മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വിജയിക്കുകയും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി എം.ബി. ഫൈസൽ പരാജയപ്പെടുകയുംചെയ്തു. യു.ഡി.എഫ്‌. സ്ഥാനാർഥി കുഞ്ഞാലിക്കുട്ടിക്ക് കൂടുതൽ ലഭിച്ച 1,70,000 വോട്ടിന്റെ തിളക്കത്തിൽ മാത്രം ഈ തിരഞ്ഞെടുപ്പിനെ വിലയിരുത്തരുത്. അത്  കേരളരാഷ്ട്രീയത്തിൽ ഉരുത്തിരിഞ്ഞുവരുന്ന വലിയൊരു ചുവരെഴുത്ത് കാണാതിരിക്കലായിരിക്കും.

മതേതര രാഷ്ട്രീയത്തിന്‌ ഊർജം

മലപ്പുറത്തെ തിരഞ്ഞെടുപ്പുഫലം വർഗീയ ധ്രുവീകരണത്തിന്റെ ഫലമാണെന്നും അതല്ല ലീഗിന്റെ മതേതരനിലപാടുകളുടെ വിജയമാണെന്നും മുസ്‌ലിംലീഗിന്‌ അവകാശവാദങ്ങളുണ്ട്. മലപ്പുറത്തെ ജനങ്ങളെയാകെ വർഗീയവാദികളെന്നാക്ഷേപിച്ച്  പ്രചാരണംനടത്തുകയാണ് സംഘപരിവാർ. പക്ഷേ, ഈ അവകാശവാദങ്ങൾക്കും അധിക്ഷേപങ്ങൾക്കും അപ്പുറത്താണ് മലപ്പുറത്തിന്റെ മാറുന്ന രാഷ്ട്രീയചിത്രം. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ കൂടുതൽ പേർ തള്ളിക്കളയുന്നു എന്ന രജതരേഖയാണ് അത്.

ഫാസിസ്റ്റ് സ്വഭാവമുള്ള ബി.ജെ.പി.യുടെ വളർച്ച 1990-കൾ മുതൽ ഇന്ത്യയിലെ മതേതരരാഷ്ട്രീയത്തിന് വർധമാനമായ വെല്ലുവിളി ഉയർത്തുന്നു. ഈ സാഹചര്യത്തിൽ മുസ്‌ലിങ്ങൾ ന്യൂനപക്ഷവർഗീയതയിൽ ആശ്രയംതേടും എന്നു തോന്നാം. എന്നാൽ, അതങ്ങനെയല്ല എന്ന് മലപ്പുറത്തെ ജനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വ്യക്തമാക്കിയിരിക്കുകയാണ്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഫൈസലിന് ഒരു ലക്ഷത്തിലേറെ വോട്ടുകളാണ് കൂടുതലായിക്കിട്ടിയത്. ഒമ്പത് ശതമാനം വോട്ടിന്റെ വർധന. മുസ്‌ലിംലീഗിന്റെ ഏറ്റവും ശക്തനായ നേതാവിനോട്, മലപ്പുറത്ത് ഏറ്റവും സ്വാധീനമുള്ള യു.ഡി.എഫ്. നേതാവിനോട്, ഏറ്റുമുട്ടിയാണ് ഈ നേട്ടം. മുമ്പത്തെക്കാൾ കൂടുതൽപ്പേർ മതേതരരാഷ്ട്രീയത്തിന് വോട്ടുചെയ്തു. 

തിരസ്‌കൃതമാവുന്ന ന്യൂനപക്ഷ വർഗീയത

മതന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടുണ്ടാകുന്ന വർധിച്ചുവരുന്ന ആഭിമുഖ്യം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അടുത്തകാലത്തെ മറ്റുപല തിരഞ്ഞെടുപ്പുകളിലും പ്രകടമായിരുന്നു. ഇടതുപക്ഷമാണ് ഇന്ന് ഇന്ത്യയിൽ വർഗീയതയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്നത്. ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളത്തിലും ബംഗാളിലും ത്രിപുരയിലുമാണ് ഇന്നും ഭൂരിപക്ഷ വർഗീയതയുടെ പ്രത്യയശാസ്ത്രപരമായ ആധിപത്യം ഉണ്ടാകാതെയിരിക്കുന്നത്. പിന്നോട്ടടികൾ ഉണ്ട്. പ്രത്യേകിച്ചും ഇടതുപക്ഷത്തിന് സ്വാധീനം കുറഞ്ഞുവന്ന പശ്ചിമബംഗാളിൽ. എന്നാൽ, അവിടെപ്പോലും ഹിന്ദുത്വവാദികൾക്ക് ആശയപരമായ മേൽക്കോയ്മ ഇന്നുവരേക്കും കിട്ടിയിട്ടില്ല. വർഗീയതയ്ക്കെതിരായ അതിശക്തമായ സമരങ്ങൾ ഈ സംസ്ഥാനങ്ങളിൽ നടന്നിട്ടുണ്ട്.

അതേസമയം, ഹിന്ദുത്വവർഗീയതയോട് കോൺഗ്രസ് എന്നും ഒത്തുതീർപ്പ് നടത്തിയിട്ടുണ്ട്. കോൺഗ്രസ്‌ ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും ഭാഗമാണത്. ബാബറി പള്ളി പൊളിക്കുന്നതിന് ഒത്താശചെയ്ത്, ഇന്ത്യയെ ഇന്നത്തെ വർഗീയ വിസ്ഫോടനത്തിലെത്തിച്ചതടക്കം  ഈ ചരിത്രത്തിലുണ്ട്. ഇന്ന് കോൺഗ്രസിന്റെ ഒന്നാംനിര നേതാക്കൾതന്നെ പാർട്ടിവിട്ട് ബി.ജെ.പി.യിലേക്ക് പോവുകയാണ്. ഇത് കോൺഗ്രസിന്റെ വിശ്വാസ്യതയെ തകർത്തിരിക്കുന്നു. കേരളത്തിൽനിന്ന്‌ കോൺഗ്രസ് നേതാക്കൾ കൂറുമാറുമെന്ന് കേൾക്കുന്നു. പ്രവർത്തകരുടെയും നേതാക്കളുടെയും ഹിന്ദുത്വവാദത്തിലേക്കുള്ള മാറ്റത്തെ തടയാനുള്ള പ്രത്യയശാസ്ത്രശേഷി കോൺഗ്രസിനില്ല. ഇങ്ങനെയുള്ള ഒരു കോൺഗ്രസ് നേതൃത്വംനല്കുന്ന യു.ഡി.എഫിനെ എങ്ങനെ വിശ്വസിക്കും? കോൺഗ്രസ് മാത്രമല്ല ഈ വിശ്വാസവഞ്ചന കാണിച്ചിട്ടുള്ളത്. മലപ്പുറം നിയോജകമണ്ഡലത്തിൽപ്പെടുന്ന വള്ളിക്കുന്ന്‌ പഞ്ചായത്തിൽ മുസ്‌ലിംലീഗും ബി.ജെ.പി.യും ചേർന്നാണ് ഭരണം.  ഈ സാഹചര്യത്തിലാണ് മലപ്പുറത്തെ ഒരുവിഭാഗം മുസ്‌ലിംലീഗനുഭാവികളുംകൂടി ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥിക്ക് വോട്ടുചെയ്തത്.

തീവ്രവർഗീയവാദികൾക്ക്‌  തിരിച്ചടി

ന്യൂനപക്ഷവർഗീയതയെ ചൂണ്ടിക്കാട്ടി വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രയോഗിക്കുന്ന ബി.ജെ.പി.ക്ക് മലപ്പുറത്ത് വലിയ തിരിച്ചടിയാണുണ്ടായത്, അവരുടെ വോട്ടുവിഹിതം കുറഞ്ഞു. മലപ്പുറത്തെ ഹിന്ദുമതക്കാരായ വോട്ടർമാരും വർഗീയതയെ തള്ളിക്കളയുന്നു, മുക്കാൽപങ്ക് ഹിന്ദുക്കളും ബി.ജെ.പി.ക്കെതിരെ, ജന്മനാ മുസ്‌ലിങ്ങളായ രാഷ്ട്രീയനേതാക്കൾക്ക്, വോട്ടുചെയ്തു.

തീവ്രവർഗീയവാദികളായ എൻ.ഡി.എഫി.ന്റെ എസ്.ഡി.പി.ഐ., ജമാ അത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടി എന്നിവർ ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. മുസ്‌ലിം സമുദായത്തിന്റെ രക്ഷകരാണെന്നവകാശപ്പെടുന്ന ഈ തീവ്രവാദികളെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മലപ്പുറത്തെ വോട്ടർമാർ തുരത്തിയോടിച്ചതാണ്. അതിനെക്കാളും മോശമാവും ഇത്തവണത്തെ പ്രതികരണം എന്നറിയാവുന്നതിനാലാണ് അവർ വീണ്ടും ഒരു സാഹസത്തിന് മുതിരാത്തത്. മുസ്‌ലിങ്ങളിൽ നാമമാത്രമായ സ്വാധീനം മാത്രമുള്ള ഇവർ ഉന്നയിക്കുന്ന അവകാശവാദങ്ങൾ പക്ഷേ, ആകാശത്തോളം ഉയരത്തിലാണ്.


മുസ്‌ലിംലീഗും വർഗീയതയും

തങ്ങൾ വർഗീയകക്ഷിയല്ലെന്നാണ് ഈ തിരഞ്ഞെടുപ്പുകാലത്ത് മുസ്‌ലിംലീഗ് ഉയർത്തിയ ഒരു പ്രചാരണം. അപ്പോൾപ്പിന്നെ എന്താണ് വർഗീയത? പൗരരെ മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയവും സാമ്പത്തികവുമായ ആവശ്യങ്ങൾക്കായി സംഘടിപ്പിക്കുന്നതാണ് വർഗീയത. ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളുമൊക്കെ മതവിശ്വാസത്തിന്റെ കാര്യത്തിൽ മാത്രമല്ല മതേതരമായ കാര്യങ്ങളിലും വെവ്വേറെയാണെന്ന വാദമാണിത്. വിവിധ മതവിഭാഗങ്ങളിലെ വിദ്യാർഥികൾ, തൊഴിലാളികൾ, സ്ത്രീകൾ എന്നിവരുടെ താത്‌പര്യങ്ങൾ വെവ്വേറെയാണെന്നുമാത്രമല്ല പരസ്പരവിരുദ്ധവുമാണെന്ന് വർഗീയവാദികൾ വാദിക്കുന്നു.

മതവിഭാഗമെന്നനിലയിൽ തങ്ങൾ സംഘടിച്ചുനിന്ന് ചില മതേതര ആവശ്യങ്ങൾ നേടിയെടുക്കേണ്ടതുണ്ട് എന്ന് കരുതുന്ന മുസ്‌ലിംലീഗ്, ക്രിസ്ത്യൻ വർഗീയതയുള്ള കേരള കോൺഗ്രസ് തുടങ്ങിയ കക്ഷികൾ ഈ വർഗീയ നിലപാടുകൾക്കൊപ്പം പല പൊതുകാര്യങ്ങളിലും മതേതരനിലപാടുകൾക്കൊപ്പവും നില്ക്കുന്നവരാണ്. ഇവയുടെ ന്യൂനപക്ഷവർഗീയതയെ വേണമെങ്കിൽ മൃദുവർഗീയത എന്നു വിളിക്കാം. സംഘപരിവാർ നേതൃത്വം നൽകുന്ന ഭൂരിപക്ഷവർഗീയത ഉയർത്തുന്നതരം സർവാധിപത്യഭീഷണി ഉയർത്താൻ ഇവയ്ക്കാവില്ല. അതിനാൽത്തന്നെ ബി.ജെ.പി. പോലൊരു ഭീഷണിയല്ല മുസ്‌ലിം ലീഗ്. എന്നാലത് ലീഗിനെ വർഗീയകക്ഷി അല്ലാതാക്കുന്നുമില്ല. വിശാഖപട്ടണത്ത് നടന്ന സി.പി.എമ്മിന്റെ 21-ാം കോൺഗ്രസിന്റെ രാഷ്ട്രീയപ്രമേയം ന്യൂനപക്ഷവർഗീയതയ്ക്കെതിരേ നിലപാടെടുക്കണമെന്ന കാര്യം ഒന്നുകൂടെ ഊന്നിപ്പറഞ്ഞു, ‘ന്യൂനപക്ഷ വർഗീയത തടയുന്നതിനുള്ള ശ്രമങ്ങളിൽ ശ്രദ്ധചെലുത്തണം. അല്ലെങ്കിൽ അത് ഭൂരിപക്ഷ വർഗീയശക്തികളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.’

ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്താമോ ഇല്ലയോ തുടങ്ങി നിത്യജീവിതത്തിലെ ഓരോ പ്രവൃത്തിയെയും അനാവശ്യമായി വർഗീയവത്‌കരിച്ച് ധ്രുവീകരണമുണ്ടാക്കിയാണ് മുസ്‌ലിംലീഗ് നിലനില്ക്കുന്നത്. 1984-ൽ മുസ്‌ലിം വനിതാ ബില്ലിന്റെപേരിൽ ലീഗ് നടത്തിയ വർഗീയപ്രചാരണം നമ്മുടെ സമൂഹത്തെ, പ്രത്യേകിച്ചും മുസ്‌ലിങ്ങളെ, എത്രമാത്രം പിന്നോട്ടടിച്ചുവെന്ന ഒറ്റക്കാര്യം പരിശോധിച്ചാൽ മതി ലീഗിന്റെ വർഗീയതയുടെ സ്വഭാവം മനസ്സിലാവാൻ. വർഗീയ അക്രമങ്ങളിലും ലീഗ് പിന്നോട്ടല്ല. പരിഷ്കരിച്ച പാഠപുസ്തകത്തിന്റെ പേരിൽ ഒരു അധ്യാപകനെ തെരുവിൽ ചവിട്ടിക്കൊന്ന ലീഗുകാർ അവർക്ക്‌ സ്വാധീനമുള്ള മേഖലകളിൽ അക്രമസ്വഭാവത്തിൽ ആർ.എസ്.എസിന് മാത്രം പിന്നിലാണ്. വക്കം മൗലവിയും മുഹമ്മദ് അബ്ദുറഹിമാനും വൈക്കം മുഹമ്മദ് ബഷീറും പോലുള്ള ഉത്പതിഷ്ണുക്കൾ നായകത്വംവഹിച്ച സമൂഹത്തെയാണ് മുസ്‌ലിംലീഗ് വർത്തകപ്രമാണിമാർക്കായി വർഗീയവത്‌കരിക്കുന്നത്.

ആർ.എസ്.എസ്. ഹിന്ദുക്കളുടെ താത്‌പര്യം സംരക്ഷിക്കുന്നു എന്നത് വെറുമൊരു മറയാണെന്നതുപോലെ ലീഗ് മുസ്‌ലിങ്ങളുടെ താത്‌പര്യം സംരക്ഷിക്കുന്നു എന്നതും അടിസ്ഥാനമില്ലാത്ത അവകാശവാദമാണ്.

(സി.പി.എം. പൊാളിറ്റ്‌​ബ്യൂറോ അംഗമാണ്‌ ലേഖകൻ)