ഇന്നലെ വൈകിട്ട് എംഎല്‍എ ഹോസ്റ്റലിലെ റെസ്റ്റോറന്റില്‍ ചെറിയാന്‍ ഫിലിപ്പിനെ കണ്ടു. ഹൃദയം നിറഞ്ഞ ചിരി; ഹലോയെന്ന് നീണ്ടവിളി. 
ചായ വന്നു.
ആവി പറന്നു.
ചൂടു കുറഞ്ഞു.

സുഖിയന്റെ രുചിയും ചായയുടെ കടുപ്പവും സമംചേര്‍ത്ത് സാഹിത്യവും രാഷ്ട്രീയവും ആത്മീയതയും ഊതി ഊതി കുടിച്ചു. അറിവില്ലായ്മയുടെ കാലത്തെ ആദര്‍ശങ്ങളും മുറിവ് പറ്റിയ മുദ്രാവാക്യങ്ങളും ചവച്ചുനോക്കുമ്പോള്‍ സുഖിയനേക്കാള്‍ സുഖം.

എപ്പോഴോ, സംസാരത്തിനിടയില്‍ കൈ തട്ടിയപ്പോള്‍ ചായക്കപ്പ് ഉലഞ്ഞു: ചായക്കപ്പില്‍ കൊടുങ്കാറ്റുണ്ടായി. കൊടുങ്കാറ്റ് ശമിക്കട്ടെ എന്നുകരുതി ക്ഷുഭിതമായ എണ്‍പതുകളിലേയും കുപിതമായ തൊണ്ണൂറുകളിലേയും ഒന്നിനും കൊള്ളാത്ത രണ്ടായിരങ്ങളിലെയും കരകളിലേക്ക് അല്‍പ്പനേരം മാറിയിരുന്നു.

ചായക്കപ്പുകളിലെ കൊടുങ്കാറ്റല്ലേ പെട്ടെന്ന് ശമിച്ചു; വേറെ രണ്ട് ചായ വന്നു. 

ആത്മകഥയെഴുതി തീര്‍ന്നു.
ഇനി എന്തെഴുതും?
ചെറിയാന് മറുപടിയില്ല.

ആത്മാവിനെക്കുറിച്ച്, അല്ല പരിശുദ്ധാത്മാവിനെക്കുറിച്ച് എഴുതിക്കൂടെ? പിതാവും പുത്രനും പരിശുദ്ധാത്മാവും എന്നല്ലേ പ്രാര്‍ത്ഥന.... ആദര്‍ശം എന്ന പിതാവിന്റെ ഓര്‍മ്മയില്‍ വിങ്ങുന്ന അനാഥനായ പുത്രനല്ലേ; പരിശുദ്ധാത്മാവിനെക്കുറിച്ച് ഒരു കൈ നോക്കൂ സുഹൃത്തെ..

രണ്ടാം ചായക്കപ്പില്‍ ദുര്‍ബലമായ കൊടുങ്കാറ്റാണുണ്ടായത്. അതിനാല്‍ ആന്റണിയും കരുണാകരനും മുങ്ങിത്താന്നില്ല. ഉമ്മന്‍ ചാണ്ടിയും സുധീരനും പൊന്തിവരികയും ചെയ്തു.

ആന്റണിക്ക് വേണ്ടി, അണുബോംബ് മുതല്‍ അമീബ വരെയെഴുതിപ്പിടിച്ച വിരലുകളില്‍ സുഖിയന്റെ കൊഴുത്ത എണ്ണ പടര്‍ന്നു. പാപക്കറ പോലെ; തുടച്ചിട്ടും തുടച്ചിട്ടും എണ്ണബാക്കി.

   2

എണ്‍പതുകളില്‍ യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്ത് വച്ച് ആദ്യം ചങ്ങാത്തം കൂടിയപ്പോള്‍  കണ്ട അതേ ഊര്‍ജ്ജം നാവിന്; നാവിന് കുഴപ്പമൊന്നുമില്ല. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ. സതീര്‍ത്ഥ്യര്‍ മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞപ്പോള്‍ പൊട്ടിയ നടുവിനോ?

നടുവിനിപ്പോള്‍, കിഴിയും ധാരയും; ചതിക്കുന്നില്ല.

യൂണിവേഴ്‌സിറ്റി കോളേജിന് പ്രായം നൂറ്റി അന്‍പത്.
എ കെ ആന്റണിക്ക് എഴുപത്തി ആറ്.
ചെറിയാന്‍ ഫിലിപ്പിന് അറുപത്തി രണ്ട്.
ഒന്നിനും കാര്യമായ മാറ്റമില്ല; കാലം കലഹിക്കുമ്പോള്‍ പ്രായം കൂടും; അത്ര തന്നെ..

പിന്നെ ആര്‍ക്കൊക്കെയാണ് മാറ്റം സുഹൃത്തെ?
മാറ്റമല്ലാത്തതെന്തും മാറ്റത്തിന് വിധേയമാകുന്നുവെന്ന് പ്രസംഗിച്ചു പോരുന്ന നേതാക്കളിലാരെങ്കിലും താങ്കളോടുള്ള സ്‌നേഹത്തിന്റെ മാറ്റ് കുറച്ചിട്ടുണ്ടാകുമോ? വെറുതെ ഒരു സംശയം.

ചായയും കടിയും തീര്‍ന്നല്ലോ..

ഒരു ചോദ്യത്തില്‍ പരസ്പരം കടിക്കുന്നതിലെന്ത് തെറ്റ്? 
കടിച്ച് പല്ല് പോകാതിരുന്നാല്‍ മതിയല്ലോ.
അങ്ങനെ നോക്കുമ്പോള്‍..

ചെറിയാന്‍ ആരെയും സംശയിക്കുന്നില്ല..

പിണറായിക്ക് പ്രിയമാണ്.
കോടിയേരിക്ക് കാര്യമാണ്.
എം എ ബേബിയ്ക്ക് സ്‌നേഹമാണ്.
വി എസ് പണ്ടേ മിണ്ടില്ല.
കടകംപള്ളി കാണുമ്പോള്‍ ചിരിക്കും.
ഐസക്കിന് ഐസക്കിനോട് സ്‌നേഹമുണ്ട്.

ആദര്‍ശത്തിന്റെ അടുക്കളയില്‍ തീ പുകയാതിരുന്ന കാലം മുതല്‍ ആത്മസ്‌നേഹിതനായി തുടരുന്ന ഒരു പുള്ളിഷര്‍ട്ടുകാരന്‍ അടുത്തേക്ക് വന്ന് കസേര നീക്കിയിട്ടു.

ചായ വേണോ?
ഇപ്പം കുടിച്ചതേയുള്ളൂ.
ചെറിയാനിപ്പം എന്തു ചെയ്യുന്നു?
എങ്ങും കാണുന്നില്ല?

3

ചായയെയും സുഖിയനേയും അവഗണിച്ച അതേ തന്റേടത്തില്‍ അയാള്‍ 
ചോദിച്ചു.

ഞാനോ? ഇവിടെയൊക്കെയുണ്ട്.
എ.കെ.ജി. സെന്ററില്‍.
ഇലയും പൂവും തുന്നിച്ചേര്‍ത്ത ബോഡി ഫിറ്റ് ഷര്‍ട്ടിനുള്ളില്‍    
ഞെരുങ്ങിക്കൊണ്ട് ചെറിയാന്‍ അറിയിച്ചു.

അവിടെ എന്ത് ചെയ്യുന്നു?
അവിടെ വായന, എഴുത്ത്..
എകെജി സെന്ററല്ലേ എന്തോക്കെ ചിന്തിച്ചിരിക്കാം.

ഫുള്‍ ടൈം..?
അതേ ഫുള്‍ ടൈം..

അല്ല, കോര്‍പ്പറേഷന്‍, ബോര്‍ഡ് എങ്ങും കണ്ടില്ല.
പുള്ളിഷര്‍ട്ടുകാരന് പുച്ഛം.
വായനയും കോര്‍പ്പറേഷനും ബോര്‍ഡും തമ്മിലൊക്കെ എന്ത് ശത്രുത?

ചെറിയാന്‍ എഴുന്നേറ്റു:
പോകണം.
എങ്ങോട്ട്.
വീട്ടിലേക്ക്.
അവിടെ ആരിരിക്കുന്നു?

ചോദ്യം കൊള്ളേണ്ടിടത്തുകൊണ്ടു.
ചെറിയാന്‍ മൗനിയായി..
കാലം തനിക്കായി കരുതിവച്ച കരുണയില്ലാത്ത കണക്കുപുസ്തകം, ആ നിമിഷം അയാള്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടു.

അച്ഛനില്ല.
അമ്മയില്ല.
ഭാര്യയില്ല.
മക്കളില്ല.
നേതാവില്ല.
അനുയായിയില്ല.
പണമില്ല.
കാറില്ല.
ദൈവത്തിന്റെ കാര്യത്തില്‍ തീര്‍ച്ചയുമില്ല.

ഇരുള്‍ പരന്നു.. ചെറിയാന്‍ യാത്ര പറയാതെ ഇരുട്ടിനൊപ്പം പോയി.