മുൻവർഷങ്ങളിൽ കാണപ്പെട്ടതുപോലെ കേരളത്തിലെ പ്രധാന മത്സ്യബന്ധന ഹാർബറുകളെല്ലാംതന്നെ മത്സ്യക്കുഞ്ഞുങ്ങളുടെ വിപണനകേന്ദ്രങ്ങളായി മാറിയതിന് ഈവർഷവും നാം സാക്ഷ്യംവഹിച്ചു. കേരളത്തിലെ പ്രധാന മത്സ്യബന്ധനയാനങ്ങളായ ബോട്ടം ട്രോളറുകൾ (കടലിന്റെ അടിത്തട്ടിൽ വലവലിച്ച് മീൻപിടിക്കുന്നവ) മിക്കവയും കൂടുതൽ ശ്രദ്ധിക്കുന്നത് ചെറുമത്സ്യങ്ങളെയും ഭക്ഷ്യയോഗ്യമല്ലാത്തതും എന്നാൽ, കടലിന്റെ ആവാസവ്യവസ്ഥയ്ക്ക് ഒഴിച്ചുകൂടാനാവാത്തതുമായ ജീവജാലങ്ങളെയും മറ്റും പിടിച്ചുകൊണ്ടുവരുന്നതിലാണ്. ഇവയെ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലുള്ള മീൻതീറ്റനിർമാണ ഫാക്ടറികളിലേക്ക്‌ അസംസ്കൃതപദാർഥങ്ങളായാണ് അയയ്ക്കുന്നത്.

    കേരളത്തിലെ പ്രധാന മത്സ്യവിഭവങ്ങളായ മത്തി, കിളിമീൻ, അയല എന്നിവയ്ക്കുപുറമേ കയറ്റുമതിയിനങ്ങളായ കൂന്തൾ, കണവ, ആവോലി, തളയൻ, ലെതർ ജാക്കറ്റ് (ഉടുപ്പൂരി) എന്നിവയുടെ കുഞ്ഞുങ്ങളെയുമാണ് ഇപ്രകാരം ടൺകണക്കിനുപിടിച്ച് നശിപ്പിക്കുന്നത്. ഈ ചെറുമീനുകൾ നാളെയുടെ പ്രധാന വരുമാനമാർഗമാണ് എന്നറിയാമെങ്കിലും ഇന്നത്തെ ചെറിയലാഭത്തിനായി കൊയ്തെടുക്കുകയാണ്. ഇതുമൂലം കോടിക്കണക്കിനുരൂപയുടെ വിപണനമൂല്യമുള്ള മത്സ്യസമ്പത്താണ് നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം മത്സ്യം കയറ്റുമതിചെയ്തതുവഴി ഏകദേശം 33,000 കോടി രൂപയുടെ വിദേശനാണ്യം രാജ്യംനേടിയെന്നത് നാം മറന്നുകളഞ്ഞു.

വളംപിടിക്കൽ

വളംപിടിക്കൽ എന്ന ഓമനപ്പേരിലാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇങ്ങനെ ചെറുമത്സ്യങ്ങളെയും മറ്റ് ഭക്ഷ്യയോഗ്യമല്ലാത്ത കടൽജീവജാലങ്ങളെയും പിടിച്ചുകൊണ്ടുവരുന്നതറിയപ്പെടുന്നത്. മേൽസൂചിപ്പിച്ചതുപോലെ തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ മീൻതീറ്റ നിർമാണ ഫാക്ടറികളിലെ പ്രധാന അസംസ്കൃതപദാർഥങ്ങളായാണ് ഇവയെ വിൽക്കുന്നത്. ഈ മീൻതീറ്റനിർമാണ ഫാക്ടറികൾ പ്രധാനമായും ആന്ധ്ര, തമിഴ്‌നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ ചെമ്മീൻപാടങ്ങളിൽ വളർത്തുന്നതും ഏറെ കയറ്റുമതി മൂല്യമുള്ളതുമായ വനാമി ചെമ്മീൻകൃഷിക്കുള്ള തീറ്റയാണുണ്ടാക്കുന്നത്.

    സാധാരണഗതിയിൽ ട്രോളിങ്‌ നടത്തുമ്പോൾ വിപണനമൂല്യമുള്ളതും ഭക്ഷ്യയോഗ്യവുമായ മീനുകൾക്കുപുറമേ കടലിന്റെ അടിത്തട്ടിലുള്ള നക്ഷത്രമത്സ്യങ്ങൾ, ശംഖുകൾ, കടൽച്ചെള്ളുകൾ എന്നിവയും ധാരാളമായി കിട്ടാറുണ്ട്. വിപണനത്തിനുള്ള മത്സ്യങ്ങളെ തിരഞ്ഞെടുത്തശേഷം മറ്റുള്ളവയെ തിരികെ കടലിൽ നിക്ഷേപിക്കുകയാണ് പതിവ്. എന്നാൽ, ചെമ്മീൻതീറ്റനിർമാണ ഫാക്ടറികൾ ധാരാളമായി ഉണ്ടായതുവഴി ഇങ്ങനെ വിപണനമൂല്യം കുറഞ്ഞ ബൈക്യാച്ച് ജീവജാലങ്ങൾക്ക് വലിയ ഡിമാൻഡുണ്ടാവുകയും അവയെ കരയിലേക്ക് കൊണ്ടുവരാനും തുടങ്ങി.
    എന്നാൽ, ഇപ്പോൾ ബോട്ടുകൾ മത്സ്യമില്ലാത്ത സ്ഥലങ്ങളിലും ബൈക്യാച്ചിനായിമാത്രം രാത്രികാലങ്ങളിൽ വലയിറക്കി വലിക്കുന്നു. ചില ബോട്ടുകൾ ഈ പണിയിൽമാത്രം ഏർപ്പെടുന്നു. ഇതോടൊപ്പം ധാരാളം മത്സ്യക്കുഞ്ഞുങ്ങളും നശിപ്പിക്കപ്പെടുന്നു. ഇതുവഴി കടലിലെ ഭക്ഷ്യച്ചങ്ങലയിലെ കണ്ണികൾ അറ്റുപോവുകയും കടലിന്റെ ആവാസവ്യവസ്ഥ തകരുകയും ചെയ്യുന്നു. 

    ഒരു കിലോയ്ക്ക് കേവലം 10-15 രൂപ നിരക്കിലാണ് മത്സ്യക്കുഞ്ഞുങ്ങളെയും മറ്റ് കടൽജീവജാലങ്ങളെയും വിൽക്കുന്നത്. എന്നാൽ, ഈ മത്സ്യക്കുഞ്ഞുങ്ങളെ വളരാനനുവദിച്ചാൽ പിന്നീട് കിലോയ്ക്ക് 150-200 രൂപ കിട്ടുന്നവയായിരിക്കുമെന്ന്‌ ചിന്തിക്കുന്നില്ല. ആർക്കാണിതിന്റെ നഷ്ടം? 

മത്സ്യസമ്പത്തിലുണ്ടാകുന്ന നഷ്ടം

ഇന്നത്തെ മത്സ്യക്കുഞ്ഞുങ്ങൾ നാളെയുടെ നമ്മുടെ വലിയ സമ്പത്താണ്. അവയെ വളരാനും ജീവിക്കാനും അനുവദിക്കേണ്ടത് നമ്മുടെ ജീവിതമാർഗത്തിനുകൂടി ആവശ്യമാണ്. മത്സ്യക്കുഞ്ഞുങ്ങളുടെ കൂട്ട നശീകരണം നമ്മുടെ തീരങ്ങളെ വറുതിയിലേക്കും പട്ടിണിയിലേക്കും നയിക്കും. കേരളതീരത്ത് ഡിസംബർ-ജനവരി മാസങ്ങളിൽ ധാരാളം മത്സ്യക്കുഞ്ഞുങ്ങളെ കാണാറുണ്ട്. ഈ സമയത്ത് വലിയ തോതിൽ ഇവയെ പിടിക്കുന്നത് വരുംകാലങ്ങളിൽ മത്സ്യലഭ്യത കുറയാൻ കാരണമാകും.

  നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ ധാരാളം തളയൻ മത്സ്യങ്ങൾ (റിബ്ബൺ ഫിഷ്) ലഭിക്കാറുള്ളതാണ്. ഈവർഷം ഇവ കാര്യമായി ലഭിച്ചില്ലയെന്ന് ബോട്ടുകാർ തന്നെ സമ്മതിക്കുന്നുണ്ട്. കഴിഞ്ഞവർഷങ്ങളിൽ തളയൻ മത്സ്യക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടിച്ച് മത്സ്യത്തീറ്റ നിർമാണത്തിന് കൊണ്ടുപോയതാണിതിനു കാരണമെന്നും അവർ പറയുന്നുണ്ട്. അതുപോലെത്തന്നെ മുൻവർഷങ്ങളിൽ ടൺകണക്കിന് ഉടുപ്പൂരി (ലെതർ ജാക്കറ്റ്) മത്സ്യക്കുഞ്ഞുങ്ങളെ ഇതേകാര്യത്തിനായി പിടിച്ച് നശിപ്പിച്ചതിനാൽ, ഈ വർഷം അതിന്റെ ലഭ്യതയും ഗണ്യമായിക്കുറഞ്ഞു. ഇതുതന്നെയാവും മറ്റു മത്സ്യങ്ങളുടെ കാര്യത്തിലും സമീപഭാവിയിൽ സംഭവിക്കാൻ പോകുന്നതെന്നും ഈ മേഖലയിലുള്ളവർ പറയുന്നു.

    ഫിഷറീസ് മേഖലയിൽ പുതിയ മത്സ്യബന്ധന തുറമുഖങ്ങളുടെയും ലാൻഡിങ്‌ സെന്ററുകളുടെയും നിർമാണം ഉൾപ്പെടെ നിരവധി വികസനപരിപാടികൾ വിവിധ ഡിപ്പാർട്ടുമെന്റുകളും ഏജൻസികളും വഴി നടത്തിക്കൊണ്ടിരിക്കുന്നു. മത്സ്യസമ്പത്തിന്റെ നശീകരണവും അമിതചൂഷണവും മൂലം ഇപ്പോഴുള്ള ഹാർബറുകളും ലാൻഡിങ്‌ സെന്ററുകൾ പോലും ഉപയോഗശൂന്യമായേക്കാം. മത്സ്യ സമ്പത്തിനെ സംരക്ഷിക്കാതെ എന്തിനീ സൗകര്യങ്ങൾ മാത്രം?

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നഷ്ടം

     കഴിഞ്ഞ ഏതാനും വർഷങ്ങളായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മിക്കവാറും വലിയ കഷ്ടതയിലാണ്. മത്സ്യലഭ്യത തീരേ കുറഞ്ഞു എന്നതാണ് പ്രധാനകാരണം. പലപ്പോഴും വെറുംകൈയോടെയാണ് കടലിൽ നിന്നുള്ള മടക്കം. ചിലപ്പോൾ 300 - 400 രൂപയ്ക്കുള്ള മത്സ്യം കിട്ടിയേക്കാം. കേരളത്തിൽ ചില തീരങ്ങളിൽ എട്ടു മാസം വരെ പരമ്പരാഗത മീൻപിടിത്തക്കാർക്ക് മത്സ്യംകിട്ടാത്ത അവസ്ഥ ഇക്കഴിഞ്ഞ വർഷമുണ്ടായി. ട്രോളറുകൾ വഴി ചെറുമത്സ്യങ്ങളെ വൻതോതിൽ പിടിക്കുന്നത് തുടരുകയാണെങ്കിൽ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ യന്ത്രവത്‌കൃത മത്സ്യബന്ധനവും കേരളത്തിൽ അവസാനിക്കുന്നത് കാണേണ്ടിവരുമെന്ന് ഈ മേഖലയിലുള്ളവർ ആശങ്കപ്പെടുന്നു. 

നിയമപരമായ നിയന്ത്രണങ്ങൾ

  മുൻസർക്കാറിന്റെ കാലത്ത്‌ ഫിഷറീസ് വകുപ്പുമന്ത്രിതന്നെ നിയമസഭയിൽ, ചെറുമീൻ പിടിച്ച് നശിപ്പിക്കുന്നത് തടയും എന്ന് പ്രസ്താവിക്കുകയും അതിനായി ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തുകയും ചെയ്തു. അതുവഴി ചെറുമീൻ പിടിച്ചുകൊണ്ടു വന്നിരുന്ന ബോട്ടുകൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയുമുണ്ടായി. തത്‌ഫലമായി ചെറുമീൻ പിടിക്കുന്നത് കേരളത്തിൽ അവസാനിക്കുകയും ചെയ്തു.

    എന്നാൽ, പിന്നീട് ഡിസംബർ മാസത്തിൽ നീണ്ടകര, ശക്തികുളങ്ങര എന്നീ ഹാർബറുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് തുടങ്ങിവെക്കുകയും അത് മറ്റ് ഹാർബറുകളിലേക്ക് വ്യാപിക്കുകയും ചെയ്തു. നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ ഇത് തുടങ്ങിയപ്പോൾത്തന്നെ മാധ്യമങ്ങളും മറ്റ് ഏജൻസികളും നൽകിയ മുന്നറിയിപ്പ് അവഗണിച്ച് ഇതു തടയുന്നതിൽ വരുത്തിയ വീഴ്ചയാണ് ഇത് മറ്റ് ഹാർബറുകളിലേക്കും വ്യാപിക്കാൻ ഇടയാക്കിയത്. ഒരു ഹാർബറിൽ ബന്ധപ്പെട്ടവർ നടപടിയെടുക്കുമ്പോൾ ബോട്ടുകൾ കൂട്ടത്തോടെ മറ്റൊരു ഹാർബറിൽ ചേക്കേറുന്നു. കേരളത്തിലെ എല്ലാ ഹാർബറുകളിലും ഏകീകൃതമായി നടപടികളെടുക്കുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടത് അത്യാവശ്യമാണ്.

    ഇന്ത്യയുടെ പടിഞ്ഞാറൻ തീരദേശസംസ്ഥാനങ്ങളിലെല്ലാം കഴിഞ്ഞവർഷം ഏകീകൃതമായി 60 ദിവസം നീണ്ട ട്രോളിങ്‌ നിരോധനം നടപ്പാക്കിയപ്പോൾ, കേരളത്തിലെ ബോട്ടുകൾ മാത്രം അതിനെ എതിർക്കുകയും പഴയതുപോലെ 47 ദിവസത്തെ നിരോധനം മാത്രം ഇവിടെ നടപ്പാക്കുകയുമാണ് ചെയ്തത്. അതുപോലെ ഇന്ത്യയിൽത്തന്നെ, മാതൃകാപരമായി കേരളസർക്കാർ കൊണ്ടുവന്ന 14 മത്സ്യയിനങ്ങളുടെ മിനിമം ലീഗൽ സൈസ് (MLS) എന്ന വിജ്ഞാപനത്തെ കടപുഴക്കുന്നതാണ് കേരള തീരങ്ങളിൽ നടക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ കുരുതി.

    നമ്മുടെ മത്സ്യബന്ധനയാനങ്ങൾ ‘വിത്തു കുത്തി’ തിന്നാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ മത്സ്യബന്ധനമേഖലയിലുള്ളവർ ഒരിക്കലും വിത്ത് വിതയ്ക്കുന്നില്ല, എന്നുംകൊയ്യാൻമാത്രം കടലിൽ പോകുന്നവരാണ്. എന്നാൽ, പ്രകൃതിതന്നെ കടലിൽ വിതയ്ക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെന്ന വിത്തുകളെ ജീവിക്കാനും വളരാനും അനുവദിക്കാതെ, അത്യാർത്തിയോടെ, നൈമിഷിക ലാഭത്തിനായി, ‘ഉണ്ണാനുള്ള  അന്നം തരുന്ന’ ഈ മേഖലയോട് കൂറും പ്രതിപത്തിയുമില്ലാതെ,  പിടിച്ചെടുത്തു നശിപ്പിക്കുന്നതിനെ എന്തുപേരിട്ട് വിളിക്കണം?

    ഒരുപക്ഷേ, കേരളത്തിലെ മത്സ്യബന്ധനമേഖലയുടെ ചരിത്രം എഴുതപ്പെടുമ്പോൾ, നമ്മുടെ മുൻതലമുറ കണ്ണിലെ കൃഷ്ണമണിപോലെ നമ്മെ ഏല്പിച്ചുപോയ അമൂല്യമായ മത്സ്യസമ്പത്തിനെ ഗുരുതരമായി നശിപ്പിച്ചു എന്ന ദുഷ്‌പേരിന് ഇന്നു ജീവിക്കുന്ന തലമുറ അർഹരായേക്കാം.

 ചെറുമീനുകളെയും കടലിലെ ആവാസവ്യവസ്ഥയുടെ സുസ്ഥിരതയ്ക്ക് അത്യാവശ്യമായ മറ്റ് ജീവജാലങ്ങളെയും പിടിച്ച് വിപണനം നടത്തുന്നത് തടയേണ്ടത് അത്യാവശ്യമാണ്. വനം നശിപ്പിക്കൽ, കുന്നുകൾ ഇടിച്ചുനിരത്തൽ എന്നിവയൊക്കെപ്പോലെത്തന്നെ  അതി വിനാശകരമായ ഒന്നാണ് കടൽ അരിച്ച് നശിപ്പിക്കുന്നതും. എന്നാൽ, വേണ്ടത്ര പൊതുജനശ്രദ്ധ ഈ വിഷയത്തിൽ ഇനിയും കിട്ടിയിട്ടില്ല. ഇതിനെതിരെ ശക്തമായ നടപടികൾ ഫലം കാണുന്നതുവരെ തുടർച്ചയായി സ്വീകരിക്കേതാണ്.

(നെറ്റ്‌ ഫിഷ്‌ - മറൈൻ പ്രോഡക്ട്‌സ്‌ എക്‌സ്പോർട്ട്‌ െഡവലപ്പ്‌മെന്റ്‌ അതോറിറ്റി ഉദ്യോഗസ്ഥരാണ്‌ ലേഖകർ)