ലൈഞ്ജര്‍ കരുണാനിധി 2006-ലെ തിരഞ്ഞെടുപ്പില്‍ തമിഴകത്തെ കയ്യിലെടുത്തത് ഡി.എം.കെയുടെ പ്രകടന പത്രികയിലൂടെയാണ്. ഭാവനാത്മകമായ പ്രകടന പത്രിക എന്നാണ് വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ സ്വതെ പിശുക്കനായ പി. ചിദംബരം പോലും ഇതിനെ വിശേഷിപ്പിച്ചത്. സൗജന്യ അരി, സൗജന്യ കളര്‍ ടെലിവിഷന്‍ പദ്ധതികളിലൂടെ കലൈഞ്ജര്‍ ജനത്തിന്റെ മനം കവര്‍ന്നു. ഈ പ്രകടനപത്രികയുടെ ഏറ്റവും മിടുക്കിയായ വിദ്യാര്‍ത്ഥിനി പക്ഷെ, ജയലളിതയായിരുന്നു. 2006-ലെ തിരിച്ചടിയുടെ വെളിച്ചത്തില്‍ ജയലളിത കൃത്യമായൊരു ആത്മപരിശോധന നടത്തി. 2011-ലും 2016-ലും തമിഴകത്ത് അധികാരം പിടിച്ചെടുക്കാന്‍ ജയലളിതയെ സഹായിച്ചത് ഈ ആത്മപരിശോധനയുടെ വെളിച്ചത്തില്‍ നടത്തിയ ഭാവനാത്മകമായ നടപടികളായിരുന്നു. അമ്മ ഉപ്പ് മുതല്‍ അമ്മ സിമന്റ് വരെയുള്ള ജയലളിതയുടെ പദ്ധതികളില്‍ ഭാവനയുടെ വല്ലാത്തൊരു സ്പര്‍ശമുണ്ടായിരുന്നു. ഒരു ഭരണകൂടത്തെ, ഒരു പാര്‍ട്ടിയെ നിര്‍വ്വചിക്കുന്നതിലും നിര്‍ണ്ണയിക്കുന്നതിലും ഭാവന(imagination)യ്ക്കുള്ള പങ്ക് നിസ്തുലമാണ്.

ഭാവനയുടെ അഭാവമാണ് ഇന്നിപ്പോള്‍ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ നേരിടുന്ന വലിയൊരു പ്രതിസന്ധി. ഭാവനയെന്നു പറഞ്ഞാല്‍ അത് മറ്റേതെങ്കിലും ലോകത്തുനിന്നുള്ള വസ്തുവല്ലെന്നും നമ്മുടെ ജീവിതത്തില്‍നിന്ന്, നമ്മള്‍ ജീവിക്കുന്ന പരിസരങ്ങളില്‍നിന്ന് നമ്മള്‍ കണ്ടെടുക്കുന്നതാണെന്നും നിരീക്ഷിച്ചത് ഫ്രഞ്ച് എഴുത്തുകാരന്‍ അല്‍ബെര്‍ കാമുവാണ്. വാതിലുകളില്ലാത്ത സ്വര്‍ഗ്ഗവും നരകവും നമുക്ക് സങ്കല്‍പിക്കാനാവാത്തത് ഇതുകൊണ്ടാണെന്നും കാമു ചൂണ്ടിക്കാട്ടിയത് വെറുതെയല്ല. കാര്യങ്ങളെ ഭാവനാത്മകമായി സമീപിക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന് കഴിയുന്നില്ലെന്നത് ജനാധിപത്യ വിശ്വാസികളിലുണ്ടാക്കുന്ന സങ്കടം ചെറുതല്ല. കാരണം ഇടതുപക്ഷം നല്‍കിയിട്ടുള്ള പ്രതീക്ഷകള്‍ മറ്റൊരിടത്തുനിന്നും കേരളത്തിനു കിട്ടിയിട്ടില്ല. പണ്ടൊരിക്കല്‍ ഒ.വി. വിജയന്‍ കുറിച്ചതുപോലെ തിരിയുടെയും ചുമടിന്റെയും പ്രശ്‌നമാണിത്. ഭാവനയുടെ തിരി കെട്ടുപോവുകയും ചട്ടക്കൂടുകളുടെ ചുമട് പാര്‍ട്ടിയെയും പ്രസ്ഥാനത്തെയും തളര്‍ത്തുകയും ചെയ്യുമ്പോള്‍ ഉടലെടുക്കുന്ന പ്രതിസന്ധിയാണിതെന്ന് ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കെ. വേണു ചൂണ്ടിക്കാട്ടുന്നത് ഈ സവിശേഷ പരിസരത്തില്‍ നിന്നു കൊണ്ടാണ്. എഴുത്തുകാരനായ സക്കറിയയും വേണുവിന്റെ നിരീക്ഷണം ശരിവെയ്ക്കുന്നു. ഭാവനയിലും ഇച്ഛാശക്തിയിലും ദരിദ്രമായ ഒരു സര്‍ക്കാരാണ് കേരളത്തിലിപ്പോഴുള്ളതെന്ന് പറയാന്‍ സക്കറിയ മടിക്കുന്നില്ല.

അതിരുകളില്ലാത്ത അഴിമതിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തറപറ്റിച്ചത്. ഇന്നിപ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിലെ മിക്കവാറും എല്ലാ മന്ത്രിമാരും തന്നെ അഴിമതിരഹിതമായ ഒരു വഴിയിലൂടെയായിരിക്കാം സഞ്ചരിക്കുന്നത്. പക്ഷെ, വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥും സാംസ്‌കാരിക മന്ത്രി എ.കെ. ബാലനുമൊക്കെ ഭാവനാത്മകതയുടെ തലത്തില്‍ എന്തൊരു ദുരന്തമാണെന്നാണ് സക്കറിയ പറയുന്നത്. ഒരു മുഖ്യമന്ത്രി സര്‍വ്വകലാവല്ലഭനാവേണ്ട കാര്യമൊന്നുമില്ല. ഭാവനാസമ്പന്നരുടെ ടീം പക്ഷെ, മുഖ്യമന്ത്രിക്കൊപ്പമുണ്ടാവണം. സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് പ്രശ്‌നമടക്കമുള്ള വിഷയങ്ങളില്‍ പിണറായി സര്‍ക്കാര്‍ പ്രതിക്കൂട്ടിലായത് ഇത്തരമൊരു ടീമിന്റെ അഭാവത്തിലാണ്. 

അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിയുടെ കാര്യത്തിലും സര്‍ക്കാര്‍ നീക്കം പാളുന്നത് അനവസരത്തിലുള്ള തീരുമാനങ്ങള്‍ കൊണ്ടാണ്. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഇത്രയും ഉപരിപ്ലവമായൊരു നിലപാടല്ല ഇടതുപക്ഷ സര്‍ക്കാരില്‍നിന്നു കേരളം പ്രതീക്ഷിക്കുന്നത്. ദീര്‍ഘവീക്ഷണത്തിന്റെ അഭാവവും ആഴമില്ലായ്മയും അതിരിടുന്നുവെന്നതുകൊണ്ടാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വികസന നയത്തിനെതിരെ  എം.പി. പരമേശ്വരനെ പോലുള്ള ഇടതുപക്ഷ സഹയാത്രികര്‍  വാളുയര്‍ത്തുന്നതെന്നതും കാണാതിരിക്കാനാവില്ല. 

Pinarayi Jayarajan

എം.വി. ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എത്തിയതാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ ഏറ്റവും അവസാനമായി അടയാളപ്പെടുത്തിയ ഒരു സംഭവവികാസം. ഈ നടപടി നല്‍കുന്ന സന്ദേശം പക്ഷെ, നമ്മുടെ ഭാവനയെയും പ്രതീക്ഷയെയും തീരെ ഉണര്‍ത്തുന്നതല്ല. സര്‍ക്കാരിനുമേല്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ഘടകം പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയുടെ ചട്ടക്കൂട് ഭരണകൂടത്തിനു മേല്‍ നടത്തുന്ന കടന്നുകയറ്റമായാണ് കെ. വേണു ഈ നടപടിയെ വിശേഷിപ്പിക്കുന്നത്.

ഭരണം കിട്ടുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തീര്‍ച്ചയായും നിരവധി പ്രതീക്ഷകളുണ്ടാവും. ഇ.പി. ജയരാജനെപ്പോലൊരാള്‍ മന്ത്രിസഭയില്‍നിന്നു പുറത്തുപോയത് പാര്‍ട്ടിയുടെ കണ്ണൂര്‍ ഘടകത്തിനുമേല്‍ ഏല്‍പിക്കുന്ന ആഘാതം ഒരിക്കലും ചെറുതല്ല. ഇതിനുള്ള പരിഹാരം ഭാവനയുടെ നിഷേധമാവുന്നിടത്താണ് ഇടതുപക്ഷ സര്‍ക്കാര്‍ കേരളീയ ജനസമൂഹത്തെ നിരാശപ്പെടുത്തുന്നത്. ജനാധിപത്യവും ഭാവനയും തുറന്ന സമീപനവും പരസ്പരപൂരകങ്ങളാണ്. ഈ സമവാക്യവും പാര്‍ട്ടിയുടെ ചട്ടക്കൂടും ഒന്നിച്ചുപോവുന്നതിനുള്ള സാദ്ധ്യത വിരളമാണെന്ന് കെ. വേണു വ്യക്തമാക്കുന്നത്  അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. തോമസ് ഐസക്കിനെപ്പോലൊരു മന്ത്രി അശക്തനും അശരണനുമാവുന്നതും ഇതേ പരിസരത്തിലാണ്.

സ്വതന്ത്ര ചിന്തയാണ് ഭാവനയുടെ വളക്കൂറുള്ള മണ്ണ്. ഇന്നിപ്പോള്‍ പാര്‍ട്ടിയുടെ ബ്രാഞ്ച്, ലോക്കല്‍, ഏരിയ കമ്മിറ്റികളില്‍ പോലും സ്വതന്ത്ര ചിന്തകള്‍ മുളയിലേ നുള്ളപ്പെടുന്നുണ്ടെന്ന് പാര്‍ട്ടി നേതൃത്വം ഉറപ്പുവരുത്തുന്നുണ്ടെന്ന് വേണു ചൂണ്ടിക്കാട്ടുന്നു. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമിടയില്‍ കോണ്‍ഗ്രസിന്റെ അകത്തളങ്ങളില്‍ ഇന്നും സ്വതന്ത്ര ചിന്തയുടെ വായു ശ്വസിക്കാനാവുന്നുണ്ടെന്നതാണ് ആ പാര്‍ട്ടിയെ വ്യത്യസ്തമാക്കുന്നതെന്നും വേണു പറയുന്നു. ചിന്തയുടെ ഒരു നൂറ് പൂക്കള്‍ വിരിയട്ടെയെന്നാണ് മാവോ പറഞ്ഞത്. പക്ഷെ, ഒടുവില്‍ തന്റെ ചിന്ത മാത്രം മതിയെന്ന നിലപാടിലേക്ക് മാവോ എത്തുകയും അതോടെ മാവോയിസം ചൈനയില്‍ തകര്‍ച്ചയിലേക്ക് കുപ്പുകുത്തുകയും ചെയ്തു. സ്വതന്ത്ര ചിന്തയുടെയും ഭാവനയുടെയും അഭാവമാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ നാശത്തിന് കാരണമായത്. സോവിയറ്റ് യൂണിയനിലും ചെക്ക് റിപ്പബ്‌ളിക്കിലും റുമേനിയയിലും കിഴക്കന്‍ ജര്‍മ്മനിയിലുമൊക്കെ സ്വതന്ത്ര ചിന്തയുടെ അഭാവത്തില്‍ ഭരണകൂടങ്ങള്‍ ദുരന്തവും പ്രഹസനവുമായി.

Pinarayi Jacob Thomas

അധികാരമേറ്റ്  10 മാസം പിന്നിടുമ്പോള്‍ ഭാവനയുടെ അഭാവം മാത്രമല്ല നടത്തിപ്പിലുള്ള വീഴ്ചയും പിണറായി സര്‍ക്കാര്‍ നേരിടുന്നുണ്ടെന്നാണ് ആസൂത്രണബോര്‍ഡ് മുന്‍ അംഗം ജി. വിജയരാഘവന്‍ പറയുന്നത്. ഉദ്യോഗസ്ഥവൃന്ദത്തെ വിശ്വാസത്തിലെടുക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് ഇതിനൊരു കാരണമെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടുന്നു. വിജിലന്‍സിന്റെ തലപ്പത്ത് ജേക്കബ്ബ് തോമസിനെ പ്രതിഷ്ഠിച്ചത് ഒരിക്കലും ഭാവനാത്മകമായ നടപടിയായിരുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിച്ഛായ നിര്‍മ്മാണം തലയ്ക്കുപിടിച്ചപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരിനു പറ്റിയ വീഴ്ചയായിരുന്നു ഈ നിയമനമെന്ന് കാണുന്നവരുണ്ട്. ഐ.എ.എസ്. -  ഐ.പി.എസ്. സമൂഹത്തെ സര്‍ക്കാരിനെതിരെയാക്കുന്നതില്‍ വിജിലന്‍സ് ഡയറക്ടര്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നു. അഴിമതിരഹിതനാണെന്നതുകൊണ്ടു മാത്രം ഒരു ഓഫീസര്‍ ഒരു സര്‍ക്കാരിനെയും രക്ഷിക്കുന്നില്ലെന്നതിന്റെ മകുടോദാഹാരണമാണ് വിജിലന്‍സ് ഡയറക്ടറെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ഐ.എ.എസ്സുകാര്‍ ചേരി തിരിഞ്ഞതിനിടയിലാണ് സെക്രട്ടറിയേറ്റില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ഈ തീരുമാനം തീര്‍ച്ചയായും ഭാവനാത്മകമായിരുന്നു. ജനസമൂഹത്തെ ഉണര്‍ത്തുന്നതിന് ഉതകുന്ന ഗംഭീര തീരുമാനം. സെക്രട്ടിയേറ്റിലെ ജോലിക്കാരെ രാവിലെ പത്തു മണിക്ക് പണിയെടുക്കുന്ന സ്ഥലത്തൊന്നെത്തിക്കാന്‍ കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന മാറ്റം ചില്ലറയല്ല. പക്ഷെ, ഇത് കൊണ്ടുവന്ന സമയം ശരിയായില്ലെന്ന് വിജയരാഘവന്‍ പറയുന്നു. 

ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ അകന്നു നില്‍ക്കുമ്പോഴായിരുന്നില്ല ഈ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവേണ്ടിയിരുന്നത്. അവരെ വിശ്വാസത്തിലെടുക്കാതെ ഇത്തരമൊരു സംവിധാനം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പണി എപ്പോള്‍ കിട്ടിയെന്നു മാത്രമേ അന്വേഷിക്കേണ്ടതുള്ളൂ. ഉദ്യോഗസ്ഥ സമൂഹം പാറ്റകളെ പോലെയാണ്. ആണവ യുദ്ധം പോലും അതിജീവിക്കുന്നതിനുള്ള ജനിതകം ഉദ്യോഗസ്ഥവൃന്ദത്തിനുണ്ട്. അടിയന്തരാവസ്ഥയില്‍ ഇന്ദിര സര്‍ക്കാരിനെ സേവിച്ചവര്‍ തന്നെയാണ് പിന്നീട് മൊറാര്‍ജി സര്‍ക്കാരിലും തുടര്‍ന്നത്. ഈ സമൂഹത്തെ വിശ്വാസത്തിലെടുക്കുമ്പോള്‍ തന്നെ അതിന്റെ ജനിതകം തിരുത്താതെ പുരോഗമനപരമായ നടപടികള്‍ സാദ്ധ്യമാവില്ലെന്ന തിരിച്ചറിവും ഭരണകൂടത്തിനുണ്ടാവേണ്ടതുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടി വിജയിച്ചപ്പോഴും അത് സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനത്തിന്റെ പരാജയത്തിന്റെ തുറന്ന സമ്മതമായിരുന്നുവെന്നതാണ് വാസ്തവം.
                                  
ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വ്വെ തുടങ്ങിയ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ തലത്തിലേക്ക് എത്താനുള്ള ശേഷിയും ശേമുഷിയും കേരളത്തിനുണ്ടെന്നാണ് കെ. വേണു ചൂണ്ടിക്കാട്ടുന്നത്. കേരളത്തിന്റെ മാനവവിഭവ ശേഷി കൃത്യമായി വിനിയോഗിക്കുന്നതിനുള്ള ഭാവനാത്മകമായ പദ്ധതികള്‍ പക്ഷെ, ഇക്കഴിഞ്ഞ അര നൂറ്റാണ്ടില്‍ ഒരു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. മുട്ട രണ്ടു രീതിയിലാണ് പൊട്ടുന്നത്. അകത്തുനിന്നു പൊട്ടുമ്പോള്‍ അതൊരു ജീവന്റെ തുടക്കമാണ്. പുറത്തുനിന്നു പൊട്ടുമ്പോള്‍  ജീവന്റെ അവസാനവും. കേരളം ഉള്ളില്‍നിന്നു പൊട്ടുന്ന മുട്ടയാവണം. ജൈവികമായ വികസന പദ്ധതികളിലൂടെ മാത്രമേ ഇതിനുള്ള അരങ്ങൊരുങ്ങുകയുള്ളൂ. വിലയേറിയ നാലുകൊല്ലം ഇനിയും പിണറായി സര്‍ക്കാരിനു മുന്നിലുണ്ട്. വേണ്ടത് ഭാവനയാണ്. മതിലുകള്‍ തകര്‍ക്കുകയും പുതുചാലുകള്‍ തേടുകയും ചെയ്യുന്ന ഭാവന.