road safety logoവാഹനാപകടത്തില്‍ പരിക്കേറ്റ് പിടയുന്ന ഒരാളെ കണ്ടിട്ടും പിന്നീടുണ്ടാകുന്ന പോലീസ് പൊല്ലാപ്പ്' ഓര്‍ത്ത് ഇനി നിങ്ങള്‍ ഒരു ജീവന്‍ രക്ഷിക്കാതെപോകരുത്. രക്ഷകനായ നിങ്ങളെ ഇനി ആര്‍ക്കും ഒരാളെ രക്ഷിച്ചതിന്റെ പേരില്‍ ചോദ്യം ചെയ്യാനാകില്ല. പോലീസിനു മാത്രമല്ല, ആസ്പത്രിക്കാര്‍ക്കും ഇതു ബാധകമാണ്.

അപകടങ്ങളുണ്ടാകുമ്പോള്‍ പരിക്കേറ്റുകിടക്കുന്നവരെ ആസ്പത്രിയിലെത്തിക്കാന്‍ പലരും മടിക്കുന്നത് പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങളോര്‍ത്താണ്. ആസ്പത്രിയില്‍ ചെന്നാലുടന്‍ രോഗിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനുമുമ്പ് കൊണ്ടുവന്നയാളെ ചോദ്യംചെയ്യാന്‍ തുടങ്ങും. പലപ്പോഴും ഒ.പി. ടിക്കറ്റും രജിസ്‌ട്രേഷന്‍ ചാര്‍ജുമെല്ലാം കൊണ്ടുവന്നയാള്‍ അടച്ചാലേ ഡോക്ടര്‍ തിരിഞ്ഞുനോക്കുകയുള്ളൂ.

അതിനാല്‍ മിക്കവാറും ആളുകള്‍ ജീവനുവേണ്ടി പിടയുന്ന ആളെ മനസ്സില്‍ വിങ്ങുന്ന നൊമ്പരമായി സൂക്ഷിച്ച് സ്ഥലംവിടും. കൃത്യസമയത്ത് വൈദ്യചികിത്സ കിട്ടിയാല്‍ രക്ഷപ്പെടുന്ന ഒരു ജീവനാണ് റോഡില്‍ക്കിടന്ന് അപ്പോള്‍ പൊലിയുന്നത്. അപകടമരണങ്ങള്‍ മിക്കതും തക്കസമയത്ത് വൈദ്യചികിത്സ കിട്ടാതെയാണെന്നുവന്നപ്പോഴാണ് ഡല്‍ഹിയിലെ സര്‍ക്കാറിതര സംഘടനയായ സേവ് ലൈഫ് ഫൗണ്ടേഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കിയത്.

രക്ഷകരായി എത്തുന്നവരെ പോലീസോ ആസ്പത്രി അധികൃതരോ പീഡിപ്പിക്കുന്ന അവസ്ഥ ഇല്ലാതാക്കണമെന്നായിരുന്നു ആവശ്യം. വാദം അംഗീകരിച്ച കോടതി ഇതുസംബന്ധിച്ച് കര്‍ശനനിര്‍ദേശം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടു.  അതുപ്രകാരം കഴിഞ്ഞവര്‍ഷം മെയ് 12ന് കേന്ദ്ര റോഡ് ഗതാഗതഹൈവേ മന്ത്രാലയം വിശദമായ വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ: റോഡപകടത്തില്‍ പരിക്കേറ്റയാളുമായി വരുന്നവരെ ഉടനെ മടങ്ങിപ്പോകാന്‍ അനുവദിക്കണം. അവരില്‍നിന്ന് മേല്‍വിലാസം വാങ്ങാം. പക്ഷേ, ഒരുതരത്തിലുള്ള ചോദ്യംചെയ്യലും പാടില്ല.

ഡ്രൈവിംഗ് കുട്ടിക്കളിയല്ല

കുട്ടികള്‍ക്ക് ഡ്രൈവിംഗ് ഒരു കളിയാണ്. എന്നാല്‍, ഒരു യന്ത്രവാഹനം നിരത്തിലൂടെ ഓടിക്കുന്നത് ഒരിക്കലും കുട്ടിക്കളിയല്ല.


 ലോകാരോഗ്യ സംഘടന അപകടം കുറയ്ക്കാന്‍ നിര്‍ദേശിച്ച അഞ്ചുകാര്യങ്ങളില്‍ ഒന്ന് കുട്ടികള്‍ക്കുള്ള സുരക്ഷയാണ്.


മനസ്സുവെച്ചാല്‍ അപകടം കുറയ്ക്കാനാകും2011ലെ അപകടനിരക്ക് അടിസ്ഥാനമായി കണക്കാക്കിയാല്‍ 2025 ആകുമ്പോഴേക്കും ഇന്ത്യയിലെ റോഡപകടങ്ങളിലൂടെയുള്ള മരണം രണ്ടരലക്ഷമാകും. പേടിക്കേണ്ട. മരണം കുറയ്ക്കാന്‍ നമുക്കാകും. മനസ്സുവെക്കണമെന്നുമാത്രം.  മദ്യപിച്ചുള്ള വാഹനയോട്ടം, അമിതഭാരം കയറ്റല്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി എടുത്താല്‍ മാത്രം 38 ശതമാനം മരണം കുറയ്ക്കാം. െ്രെഡവര്‍മാരുടെ അതിവേഗംകൂടി നിയന്ത്രിച്ചാല്‍ 80 ശതമാനം മരണവും കുറയ്ക്കാനാകുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇക്കാര്യത്തില്‍ മാതൃക ചൈനയാണ്. 43 ശതമാനം മരണനിരക്ക് 
കുറയ്ക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞു. 


മനോഭാവങ്ങള്‍ മാറട്ടെ...

സിദ്ധാര്‍ഥ് ഭരതന്‍


Sidharthആ രാത്രിയെ ജീവിതത്തില്‍ കണ്ട ഒരു ദുഃസ്വപ്‌നമെന്ന് വിളിക്കും,ഞാന്‍. മറക്കാന്‍ ആഗ്രഹിക്കുന്ന, വീണ്ടുമോര്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാക്കുന്ന ഒരു കറുത്ത സ്വപ്‌നം. 


വൈറ്റില പേട്ട റോഡിലൂടെ വീട്ടിലേക്കുള്ള മടക്കമായിരുന്നു അത്. തൈക്കൂടത്തിനടുത്തുള്ള വളവിലെത്തിയപ്പോള്‍ എതിരേ ഒരു മീന്‍ലോറി പാഞ്ഞുവന്നു. അതിന്റെ ഹെഡ്‌ലൈറ്റുകള്‍ കത്തിജ്ജ്വലിച്ച് നില്കുകയായിരുന്നു. കണ്ണിലേക്ക് പാഞ്ഞുവരുന്ന രണ്ട് തീഗോളങ്ങള്‍. ഏതൊരു മലയാളിയെയും പോലെ, 'ലൈറ്റ് ഡിം ചെയ്യടാ' എന്നുവിളിച്ചുപറഞ്ഞുകൊണ്ട് ഞാന്‍ സ്റ്റിയറിങ് ഇടത്തേക്ക് വെട്ടിച്ചു. 


മെട്രോയ്ക്കുള്ള സ്ഥലമെടുപ്പിനായി തീര്‍ത്ത അരമതിലിലേക്കാണ് എന്റെ കാര്‍ പാളിച്ചെന്നത്. പിന്നീട് ഓര്‍മവന്നപ്പോള്‍ എനിക്കരികില്‍ അമ്മ കരയുന്നുണ്ട്.


ആ അപകടം പല ഘടകങ്ങള്‍ കൂടിച്ചേര്‍ന്ന് എനിക്ക് സമ്മാനിച്ചതാണെന്ന് ഞാന്‍ പറയും. ഞാന്‍ മദ്യപിച്ചിരുന്നില്ല. എതിരെ വന്ന വാനിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന് അറിയില്ല. പക്ഷേ, അയാളുടെ മനോഭാവത്തില്‍ റോഡപകടങ്ങളില്‍ ഏറിയ പങ്കിന്റെയും കാരണം ജ്വലിക്കുന്നുണ്ട്. നിരത്ത് സ്വന്തമാണെന്ന ഭാവം. അല്ലെങ്കില്‍ അന്യനെ ഗൗനിക്കാത്ത അഹങ്കാരം.


 എന്നെ മരണത്തിന്റെ വക്കിലെത്തിച്ച നിരത്തും ഒരു നരകക്കുഴിയാണ്. ഇന്നും അതിന് മാറ്റമില്ല. നല്ല തിരക്കുള്ള ഈ റോഡിലൂടെ സ്വകാര്യബസ്സുകള്‍ നിരന്തരം പായുന്നു. കുഴികളില്‍ തെന്നിത്തെറിച്ച് മറ്റുള്ളവര്‍. ആരോടോണ് ഇതൊക്കെ പറയുക? അഥവാ പറഞ്ഞാല്‍ തന്നെ ആരുകേള്‍ക്കും? മെട്രോയുടെ ആകാശത്തിലേക്കാണ് നോട്ടം. താഴെ ഭൂമിയിലെ അവസ്ഥ ആരു കാണാന്‍?  

സീറ്റ് ബെല്‍റ്റിടണം, മൊബൈലില്‍ സംസാരിക്കരുത്,പുകപരിശോധിക്കണം,ഇന്‍ഷുറന്‍സ് വേണം തുടങ്ങിയ ഉപദേശങ്ങളില്‍ തീരുന്നു നമ്മുടെ ബോധവത്കരണം. അതൊന്നും വേണ്ടെന്നല്ല. അതിലും വലുത് കാണാതെപോകുന്നുവെന്ന് മാത്രം. സീറ്റ് ബെല്‍റ്റിട്ടതുകൊണ്ടും കാര്‍ ലോക്ക് ആയിപ്പോയതുകൊണ്ടും എന്നെ പുറത്തെടുക്കാന്‍ ഒരുമണിക്കൂര്‍ വേണ്ടിവന്നു. അപ്പോള്‍ ഞാന്‍ സീറ്റ് ബെല്‍റ്റിട്ടതുകൊണ്ടുണ്ടായ പ്രയോജനം എന്താണ്?

എനിക്കെതിരെ ലൈറ്റ് ഡിം ചെയ്യാതെ വന്നയാളുടെ മനോഭാവത്തിലല്ലേ മാറ്റം വരേണ്ടത്? സാമാന്യബുദ്ധിയെന്നൊന്നുണ്ട്. ഡ്രൈവിംഗിലും അവശ്യം വേണ്ടത് അതാണ്. നമുക്കെതിരെയും വാഹനങ്ങള്‍ വരുന്നുണ്ട്. അതിലും ആളുണ്ട്. ഈ ഒരു വിചാരമുണ്ടായാല്‍ റോഡപകടങ്ങള്‍ അവസാനിക്കും. 

നന്ദി, ഹൃദയപൂര്‍വം

റോഡ് സുരക്ഷ സംബന്ധിച്ച മാതൃഭൂമിയുടെ ഉദ്യമത്തെ സ്വാഗതം ചെയ്തും കൃതജ്ഞത അറിയിച്ചും നൂറുകണക്കിന് 
പ്രതികരണങ്ങളാണ് ലഭിച്ചത്. പലരും സ്വന്തം അനുഭവത്തില്‍നിന്നുള്ള പാഠം ഉള്‍ക്കൊണ്ടാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. 

സ്ഥലപരിമിതിമൂലം എല്ലാം പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്. എന്തായാലും ഇത്രയും വിപുലമായ പ്രതികരണം റോഡുസുരക്ഷയില്‍ നാം ഏറെ മുന്നോട്ടുപോകാനുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ്. 
വായനക്കാരുടെ പ്രതികരണം വിലയിരുത്തിയപ്പോള്‍ 40 ശതമാനം ആളുകളും യുവാക്കള്‍ അശ്രദ്ധയോടെയും മദ്യപിച്ചും ഇരുചക്രവാഹനം ഓടിക്കുന്നതിനാലാണ് അപകടം വര്‍ധിക്കുന്നതെന്നാണ് അഭിപ്രായപ്പെട്ടത്.
രാത്രിയില്‍ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് 20 ശതമാനം ആളുകളും വിലയിരുത്തി. വഴിയോരത്തെ പരസ്യബോര്‍ഡുകളും അനധികൃത പാര്‍ക്കിങ്ങും കാരണമാണെന്ന് പറഞ്ഞവരും 20 ശതമാനം വരും. 

പത്തു ശതമാനം പേര്‍ റോഡുകളുടെ മോശാവസ്ഥയെ പഴിപറഞ്ഞു. പോലീസിന്റെ അശ്രദ്ധയെ കുറ്റപ്പെടുത്തിയവരും പത്തു ശതമാനം വരും


മദ്യപിച്ചാലും അതിവേഗത്തില്‍ വാഹനം ഓടിച്ചാലും തടവുശിക്ഷ 

അതിവേഗത്തിലും മദ്യം, മയക്കു മരുന്നു എന്നിവ ഉപയോഗിച്ചും വാഹനം ഓടിക്കുന്നവര്‍ക്കെതിരെ തടവുശിക്ഷ,ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്‍ പാനല്‍ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഭരണകൂടങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്.


 റോഡു സുരക്ഷ ഉറപ്പാക്കുന്നതില്‍ സുപ്രീംകോടതി എത്രമാത്രം പ്രതിജ്ഞാബദ്ധമാണെന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ആഗസ്തില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍.എന്തു നടപടി കൈക്കൊണ്ടുവെന്നതിന്റെ റിപ്പോര്‍ട്ട് 2015 സപ്തംബര്‍ ഒന്നു മുതല്‍ ഓരോ മൂന്നു മാസം കൂടുമ്പോഴും കോടതിക്ക് അയയ്ക്കണമെന്നു കൂടി അതില്‍ നിര്‍ദേശിച്ചിട്ടുണ്ട്.  അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ അത് കുറയ്ക്കാനും നിയമപാലനം ശക്തമാക്കുന്നതിനുമായി 2014 ഏപ്രിലിലാണ് സുപ്രീംകോടതി മൂന്നംഗങ്ങളടങ്ങിയ കെ.എസ്.രാധാകൃഷ്ണന്‍ പാനലിനെ നിയോഗിച്ചത്.


ലൈസന്‍സിനുള്ള പ്രായം ഉയര്‍ത്തുമോ?


കേരളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശം സര്‍ക്കാറിന്റെ പരിഗണനയിലാണ്.
 

സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിഹാരമാര്‍ഗം തേടി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖരദാസാണ്ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്ന പുരുഷന്മാര്‍ക്ക് 20 വയസ്സും സ്ത്രീകള്‍ക്ക് 21 വയസ്സും പ്രായമാകണമെന്ന് നിര്‍ദേശിച്ചത്. നിലവില്‍ 18 വയസ്സുള്ളവര്‍ക്ക് ലൈസന്‍സ് ലഭിക്കും. ഗിയറില്ലാത്ത ഇരുചക്രവാഹനം ഓടിക്കാന്‍ 16 വയസ്സുമതി. അപകടത്തില്‍പ്പെടുന്ന വാഹനം ഓടിക്കുന്നത് ഭൂരിഭാഗവും ചെറുപ്പക്കാരാണെന്നതിനാലാണ് ലൈസന്‍സ് കിട്ടുന്നതിനുള്ള പ്രായം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം. 


റോഡ് സുരക്ഷ സിലബസില്‍ ഉള്‍പ്പെടുത്തണം


റോഡ് സുരക്ഷയുടെ ബാലപാഠങ്ങള്‍ കുഞ്ഞുമനസ്സില്‍ അടിയുറയ്ക്കണം. കാരണം ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ ദിനചര്യയായിമാറേണ്ട കാര്യമാണിത്. വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ ഈ വിഷയം ഉള്‍പ്പെടുത്തിയേ റോഡ് സുരക്ഷാ മനോഭാവം വളര്‍ത്തിയെടുക്കാനാകൂ.  വായനക്കാരില്‍നിന്നുള്ള പ്രതികരണങ്ങളില്‍ ഈ ആവശ്യം ശക്തമായിരുന്നു. സ്‌കൂള്‍ പരീക്ഷയില്‍ അഞ്ചുമാര്‍ക്കിനുള്ള ചോദ്യമായി അത് ഉള്‍പ്പെടുത്തണമെന്നും തൊഴില്‍ പരീക്ഷകളില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശിച്ചവര്‍ ഏറെയാണ്.

ദിവസം 400 പേര്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നു


2013ലെ കണക്കുപ്രകാരം 1,37,572 പേരാണ് ഇന്ത്യയില്‍ മരിച്ചത്. ആനുപാതിക വര്‍ധന കണക്കാക്കിയാല്‍ ഇപ്പോള്‍ ശരാശരി 400 പേര്‍ ഇന്ത്യയില്‍ ഒരു ദിവസം മരിക്കുന്നുണ്ട്. ഒരു അപകടത്തില്‍ മരണം മാത്രമല്ല ഉണ്ടാകുന്നത്. വര്‍ഷത്തില്‍ അരലക്ഷത്തോളം പേര്‍ക്ക് പരിക്കും പറ്റുന്നു. പലരും മരിച്ചുപോയെങ്കില്‍ എത്ര നന്നായെന്നു കരുതിയാകും ജീവിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം 2014ല്‍ 2,07,551 പേര്‍ ഇന്ത്യയില്‍ റോഡപകടങ്ങളില്‍ മരിച്ചുവെന്നും പറയുന്നു.