ഓഗസ്റ്റ് ഇരുപത്തിയൊന്നിനാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തിന്റെ പുതിയ അഫ്ഗാനിസ്താൻ-ദക്ഷിണേഷ്യാ നയം പ്രഖ്യാപിച്ചത്. അഫ്ഗാനിസ്താനിൽ 16 വർഷമായുള്ള യു.എസ്. സൈനിക സാന്നിധ്യം തുടരുമെന്നതായിരുന്നു നയത്തിന്റെ കാതൽ. അമേരിക്കയ്ക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഈ ദൗത്യം അവസാനിപ്പിക്കുമെന്ന സ്വന്തം വാക്കുകളിൽ നിന്നുള്ള ട്രംപിന്റെ പിൻമാറ്റമായിരുന്നു അത്. അഫ്ഗാനിസ്താനിൽ തുടരുന്ന ഭീകരാക്രമണങ്ങളാണ് വാക്കുമാറ്റത്തിനു കാരണമായി അദ്ദേഹം പറഞ്ഞത്. യുദ്ധം തകർത്ത അഫ്ഗാനിസ്താന്റെ പുനർനിർമാണത്തിന് സഹായിക്കുക എന്നതിനേക്കാൾ അവസാനത്തെ ഭീകരനെയും അവിടെനിന്ന് ഉൻമൂലനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ട്രംപ് പ്രഖ്യാപിച്ചു. 

ട്രംപിന്റെ പ്രസ്താവനകൾ
കൂട്ടത്തിൽ അദ്ദേഹം പാകിസ്താനെയും ഇന്ത്യയെയും പരാമർശിച്ചു. അഫ്ഗാനിസ്താനിലെ യു.എസ്. സൈനികരെ ആക്രമിക്കുന്ന ഭീകരർക്കും തീവ്രവാദികൾക്കും താവളമൊരുക്കുന്നത് പാകിസ്താനാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഭീകരതയോടുള്ള യുദ്ധത്തിൽ അമേരിക്കയുടെ പങ്കാളിയാണ് പാകിസ്താൻ. ഇതിന്റെ പേരിൽ കോടിക്കണക്കിന് ഡോളറിന്റെ സഹായം അമേരിക്കയിൽ നിന്നു കൈപ്പറ്റുന്നുമുണ്ട്. 'അതുവാങ്ങുമ്പോൾത്തന്നെ യു.എസ്. ഏതു ഭീകരരോടാണോ പോരാടുന്നത് അവർക്ക് പാകിസ്താൻ താവളമൊരുക്കുന്നു.' എന്നായിരുന്നു ട്രംപിന്റെ പഴി. ഇതിനൊപ്പമാണ് അഫ്ഗാനിസ്താനിൽ സ്ഥിരതയും സമാധാനവും സ്ഥാപിക്കുന്നതിൽ ഇന്ത്യയ്ക്ക് കൂടുതൽ പങ്കാളിത്തം നൽകുന്നതിനെക്കുറിച്ച് പറഞ്ഞത്.

'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ സുരക്ഷാ, സാമ്പത്തിക കാര്യങ്ങളിൽ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണ്. അഫ്ഗാനിസ്താന്റെ സുസ്ഥിരതയ്ക്ക് ഇന്ത്യ കാര്യമായ സംഭാവനകൾ നൽകുന്നതിനെ യു.എസ്. അഭിനന്ദിക്കുന്നു. അഫ്ഗാനിസ്താനിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിന്, പ്രത്യേകിച്ച് സാമ്പത്തിക-വികസന കാര്യങ്ങളിൽ, ഇന്ത്യയുടെ സഹായം യു.എസ്. ആഗ്രഹിക്കുന്നു.' എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. തെക്കുകിഴക്കൻ ഏഷ്യയിൽ നിർണായക സ്വാധീനമുള്ള രാജ്യങ്ങളായ ചൈനയോ റഷ്യയോ ഇറാനോ ട്രംപിന്റെ അഫ്ഗാൻ നയത്തിൽ കടന്നുവന്നില്ല. 

താലിബാൻ ഭരണത്തിനുശേഷമുള്ള അഫ്ഗാനിസ്താന്റെ പുനർനിർമാണത്തിനായി 2002 മുതൽ 200 കോടി ഡോളറാണ് ഇന്ത്യ ചെലവിട്ടത്. പാർലമെന്റ് മന്ദിരവും അണക്കെട്ടുകളും റോഡുകളും പണിയുന്നതിനുള്ള സാമ്പത്തിക സഹായമാണിത്. ഇതുകൂടാതെ മറ്റൊരു 100 കോടി ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്. അഫ്ഗാൻ വിദ്യാർഥികൾക്ക് ഓരോവർഷവും ആയിരത്തിലേറെ സ്കോളർഷിപ്പുകളും നൽകുന്നു.

2011 ഒക്ടോബറിൽ ഒപ്പിട്ട ഇന്ത്യ-അഫ്ഗാനിസ്താൻ സ്ട്രാറ്റജിക് പാർട്‌ണർഷിപ്പ് എഗ്രിമെന്റ് അനുസരിച്ച് സൈനിക സഹകരണവും ശക്തമാക്കുന്നുണ്ട്. അഫ്ഗാനിസ്താൻ സൈന്യത്തിന് പരിശീലനവും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ, അകമ്പടി വാഹനങ്ങൾ എന്നിവ നൽകുന്നതും ഈ സഹകരണത്തിൽ പെടുന്നു. മാരകപ്രഹരശേഷിയുള്ള ആയുധങ്ങൾ നൽകില്ല എന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. എന്നാൽ, കഴിഞ്ഞവർഷം ഇന്ത്യ നാല് പോർവിമാനങ്ങൾ നൽകി. പട്ടാളക്കാർക്ക് പരിശീലനവും നൽകുന്നുണ്ട്. 

ഇന്ത്യയ്ക്ക്‌ തന്ത്രപ്രധാനം
പാകിസ്താനുമായും ചൈനയുമായും സുഖകരമല്ലാത്ത ബന്ധമുള്ള ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനരാജ്യമാണ് അഫ്ഗാനിസ്താൻ. അവിടെ സമാധാനവും സ്ഥിരതയും പുലരണ്ടേത് ഇന്ത്യയുടെ ആവശ്യമാണ്. 2015-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യേഷ്യൻ രാജ്യങ്ങളായ കസാഖ്‌സ്താൻ, കിർഗിസ്താൻ, ഉസ്‌ബെക്കിസ്താൻ, തുർക്ക്‌മെനിസ്താൻ, താജിക്കിസ്താൻ എന്നിവ സന്ദർശിച്ചിരുന്നു.

ഇന്ത്യയുടെ ഭാവി ഊർജാവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ എണ്ണ-ധാതു സമ്പുഷ്ടമായ ഈ രാജ്യങ്ങൾക്കാവും എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ മൂലകാരണം. ഈ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനകവാടമായി മാറേണ്ട രാജ്യമാണ് അഫ്ഗാനിസ്താൻ. അഫ്ഗാനിസ്താനിലെ സാന്നിധ്യം പാകിസ്താനും ചൈനയ്ക്കും മേൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകും. ഇന്ത്യൻ വ്യവസായരംഗത്തിനും നേട്ടമാണ് അഫ്ഗാനിസ്താന്റെ പുതുക്കിപ്പണിയൽ. അഫ്ഗാനിസ്താനിൽ ഇന്ത്യയ്ക്ക് സ്വന്തം സേനാതാവളം എന്ന വിദൂരസാധ്യതയുമുണ്ട്. 

കോപത്തോടെ പാകിസ്താൻ
ഇക്കാരണത്താലൊക്കെയാണ് ഇന്ത്യയെ മുഖ്യസ്ഥാനത്തു പ്രതിഷ്ഠിച്ച ട്രംപിന്റെ നയത്തെ പാകിസ്താൻ വിമർശിച്ചത്. അയൽരാജ്യങ്ങളുമായി സംഘർഷത്തിൽക്കഴിയുന്ന ഇന്ത്യയ്ക്ക് ദക്ഷിണേഷ്യയുടെ കാവലാളാകാൻ കഴിയില്ലെന്ന് പാകിസ്താൻ പറഞ്ഞു. ഇക്കാലമത്രയുമുള്ള യു.എസ്.-പാക് സൗഹൃദം പരിഗണിക്കാതെ ട്രംപിൽ നിന്നുണ്ടായ വിമർശനവും ആ രാജ്യത്തിനു സഹിച്ചില്ല. ചർച്ചകളും പരസ്പര സന്ദർശനവും താത്കാലികമായി നിർത്തിവെച്ചാണ് പാകിസ്താൻ പ്രതികരിച്ചത്.

അഫ്ഗാനിസ്താനല്ല, ജമ്മുകശ്മീർ തർക്കമാണ് ഈ മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും പ്രധാനതടസ്സമെന്നാണ് പാകിസ്താന്റെ വാദം. ഇതുകൊണ്ടൊന്നും നയം മാറ്റില്ല എന്ന സൂചനയാണ് അമേരിക്ക നൽകുന്നത്. അഫ്ഗാനിസ്താനിലെ ഭീകരതയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഇന്ത്യയെ പഴിപറഞ്ഞ് രക്ഷപ്പെടാനുള്ള തന്ത്രം നടക്കില്ലെന്നു തന്നെ പാകിസ്താനോട് അമേരിക്ക പറഞ്ഞു. 
ട്രംപിന്റെ വിമർശം പാകിസ്താന്റെ സുഹൃദ്‌രാജ്യമായ ചൈനയ്ക്കും പിടിച്ചില്ല. പാകിസ്താനിൽ കഴിയുന്ന ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് യു.എൻ. രക്ഷാസമിതിയിൽ തടസ്സവാദമുന്നയിക്കുന്ന രാജ്യമാണ് ചൈന.

ചൈനകൂടി പങ്കാളിയായ ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയാണ് കഴിഞ്ഞദിവസം ജയ്‌ഷെ മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകരസംഘടനകൾക്കെതിരേ പ്രഖ്യാപനം നടത്തിയത്. താലിബാൻ, ഇസ്‌ലാമിക് സ്റ്റേറ്റ്, അൽ ഖായിദ, ഈസ്റ്റേൺ തുർക്ക്‌മെനിസ്താൻ ഇസ്‌ലാമിക് മൂവ്‌മെന്റ്, ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഉസ്‌ബെക്കിസ്താൻ, ഹഖാനി ശൃംഖല, ലഷ്‌കർ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ്, തെഹ്‌രിക് ഇ താലിബാൻ പാകിസ്താൻ, ഹിസ്ബുൾ തഹ്‌രീർ എന്നീ ഭീകരസംഘടനകളുടെ അക്രമങ്ങളിലുള്ള ആശങ്കയാണ് സംയുക്ത പ്രഖ്യാപനം രേഖപ്പെടുത്തിയത്.

ആദ്യമായാണ് ഈ ഭീകരസംഘടനകളെ ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്തുന്നത്. യു.എസിന്റെ അഫ്ഗാൻ നയത്തിലെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രഖ്യാപനത്തിനും പ്രാധാന്യമുണ്ട്. അഫ്ഗാനിസ്താന്റെ പുനർനിർമാണത്തിന് 10,000 കോടിയിലേറെ ഡോളർ യു.എസ്. ചെലവാക്കിക്കഴിഞ്ഞു. 2001 മുതലുള്ള യുദ്ധത്തിനും അതിൽ പരിക്കേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാനുമൊക്കെയായി ഒരുലക്ഷം കോടി ഡോളറോളം അമേരിക്കയ്ക്ക് ചെലവുവന്നിട്ടുണ്ടെന്നാണ് യു.എസിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയുടെ കണക്ക്. 104,000 പേർ ഇക്കാലത്തിനിടെ അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ടു. ഇപ്പോൾ അഫ്ഗാനിസ്താനിലുള്ളത് 8,400 പട്ടാളക്കാരാണ്. കൂടുതൽ പേർ വൈകാതെയെത്തും. അതിനനുസരിച്ച് താലിബാനും തയ്യാറെടുക്കുകയാണ്. ഇതിനിടയിലാണ് സമാധാനപ്രവർത്തനങ്ങളും പുനർനിർമാണവേലകളും ഇന്ത്യ തുടരേണ്ടത്.