തിവേഗം ബഹുദൂരം എന്ന ആപ്തവാക്യത്തിന്റെ ഉപജ്ഞാതാവ് ഉമ്മന്‍ ചാണ്ടിയാണെങ്കിലും അത് പ്രായോഗികമാക്കിയത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. അതില്‍ അസ്വാഭാവികതയൊന്നുമില്ല. അവകാശവാദങ്ങള്‍ പലതും നടത്തുമെങ്കിലും ഉമ്മന്‍ചാണ്ടിക്ക് ഒറ്റൊരു ചങ്കേയുണ്ടായിരുന്നുള്ളുവെന്ന ന്യൂനതയുണ്ടായിരുന്നു.  പിണറായിയാണെങ്കില്‍ അങ്ങനെയല്ലല്ലോ. മുഖ്യമന്ത്രിയായപ്പോള്‍ അനുയായികള്‍ നാടാകെ വെച്ച ബാനറുകളില്‍ അവകാശപ്പെട്ടത് ഇരട്ടച്ചങ്കുള്ള കമ്മ്യൂണിസ്റ്റ് എന്നാണ്. ചങ്ക് എന്നത് ഹൃദയം എന്ന അര്‍ഥത്തിലോ കരള്‍ എന്ന അര്‍ഥത്തിലോ ആവാം സഖാക്കള്‍ ഉപയോഗിച്ചത്. കരളുറപ്പ്. സാധാരണ ഒരാള്‍ ചെയ്യുന്നതിന്റെ ഇരട്ടിയെങ്കിലും ചെയ്യാന്‍ പ്രാപ്തിയുള്ള ആള്‍ക്കാണ് രണ്ട് ചങ്കുണ്ടെന്ന് പറയുക. 

ഇതിലും അദ്ഭുതമൊന്നുമില്ല. രാവണന് പത്ത് തലയുണ്ടായിരുന്നു. ഒരേസമയത്ത് പത്ത് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. പത്ത് തലയുള്ളതിനാല്‍ ദശഗ്രീവനായി. ദശരഥനാകട്ടെ ഒരേസമയത്ത് പത്ത് രഥങ്ങള്‍ ഓടിച്ചായിരുന്നു യുദ്ധം ചെയ്തതുപോല്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ പേരും പെരുമയും ആര്‍ജിക്കാന്‍ മൂന്നര കൊല്ലത്തോളമെടുത്തു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിനു മുമ്പ് തന്നെ പരമാവധി യശസ്സ് കൈവരിച്ചിരിക്കുകയാണ്. അതിവേഗം ബഹുദൂരം എന്ന ഉമ്മന്‍ചാണ്ടിയുടെ മുദ്രാവാക്യം ശരിയാക്കിയിരിക്കുന്നു. എത്രവേഗമാണ് ശരിയാക്കല്‍. കൊടിയേറ്റം സിനിമയിലെ നായകന്‍ ശങ്കരന്‍കുട്ടി അദ്ഭുതപ്പെട്ടതുപോലെ എന്തൊരു സ്പീഡ്!  പണ്ട് പൊന്നാനിയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് റാലിയില്‍ മദനിയോടൊപ്പം വേദി പങ്കിട്ടത് പ്രസിദ്ധമാണല്ലോ. അന്ന് മഅദനി അദ്ഭുതാവേശങ്ങളോടെ പ്രകീര്‍ത്തിച്ചല്ലോ, ആകാശം ഇടിഞ്ഞ് പൊളിഞ്ഞ് വീഴുകയാണെന്ന് പറഞ്ഞാലും കുലുങ്ങാത്ത തലയെടുപ്പിനെ. 

നാടൊന്നാകെ ഒഴുകുന്നതുകാണുമ്പോള്‍ അതിനൊപ്പം ഒഴുകുകയല്ല ധീരന്മാരായ  നേതാക്കളും അധികാരികളും ചെയ്യേണ്ടത്. ഒഴുക്കിനെതിരെ നീന്തുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുകളില്‍നിന്ന് താഴേക്ക് കെട്ടിപ്പടുക്കുന്ന പാര്‍ട്ടിയാണ്. വണ്ടിക്ക് പിന്നില്‍ കുതിരയെക്കെട്ടാന്‍ പാര്‍ട്ടിയെ കിട്ടില്ല. വണ്ടിക്ക് മുന്നിലാണ് കുതിരയെ കെട്ടുക. ജിഷ്ണുവിന്റെ അമ്മയും കുടുംബാംഗങ്ങളും ലോകനാഥ ബെഹ്‌റയുടെ പവിത്രമായ സന്നിധിയില്‍ കണ്ണീരും പ്രതിഷേധവുമായെത്തി അലങ്കോലപ്പെടുത്താനാണ് മുതിര്‍ന്നത്. അതിനെ ശക്തമായി നേരിട്ടത് പൊലീസിന്റെ പണി. അവര്‍ ആ ചുമതല ഭംഗിയായി നിര്‍വഹിച്ചു. നാട്ടുകാരോ ഭരണക്കാരോ പോലീസോ അല്ലാത്തതിനാല്‍ പ്രതിഷേധം അലയടിച്ചു. 

അപ്പോഴാണ് എം.എ. ബേബി പറഞ്ഞത്, ഇടതുപക്ഷത്തിന്റെ പോലീസ് നയത്തിനെതിരായവരാണ് ജിഷ്ണുവിന്റെ അമ്മയെയും സഹോദരങ്ങളെയും ഉപദ്രവിച്ചതെന്ന്. ഡ.ജി.പി.യുടെ ഓഫീസിനെന്താ കൊമ്പുണ്ടോ, അവിടെയെന്താ സമരം നടന്നാല്‍ ആകാശം പൊളിഞ്ഞുവീഴുമോ എന്നും പോളിറ്റ് ബ്യൂറോ മെമ്പര്‍ ചോദിച്ചു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനവും അസി. സെക്രട്ടറി പ്രകാശ്ബാബുവും ഇതുതന്നെ പറഞ്ഞു. ഇടതുപക്ഷ പോലീസ് നയമല്ല, ഡി.ജി.പി.ഓഫീസിന് മുന്നില്‍ മഹിജയോട് പ്രകടിപ്പിച്ചതെന്ന്! 

ഇടതുപക്ഷ സര്‍ക്കാരിന്റെ പോലീസ് നയത്തെക്കുറിച്ച് പറയാന്‍ ബേബിയാരാണ്? പോളിറ്റ്ബ്യൂറോക്കെന്താ അതിനധികാരം? കാനവും സി.പി.ഐ.യും അവരുടെ വകുപ്പുകളും നോക്കിനടന്നാല്‍പോരേ? പോലീസ് കാര്യത്തില്‍ എന്തനിടപെടുന്നു? 

ഇതൊരു കടന്നുകയറ്റമാണ്. അധിനിവേശം.  മുഖ്യമന്ത്രി നയിക്കുന്ന പോലീസിന് തെറ്റുപറ്റിയെന്ന് പറയുന്നത് മുഖ്യമന്ത്രിക്ക് തെറ്റുപറ്റിയെന്ന് പറയുന്നതിന് തുല്യമാണ്. ഇത് അഭിമാനത്തിന്മേല്‍ത്തൊട്ടുള്ള കളിയാണ്. ആകാശം അട്ടിമറിഞ്ഞാലും കുലുക്കാനാവാത്തതിനെ കുലുക്കാന്‍ ശ്രമിക്കുകയോ. ഞങ്ങളുടെ വകുപ്പ് ഞങ്ങള്‍ നോക്കും. ബേബിക്ക് വേണമെങ്കില്‍ അടുത്ത പോളിറ്റ്ബ്യൂറോവില്‍ വിമര്‍ശിക്കാം. മുറത്തില്‍ കയറി കൊത്തരുത്. 

ഡി.ജി.പി. ഓഫീസിനടുത്ത് റോഡില്‍ കിടന്ന മഹിജക്ക് കൈ കൊടുത്ത് എഴുന്നേല്‍ക്കാന്‍ സഹായിക്കുകയായിരുന്നു പോലീസ് എന്ന വിശദീകരണം മുഖ്യമന്ത്രിയില്‍നിന്നുണ്ടായത് അതിനാലാണ്. പാര്‍ട്ടിനയമനുസരിച്ചുള്ള സത്യം പറയണമല്ലോ. മുഖ്യമന്ത്രി പറഞ്ഞാല്‍ മാറ്റൊലി പാര്‍ട്ടി ആസ്ഥാനത്തുനിന്നും ഉണ്ടാകുന്നത് സ്വാഭാവികം. ജിഷ്ണുവിന്റെ മാതാവും കുടുംബവും ഡി.ജി.പി. ഓഫീസിനുമുന്നിലെത്തിയപ്പോള്‍ പോലീസ് നടത്തിയ പ്രതികരണം ഇടതുപക്ഷ സര്‍ക്കാരിന്റെ പോലീസ് നയത്തിനനുസരിച്ചുള്ളതാണ്! പത്രങ്ങളായ പത്രങ്ങളിലെല്ലാം പോലീസിന്റെ തിളക്കമാര്‍ന്ന നടപടികള്‍ പരസ്യപ്പെടുത്തിയതോടെ ജനങ്ങള്‍ കാര്യം നല്ലവണ്ണം മനസ്സിലാക്കി. 

ഇതോടുകൂടി പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു. സംശയങ്ങളൊന്നും അവശേഷിക്കുന്നില്ല. ഇനി പാര്‍ട്ടിക്ക് ലോക്കല്‍തല ജാഥകള്‍ നടത്താം. വിശദീകരണപൊതുയോഗം നടത്താം. എം.എം. മണിയെപ്പോലുള്ള മഹാന്മാരെക്കൊണ്ട്  പ്രസംഗിപ്പിക്കാം. കാരണം പാര്‍ട്ടി തീരുമാനം വന്നു. ജിഷ്ണുവിന്റെ മാതാവിനോട് പോലീസ് കാണിച്ചതാണ് ഇടതുപക്ഷ പോലീസ് നയം. ഡി.ജി.പി. ഓഫീസിലേക്ക് മഹിജക്കൊപ്പം പോയവരില്‍ പുറത്തുനിന്നുള്ള പൊതുപ്രവര്‍ത്തകരെ രാജ്യദ്രോഹക്കേസിലെന്നപോലെ ജയിലിലടച്ച് ജാമ്യം നിഷേധിക്കുന്നതാണ് പോലീസ് നയം. 

പോലീസ് നടപടികളെക്കുറിച്ച് നേരത്തെ പ്രതികരിച്ചുപോയ എം.എ. ബേബിക്ക്  ശേഷകാലം ഇന്ദ്രപ്രസ്ഥത്തിലെ എ.കെ.ജി. ഭവനില്‍ വിമര്‍ശന-സ്വയംവിമര്‍ശനവുമായി കഴിയാം. കേരളത്തില്‍വന്ന് സംസ്‌കൃതം പറയുന്നതിന്  ഊരുവിലക്ക് വരുമോ ഇല്ലയോ എന്നത് കണ്ടറിയാം. ഈ സര്‍ക്കാരിന്റെ  നയങ്ങള്‍ അതിവേഗത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്നതില്‍ ഇരട്ടച്ചങ്കുള്ള സര്‍ക്കാരിന് അഭിമാനിക്കാം. ശുഭസ്യ ശീഘ്രം. ഇനി ഓരോന്നോരോന്നായി  എത്രവേഗമാവും ശരിയാക്കുക...!