ക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തേനിയിലെ പെരിയകുളത്തുവെച്ച് പനീര്‍ശെല്‍വത്തെ കണ്ടിരുന്നു. ഒരു കല്ല്യാണ മണ്ഡപത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തശേഷം ഒ.പി.എസ്. തിരക്കിട്ടിറങ്ങുകയായിരുന്നു. എങ്ങിനെയുണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം എന്നു ചോദിച്ചപ്പോള്‍ ഒ.പി.എസ്. കൈകൊണ്ട് വായ് പൊത്തിയിട്ട് ഒന്നും പറയാനില്ലെന്നും പൊയ്‌ക്കോട്ടെയെന്നും ആംഗ്യം കാണിച്ചു. ജയലളിത ജീിവിച്ചിരുന്നപ്പോള്‍ എ.ഐ.എ.ഡി.എം.കെയില്‍ ഇതായിരുന്നു അവസ്ഥ. ഒരു മന്ത്രിയും ഒരുദ്യോഗസ്ഥനും ഒരക്ഷരം മാദ്ധ്യമപ്രവര്‍ത്തകരോട് പറയുമായിരുന്നില്ല. എന്തെങ്കിലും പറയാന്‍ ധൈര്യം കാണിച്ചിരുന്നത് യു.സഹായം എന്ന ഐ.എ.എസ്. ഓഫീസറാണ്.

2011-ലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സഹായം മധുര കലക്ടറായിരുന്നു. ആരെയും കൂസാത്ത, നട്ടെല്ല് യഥാസ്ഥാനത്തുള്ള ഓഫീസര്‍. അന്ന് മധുരയിലെ കിരീടംവെയ്ക്കാത്ത രാജാവായിരുന്ന എം.കെ. അഴഗിരിയെ സഹായം നിര്‍ഭയം നേരിട്ടു. പണം കൊടുത്തു വോട്ടു വാങ്ങുന്നതിന്റെ ഉസ്താദായിരുന്നു അഴഗിരി. 2010-ല്‍ മധുരയ്ക്കടുത്ത് തിരുമംഗലത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അഴഗിരിയും കൂട്ടരും പണമൊഴുക്കി എ.ഐ.എ.ഡി.എം.കെയുടെ കോട്ട തകര്‍ത്തത് തമിഴകത്ത് ചരിത്രമാണ്. തിരുമംഗലം ഫോര്‍മുല എന്ന പേരിലാണ് അഴഗിരിയുടെ ഈ ഒാപ്പറേഷന്‍ പിന്നീട് അറിയപ്പെട്ടത്. വിക്കീലീക്‌സിന്റെ ഇന്ത്യയില്‍നിന്നുള്ള വെളിപ്പെടുത്തലുകളില്‍ ഒന്ന് അഴഗിരിയും സംഘവും നടത്തിയ പണവിതരണമായിരുന്നു.

കേന്ദ്രമന്ത്രിയായിരുന്നു അഴഗിരിയെ മധുരയില്‍വെച്ച് ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍ കണ്ടിരുന്നു. കോണ്‍സല്‍ ജനറലുമായാുള്ള സംഭാഷണത്തിനിടയില്‍ അഴഗിരിയുടെ അനുയായികളിലൊരാളാണ് പണം വിതരണത്തെക്കുറിച്ച് തുറന്നടിച്ചത്. വീടുകളില്‍ വിതരണം ചെയ്തിരുന്ന പത്രങ്ങള്‍ക്കുള്ളില്‍ വരെ 500 രൂപ നോട്ടുകള്‍ ഒളിപ്പിച്ചുവെച്ചായിരുന്നു ഓപ്പറേഷന്‍. മണിയോര്‍ഡര്‍ കൊടുക്കാന്‍ പോയിരുന്ന പോസ്റ്റ്മാന്മാരും അഴഗിരിയുടെ ദൗത്യത്തില്‍ പങ്കാളികളായി. കോണ്‍സല്‍ ജനറല്‍ വാഷിംഗ്ടണിലേക്കയച്ച റിപ്പോര്‍ട്ടില്‍ അഴഗിരിയുടെ പണം വിതരണം പരാമര്‍ശിച്ചിരുന്നു. വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളില്‍ ഈ പരാമര്‍ശവും കടന്നുവന്നതോടെ ഡി.എം.കെയുടെ മുഖംമൂടി മൊത്തത്തില്‍ അഴിഞ്ഞുവീണു.

പല മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് സഹായം അഴഗിരിയുടെ പണക്കൊഴുപ്പിനെ നേരിട്ടത്. സ്്കൂളുകളിലും കോളേജുകളിലും പോയി വിദ്യാര്‍ത്ഥികളോട് സംസാരിച്ച ശേഷം സഹായം അവരോട് രക്ഷകര്‍ത്താക്കളെ വിളിക്കാന്‍ പറയും. കുട്ടികള്‍ സഹായത്തിന്റെ മൊബൈലില്‍ രക്ഷകര്‍ത്താക്കളെ വിളിക്കും. സഹായം കുട്ടികളോട് ഇക്കുറി പണം വാങ്ങി വോട്ടു ചെയ്യരുതെന്ന് രക്ഷകര്‍ത്താക്കളോട് പറയാന്‍ പറയും. സഹായം ആ ദിനങ്ങളില്‍ മധുരയില്‍ ഒരു സംഭവമായിരുന്നു. അഴഗിരി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സഹായം വഴങ്ങിയില്ല. മധുരയിലെ ഗ്രാനൈറ്റ് കുംഭകോണം ആദ്യം പുറത്തുകൊണ്ടുവന്നത് സഹായമാണ്. ജയലളിത സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സഹായം വ്യവസായവകുപ്പ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വന്‍ അഴിമതിയാണ് ഖനന മേഖലയില്‍ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ട് നല്‍കി മൂന്നാം ദിവസം സഹായത്തിന്റെ കസേര തെറിച്ചു. ഖനന മാഫിയയുടെ മുന്നില്‍ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഒരു പോലെ നിസ്സഹായരായിരുന്നുവെന്നാണ് സഹായം പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ പറഞ്ഞത്.

2013-ല്‍ ചെന്നൈയില്‍ കോ-ഓപ്‌ടെക്‌സിന്റെ എം.ഡിയായിരിക്കെ സഹായവുമായി നടത്തിയ ഒരു അഭിമുഖം മാതൃഭൂമിയുടെ ചെന്നൈ എഡിഷനില്‍ പ്രസിദ്ധീകരിച്ചു. അടുത്ത ദിവസം സഹായം വിളിച്ചിട്ട് സംഗതി പ്രശ്‌നമായെന്നും മുകളില്‍നിന്ന് വല്ലാത്ത സമ്മര്‍ദ്ദമുണ്ടെന്നും അഭിമുഖം തനിക്ക് നിഷേധിക്കേണ്ടി വരുമെന്നും പറഞ്ഞു. ചിലപ്പോള്‍ ഒരു കേസ് താന്‍ ഫയല്‍ ചെയ്യുമെന്നും സഹായം പറഞ്ഞു. അഭിമുഖത്തില്‍ ഗ്രാനൈറ്റ് അഴിമതിയെക്കുറിച്ച് സഹായം വെളിപ്പെടുത്തിയ കാര്യങ്ങള്‍ മുകളിലുള്ളവരെ അലോസരപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. സഹായം പക്ഷെ, കേസ് കൊടുത്തില്ല. പറഞ്ഞ കാര്യങ്ങള്‍ താന്‍ പിന്‍വലിക്കില്ലെന്ന് മാസങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ സഹായം പറയുകയും ചെയ്തു.

ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിന്നീട് സഹായം ഒരാള്‍ക്കും അഭിമുഖം കൊടുത്തില്ല. സഹായം പോലും നിസ്സഹായനാവുന്ന അവസ്ഥയില്‍ മറ്റ് ഉദ്യോഗസ്ഥരുടെ കാര്യം പറയേണ്ടതുണ്ടോ! ആജ്ഞാശക്തിയുടെ പ്രതീകമായിരുന്നു ജയലളിത. കല്ലേപിളര്‍ക്കുന്ന കല്‍പനകളാണ് അവര്‍ പുറപ്പെടുവിച്ചിരുന്നത്. ജയലളിതയോട് മറുത്തൊരു വാക്ക് പറയാന്‍ ഒരാളും തയ്യാറായിരുന്നില്ല. കഴുത്തിനിട്ട് ചവിട്ടു കൊണ്ടാല്‍ പിടലിക്കൊരുളുക്കുണ്ടായിരുന്നെന്നും അത് മാറിക്കിട്ടിയെന്നും പറയുന്ന ഉദ്യോഗസ്ഥരും മന്ത്രിമാരുമാണ് തമിഴകത്തുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ജയിലില്‍ കിടക്കുമ്പോഴും ആസ്പത്രിയില്‍ കിടക്കുമ്പോഴും ജയലളിതയ്‌ക്കെതിരെ ഒരാള്‍ പോലും ശബ്ദമുയര്‍ത്തിയിരുന്നില്ല.

ജയലളിത രംഗത്തുനിന്ന് അപ്രത്യക്ഷമായപ്പോള്‍ സംഭവിച്ച ഒരു കാര്യം ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊടുന്നനെ സംസാരശേഷി തിരിച്ചുകിട്ടി എന്നതാണ്. ഇന്നിപ്പോള്‍ എ.ഐ.എ.ഡി.എം.കെ. നേതാക്കള്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയ്യാറാവുന്നുണ്ട്. ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ ആദ്യപടികളിലേക്ക് പാര്‍ട്ടി പതുക്കെ നടക്കുകയാണ്. ജനാധിപത്യത്തിന്റെ ഇതുവരെ പരിചിതമല്ലാതിരുന്ന മേഖലകളിലേക്ക് തമിഴക രാഷ്ട്രീയം പ്രവേശിക്കുമ്പോള്‍ അത് പൊതുസമൂഹത്തിന്റെ പ്രതീക്ഷകള്‍ കുറച്ചെങ്കിലും ഉയര്‍ത്തുന്നുണ്ട്. അതേസമയം ശശികലയ്ക്കും കൂട്ടര്‍ക്കും ഇത് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും.

ശശികലയും ജയലളിതയുമായി സമാനതകളില്ല. ജയലളിതയെക്കുറിച്ച് എന്തൊക്കെ ആരോപണമുയര്‍ത്തിയാലും അവര്‍ക്ക് കാപട്യമുണ്ടെന്ന് മാത്രം ആരും പറഞ്ഞിരുന്നില്ല. മനസ്സില്‍ ഒന്നുവെച്ച് പുറത്ത് മറ്റൊന്ന് പറയാന്‍ ജയലളിതയ്ക്ക് കഴിയുമായിരുന്നില്ല. 2003-ല്‍ കേന്ദ്രമന്ത്രിയായിരുന്ന മുരശൊലി മാരന്‍ മരിച്ചപ്പോള്‍ പ്രധാനമന്ത്രി വാജ്‌പേയി പ്രണാമമര്‍പ്പിക്കാന്‍ ചെന്നൈയിലെത്തി. മുഖ്യമന്ത്രിയായിരുന്ന ജയലളിത വാജ്‌പേയിയെ സ്വീകരിക്കാന്‍  ചെന്നൈ വിമാനത്താവളത്തിലെത്തി. പക്ഷെ, പോയസ് ഗാര്‍ഡന്  രണ്ടു കിലോമീറ്റര്‍ മാത്രം അപ്പുറത്തുള്ള മുരശൊലി മാരന്റെ വീട്ടിലേക്ക് ജയലളിത പോയില്ല. ഹിന്ദു പത്രാധിപരെ അറസ്റ്റ് ചെയ്യാന്‍ 2002-ല്‍ തമിഴ്‌നാട് നിയമസഭ ഉത്തരവിട്ടിരുന്നു. ഹിന്ദു മാനേജ്‌മെന്റുമായി ജയലളിതയ്ക്ക് ഒരു കാലത്തും നല്ല ബന്ധമുണ്ടായിരുന്നില്ല. അടുത്ത വര്‍ഷം ഹിന്ദുവിന്റെ 125-ാം വാര്‍ഷികാഘോഷത്തിലേക്ക് ക്ഷണിച്ചപ്പോള്‍ ജയലളിത ആ ക്ഷണം സ്വീകരിച്ചില്ല. കരണ്‍ താപ്പറുമായി നടന്ന അഭിമുഖത്തില്‍ ജയലളിത പറയുന്ന ഒരു കാര്യം താന്‍ കണ്ണുകളില്‍ നോക്കിയേ സംസാരിക്കുകയുള്ളുവെന്നാണ്.

തീരുമാനങ്ങള്‍ എടുക്കുന്നതിലുള്ള വേഗവും അത് നടപ്പാക്കുന്നതിലുള്ള നിശ്ചയദാര്‍ഢ്യവുമാണ് ജയലളിതയെ നിര്‍വ്വചിച്ചിരുന്ന ഒരു ഘടകം. തീര്‍ത്തും അപ്രതീക്ഷിതമായ തീരുമാനങ്ങള്‍ അതിവേഗത്തില്‍ നടപ്പാക്കി ജയലളിത കൂടെ നില്‍ക്കുന്നവരേയും എതിരാളികളേയും ഒരു പോലെ ഞെട്ടിച്ചിരുന്നു. 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ വീതം ചോദിച്ച ഇടതുകക്ഷികളോട് ഒരു സീറ്റു വീതമേ നല്‍കാനാവൂ എന്ന് കര്‍ശനമായി പറയുകയും ഇടതുകക്ഷികള്‍ അതു പറ്റില്ലെന്ന് വ്യക്തമാക്കുകയും ചെയ്തപ്പോള്‍ അടുത്ത നിമഷം എല്ലാ സീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് ജയലളിത കളിച്ച കളി അന്ന് സി.പി.എം. ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടിനെപ്പോലും ഞെട്ടിച്ചു കളഞ്ഞു.

ഇത്തരം കരുനീക്കങ്ങള്‍ ശശികലയുടെ ഭാഗത്തു നിന്നുണ്ടാവാനുള്ള സാദ്ധ്യത കുറവാണ്. അതിനുള്ള രാഷ്ട്രീയ പരിചയവും അനുഭവസമ്പത്തും ശശികലയ്ക്കില്ലെന്നതാണ് പ്രധാനഘടകം. അതുകൊണ്ടുതന്നെ ജയലളിത ജയിലില്‍ കിടന്നപ്പോള്‍ ഒ.പി.എസ്. വിനീതവിധേയനായി ഭരിച്ചതുപോലെ എടപ്പാടി പഴനിസാമി ശശികലയ്ക്ക് മുന്നില്‍ നില്‍ക്കണമെന്നില്ല. വിധേയത്വമുണ്ടാവും. പക്ഷെ, ജയലളിതയ്ക്ക് മുന്നിലെന്ന പോലെ ശിരസ്സ് അത്രയ്ക്കങ്ങ് കുനിയാന്‍ ഇടയില്ല. നേതാവിനു മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന അനുയായികളുടെ കാലം തമിഴകത്ത് കഴിയുകയാണ്. നാലു വര്‍ഷത്തിനു ശേഷം ജയില്‍മോചിതയാവുന്ന ശശികലയെ കാത്തിരിക്കുന്ന തമിഴകം ഒരിക്കലും പഴയ തമിഴകമാവാനിടയില്ല.