തിരുവനന്തപുരം ജില്ലയിൽ വികസനവും അഴിമതിയും പരിസ്ഥിതിസംരക്ഷണവുമെല്ലാം വിഷയങ്ങളാക്കി പ്രചാരണത്തിൽ മുന്നണികൾ ഏറെ മുന്നിലായി. വിഴിഞ്ഞം തുറമുഖപദ്ധതി, അദാനി, പരിസ്ഥിതിപ്രശ്നങ്ങൾ, വർഗീയത, അഴിമതി, വികസനം തുടങ്ങി തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളെല്ലാം പ്രചാരണായുധങ്ങളാണ്.


2010 വരെ ജില്ലാപഞ്ചായത്തിന്റെ ഭരണം എൽ.ഡി.എഫിന്റെ കുത്തകയായിരുന്നുവെന്ന് പറയാം. എന്നാൽ, കഴിഞ്ഞതവണ യു.ഡി.എഫ്. ഭരണം പിടിച്ചെടുത്തു. എന്നാൽ, ഭരണസമിതിയംഗങ്ങൾക്കിടയിലെ ചേരിപ്പോരാണ് ഒരുഘട്ടത്തിൽ തെരുവിൽവരെയെത്തിയത്. പ്രതിപക്ഷമായ എൽ.ഡി.എഫ്. അംഗബലത്തിൽ കുറവല്ലായിരുന്നെങ്കിലും ഭരണസമിതിയംഗങ്ങളുടെ തമ്മിലടിയാണ് വാർത്തകളിൽ നിറഞ്ഞത്. തലസ്ഥാന കോർപ്പറേഷനിലാകട്ടെ ഭരണ, പ്രതിപക്ഷാംഗങ്ങൾ തമ്മിലുള്ള കൈയാങ്കളിയും കൈയേറ്റവും നിത്യകാഴ്ചയായിരുന്നു. 

കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പദ്ധതിവിഹിതം നേടിയെടുക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് മൂന്നു മുന്നണികളും രംഗത്തുള്ളത്. ജില്ലാ പഞ്ചായത്തിൽ ഈ ആരോപണമുന്നയിക്കുന്നത് എൽ.ഡി.എഫ്. ആണ്. കോർപ്പറേഷനിൽ ഇതുന്നയിക്കുന്നത് യു.ഡി.എഫ്. ആണ്. രണ്ടു മുന്നണികളെയും ഈ വിഷയത്തിൽ കടന്നാക്രമിച്ചാണ് ബി.ജെ.പി.യുടെ പ്രചാരണം. 

 ബി.ജെ.പി.ക്കെതിരെ എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികൾ ഉന്നയിക്കുന്നത് വർഗീയധ്രുവീകരണമാണ്. 

ജില്ലാ പഞ്ചായത്തിനായുള്ള പ്രചാരണത്തിൽ സമഗ്രവികസനമാണ് യു.ഡി.എഫ്. മുന്നോട്ടുെവക്കുന്നത്; ഒപ്പം ഭരണത്തുടർച്ചയും. സാമൂഹികസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്ന പ്രചാരണത്തിനാണ് മുൻതൂക്കം. 

അതേസമയം, കോർപ്പറേഷൻ തലത്തിൽ യു.ഡി.എഫിന്റെ പ്രചാരണം മറ്റൊരു തലത്തിലേക്കാണ്. മാലിന്യപ്രശ്നമാണ് നഗരജീവിതത്തിന്റെ ദുരിതം. ഇപ്പോഴത്തെ ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഇതിന് വഴിതെളിച്ചതെന്നാണ് ആക്ഷേപം. പരിഹാരനിർദേശമായി നഗരത്തിനുള്ളിൽ രണ്ട് മാലിന്യസംസ്കരണ പ്ലാന്റുകളെക്കുറിച്ച് യു.ഡി.എഫ്. ചൂണ്ടിക്കാട്ടുന്നു.

 യു.ഡി.എഫിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതിക്കെതിരെ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ചുകൊണ്ടാണ് എൽ.ഡി.എഫിന്റെ പ്രചാരണം. കഴിഞ്ഞ ഭരണകാലാവധിക്കുള്ളിൽ എ, ഐ ഗ്രൂപ്പുകൾക്ക് ചെയർപേഴ്‌സൺ സ്ഥാനം പങ്കുവെച്ചതും പലവട്ടം ഇതിനെച്ചൊല്ലിയുണ്ടായ വഴക്കുകളുമാണ് ഇടതുമുന്നണിയുടെ ആയുധം. ഒപ്പം വിദ്യാഭ്യാസ, കാർഷികമേഖലകൾക്ക് ഊന്നൽനൽകിക്കൊണ്ടുള്ള വികസനപ്രചാരണവും.

ഗ്രാമതലത്തിൽ വരെ പരാതിപ്പെട്ടികൾ സ്ഥാപിച്ചുകൊണ്ടാണ് ഇക്കുറി ഇടതുമുന്നണി ജില്ലാ പഞ്ചായത്തിനായുള്ള മാനിഫെസ്റ്റോ തയ്യാറാക്കിയത്. ഇടതുമുന്നണി ഭരണം കൈയാളിയ തലസ്ഥാനകോർപ്പറേഷന്റെ കാര്യമെത്തുമ്പോൾ ഇടതുമുന്നണി മുന്നോട്ടുവെക്കുന്നത് സംസ്ഥാനസർക്കാറിനെതിരെയുള്ള ആരോപണങ്ങളാണ്. കോർപ്പറേഷനിലെ ഭരണത്തുടർച്ചയ്ക്കായാണ് എൽ.ഡി.എഫിന്റെ വോട്ടഭ്യർഥന.

 വിഴിഞ്ഞം തുറമുഖപദ്ധതി യാഥാർഥ്യമായത് നരേന്ദ്രമോദിയിലൂടെയാണെന്ന പ്രചാരണത്തിനാണ് ബി.ജെ.പി. ഊന്നൽനൽകുന്നത്. വികസനം എന്ന ഒറ്റവാക്കിലാണ് ബി.ജെ.പി. ശ്രദ്ധയൂന്നുന്നത്.  ഒപ്പം ഇടതുവലതുമുന്നണികൾക്കെതിരായ ആരോപണങ്ങളും. കേന്ദ്രസർക്കാറിന്റെ സഹായത്തോടെ വികസനപദ്ധതി നടപ്പാക്കുമെന്നതാണ് ബി.ജെ.പി. പ്രചാരണത്തിന്റെ കാതൽ.