്ങളെ തോല്‍പ്പിച്ച അഹന്തയില്‍ പലയിടങ്ങളിലായി നിരന്നുനില്‍ക്കുന്നു. കവാടത്തിന്റെ വലതുവശത്താകട്ടെ മണ്ണിലേക്കു ചാഞ്ഞുള്ള കുലകളുമായി വിജയപ്രതീകങ്ങളായ ചില തെങ്ങുകളും കാണാം.


 കാറ്റുവീഴ്ച ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഈരാറ്റുപേട്ടയില്‍, ഗവേഷണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ബ്രിട്ടീഷ് ഭരണകൂടം, തുടര്‍പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കിയത് തിരുവിതാംകൂര്‍ രാജാവ്, ഗവേഷണപ്രവര്‍ത്തനം കാര്യമായി നടന്നതാകട്ടെ കൃഷ്ണപുരത്തും. കാരണം മറ്റൊന്നുമല്ല.1 കാറ്റുവീഴ്ച പുഴയോടും കടലിനോടും ചേര്‍ന്ന പ്രദേശങ്ങളില്‍ മാത്രമല്ല, ഉള്‍നാട്ടിലേക്കും കാര്യമായി പടര്‍ന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ട എം.കെ. വര്‍ഗീസാണ് കായംകുളം തന്റെ ഗവേഷണ ഇടമായി ആദ്യം തിരഞ്ഞെടുത്തത്. കായംകുളത്തെ ഗുരുതരമായ കാറ്റുവീഴ്ചബാധിതപ്രദേശമായ 10.35 ചതുരശ്ര കിലോമീറ്ററോളം വരുന്ന സ്ഥലത്ത് അദ്ദേഹം ഒരു സര്‍വേയും നടത്തി. കാറ്റുവീഴ്ചയ്‌ക്കെതിരെ കേരളംകണ്ട ആദ്യസര്‍വേ. ഒരു കാര്യംകൂടി ഇതില്‍നിന്ന് വായിച്ചെടുക്കേണ്ടതുണ്ട്. പഴയ ശാസ്ത്രജ്ഞരുടെയും ഭരണാധികാരികളുടെയും പ്രതിജ്ഞാബദ്ധതയും ദിശാബോധവും!


 1920കളില്‍ നടന്ന ആ സര്‍വേയില്‍ 60,545 തെങ്ങുകള്‍ പഠനവിധേയമാക്കി. രോഗമുള്ളവ എത്രയെന്നും രോഗതീവ്രത എത്രയെന്നും ഓരോന്നിന്റെതായി അദ്ദേഹം വിലയിരുത്തി. രോഗമുള്ളവ വെട്ടിമാറ്റി മറ്റുള്ളവയെ നന്നായി പരിപാലിക്കണമെന്ന നിഗമനത്തിലെത്താന്‍ വര്‍ഗീസിനെ തുണച്ചത് ഈ കണക്കുകളാണ്.
 രോഗതീവ്രത പരിഗണിച്ചാണ് സ്വാതന്ത്ര്യം കിട്ടിയശേഷവും ഗവേഷണകേന്ദ്രം കായംകുളത്ത് നിലനിര്‍ത്താന്‍ ഇന്ത്യന്‍ കാര്‍ഷികഗവേഷണ കൗണ്‍സില്‍ തീരുമാനിച്ചത്.


  സ്‌റ്റെഫാനിറ്റിസ് ടിപ്പിക എന്ന റേന്തപത്രി(ലേസ് ബഗ്)യിലൂടെയും പ്രോസ്റ്റിറ്റ മോയിസ്റ്റ എന്ന ഇലച്ചാടി അഥവാ പുല്‍ച്ചാടി(പ്ലാന്റ് ഹോപ്പര്‍)യിലൂടെയും ഫൈറ്റോപ്ലാസ്മ പരത്തുന്നതാണ് രോഗത്തിനു കാരണമെന്ന സുപ്രധാന കണ്ടെത്തല്‍ കായംകുളം കേന്ദ്രത്തിന്റേതാണ്. ഫൈറ്റോപ്ലാസ്മ പരത്തുന്ന രോഗം നിലവിലെ വൃക്ഷസംരക്ഷണമാര്‍ഗങ്ങളിലൂടെ ഇല്ലാതാക്കാനാവില്ല. അതിനാല്‍ രോഗം ബാധിക്കാത്ത ഇനം തെങ്ങുകളെ വികസിപ്പിച്ചെടുക്കുക, രോഗതീവ്രതയെ നിയന്ത്രിച്ചും നല്ല പരിപാലനത്തിലൂടെയും നാളികേര ഉത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ഈ കേന്ദ്രത്തില്‍ ഇപ്പോള്‍ നടന്നുവരുന്നത്.
 പല പരീക്ഷണങ്ങളും രോഗത്തിനു വിധേയമായി. അവയുടെ ബാക്കിപത്രമാണ് തുടക്കത്തില്‍പ്പറഞ്ഞ രോഗബാധിതതെങ്ങുകളും രോഗമില്ലാതെ കായ്ച്ചുനില്‍ക്കുന്ന കുറിയയിനം തെങ്ങുകളും.  ഗവേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വിത്തുദോഷം, വളക്കുറവ്, ജലാംശത്തിന്റെ ഏറ്റക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ പരീക്ഷിച്ചുതള്ളി. കാറ്റുവീഴ്ചയെ പ്രതിരോധിക്കുന്ന തെങ്ങിനങ്ങളെ ശാസ്ത്രീയ പ്രജനനപ്രക്രിയയിലൂടെ കണ്ടെത്താനാണ് പിന്നീടു ശ്രമിച്ചത്. 1961ല്‍ തുടങ്ങിയ ഈ പരീക്ഷണത്തില്‍ സി.പി.സി.ആര്‍.ഐ.യുടെ ജനിതകശേഖരത്തിലുള്ള 84 തെങ്ങിനങ്ങളും 64 സങ്കരയിനങ്ങളും ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടു. തുടര്‍ന്ന് കുറിയ ഇനങ്ങളെയും നെടിയ ഇനങ്ങളെയും വെച്ചുള്ള പല പരീക്ഷണങ്ങള്‍ കര്‍ഷകരുടെ തോട്ടങ്ങളിലും കായംകുളത്തെ റീജണല്‍ സ്‌റ്റേഷന്‍ തോട്ടത്തിലുമായി നടന്നു. അതും വിജയിച്ചില്ല.
 1977 മുതല്‍ 81 വരെയുള്ള കാലഘട്ടത്തില്‍ കൊല്ലം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലെ രോഗബാധിത പ്രദേശങ്ങളില്‍നിന്ന് രോഗപ്രതിരോധശേഷിയുള്ള പശ്ചിമതീര നെടിയ(വെസ്റ്റ് കോസ്റ്റ് ടാള്‍ഡബ്‌ള്യു.സി.ടി.) ഇനത്തെ കണ്ടെത്താനുള്ള വ്യാപക ശ്രമഫലമായി നൂറോളം തെങ്ങുകളെ കണ്ടെത്തി.


 1988ല്‍ ഒരു സമഗ്ര പ്രജനന ഗവേഷണപരിപാടിക്ക് തുടക്കമിട്ടു. അങ്ങനെ 2008 ജൂലായില്‍ മലയന്‍ കുറിയ പച്ചയില്‍നിന്ന് 'കല്പരക്ഷ' എന്നയിനം വികസിപ്പിച്ചെടുത്തു. കുറിയ ഇനമായ പതിനെട്ടാംപട്ട അഥവാ ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫ് (സി.ജി.ഡി.) രോഗപ്രതിരോധശേഷി കൂടുതലുള്ള ഇനമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. അതില്‍നിന്ന് 2012 മാര്‍ച്ചില്‍ 'കല്പശ്രീ' വികസിപ്പിച്ചെടുത്തു. തുടര്‍ന്ന് കാറ്റുവീഴ്ചാ സഹനശേഷിയുള്ള സങ്കരയിനമായി 'കല്പസങ്കര' തയ്യാറാക്കിയത് കേന്ദ്രത്തിന്റെ നേട്ടമായി. ചാവക്കാട് കുറിയ പച്ച മാതൃവൃക്ഷവും രോഗബാധിതപ്രദേശങ്ങളില്‍ വളരുന്ന രോഗവിമുക്തവും അത്യുത്പാദനശേഷിയുള്ളതുമായ ഡബ്‌ള്യു.സി.ടി. പിതൃവൃക്ഷവുമായിക്കണ്ട് നടത്തിയ സങ്കരണത്തിലാണ് 'കല്പസങ്കര' പിറന്നത്.  പ്രതിരോധനടപടികള്‍ എത്രമാത്രം മുന്നേറിയെന്ന് ഇനിനോക്കാം. 

ഫൈറ്റോപ്ലാസ്മയെ വിടാം;മറുവഴി തേടാം

  സൂക്ഷ്മാണുക്കളായ ഫൈറ്റോപ്ലാസ്മയെ നിയന്ത്രിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ മാത്രമാണ് വഴി. സി.പി.സി.ആര്‍.ഐ.യില്‍ നടന്ന പരീക്ഷണത്തില്‍ ടെട്രാസൈക്‌ളിനാണ് പരീക്ഷിച്ചിരുന്നത്.
രാസമരുന്നുകള്‍ വൃക്ഷങ്ങളില്‍ ഉപയോഗിക്കുന്നതിന് അന്താരാഷ്ട്ര വിലക്കുണ്ട്. അതുകൊണ്ടുതന്നെ ആന്റിബയോട്ടിക് പ്രയോഗത്തിലൂടെ രോഗനിയന്ത്രണമാകില്ല. മാത്രമല്ല, കുത്തിവെച്ച മരുന്നിന്റെ വീര്യം കഴിയുന്നതോടെ തെങ്ങില്‍ വീണ്ടും ഫൈറ്റോപ്ലാസ്മയുടെ ആക്രമണം വരും. ചുരുക്കിപ്പറഞ്ഞാല്‍ രോഗമുക്തി ഇല്ലെന്നര്‍ഥം.


അതിനാല്‍ ഫൈറ്റോപ്ലാസ്മ ഉണ്ടാക്കുന്ന രോഗലക്ഷണങ്ങള്‍ തെങ്ങിന് വിനയാകാതിരിക്കാന്‍ പ്രതിരോധമാര്‍ഗം സ്വീകരിക്കുകയാണുവേണ്ടത്. ഫൈറ്റോപ്ലാസ്മ പിടികൂടിയ തെങ്ങ് ക്ഷീണിക്കും. ഉടനെ ഓലചീയാന്‍ തുടങ്ങും. അതിന്റെ നിയന്ത്രണമാണ് പ്രധാനം.
ചീയല്‍ ബാധിച്ച നാമ്പോലയുടെയും തൊട്ടടുത്തുള്ള ഒന്നുരണ്ട് ഓലകളുടെയും ചീഞ്ഞഭാഗങ്ങള്‍ നീക്കംചെയ്ത് നശിപ്പിച്ചതിനുശേഷം ഹെക്‌സാകൊണസോള്‍ (അഞ്ച് ഇ.സി.) രണ്ട് മി.ലി., 300 മി.ലി. വെള്ളത്തില്‍ കലക്കി നാമ്പോലക്കവിളുകളില്‍ ഒഴിച്ചുകൊടുക്കാം. അല്ലെങ്കില്‍ പൊടിരൂപത്തിലുള്ള സ്യൂഡോമോണസ് ഫ്‌ളൂറന്‍സോ ബാസില്ലസ് സബ്റ്റിലിസോ 50 ഗ്രാം (ഓരോന്നോ മിശ്രിതമോ) അരലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിച്ചുകൊടുക്കാം. ഇതിലേതെങ്കിലും ഒന്ന് ഏപ്രില്‍മെയിലും ഒക്ടോബര്‍നവംബറിലുമായി കാറ്റുവീഴ്ചരോഗമുള്ള തെങ്ങുകളില്‍ ചെയ്തിരിക്കണമെന്ന് സി.പി.സി.ആര്‍.ഐ. ഡോ. പി. അനിതകുമാരിയും ഡോ. മെറിന്‍ ബാബുവും പറഞ്ഞു.


മണ്ണുപരിശോധിച്ചശേഷമുള്ള പോഷകപരിപാലനവും വേണം. അമ്ലക്ഷാര നില ക്രമീകരിക്കാന്‍ ഒരു കി.ഗ്രാം ഡോളൊമൈറ്റ് അല്ലെങ്കില്‍ കുമ്മായം തെങ്ങൊന്നിന് എല്ലാ വര്‍ഷവും കൊടുക്കാം. ആവശ്യമനുസരിച്ച് 500 ഗ്രാം പാക്യജനകം, 300 ഗ്രാം ഭാവഹം, ഒരു കി.ഗ്രാം ക്ഷാരം, 500 ഗ്രാം മഗ്‌നീഷ്യം സള്‍ഫേറ്റ് എന്നിവയും നല്‍കാം.
25 കി.ഗ്രാം കാലിവളം അല്ലെങ്കില്‍ 10 കി.ഗ്രാം മണ്ണിരക്കമ്പോസ്റ്റ് 100 ഗ്രാം െ്രെടക്കോഡെര്‍മ ചേര്‍ത്ത് ഒരു തെങ്ങിന് വര്‍ഷത്തില്‍ നല്‍കണം. തെങ്ങിന്‍തടങ്ങളില്‍ 50100 ഗ്രാം വന്‍പയര്‍ വിതച്ച് പൂക്കാന്‍ തുടങ്ങുമ്പോള്‍ മണ്ണില്‍ ചേര്‍ക്കണം. മുമ്പുപറഞ്ഞ സമയത്ത് വര്‍ഷത്തില്‍ രണ്ടുതവണയാകാം.
ബോറോണിന്റെ കുറവുണ്ടെങ്കില്‍ 120180 ഗ്രാം ബോറോക്‌സ് നാലുതവണയായി തടത്തില്‍ ചേര്‍ത്തുനല്‍കാം. മണ്ണ്ജല സംരക്ഷണവും നീര്‍വാര്‍ച്ചാ സൗകര്യവും ഉറപ്പുവരുത്തണം. വേരിന്റെ വളര്‍ച്ച ത്വരപ്പെടുത്താന്‍ വായുസഞ്ചാരം സുഗമമാക്കണം.
മറ്റ് രോഗലക്ഷണങ്ങള്‍ നിരീക്ഷിച്ച് കീടാക്രമണത്തെ തുടക്കത്തിലേ നിയന്ത്രിക്കണം.

മുഖംരക്ഷിച്ചത് സോളമന്‍
  കാറ്റുവീഴ്ചയ്ക്ക് കാരണം സൂക്ഷ്മാണുജീവിയായ ഫൈറ്റോപ്ലാസ്മയാണെന്ന് കണ്ടെത്തിയത് മധുര സ്വദേശി ഡോ. ജെ.ജെ. സോളമനാണ്. നൂറിലേറെ ശാസ്ത്രജ്ഞരുടെ മുഖംരക്ഷിച്ച കണ്ടുപിടിത്തമാണിത്.
 1981ല്‍ രോഗകാരണം കണ്ടെത്താന്‍ നടത്തിയ തീവ്രശ്രമത്തിനാണ് 1983ല്‍ ഫലമുണ്ടായത്. സൂക്ഷ്മാണുക്കളാണ് രോഗത്തിനുപിന്നിലെന്ന നിഗമനത്തില്‍ നടത്തിയ പരീക്ഷണത്തില്‍ തെങ്ങിന്റെ സംവഹനകല(വാസ്‌കുലര്‍ ടിഷ്യു)യില്‍മാത്രം കാണാവുന്ന രോഗാണുക്കളെ ഇലക്‌ട്രോണിക് സൂക്ഷ്മദര്‍ശിനിവഴി കണ്ടെത്തി. കോശഭിത്തിയോ കൃത്യമായ ആകൃതിയോ ഇല്ലാത്തവയാണ് ഫൈറ്റോപ്ലാസ്മ.


 അതിനാല്‍ ഇവയെ വഹിക്കുന്ന കീടം ഏതാണെന്ന് കണ്ടെത്താനായി അടുത്തശ്രമം. റേന്തപത്രി ആകാമെന്ന് ഡോ. ടി. ശാന്തയുടെയും ഡോ. മാത്തന്റെയും പഠനത്തില്‍ നേരത്തേ കണ്ടെത്തിയിരുന്നു. അതോടൊപ്പം മറ്റെന്തെങ്കിലും കീടാക്രമണമുണ്ടോയെന്നറിയാന്‍ ഡോ. പി. രാജന്റെ സഹായത്തോടെ കെണിയൊരുക്കിയുള്ള പരീക്ഷണത്തില്‍ ഇലച്ചാടിയും രോഗാണുവാഹകനാണെന്ന് കണ്ടെത്തി. റേന്തപത്രിയുടെ തലച്ചോറ്, ഉമിനീര്‍ഗ്രന്ഥി എന്നിവിടങ്ങളിലും ഇലച്ചാടിയുടെ ഉമിനീര്‍ഗ്രന്ഥിയിലുമാണ് ഫൈറ്റോപ്ലാസ്മയെ കണ്ടെത്തിയത്.

 

മണ്ണിന്റെ കുഴപ്പമെന്ന വാദം അവഗണിക്കപ്പെട്ടു
  കാറ്റുവീഴ്ചയ്ക്ക് കാരണം മണ്ണിന്റെ രാസഘടനയിലെ പ്രത്യേകതകളാണെന്ന വാദം, ഫൈറ്റോപ്ലാസ്മ സിദ്ധാന്തത്തിനുശേഷവും ഉയര്‍ന്നിരുന്നെങ്കിലും അവഗണിക്കപ്പെട്ടു.


 ഫൈറ്റോപ്ലാസ്മയുടെ രോഗവാഹകരായ റേന്തപത്രിയും ചെടിച്ചാടിയും കേരളത്തിലെല്ലായിടത്തുമുണ്ട്. എന്തുകൊണ്ട് രോഗം തൃശ്ശൂര്‍മുതല്‍ തിരുവനന്തപുരംവരെമാത്രം പടരുന്നുവെന്ന അടിസ്ഥാനപരമായ ചോദ്യമാണ് ശാസ്ത്രജ്ഞരുടെ മറ്റൊരു സംഘം ഉന്നയിച്ചത്.


 ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ഡയറക്ടറായിരുന്ന ഡോ. എം.എസ്. വല്യത്താന്‍ നടത്തിയ ഒരു ഗവേഷണത്തില്‍ മനുഷ്യനിലുണ്ടാകുന്ന മയോകാര്‍ഡിയല്‍ ഫൈബ്രോയിഡ് എന്ന ഹൃദയരോഗവും തെങ്ങിന്റെ കാറ്റുവീഴ്ചരോഗവും സീറിയം എന്ന അപൂര്‍വ ഭൗമമൂലകത്തിന്റെ ആധിക്യവും മഗ്‌നീഷ്യത്തിന്റെ പോരായ്മയുംകൊണ്ട് ഉണ്ടാകുന്നതാണെന്ന് നിരീക്ഷിച്ചിരുന്നു.


 തുടര്‍ന്ന് കാര്‍ഷികസര്‍വകലാശാലാ ഡീന്‍ ആയിരുന്ന ഡോ. പി.എ. വാഹിദിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണിലെ രാസഘടകങ്ങളെക്കുറിച്ച് പരീക്ഷണം നടത്തി. 


തെക്കന്‍ ജില്ലകളിലെ മണ്ണില്‍ ഗാഡോലിനിയത്തിന്റെ അംശം മലപ്പുറംമുതല്‍ കാസര്‍കോട്‌വരെയുള്ള ജില്ലകളിലുള്ളതിനെക്കാള്‍ കുറവാണെന്ന് അവര്‍ കണ്ടു. പക്ഷേ, തുടര്‍പരീക്ഷണങ്ങള്‍ നടന്നില്ല.
 തെങ്ങുകള്‍ വെട്ടിമാറ്റുകയെന്ന പരിഹാരമാര്‍ഗത്തില്‍മാത്രം ഊന്നാതെ മണ്ണിന്റെ രാസഘടനയിലെ പ്രത്യേകതകളെക്കുറിച്ചുള്ള പഠനം തുടരണമെന്ന ആവശ്യത്തില്‍ ഡോ. വാഹിദ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു.