‘മുന്നണികളുടെയും കക്ഷികളുടെയും കനത്ത മതിൽക്കെട്ടുകൾ ഭേദിക്കപ്പെടും എന്നതാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം’, മുസ്‌ലിംലീഗിന്റെ ഉന്നതനായ ഒരു നേതാവിന്റെ സമീപകാലവാക്കുകളിൽ എല്ലാമുണ്ട്. മത്സരരംഗത്തിന്റെ ചിത്രം തെളിഞ്ഞപ്പോൾ ഇതു കൂടുതൽ വ്യക്തവുമായി. ഇനി ഒരുചോദ്യം മാത്രമാണവശേഷിക്കുന്നത്, യു.ഡി.എഫിന്റെ കോട്ടയ്ക്കുമേൽ വീണ നിഴലിന് ഭാവിയിൽ ആഴം കൂടുമോ?

മലപ്പുറത്ത് ഭരണമുന്നണിയിൽ കാര്യങ്ങൾ പന്തിയല്ലെന്ന വാർത്തകൾക്ക് കുറേനാളത്തെ പഴക്കമുണ്ട്. എന്നാൽ, ഇപ്പോഴത്തെ സംഭവങ്ങൾ വന്യമായ പ്രതീക്ഷകളെപ്പോലും തകിടംമറിച്ചു. 94 പഞ്ചായത്തുകളുള്ള ജില്ലയിൽ 22 ഇടത്ത് കോൺഗ്രസ്സും ലീഗും നേർക്കുനേരാണെന്ന് ഔദ്യോഗികമായിത്തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. മൂന്നോ നാലോ ഇടത്ത് ഒരുവിഭാഗം പ്രവർത്തകർ എതിരാണെന്നതും വസ്തുതയാണ്. ചില വാർഡുകൾ വേറെയുമുണ്ട്. ഇതിനൊക്കെ പുറമേയാണ് ഒരു ബ്ലോക്കും നഗരസഭയും. മറ്റൊരു നഗരസഭയിലും ചെറുതല്ലാത്ത പ്രശ്നങ്ങളുള്ളതായാണ് വിവരം.

ഗ്രാമപ്പഞ്ചായത്തുകളിലെ പ്രശ്നം ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകളിലേക്ക് ബാധിക്കാതിരിക്കാൻ കർശനനിർദേശം നൽകിയതായാണ് ലീഗ് നേതൃത്വം പറയുന്നത്. എത്ര മറച്ചുപിടിച്ചാലും പാർട്ടിയുടെ ആശങ്ക ഈ വാക്കുകളിൽ വ്യക്തമാണ്. 32 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ ഭരണം നേടാമെന്ന സ്വപ്നം ഇടതുമുന്നണിക്കുണ്ടാകില്ല. എന്നാൽ, കഴിഞ്ഞതവണത്തേതിൽനിന്ന് വ്യത്യസ്തമായി ചില അട്ടിമറിസീറ്റുകൾ നേടാൻ കഴിയുമെന്ന് അവർ ഇപ്പോൾ വിശ്വസിക്കുന്നുണ്ട്. കാളികാവ്, കരുവാരക്കുണ്ട്, തേഞ്ഞിപ്പലം, വാഴക്കാട്, പൊന്മുണ്ടം, വഴിക്കടവ്, ആതവനാട്, അങ്ങാടിപ്പുറം തുടങ്ങിയ ഡിവിഷനുകളിലെ പടലപ്പിണക്കങ്ങൾ മുതലാക്കാമെന്നാണ് ഇടതിന്റെ പ്രതീക്ഷ.
എന്നാൽ, ഇത്തരം കണക്കുകൂട്ടലുകൾ അസ്ഥാനത്താണെന്നും ഫലം വരുമ്പോൾ അത് ബോധ്യപ്പെടുമെന്നുമാണ് യു.ഡി.എഫ്. നിലപാട്. കഴിഞ്ഞതവണത്തെ സീറ്റുകളെല്ലാം നിലനിർത്തുമെന്നും അവർ ഉറപ്പുപറയുന്നു. ഇടതുമുന്നണിയെ ഏറ്റവും ബാധിക്കുക നിലമ്പൂരിലെ സി.പി.എം. വിമതരാകും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭയിൽ യു.ഡി.എഫിനെ മറികടന്ന ഇടതുമുന്നണിയുടെ പ്രതീക്ഷയാണിവർ തല്ലിക്കെടുത്തിയത്. ലീഗ് ബന്ധത്തെത്തുടർന്ന് മാറാക്കര ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ട നടപടി സി.പി.എം. അണികളിൽ ചെറിയ അസംതൃപ്തി പടർത്തിയിട്ടുണ്ട്. ഇതിനുപുറമേ മൂന്നിയൂരിൽ സി.പി.എം.-സി.പി.ഐ. തർക്കം പരിഹരിക്കാതെ തുടരുകയുമാണ്.

വാക്കുകൾകൊണ്ട് വലിയ പ്രതീക്ഷതീർത്തായിരുന്നു ബി.ജെ.പി.മുന്നണിയുടെ തുടക്കം. 
എന്നാൽ, എസ്.എൻ.ഡി.പി.ബന്ധം കാര്യമായി ക്ലച്ചുപിടിക്കാതെപോയതും കുറേ വാർഡുകളിൽ സ്ഥാനാർഥികളെ നിർത്താൻകഴിയാതെപോയതും കേന്ദ്രഭരണകക്ഷിക്ക് തിരിച്ചടിയായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിച്ച പാർട്ടിസ്ഥാനാർഥി എസ്.എൻ.ഡി.പി. ഭാരവാഹിയുമായിരുന്നു. ഇതിന്റെ തുടർച്ച നിലമ്പൂർ മേഖലയിൽ കുറെയൊക്കെയുണ്ടുതാനും. ചില പ്രാദേശികകേന്ദ്രങ്ങളിലെങ്കിലും സ്വാധീനമുള്ള വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ. എന്നിവയുെട യഥാർഥശക്തി ബോധ്യപ്പെടുമെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.