കടങ്കഥയ്ക്കുള്ളിലെ പ്രഹേളിക പോലെയാണ് തമിഴകരാഷ്ട്രീയം ഇപ്പോൾ നീങ്ങുന്നത്. ജയലളിതയുടെ മരണത്തിനുശേഷം എ.ഐ.എ.ഡി.എം.കെ.യിൽ ആദ്യം കലാപക്കൊടി ഉയർത്തിയത് ജയയുടെ വിശ്വസ്തനും വിധേയനുമായിരുന്ന ഒ. പനീർശെൽവമാണ്. മറീനയിൽ ജയലളിതയുടെ സ്മൃതിമണ്ഡപത്തിൽ നിന്നായിരുന്നു ഒ.പി.എസിന്റെ കലാപം തുടങ്ങിയത്. ഈ കലാപം ശശികല നേരിട്ടത് ഇതേ മണ്ഡപത്തിൽ വന്നുനിന്ന് ശപഥമെടുത്തുകൊണ്ടായിരുന്നു. ബെംഗളൂരുവിലെ ജയിലിലേക്ക് പോകുംമുമ്പ് പ്രിയപ്പെട്ട ‘അക്ക’യുടെ ശവകുടീരത്തിനുമുകളിൽ കൈകൊണ്ട് മൂന്നുവട്ടം ആഞ്ഞടിച്ച് ശശികലയെടുത്ത ശപഥത്തിന്റെ പുറത്താണ് ശശികലവിഭാഗം ഇത്രയും കാലം പിടിച്ചുനിന്നതെന്ന്

വിശ്വസിക്കുന്നവരുണ്ട്. കപ്പൽ കലാപം

തമിഴ്‌നാട്മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇന്നിപ്പോൾ എ.ഐ.എ.ഡി.എം.കെ.യിലെ രണ്ടാംകലാപത്തിന് ചുക്കാൻപിടിക്കുന്നത്. ചെന്നൈയ്ക്കടുത്ത് ബംഗാൾ ഉൾക്കടലിൽ ഐ.എൻ.എസ്. ചെന്നൈ എന്ന ഇന്ത്യൻ നാവികസേനയുടെ കപ്പലിൽനിന്നാണ് എടപ്പാടി പളനിസ്വാമി ഈ കലാപത്തിന് തുടക്കമിട്ടതെന്നത് വല്ലാത്തൊരു കാഴ്ചയായിരുന്നു. കരയിൽ ഒരു രഹസ്യവും രഹസ്യമായിരിക്കില്ലെന്ന തിരിച്ചറിവിലാകാം എടപ്പാടി തന്റെ കൂടെയുള്ള എം.എൽ.എ.മാരെ കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള യുദ്ധക്കപ്പലിലേക്ക് കൊണ്ടുപോയത്. ശബ്ദത്തെക്കാൾ വേഗത്തിൽ പായുന്ന സൂപ്പർസോണിക് ബ്രഹ്‌മോസ് മിസൈലുകൾ ഘടിപ്പിച്ചിട്ടുള്ള ഈ കപ്പലിൽ നിന്നാണ് എടപ്പാടി പളനിസ്വാമി, ശശികലയും ദിനകരനുമടങ്ങുന്ന മന്നാർകുടി കുടുംബത്തിനെതിരെയുള്ള കരുനീക്കങ്ങൾക്ക് ആരംഭംകുറിച്ചത്. 

കപ്പലിൽനിന്നിറങ്ങിയ എം.എൽ.എ.മാർ ശശികലയെയും ദിനകരനെയും തള്ളിപ്പറയുമെന്ന് ഉറപ്പായിരുന്നു. ഭരണവും അധികാരവുമാണ് ഈ എം.എൽ.എ.മാരെ ശശികലയ്ക്കും ദിനകരനുമൊപ്പം നിർത്തിയത്. പക്ഷേ, അദ്‌ഭുതപ്പെടുത്തിയത് ടി.ടി. വി. ദിനകരന്റെ പിന്മാറ്റമാണ്. സാധാരണഗതിയിൽ പോർമുഖത്തുനിന്ന്‌ ഒളിച്ചോടുന്നവരല്ല ദിനകരനുൾപ്പെടുന്ന തേവർ സമുദായക്കാർ. പിന്നിൽനിന്നുള്ള കുത്തുകൾ ഒരിക്കലും മറക്കില്ലെന്നും പൊറുക്കില്ലെന്നുമുള്ള സവിശേഷതയും തേവർ വിഭാഗത്തിനുണ്ട്. എന്നിട്ടും ദിനകരൻ പിന്മാറി. പിന്മാറാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് ബുധനാഴ്ച ദിനകരൻ നടത്തിയ പത്രസമ്മേളനം ശ്രദ്ധേയമായിരുന്നു. പരിഭ്രാന്തിയുടെ ഒരടയാളംപോലും ദിനകരന്റെ മുഖത്തുണ്ടായിരുന്നില്ല. ഡൽഹി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോ എടപ്പാടിയുടെ കലാപമോ ലവലേശം സ്പർശിക്കാത്ത ഒരാളെപ്പോലെ അതിശാന്തനായാണ് ദിനകരൻ മാധ്യമപ്രവർത്തകരെ നേരിട്ടത്. അടുത്തകാലത്തെങ്ങും ഇത്രയും മികച്ചരീതിയിൽ  ഒരുനേതാവും ഒരു വിപദ്ഘട്ടത്തിൽ പത്രസമ്മേളനം നടത്തിയിട്ടില്ലെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു മുതിർന്ന പത്രപ്രവർത്തകൻ പറഞ്ഞത്.

ദിനകരന്റെ പിന്മാറ്റം

ദിനകരന്റെ പിന്മാറ്റം തന്ത്രപരമായിരുന്നുവെന്നതിൽ സംശയമില്ല. എടപ്പാടി പളനിസ്വാമിയെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിക്കസേരയാണ് വലുത്. ആർ.കെ. നഗറിൽ ദിനകരൻ സ്ഥാനാർഥിയായപ്പോൾത്തന്നെ എടപ്പാടി അപകടം മണത്തിരുന്നു. അവിടെ ദിനകരൻ പരാജയപ്പെടും എന്ന കണക്കുകൂട്ടലിലായിരിക്കണം എടപ്പാടി കാത്തിരുന്നത്. എന്നാൽ, ആർ.കെ. നഗറിലെ ഉപതിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പുകമ്മിഷൻ മാറ്റിവെച്ചതോടെ എടപ്പാടിയും കൂട്ടരും കലാപത്തിനുള്ള ഒരുക്കം തുടങ്ങി. എടപ്പാടിയും എം.എൽ.എ.മാരും ഐ. എൻ.എസ്. ചെന്നൈയിൽ രഹസ്യയോഗം ചേർന്നതോടെ കാര്യങ്ങൾ കൈവിടുകയാണെന്ന് ദിനകരന് ബോധ്യമായി. ബി.ജെ.പി.യുടെ ആശീർവാദം ഈ നീക്കത്തിനുണ്ടെന്നും ഒ.പി. എസ്സും എടപ്പാടിയും ഒന്നിച്ചേക്കുമെന്നും വ്യക്തമായതോടെ ദിനകരൻ സ്വയംപിന്മാറാൻ തീരുമാനിക്കുകയായിരുന്നു. മണ്ണാർകുടി കുടുംബത്തിൽ ഉടലെടുത്തിട്ടുള്ള അഭിപ്രായഭിന്നതകളും ദിനകരന്റെ നീക്കത്തിന് പിന്നിലുണ്ടെന്ന് സൂചനയുണ്ട്. ശശികലയുടെ സഹോദരന്റെ മകനായ ദിവാകരനാണ് തഞ്ചാവൂർ മേഖലയുൾപ്പെടുന്ന കാവേരി ഡെൽറ്റയിൽ എ.ഐ.എ.ഡി.എം.കെ. അമ്മ വിഭാഗത്തെ നിയന്ത്രിക്കുന്നത്. തന്നെ ഒതുക്കാൻ ദിനകരൻനടത്തിയ നീക്കങ്ങൾക്കെതിരെ ദിവാകരൻ രംഗത്തുവന്നതോടെയാണ് എടപ്പാടിക്ക് ദിനകരനെതിരെയുള്ള കലാപത്തിന് ആത്മധൈര്യം കിട്ടിയതെന്നും റിപ്പോർട്ടുകളുണ്ട്.

ദിനകരൻ കളത്തിൽനിന്ന്‌ മാറിയതിനെ ഒ.പി.എസ്. ക്യാമ്പ് സംശയത്തോടെയാണ് കാണുന്നത്. തങ്ങളെ കുഴിയിൽ വീഴ്ത്താനുള്ള മന്നാർകുടി കുടുംബത്തിന്റെ അടവാണോ ഇതെന്ന ആശങ്ക ഒ.പി.എസിനും കൂട്ടർക്കുമുണ്ട്. അതുകൊണ്ടുതന്നെയാണ് എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിസ്ഥാനത്തുനിർത്തി മുന്നോട്ടുപോവാനാവില്ലെന്ന സന്ദേശം ഇപ്പോൾ ഒ.പി.എസ്. മുന്നോട്ടുവെയ്ക്കുന്നത്. തന്നെ തകർക്കാനുള്ള ട്രോജൻ കുതിരയായി എടപ്പാടി മാറുമോയെന്ന പേടി തീർച്ചയായും ഒ.പി. എസിനുണ്ട്. അതുകൊണ്ടുതന്നെ കരുതലോടെയാണ് ഒ.പി.എസ്. നീങ്ങുന്നത്. എടപ്പാടിക്കും ദിനകരനുമിടയിൽ ഒരു പാലവുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ സഖ്യത്തിന് ഒ.പി.എസ്. തയ്യാറാവുകയുള്ളൂ.

234 അംഗ നിയമസഭയിൽ ജയലളിതയുടെ മരണത്തെത്തുടർന്ന് 233 പേരാണുള്ളത്. ഡി.എം.കെ. നേതാവ് എം. കരുണാനിധി ആരോഗ്യപ്രശ്നങ്ങൾകാരണം സഭയിൽ വരാറില്ല. സ്പീക്കർ ധനപാലിനെയും മാറ്റിനിർത്തിയാൽ നിയമസഭയുടെ അംഗബലം 231 ആകും. അപ്പോൾ കേവലഭൂരിപക്ഷത്തിന് 116 എം.എൽ.എ.മാർ വേണം. സ്പീക്കറെക്കൂടാതെ 122 എം.എൽ. എ.മാരാണ് എ.ഐ.എ.ഡി.എം.കെ. അമ്മ വിഭാഗത്തിലുള്ളത്. ഇതിൽ  ആറ്‌്‌ എം.എൽ.എ. മാർ വിട്ടുപോയാലും പളനിസ്വാമിക്ക് തനിച്ച് ഭൂരിപക്ഷമുണ്ടാവും. ഒ.പി.എസ്. ക്യാമ്പിൽ 12 എം. എൽ.എ.മാരാണുള്ളത്.
എടപ്പാടി സർക്കാർ വീഴാനാണ് ഡി.എം.കെ. കാത്തിരിക്കുന്നത്. സർക്കാർ വീഴുകയും രാഷ്ട്രപതിഭരണം വരികയും ചെയ്താൽ അധികംതാമസിയാതെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്ന്‌  ഡി.എം.കെ. പ്രതീക്ഷിക്കുന്നു. ഡി.എം.കെ.യ്ക്കൊപ്പം തന്നെയായിരിക്കും കോൺഗ്രസ് നീങ്ങുക. ഇവർക്കൊപ്പം ഇടതുകക്ഷികളും ചേർന്നേക്കും. ജി.കെ. വാസന്റെ തമിഴ് മാനില കോൺഗ്രസും തിരുമാവളവന്റെ വിടുതലൈ ചിറുതൈകൾ കച്ചിയും ഒപ്പമുണ്ടാവും. നിലവിലെ സാഹചര്യത്തിൽ തമിഴകം പിടിക്കുന്നതിന് ഈ മുന്നണി മതിയാവുമെന്നാണ് എം.കെ. സ്റ്റാലിൻ കണക്കുകൂട്ടുന്നത്. സെന്റ്‌ജോർജ് കോട്ടയിലെ ആ അധികാരപീഠത്തിലേക്ക് ഇനിയിപ്പോൾ അധികം കാത്തിരിക്കേണ്ടിവരില്ലെന്ന ചിന്തയിലാണ് സ്റ്റാലിൻ.

പ്രതീക്ഷയോടെ ബി.ജെ.പി.

ദക്ഷിണേന്ത്യയിൽ ബി.ജെ.പി. ഏറ്റവും ദുർബലമായ സംസ്ഥാനമാണ് തമിഴ്‌നാട്. തനിച്ചു നിന്നാൽ ഇപ്പോഴും ഒരു നിയമസഭാ സീറ്റുപോലും ബി.ജെ.പി.ക്ക് തമിഴകത്ത് നേടാനാവില്ല. ഇവിടെയാണ് ഒ.പി.എസിന്റെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ.യുമായി ബി.ജെ.പി. സഖ്യമുണ്ടാക്കാൻ പോവുന്നത്. ഒരു സംഘപരിവാർ പ്രവർത്തകൻ ചൂണ്ടിക്കാട്ടിയതുപോലെ തമിഴകത്ത് ഇനിയങ്ങോട്ട് ഇരട്ട ഇലയ്ക്കുള്ളിൽ താമര വിരിയാൻ പോവുകയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിനെക്കാൾ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ബി.ജെ.പി.ക്ക് നിർണായകം. രണ്ടു കൊല്ലത്തിനപ്പുറമുള്ള ഈ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ.യ്ക്കൊപ്പം നിന്നുകൊണ്ട് തമിഴകം പിടിക്കുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം.

ഈ ലക്ഷ്യത്തിനായി അത്യധികം കൗശലത്തോടെയും ക്ഷമയോടെയുമാണ് ബി.ജെ.പി. കരുക്കൾ നീക്കുന്നത്. സഖ്യത്തിനുള്ള മുഖ്യതടസ്സം മന്നാർകുടി കുടുംബമായിരുന്നു. 2011-ൽ ജയലളിത ശശികലയെ പുറത്താക്കിയതോടെയാണ് മന്നാർകുടി കുടുംബത്തിനും ബി.ജെ.പി.ക്കുമിടയിൽ ഭിന്നത ഉടലെടുത്തത്. ശശികലയ്ക്കുപകരം അന്ന് തനിക്കുകൂടി പങ്കുള്ള ചില കമ്പനികളിലേക്ക് ഡയറക്ടറായി ജയലളിത കൊണ്ടുവന്നത് ബി.ജെ.പി. സഹയാത്രികനും തുഗ്ളക്ക് പത്രാധിപരുമായിരുന്ന ചോ രാമസാമിയെയാണ്. വിഷം നൽകി ശശികല ജയലളിതയെ ഇല്ലാതാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന കഥ പരന്നതും ഈ സമയത്താണ്. പക്ഷേ, ബി.ജെ.പി.യെ ഞെട്ടിച്ചുകൊണ്ട് ജയലളിത ശശികലയെ തിരിച്ചെടുത്തു. അതോടെ ചോയുടെ ബന്ധം മാത്രമല്ല എ.ഐ.എ.ഡി.എം.കെ. എന്ന പാർട്ടിയുമായി ബി.ജെ.പി.ക്കുണ്ടായിരുന്ന കണ്ണികളും ഒന്നൊന്നായി മന്നാർകുടി കുടുംബം അറുത്തുകളഞ്ഞു. ഈ കണ്ണികളാണ് ഇപ്പോൾ ബി.ജെ.പി. വിളക്കിക്കൊണ്ടിരിക്കുന്നത്. എം.ജി.ആറും ജയലളിതയും വളർത്തി, പരിപോഷിപ്പിച്ചെടുത്ത എ.ഐ.എ.ഡി.എം.കെ. എന്ന തമിഴകത്തെ ഏറ്റവും വലിയ പാർട്ടിയെ കൈയിലെടുക്കാനായാൽ തമിഴകത്ത് വൻനേട്ടമുണ്ടാക്കാനാവുമെന്ന് ബി.ജെ.പി.ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. തുഗ്ളക്ക് പത്രാധിപരും ആർ.എസ്.എസ്. സഹയാത്രികനുമായ എസ്. ഗുരുമൂർത്തിയാണ് തമിഴകത്തെ പടയോട്ടത്തിനുള്ള ബി.ജെ.പി.യുടെ തന്ത്രങ്ങൾ മെനയുന്നതെന്നാണ് സൂചന.