Francis George
ഫ്രാന്‍സിസ് ജോര്‍ജ്

ആക്രോശമോ വെല്ലുവിളിയോ ആ പ്രസംഗത്തിലില്ല. മുഖം തികച്ചും ശാന്തം. തികഞ്ഞ മര്യാദയും മാന്യതയും പ്രസരിപ്പിക്കുന്ന ആകര്‍ഷകമായ വ്യക്തിത്വം. പക്ഷെ വാചകങ്ങള്‍ക്ക് മൂര്‍ച്ചയും ശക്തിയുമുണ്ട്. ശബ്ദത്തിന് ദൃഢതയും. 

ഇത് ഫ്രാന്‍സിസ് ജോര്‍ജ്. കേരളാ കോണ്‍ഗ്രസില്‍ നിന്ന് ഒരു പുതിയ നേതാവ് ഉയരുകയാണ്. ഒരേ സമയം കെ.എം. മാണിയെയും പി.ജെ. ജോസഫിനെയും വെല്ലുവിളിച്ച് പുതിയൊരു കേരളാ കോണ്‍ഗ്രസിനു രൂപംകൊടുത്തു കൊണ്ട് മാണിക്കും ജോസഫിനുമപ്പുറത്തേക്ക് കേരളാ കോണ്‍ഗ്രസിനെ വളര്‍ത്താന്‍.

1964ല്‍ പാര്‍ട്ടി നയം കൊണ്ടപ്പോള്‍ ഉണ്ടായിരുന്ന കാഴ്ചപ്പാടും സംസ്‌കാരവും വീണ്ടെടുക്കാന്‍, കേരളാ കോണ്‍ഗ്രസ് നേതൃത്വത്തെയും യു.ഡിഎഫ് നേതൃത്വത്തെയുമെല്ലാം ഞെട്ടിച്ചുകൊണ്ട് പാര്‍ട്ടി പിളര്‍ത്തി ഇടത്തേയ്ക്കു ചരിഞ്ഞ ഫ്രാന്‍സിസ് ജോര്‍ജിനും കൂട്ടര്‍ക്കും, കേരളാ കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ട പ്രസക്തിയും പൈതൃകവും വീണ്ടെടുക്കാനാവുമോ?

കേരളാ കോണ്‍ഗ്രസ് രൂപംകൊണ്ട 1964ല്‍ നിന്ന് 2016 ലെത്തുമ്പോള്‍ എട്ടിലേറെ കഷണങ്ങളായിരിക്കുന്നു ഈ പാര്‍ട്ടി. കെ.എം. മാണി മുതല്‍ ആര്‍. ബാലകൃഷ്ണപ്പിള്ള, സ്‌കറിയാ തോമസ് എന്നിങ്ങനെ പലരുണ്ട് ഓരോ പാര്‍ട്ടിയുടെയും തലപ്പത്ത്. ഇതില്‍ നിന്നൊക്കെ വേറിട്ടുനില്‍ക്കുക എന്നതു തന്നെയാവും ഫ്രാന്‍സിസ് ജോര്‍ജിന്റെ മുന്നിലുള്ള വെല്ലുവിളി.

1964 ഒക്ടോബര്‍ 8 ന് കോട്ടയത്തെ ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തിലായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ രൂപീകരണ യോഗം. മാത്തച്ചന്‍ കരുവിനാക്കുന്നേല്‍, ഇ. ജോണ്‍ ജേക്കബ്, ടി. കൃഷ്ണന്‍, മോഹന്‍ കുളത്തുങ്കല്‍, എം.സി. ചാക്കോ, കെ.എം. ജോര്‍ജ്, ആര്‍. ബാലകൃഷ്ണപിള്ള, ജോസഫ് പുലിക്കുന്നേല്‍ എന്നിവരൊക്കെ ആ സമ്മേളനത്തില്‍ പങ്കെടുത്തു. കെ.എം. ജോര്‍ജ് ചെയര്‍മാനായും ആര്‍. ബാലകൃഷ്ണപിള്ള ജനറല്‍ സെക്രട്ടറിയായും കേരളാ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിക്ക് സമ്മേളനം രൂപംനല്‍കി. പിറ്റേന്ന് വൈകീട്ട് കോട്ടയത്ത് തിരുനക്കര മൈതാനിയില്‍ ചേര്‍ന്ന വമ്പിച്ച പൊതുയോഗത്തില്‍ മന്നത്ത് പത്മനാഭനാണ് കേരള കോണ്‍ഗ്രസിന്റെ രൂപീകരണ പ്രഖ്യാപനം നടത്തിയത്.

കരുത്തനായ കോണ്‍ഗ്രസ് നേതാവ് പി.ടി. ചാക്കോയ്ക്കു നേരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായ നീക്കങ്ങളും, അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണവുമാണ് കേരളാ കോണ്‍ഗ്രസിന്റെ രൂപീകരണത്തിലേയ്ക്ക് വഴി തുറന്നത്. മധ്യകേരളത്തിലെ ക്രിസ്ത്യന്‍ മേഖലകളില്‍ ഇതു വലിയ ചലനമുണ്ടാക്കി. പുതിയ പാര്‍ട്ടിയിലേയ്ക്ക് ഒരു ജനപ്രവാഹമായിരുന്നു. വലിയൊരു മലവെള്ളപ്പാച്ചില്‍ പോലെ. 1965ല്‍ നടന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ കേരളാ കോണ്‍ഗ്രസിനു കിട്ടിയത് 26 സീറ്റ്. കോണ്‍ഗ്രസിനു 40 സീറ്റും സ.പി.എമ്മിനു 36 സീറ്റും മുസ്ലീം ലീഗിന് 12 സീറ്റും കിട്ടി. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ. അതിനാല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ കഴിഞ്ഞില്ല.

K M Mani
കെ എം മാണി

 

1965ലെ 26 സീറ്റില്‍ നിന്ന് 2011ല്‍ ഒമ്പതു സീറ്റിലേക്ക് കേരളാകോണ്‍ഗ്രസ് എത്തി. ഒരു നേതാവിന് ഒരു പാര്‍ട്ടി എന്ന കണക്കിന് കേരളാ കോണ്‍ഗ്രസുകള്‍ തന്നെ എത്രയെത്ര. നിയമസഭയില്‍ 50 വര്‍ഷം പിന്നിട്ട, ധനകാര്യമന്ത്രിയായി 13 ബജറ്റുകള്‍ അവതരിപ്പിച്ച, കെ.എം. മാണി പാലായില്‍ വീണ്ടും ആക്കം കുറിച്ചിരിക്കുന്നു. മറ്റൊരു നേതാവായ പി.ജെ. ജോസഫ് യു.ഡി.എഫില്‍ തുടര്‍ന്നുകൊണ്ട് തൊടുപുഴയില്‍ മത്സരിക്കാനൊരുങ്ങി നില്‍ക്കുന്നു. ഒരു കാലത്ത് പാര്‍ട്ടിക്കു ശക്തിപകരാനായിരുന്ന യൂത്ത് ഫ്രണ്ടും കെ.എസ്.സിയുമെല്ലാം കാണാമറയത്തായിരിക്കുന്നു. ബാര്‍കോഴ വിവാദത്തില്‍പ്പെട്ട കെ.എം. മാണിക്ക് മന്ത്രിസ്ഥാനം രാജിവെച്ച് പാലായിലെ വീട്ടില്‍ കഴിയേണ്ടിയും വന്നിരിക്കുന്നു.

എപ്പോഴും മന്ത്രിസ്ഥാനം മാത്രമായിരുന്നു കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യം. അടിയന്തരാവസ്ഥക്കാലത്ത് ഇടതുപക്ഷത്തായിരുന്നു കേരളാ കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് പക്ഷത്തേയ്ക്കു കൊണ്ടുവന്നത് മന്ത്രിസ്ഥാനം കാട്ടി മോഹിപ്പിച്ചായിരുന്നു. ഇ.എം.എസ്, കെ. അനിരുദ്ധന്‍ എന്നിവരോടൊപ്പം കെ.എം. ജോര്‍ജിനെയും ആര്‍. ബാലകൃഷ്ണപ്പിള്ളയെയും അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാക്കി അന്നത്തെ ഗവണ്‍മെന്റ് കോണ്‍ഗ്രസ് തയ്യാറാക്കിയ പദ്ധതിപ്രകാരം കെ.എം. ജോര്‍ജിനെയും ബാലകൃഷ്ണപ്പിള്ളയെയും മോചിപ്പിച്ചു. ഇരുവരെയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഡല്‍ഹിക്കു വിളിപ്പിച്ചു. രണ്ടുപേരെയും മന്ത്രിയാക്കാമെന്ന് ഇന്ദിരാഗാന്ധി ഉറപ്പു നല്‍കി. ആദ്യം രണ്ടുപേരും സമ്മതിച്ചില്ല. ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന ആഭ്യന്ത്രവകുപ്പു സഹമന്ത്രി കെ.സി. പന്ത് ബാലകൃഷ്ണപിള്ളയെയും കൂട്ടി പുറത്തേയ്ക്കിറങ്ങി. ഡിസംബര്‍ മാസത്തിലെ തണുപ്പുള്ള രാത്രിയില്‍ മഞ്ഞുംകൊണ്ടു തണുത്തു വിറച്ചുനിന്ന പിള്ളയോട് പന്ത് ഉറച്ച ശബ്ദത്തില്‍ ചോദിച്ചു: 'മന്ത്രിയാവണോ? വീണ്ടും ജയിലിലേക്കു മടങ്ങണോ? തീരുമാനം ഉടനറിയിക്കണം'. കേരളാ കോണ്‍ഗ്രസ് അച്യുതമേനോന്‍ ഗവണ്‍മെന്റില്‍ ചേരാന്‍ തീരുമാനിച്ചുവെന്നും കെ.എം. ജോര്‍ജും ബാലകൃഷ്ണപിള്ളയും മന്ത്രിസ്ഥാനം ഏല്‍ക്കണമെന്നുമാണ് പിന്നെ കേരളം കേട്ടത്.

P J Joseph
പി ജെ ജോസഫ്

 

പക്ഷെ കെ.എം. ജോര്‍ജിന് കാര്യങ്ങള്‍ അത്ര അനുകൂലമായിരുന്നില്ല. പാര്‍ട്ടിയില്‍ കെ.എം. മാണി വലിയ സ്വാധീനം നേടികഴിഞ്ഞിരുന്നു. തോമസ് കുതിരവട്ടം, ടി.എം. ജോര്‍ജ്, കെ.വി. കുര്യന്‍ എന്നിവരൊക്കെ സംഘടിച്ച് കെ.എം. മാണിയെ ഉയര്‍ത്തികൊണ്ട് വരികായിരുന്നു. ഇവരെല്ലാം കൂടി മാണിയെ മാണിസാര്‍ എന്നുവിളിച്ചു. ഈ നേതാക്കള്‍ കെ.വി.കുര്യന്റെ വിട്ടില്‍ യോഗം ചേര്‍ന്നു. പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും ഒരാളാവാന്‍ പാടില്ല എന്ന തത്വം ഇവര്‍ പാര്‍ട്ടിയില്‍ ഉന്നയിച്ചു. അവസാനം കെ.എം. ജോര്‍ജ് മന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച് പാര്‍ട്ടിചെയര്‍മാന്‍ സ്ഥാനത്തേക്ക് ഒരുങ്ങി. കെ.എം. മാണിയും ആര്‍. ബാലകൃഷ്ണപിള്ളയും സത്യപ്രതിജ്ഞ ചെയ്ത് അച്യുതമേനോന്‍ മന്ത്രിസഭയില്‍ ചേര്‍ന്നു; 1975 ഡിസംബര്‍ 26-ാം തീയതി.

മന്ത്രിസ്ഥാനത്തിനു വേണ്ടിയാണ് രാഷ്ട്രീയവും പാര്‍ട്ടിയുമെല്ലാം എന്ന് കേരളാകോണ്‍ഗ്രസ് നേതാക്കള്‍തന്നെ തെളിയിക്കുകയായിരുന്നു. അധികാരത്തിനുവേണ്ടി തന്നെയാണ് പില്‍ക്കാലത്ത് കേരളാകോണ്‍ഗ്രസില്‍ പിളര്‍പ്പും ലയനവുമെല്ലാം മുറപോലെ നടന്നത്. നേതാക്കള്‍ അധികാരം തേടിപോയപ്പോള്‍ പാര്‍ട്ടി ശോഷിച്ചു. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണിതെന്ന് പറഞ്ഞുവെച്ചുകൊണ്ട് സാക്ഷാല്‍ കെ.എം. മാണി തന്നെ കേരളാകോണ്‍ഗ്രസിലെ പിളര്‍പ്പുകളെ ആദര്‍ശവല്‍ക്കരിച്ചുവെങ്കിലും കേരളരാഷ്ട്രീയത്തില്‍ ഈ പാര്‍ട്ടിയുടെ പ്രസക്തി കുറഞ്ഞുകുറഞ്ഞുവന്നു. 

Jose K Mani
ജോസ് കെ.മാണി

 

ലോകസഭാംഗമായിരുന്നിട്ടും മന്ത്രിയാകാനിറങ്ങിത്തിരിച്ച ബാലകൃഷ്ണപിള്ള ആദ്യമാസത്തിനുള്ളില്‍ നിയമസഭാംഗമാകാന്‍ കഴിയാത്തതിനാല്‍ രാജിവെച്ചു. 1976 ജൂണ്‍ 26-ാം തീയതി കെ.എം. ജോര്‍ജ് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി ചുമതലയേറ്റു. 1976 ഡിസംബര്‍ 11ന് കെ.എം. ജോര്‍ജ് ഹൃദയാഘാതംമൂലം അന്തരിച്ചു. കൂടെയുള്ളവര്‍ ചവുട്ടിയതില്‍ മനംനൊന്ത് ഹൃദയംപൊട്ടിയാണ് ജോര്‍ജ് മരിച്ചതെന്ന് ആര്‍. ബാലകൃഷ്ണപിള്ള ഉള്‍പ്പെടെ പല നോതാക്കളും അന്ന് അക്ഷേപിച്ചു.

കെ.എം. ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് പുതിയൊരു കേരളാ കോണ്‍ഗ്രസുണ്ടാക്കി അതിന്റെ അധ്യക്ഷനായി കേരളരാഷട്രീയത്തിലേക്ക് വരുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. അരനൂറ്റാണ്ടു പിന്നിട്ട കേരളാ കോണ്‍ഗ്രസിന് പുതിയൊരു സംസ്‌കാരവും ദിശാബോധവും നല്‍കാന്‍ ഫ്രാന്‍സിസ് ജോര്‍ജിന് കഴിയുമോ എന്ന് കേരളസമൂഹം ഉറ്റുനോക്കുന്നുണ്ട്. 

ഇടതുപക്ഷത്തേക്കു നീങ്ങുന്ന പുതിയ പാര്‍ട്ടിയെ നേരിടുന്നത് കെ.എം. മാണിയും പി.ജെ. ജോസഫും നയിക്കുന്ന കേരളാ കോണ്‍ഗ്രസാണ്. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജും ഡോ.കെ.സി. ജോസഫും ആന്റണി രാജുവും പറഞ്ഞുവെച്ച കാരണങ്ങളിലൊന്ന് കെ.എം. മാണി പാര്‍ട്ടി നേതൃത്വം മകള്‍ ജോസ്.കെ. മാണിയെ ഏല്‍പ്പിക്കാന്‍ നീക്കം നടത്തുന്നുവെന്നാണ്. 

അതു പ്രകാരമാണ് നടക്കുന്നതെങ്കില്‍ നാളത്തെ കേരളരാഷ്ട്രീയം കാണുക രണ്ടു മുന്നണികളിലായി നില്‍ക്കുന്ന രണ്ടുപ്രധാനപ്പെട്ട കേരളാകോണ്‍ഗ്രസുകള്‍ തമ്മില്‍ നടത്തുന്ന നേര്‍ക്കുനേല്‍ പോരാട്ടമായിരിക്കും. കെ.എം. ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജും. കെ.എം. മാണിയുടെ മകന്‍ ജോസ്.കെ. മാണിയും തമ്മിലുള്ള ഏറ്റുമുട്ടല്‍. കേരളാകോണ്‍ഗ്രസിന്റെ വളര്‍ച്ചയും പിളര്‍പ്പും ലയനവുമെല്ലാം ഇനി പുതിയ വഴികളിലൂടെയാവും, പുതിയ നേതാക്കളിലൂടെയും.

1976 ഡിസംബര്‍ 11ന് കേരളാ കോണ്‍ഗ്രസ് സ്ഥാപകാധ്യക്ഷന്‍ മുവാറ്റുപുഴ കളസാട്ടുപറമ്പില്‍ മത്തായി ജോര്‍ജ് മരിക്കുമ്പോള്‍ അദ്ദേഹത്തിന് 58 വയസായിരുന്നു. പുതിയ കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് വരുന്ന മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് അറുപതാംവയസില്‍ എത്തിനില്‍ക്കുന്നു.