മാജിക്കല്‍ റിയലിസത്തെ ഓര്‍മ്മിപ്പിക്കുന്ന സംഭവവികാസങ്ങളാണ് തമിഴക രാഷ്ട്രീയത്തില്‍ അരങ്ങേറുന്നത്. ഏപ്രില്‍ 18-ന് ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ചെന്നൈ എന്ന കപ്പലില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസാമിയും  എഐഎഡിഎംകെ അമ്മ വിഭാഗത്തിലെ എം എല്‍എമാരും യോഗം ചേര്‍ന്നത് ഇതിന്റെ പരകോടിയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു സൈനിക കപ്പലില്‍ തമിഴക മുഖ്യമന്ത്രിയും എംഎല്‍എമാരും 'രഹസ്യ'യോഗം ചേരുന്നതിലെ അസംബന്ധവും തമാശയും ഒന്നു വേറെ തന്നെയായിരുന്നു. ശബ്ദത്തേക്കാള്‍ വേഗഗത്തില്‍ പായുന്ന സൂപ്പര്‍സോണിക് ബ്രഹ്‌മോസ് മിസൈലുകള്‍ ഘടിപ്പിച്ചിട്ടുള്ള ഈ കപ്പലില്‍നിന്നാണ് ശശികലയും ദിനകരനും അടങ്ങുന്ന മണ്ണാര്‍കുടി കുടുംബത്തിനെതിരെയുള്ള അവസാന കരുനീക്കങ്ങള്‍ക്ക് എടപ്പാടി പഴനിസാമി  തുടക്കം കുറിച്ചത്.

കപ്പലില്‍നിന്നിറങ്ങിയ എംഎല്‍എമാര്‍ ശശികലയെയും ദിനകരനെയും തള്ളിപ്പറയുമെന്ന് ഉറപ്പായിരുന്നു. ഭരണവും അധികാരവുമാണ് ഈ എംഎല്‍എമാരെ ശശികലയ്ക്കും ദിനകരനുമൊപ്പം നിര്‍ത്തിയത്. മണ്ണാര്‍കുടി കുടുംബത്തിന്റെ കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതില്‍ നിലയുറപ്പിക്കാന്‍ ഇവര്‍  'കാസബിയാങ്ക'യാണെന്ന് (ബ്രിട്ടീഷ് ആക്രമണത്തില്‍ മുങ്ങിയ ഫ്രഞ്ച് കപ്പലില്‍നിന്ന് രക്ഷപ്പെടാന്‍ തയ്യാറാകാതിരുന്നു ഫ്രഞ്ച് ബാലന്‍) വിചാരം ദിനകരനുണ്ടായിരുന്നോ എന്നറിയില്ല. ആദര്‍ശമോ അഴിമതിക്കെതിരെയുള്ള നിലപാടോ അല്ല, സ്വന്തം താല്‍പര്യ സംരക്ഷണം മാത്രമാണ് ഇവരെ നയിക്കുന്നതെന്ന് തുഗ്‌ളക്ക്്  പത്രാധിപരും  ബിജെപി സഹയാത്രികനുമായ എസ്. ഗുരുമൂര്‍ത്തി അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്.

ആറ് എംഎല്‍എമാര്‍ മാത്രമാണ് ഈ സംഭവത്തിനു ശേഷം ദിനകരനെ കണ്ടത്. ഇവര്‍തന്നെ ആത്യന്തികമായി ദിനകരനൊപ്പം നിലയുറപ്പിക്കുമോ എന്ന് പറയാനാവില്ല. അതിനര്‍ത്ഥം എടപ്പാടി പഴനിസാമി മന്ത്രിസഭയെ വീഴ്ത്താന്‍ ദിനകരനാവില്ല എന്നു തന്നെയാണ്. ശശികലയും ദിനകരനും അപ്രസക്തരാവുമ്പോള്‍ ഒരാള്‍ പോലും കരയാനില്ലെന്നതും കാണാതിരിക്കാനാവില്ല. തമിഴകത്ത് ശശികല കുടുംബം ഇന്നിപ്പോള്‍ വെറുക്കപ്പെട്ടവരാണ്. ജയലളിതയുടെ സമാധി മണ്ഡപത്തില്‍ നടത്തിയ ശപഥം നിറവേറ്റാന്‍ ഇനിയിപ്പോള്‍ ശശികലയ്ക്ക് ബാല്യമുണ്ടെന്ന് തമിഴകത്താരും കരുതുന്നില്ല. 

234 അംഗ നിയമസഭയില്‍ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് 233 പേരാണുള്ളത്. ഡിഎംകെ നേതാവ് എം കരുണാനിധി ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സഭയില്‍ വരാറില്ല. സ്പീക്കര്‍ ധനപാലിനെയും മാറ്റിനിര്‍ത്തിയാല്‍ നിയമസഭയുടെ അംഗബലം 231 ആകും. അപ്പോള്‍ കേവല ഭൂരിപക്ഷത്തിന് 116 എംഎല്‍എമാര്‍ വേണം. 123 എംഎല്‍എമാരാണ് എഐഎഡിഎംകെ അമ്മ വിഭാഗത്തിലുള്ളത്.ഇതില്‍  ആറ് എംഎല്‍എമാര്‍ വിട്ടുപോയാലും പഴനിസാമിക്ക് തനിച്ച് ഭൂരിപക്ഷമുണ്ടാവും. ഒപിഎസ് ക്യാമ്പില്‍ 12 എംഎല്‍എമാരുണ്ട്. പഴനിസാമിയും ഒപിഎസും ഒന്നിക്കുന്നതോടെ ഭൂരിപക്ഷം ഒരു പ്രശ്‌നമാവില്ല.

ഇതില്‍ ഒരു കടമ്പയുള്ളത് എത്രകാലം എടപ്പാടി പഴനിസാമിയെ മുഖ്യമന്ത്രിയായി തുടരാന്‍ ഒപിഎസ് അനുവദിക്കുമെന്നതാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനമല്ല തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം തന്നെയാണ് ഒപിഎസിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഒപിഎസ് - എടപ്പാടി കൂട്ടുകെട്ട് സുഗമമായി മുന്നോട്ട് പോകുമെന്ന് കരുതാനാവില്ല. പുതിയ സംഭവവികാസത്തില്‍ നേട്ടമുണ്ടാക്കുക ഡിഎംകെയും ബിജെപിയുമാണ്. തമിഴകത്ത് എഐഎഡിഎംകെ സര്‍ക്കാര്‍ വീഴുകയുംതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുകയും ചെയ്താല്‍ ഡിഎംകെയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവും. തമിഴക മുഖ്യമന്ത്രിയാവുക എന്ന എംകെ സ്റ്റാലിന്റെ ചിരകാല മോഹം പൂവണിയുന്നതിന് ഇനിയിപ്പോള്‍ അധികകാലം വേണ്ടിവന്നേക്കില്ല.

sasikala

ബിജെപിയുടെ നാളുകള്‍

ദക്ഷിണേന്ത്യയില്‍ ബിജെപി ഏറ്റവും ദുര്‍ബ്ബലമായ സംസ്ഥാനമാണ് തമിഴ്‌നാട്. തനിച്ചു നിന്നാല്‍ ഇപ്പോഴും ഒരു നിയമസഭാ സീറ്റു പോലും ബിജെപിക്ക് തമിഴകത്ത് നേടാനാവില്ല. ഇവിടെയാണ് ഒപിഎസിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയുമായി ബിജെപി സഖ്യമുണ്ടാക്കാന്‍ പോവുന്നത്. ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയതുപോലെ തമിഴകത്ത് ഇനിയങ്ങോട്ട് ഇരട്ട ഇലയ്ക്കുള്ളില്‍ താമര വിരിയാന്‍ പോവുകയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിനേക്കാള്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ബിജെപിക്ക് നിര്‍ണ്ണായകം. രണ്ടു കൊല്ലത്തിനപ്പുറമുള്ള ഈ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്‌ക്കൊപ്പം നിന്നുകൊണ്ട് തമിഴകം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

ഈ ലക്ഷ്യത്തിനായി അത്യധികം കൗശലത്തോടെയും ക്ഷമയോടെയുമാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. സഖ്യത്തിനുള്ള മുഖ്യതടസ്സം മണ്ണാര്‍കുടി കുടുംബമായിരുന്നു. 2011-ല്‍ ശശികലയെ ജയലളിത പുറത്താക്കിയതോടെയാണ് മണ്ണാര്‍കുടി കുടുംബത്തിനും ബിജെപിക്കുമിടയില്‍ ഭിന്നത ഉടലെടുത്തത്. ശശികലയ്ക്ക് പകരം അന്ന് തനിക്ക് കൂടി പങ്കുള്ള ചില കമ്പനികളിലേക്ക് ഡയറക്ടറായി ജയലളിത കൊണ്ടുവന്നത് ബിജെപി സഹയാത്രികനും തുഗ്‌ളക്ക് പത്രാധിപരുമായിരുന്ന ചോ രാമസാമിയെയാണ്. വിഷം നല്‍കി ജയലളിതയെ ഇല്ലാതാക്കാന്‍ ശശികല ശ്രമിക്കുകയായിരുന്നുവെന്ന കഥ പരന്നതും ഈ സമയത്താണ്.

പക്ഷെ, ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ശശികലയെ ജയലളിത തിരിച്ചെടുത്തു. അതോടെ ചോയുടെ ബന്ധം മാത്രമല്ല എഐഎഡിഎംകെ എന്ന പാര്‍ട്ടിയുമായി ബിജെപിക്കുണ്ടായിരുന്ന കണ്ണികളും ഒന്നൊന്നായി മണ്ണാര്‍കുടി കുടുംബം അറുത്തുകളഞ്ഞു. ഈ കണ്ണികളാണ് ഇപ്പോള്‍ ബിജെപി വിളക്കിക്കൊണ്ടിരിക്കുന്നത്. എംജിആറും ജയലളിതയും വളര്‍ത്തി, പരിപോഷിപ്പിച്ചെടുത്ത എഐഎഡിഎംകെ എന്ന തമിഴകത്തെ ഏറ്റവും വലിയ പാര്‍ട്ടി ഇനിയങ്ങോട്ട് ബിജെപിയുടെ നിയന്ത്രണത്തിലായിരിക്കുമെന്നാണ് പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.