വെസ്റ്റിൻഡീസിലെ സെന്റ്‌ ലൂസ്യൻ കവിയായ സർ ഡെറിക്‌ ആൾട്ടൻ വാൽകോട്ട്‌(1930-2017) കരീബിയൻ സമൂഹത്തിന്‌ മാത്രമല്ല ലോകത്തിലെ എല്ലാ ഉത്‌പതിഷ്ണുക്കളുടെയും നാവിനും കിനാവിനും കരുത്തുപകർന്ന്‌, കടന്നുപോയി. ആഫ്രിക്കൻ-യൂറോപ്യൻ സങ്കരവംശത്തിൽ പിറന്ന വാൽക്കോട്ട്‌ തന്റെ കവിതയിലും ചിത്രകലയിലും നാടകങ്ങളിലും കരീബിയൻ ദ്വീപുകളുടെ സങ്കീർണമായ കൊളോണിയൽ ചരിത്രമാണ്‌ സന്നിവേശിപ്പിച്ചിരിക്കുന്നത്‌. പ്രൊട്ടസ്റ്റന്റ്‌ ക്രിസ്ത്യാനിസഭക്കാരുടെ ആചാരങ്ങൾ(മെത്തേഡിസം) ശീലിച്ചവരായിരുന്നു വാൽകോട്ട്‌ കുടുംബം. 

വാൽകോട്ടിന്റെ കാവ്യജീവിതം രൂപപ്പെടുത്തുന്നതിൽ മെത്തേഡിസത്തിനും ആത്മീയചിന്തയ്ക്കും ഏറെ പങ്കുണ്ട്‌. ‘‘കവിതയെഴുത്തിനെ പ്രാർഥനയിൽനിന്ന്‌ ഞാൻ വേർതിരിക്കുന്നില്ല, അതൊരു  നിയോഗമായി കണക്കാക്കുന്നു... ശരീരം എന്തായിത്തീരണമോ അതിലേക്ക്‌ ഉരുകിച്ചേരുന്നു. ഇവിടെ ‘ഞാൻ’ പ്രധാനമല്ല. അതാണ്‌ നിർവൃതി... ഒരു കവിത ഉള്ളിലെത്തുമ്പോൾ ചുറ്റുപാടുകളെ ഭേദിച്ചുകൊണ്ട്‌ നിങ്ങൾ ഒരുതരം നിശ്ശബ്ദതയിലേക്കു പിൻവാങ്ങുന്നു. അപ്പോൾ സംഭവിക്കുന്നത്‌ നിങ്ങളുടെ സ്വത്വത്തിന്റെ പുതുക്കലല്ല; നിങ്ങളുടെ അജ്ഞാതത്വത്തിന്റെയോ അപരിചിതത്വത്തിന്റെയോ നവീകരണമാകുന്നു’’ എന്നാണ്‌ അദ്ദേഹം പറയുന്നത്‌. എന്നാൽ, ഇത്‌ ദന്തഗോപുരവാസമല്ല, സാധാരണ ജനജീവിതമണ്ഡലങ്ങളിൽ ഉൾച്ചേർന്നുനിൽക്കുമ്പോഴും രചനയ്ക്കായി കണ്ടെത്തുന്ന ധ്യാനാവസ്ഥയാണ്‌.

വെസ്റ്റിൻഡീസ്‌ ഒരു അധിനിവേശമേഖലയാണ്‌. ദേശ്യമോ ദേശീയമോ ആയ ഒരു സ്വത്വം തേടിയിട്ട്‌ കാര്യമില്ല. ‘‘ഇവിടെ നാമെല്ലാം അപരിചിതരാണ്‌... ദേഹങ്ങൾ ചിന്തിക്കുന്നത്‌ ഒരു ഭാഷയിൽ; സഞ്ചരിക്കുന്നത്‌ മറ്റൊരു ഭാഷയിൽ’’ എന്നാണ്‌ അദ്ദേഹം അവതരിപ്പിക്കുന്ന വൈരുധ്യാത്മകചിത്രം. കോളനിവത്‌കരണത്തിന്റെ അനുഭവതലങ്ങളാണ്‌ അദ്ദേഹത്തിന്റെ മിക്ക നാടകങ്ങളുടെയും പ്രമേയം. അധിനിവേശങ്ങൾ വരുത്തിവെച്ച ആഴത്തിലുള്ള മുറിവുകളെയും നഷ്ടങ്ങളെയും കുറിച്ച്‌ വാൽകോട്ട്‌ എഴുതി. 

ആകയാൽ അദ്ദേഹം തന്നെക്കാണുന്നത്‌ തീർത്തും ഒരു കരീബിയൻ എഴുത്തുകാരനായിട്ടാണ്‌. കൊളോണിയലിസത്തിന്റെയും അടിമത്തത്തിന്റെയും കാലങ്ങൾക്കുശേഷം കലാകാരൻ എന്തുചെയ്യണമെന്നതിനെക്കുറിച്ചും സംസ്കാരം എന്തായി എന്നതിനെക്കുറിച്ചുമാണ്‌ ‘കാസ്റ്റെവേ’ മുതലായ കവിതകളിലും പാന്റോമൈം നാടകത്തിലും അദ്ദേഹം പറയുന്നത്‌. റോബിൻസൺ ക്രൂസോ മുതലായ ആദിരൂപപുരാവൃത്തങ്ങളും കപ്പൽച്ചേതത്തിന്റെ രൂപകങ്ങളും ഈ ആശയനിവൃത്തിക്കായി വിനിയോഗിച്ചിട്ടുണ്ട്‌. എല്ലാം വീണ്ടും സമാരംഭിക്കാനുള്ള സ്വാതന്ത്ര്യം വേണം, വെല്ലുവിളിയുയർത്താൻ ഇച്ഛാശക്തി വേണം, ഇതരസംസ്കാരങ്ങളിലെ മികവുറ്റ അംശങ്ങൾ ഉൾക്കൊള്ളണം -അങ്ങനെ പുതിയൊരു വാഴ്‌വ്‌ രൂപപ്പെടണമെന്നാണ്‌ അദ്ദേഹം ആശിച്ചത്‌.

1992-ൽ നൊബേൽ പുരസ്കാരം നേടിയ വാൽകോട്ടിന്റെ ‘ഒമെറോസ്‌’(1990) ഒരു സമകാലിക ഇതിഹാസകാവ്യമാണ്‌. ഹോമറിന്റെ ഇലിയഡിലെ പ്രമുഖ കഥാപാത്രങ്ങളുമായി സാദൃശ്യവും പ്രതിധ്വനിയും പുലർത്തുന്നു ഇതിലെ മനുഷ്യർ.  തന്റെ സെന്റ്‌ ലൂസ്യൻ ആഖ്യാനത്തിന്റെ ഇടമെങ്കിലും ജീവിച്ചും സഞ്ചരിച്ചുംപോന്ന മറ്റ്‌ ഇടങ്ങളും ഈ കാവ്യത്തിലെ സ്ഥലകാലങ്ങളായി വർത്തിക്കുന്നു. ലോകത്തെ വിവിധ ഇടങ്ങളിൽ നടത്തിയ യാത്രകളുടെ ആഖ്യാനങ്ങളും ഇതിലുണ്ട്‌. കരീബിയൻ ദ്വീപുകളുടെ സൗന്ദര്യം, കരീബിയൻ സ്വത്വശൈഥില്യം, അധിനിവേശഭാരം, അധിനിവേശാനന്തരകാലത്ത്‌ കവിയെന്ന നിലയിലുള്ള തന്റെ പങ്ക്‌ മുതലായവയും ഈ കാവ്യത്തിൽ തെഴുത്തുനിൽക്കുന്നുണ്ട്‌.
കരീബിയൻകടലിലെ വേലിയേറ്റത്തിരമാലകൾപോലെ വാൽകോട്ടിന്റെ ആംഗലേയവാണി ലോകമെങ്ങും പ്രസരിച്ചുകൊണ്ടിരിക്കുന്നു. അവ സംസാരസാഗരങ്ങളിൽ കവിതയുടെ ദ്വീപസമൂഹങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്നു. ഭാഷാസാക്ഷാത്‌കൃതമായ അനന്തതകളുടെ ലോകമാണത്‌. അമേരിക്കയിൽ പഠിച്ചിട്ടും പഠിപ്പിച്ചിട്ടും അമേരിക്ക തഴഞ്ഞിട്ട ഇതരലോകങ്ങളെക്കുറിച്ചാണ്‌ വാൽകോട്ടിനെപ്പോലുള്ള പലകവികളും എഴുതിയത്‌; അവർ സ്വത്വം പരിത്യജിച്ചവരല്ല. ദർശനത്തിന്റെ വ്യാകരണവും സ്വാതന്ത്ര്യത്തിന്റെ രൂപകങ്ങളും വഴി ദാർശനികതയുടെ പാരമ്യത്തിലെത്തുന്ന ഒരു ശൈലിയാണ്‌ അദ്ദേഹം സാക്ഷാത്‌കരിച്ചത്‌.

‘‘ബനാറസിൽനിന്നുള്ള തട്ടാനും/ കാന്റണിൽനിന്നുള്ള കല്ലുവെട്ടുകാരനും/ ബെണിനിൽനിന്നുള്ള വെങ്കലപ്പണിക്കാരനും... നമ്മളെല്ലാം സ്വന്തമാക്കിയ ആത്മാവുകളുപേക്ഷിച്ച്‌/ ഒറ്റക്കണ്ണാടിയായി ഉരുകിത്തീർന്നുവോ?’’ (പേരുകൾ). കരീബിയൻ സങ്കരവംശീയതയെക്കുറിച്ചാണ്‌ കവി പറയുന്നത്‌. അധഃസ്ഥിതത്വം, അടിമത്തം, വ്യക്തിത്വനഷ്ടം, ദാരിദ്ര്യം, കൊടികളുടെ അനാഥത്വം, പാരമ്പര്യങ്ങളുടെ സംഘട്ടനം, അധിനിവേശാനന്തരകാലത്തെ ഉദ്വിഗ്നത -ഇങ്ങനെയുള്ള തദ്ദേശീയാനുഭവപീഡകളുടെ കേന്ദ്രസ്ഥാനങ്ങളിലോ  പ്രാന്തങ്ങളിലോ, താൻ സഞ്ചരിച്ചറിഞ്ഞ നാടുകളിലെ സദൃശാനുഭവങ്ങളെയും സാത്മീകരിക്കുകയെന്നത്‌ ഡെറിക്ക്‌ വാൽകോട്ടിനെ ഒരു വിശ്വകവിയാക്കി ഉയർത്തുന്നു. ഇന്ത്യക്കാർക്ക്‌ അദ്ദേഹത്തെ ഒരു ഇന്ത്യൻ കവിയെന്ന്‌ അഭിമാനിക്കാനും വഴിയൊരുക്കിയിട്ടുണ്ട്‌. 

ഇന്ത്യൻവംശജനായ നിരൂപകൻ കെന്നത്ത്‌ രാംചന്ദിന്‌ സമർപ്പിച്ച ‘കൗവാ ഗ്രാമത്തിലെ സാധു’ വായിക്കുക. ‘‘കൗവാ എന്നൊരു ഗ്രാമം/ അവിടെ പിച്ചളച്ചേങ്ങലംപോൽ/ അസ്തമയം മുഴങ്ങുന്നു./ പൊടുന്നനെ/ ഉറയൂരിനിൽക്കുമെന്നാത്മാവിനെ/ ഒരുവേള ഞാൻ നോക്കിനിൽക്കുന്നു... ചേങ്ങലം മുഴങ്ങുന്നു/ കാവിയുമുടുത്തേറെ/ കഷണ്ടിമേഘങ്ങളീ/യന്തിയിലൊന്നിക്കുന്നു... ഒരു മേഘത്താൽ തലപ്പാവുവെയ്ക്കുന്നുഞാൻ/ വെളുത്ത മേൽമീശയെ കൊമ്പുപോൽ വളയ്ക്കുന്നു/ പഴയ രാമായണത്താളുകൾപോലെൻ കൈകൾ/ ദ്രവിച്ചുപൊടിയുന്നു...’’ ഇങ്ങനെ വംഗദേശം, ഉത്തരപ്രദേശം എന്നിവിടങ്ങളിലെ ജീവിതസന്ദർഭങ്ങളെ കവി വിരുദ്ധോക്തികളിൽ ഫലിതബോധത്തോടെ ഒപ്പിയെടുക്കുന്നു. രാംലോചന്റെ റിപ്പയർഷോപ്പിനു പിന്നിലെ മർക്കടപ്പുണ്യാത്മാക്കൾ, കൗവായ്ക്കു പിറകിലെ കരിമ്പിൻകടലിനെ മുറിച്ചുനീങ്ങുന്ന വെള്ളപ്രാവ്‌... ഇതെല്ലാം കൗവാ ഗ്രാമത്തിലെത്തിയ കവിയുടെ സാന്ധ്യക്കാഴ്ചകളാണ്‌.  ഇന്ത്യൻ കുഗ്രാമത്തിന്റെ ഭാവപരിച്ഛേദവുമാകുന്നു അവ. 

‘‘അസ്തമിക്കുന്നൂ സൂര്യൻ/ പൊട്ടുന്നൂ കതിനകൾ/ മരിച്ച തൂക്കണാംകുരുവിയുടെയോർമകൾ/ തുളച്ചുകയറുന്നൂ/ അലറിവിളിക്കുന്നൂ ചിതയ്ക്കുചുറ്റും/ ഭ്രാന്തഹൃദയവതികൾപോൽ... ചന്ദനമെത്തയ്ക്കെന്തു/ ചന്തമാ,ണതിലിന്നുഞാനുമൊന്നുറങ്ങട്ടെ’’ (ദ സ്റ്റാർ ആപ്പിൾ കിങ്‌ഡം) എന്ന ഇരുണ്ട ഫലിതത്തോടെയാണ്‌ ആ കവിത തീരുന്നത്‌. ‘‘വീടില്ലാതലയുന്ന കാറ്റിനെ കാക്കുവാൻ/ വേദനിക്കുന്ന തൻ കൈയുകൾ നീട്ടുന്ന/ ഇന്ത്യനരയാലുപോൽ/ മൂകമായ്‌ അനശ്വരമായ്‌/ ചേങ്ങലത്താളം ജലധാരകൾ വിഷാദങ്ങൾ’’ (‘ഇൻ എ ഗ്രീൻ നൈറ്റ്‌’) എന്ന പ്രത്യക്ഷപരോക്ഷതലങ്ങളുടെ ലയംമൂലമുളവാകുന്ന ആസ്തികപാരമ്പര്യരാഷ്‌ട്രീയത്തിന്റെ പ്രതിധ്വനികളും സമകാലികവ്യംഗ്യവും ശ്രദ്ധാർഹമാണ്‌. 
24 കാവ്യഗ്രന്ഥങ്ങളും 25 നാടകങ്ങളും പത്തോളം ഇതരകൃതികളും രചിച്ച ആ കാവ്യജീവിതത്തിന്റെ ഒരു പാർശ്വവീക്ഷണം മാത്രമാണിത്‌. കാമത്തിന്റെയും കർമത്തിന്റെയും മോചനപ്പോരാട്ടത്തിന്റെയും അനുഭവസാക്ഷ്യങ്ങളാണ്‌ അദ്ദേഹത്തിന്റെ കവിതകൾ. വാൽകോട്ടിന്റെ ‘മിഡ്‌ സമ്മർ’ (മധ്യവേനൽ) അയ്യപ്പപ്പണിക്കർ വായിക്കാൻ തന്നിരുന്നു. അതിൽ, ‘ഫോർ അയ്യപ്പാ: ഡെറിക്ക്‌ വാൽകോട്ട്‌’ എന്നെഴുതി ഒപ്പിട്ടിരുന്നു. പണിക്കർസാർ ജെറുസലേം കാവ്യോത്സവത്തിനു ചെന്നപ്പോൾ കിട്ടിയതായിരുന്നു ആ സൗഹൃദസമ്മാനം.