അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി. കരസ്ഥമാക്കിയത് അക്ഷരാർഥത്തിൽ ചരിത്രവിജയമാണ്. ഇന്ത്യയുടെ രാഷ്ട്രീയഭാവി സംബന്ധിച്ച വ്യക്തമായ പ്രഖ്യാപനംകൂടിയായി ആ ജനവിധി. അടുത്ത ഒന്നോ രണ്ടോ ദശാബ്ദങ്ങളിൽ ഇന്ത്യയെ ആരാണ് ഭരിക്കുക എന്ന് സംശയിച്ചിരുന്നവർക്ക് വ്യക്തമായ ദിശാസൂചികയായി അത്. ഒരുപക്ഷേ, നരേന്ദ്രമോദിയെപ്പോലെ രാജ്യത്തെ ഇത്രമാത്രം സ്വാധീനിച്ച മറ്റൊരു നേതാവ്, മറ്റൊരു പ്രധാനമന്ത്രി ഇല്ല എന്നതും ഇവിടെ സാക്ഷ്യപ്പെടുത്തപ്പെടുന്നു. ഈ മഹാവിജയം ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാനുള്ള വകനൽകുമ്പോൾത്തന്നെ വലിയ ഉത്തരവാദിത്വമാണ് പ്രദാനംചെയ്യുന്നത്.  മണിപ്പുർപോലുള്ള ഒരു സംസ്ഥാനത്ത് ബി.ജെ.പി.ക്ക് കരസ്ഥമാക്കാൻ കഴിഞ്ഞത്‌ അസാമാന്യമായ വിജയമാണ്. സാമാന്യം വലിയ അടിത്തറയൊന്നുമില്ലായിരുന്ന ബി.ജെ.പി.ക്ക് അവിടെ അധികാരത്തിലേറാൻ കഴിഞ്ഞുവെന്നത് കേരളംപോലുള്ള സംസ്ഥാനങ്ങളിൽ പാർട്ടിക്ക് എന്തൊക്കെ ചെയ്യാനാവും എന്നതും ഓർമിപ്പിക്കുന്നു.

മോദിസർക്കാരിനെ എങ്ങനെയും ദുർബലപ്പെടുത്തുക, ബി.ജെ.പി.യെ തകർക്കുക എന്നതുമാത്രമായിരുന്നു കഴിഞ്ഞ രണ്ടരവർഷക്കാലത്തെ നമ്മുടെ പ്രതിപക്ഷകക്ഷികളുടെ ചിന്ത. ജനങ്ങൾക്കൊപ്പംനിന്നുകൊണ്ട്. ജനഹിതമറിഞ്ഞുകൊണ്ട്, രാഷ്ട്രസേവനത്തിനു തയ്യാറായ ഒരു ഭരണകൂടത്തെ നേരായപാതയിൽ നേരിടാൻ ഇക്കൂട്ടർക്കായില്ല എന്നതാണ് ഏറെ പ്രധാനപ്പെട്ടത്.  ഓരോ സുപ്രധാനഘട്ടങ്ങളിലും അവർ കൈക്കൊണ്ട നിലപാടുകൾ ഒന്നോർമിച്ചുനോക്കൂ, ജെ.എൻ.യു.വിലെയും ഹൈദരാബാദ് സർവകലാശാലയിലെയും സംഭവങ്ങൾ, ദാദ്രിപോലുള്ള പ്രശ്നങ്ങൾ...  സാധാരണനിലയിൽ ഒരു ചെറിയ ക്രമസമാധാനപ്രശ്നം മാത്രമായിരുന്നു പലതും. അതൊക്കെ കെട്ടിയുയർത്താനും രാജ്യവ്യാപകമായി പ്രശ്നങ്ങൾ സൃഷ്ടിക്കാനും ശ്രമിച്ചവർ ഇവരാണ്. പാകിസ്താന്‌ ജയ്‌വിളിക്കാനും ഇന്ത്യയെ ആക്രമിച്ചതിന് കോടതി തൂക്കിലേറ്റാൻ വിധിച്ചയാളെ മഹാത്മാവാക്കാനും ഇന്ത്യയെ വെട്ടിമുറിക്കണം എന്ന് ആഹ്വാനം ചെയ്യാനുമൊക്കെ ശ്രമിച്ചത് ഇതേസമയത്തും ഇതേകൂട്ടരുമാണ്.

  നോട്ട് പിൻവലിക്കലിനെത്തുടർന്നുനടന്ന കോലാഹലങ്ങൾ ഓർമിക്കുക. എന്തെല്ലാമാണ് ഇക്കൂട്ടർ ചെയ്തത്? പാർലമെന്റ് സ്തംഭിപ്പിക്കലായിരുന്നു ഇവരുടെ മുഖ്യപരിപാടി.   അതിനപ്പുറം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അവർക്കായോ? പക്ഷേ, ആത്യന്തികമായി, നോട്ട് റദ്ദാക്കലിൽപ്പോലും ജനകോടികൾ സർക്കാരിനും മോദിക്കും ഒപ്പംനിന്നു.  ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർപോലും അതിനെ പരസ്യമായി പ്രശംസിച്ചു.  

പതിനേഴു സംസ്ഥാനങ്ങൾ ഇന്ന് ബി.ജെ.പി.ക്കൊപ്പമാണ്. അങ്ങു വടക്ക് ജമ്മുകശ്മീർ മുതൽ തെക്കുപടിഞ്ഞാറ് ഗോവവരെയും പടിഞ്ഞാറ് ഗുജറാത്തുമുതൽ കിഴക്ക് അരുണാചലും അസമും മണിപ്പുരും വരെയും. ഇതിനുമുന്പ് ജനതാപാർട്ടിയുടെ കാലത്തുപോലും (1977) ഇത്തരമൊരു അവസ്ഥയുണ്ടായിട്ടില്ല. കോൺഗ്രസ് വെറും അഞ്ചു സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങി. ആ അഞ്ചിൽ മിസോറമും മേഘാലയയും പുതുച്ചേരിയും ഉൾപ്പെടുമെന്നുകൂടി പറഞ്ഞാൽ അവരുടെ ശക്തി വ്യക്തമാവുമല്ലോ.  

  ബി.ജെ.പി.യെ തകർക്കാൻവേണ്ടി അഖിലേഷ് യാദവിനൊപ്പം അണിനിരന്ന കോൺഗ്രസ് അവരുടെ ശക്തികേന്ദ്രങ്ങളായ, റായ്‌ബറേലിയിലും അമേഠിയിലും  തൂത്തെറിയപ്പെട്ടു. ഇനി 2019-ൽ ബി.ജെ.പി.യെ പരാജയപ്പെടുത്താമെന്നു കരുതുന്നത് അബദ്ധമാണെന്നും വേണമെങ്കിൽ നമുക്ക് ഇന്നിപ്പോൾ 2024-നെക്കുറിച്ചു ചിന്തിക്കാമെന്നും ഒമർ അബ്ദുല്ല പറഞ്ഞതിന്റെ പ്രസക്തിയും അതുതന്നെയാണ്.

കോൺഗ്രസിന്റെ അവസ്ഥയിതാണെങ്കിൽ ഇടതുപക്ഷത്തിന്റെ സ്ഥിതിയെന്താണ് എന്നതും വിലയിരുത്തേണ്ടതുണ്ട്. ഒരുകാലത്ത് ചെങ്കോട്ടയിൽ ഞങ്ങൾ കൊടിയുയർത്തും എന്നുപറഞ്ഞു നടന്ന കക്ഷിയാണ് അതെന്ന്‌ ഓർമിക്കുക. ഉത്തർപ്രദേശിൽ സി.പി.എമ്മും സി.പി.ഐയും മറ്റ് ഇടതുകക്ഷികളും മത്സരിച്ചിരുന്നു എന്നത് ആരെങ്കിലും അറിഞ്ഞിരുന്നോ? ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് ജന്മംനൽകിയ കാൺപുർ യു.പി.യിലാണ്. അനവധിവർഷക്കാലം അയോധ്യയെ ലോക്‌സഭയിൽ പ്രതിനിധാനംചെയ്തത് സി.പി.ഐ.യാണ്. അവിടെ സർവസന്നാഹങ്ങളോടെ ഇത്തവണ മത്സരത്തിനിറങ്ങിയ ഇടതുപാർട്ടികൾക്ക് ഒരു ശതമാനം വോട്ടുപോലും കരസ്ഥമാക്കാൻ കഴിഞ്ഞില്ല.

ഇവിടെയാണ് നരേന്ദ്രമോദിയുടെയും ബി.ജെ.പി.യുടെയും പ്രസക്തിയും പ്രാധാന്യവും വർധിക്കുന്നത്. മോദിയെപ്പോലെ മറ്റൊരു നേതാവ് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല എന്നത് ഇന്ത്യക്കാർ മാത്രമല്ല ലോകരാഷ്ട്രത്തലവന്മാർപോലും അംഗീകരിക്കുന്നു. അഴിമതിയിലും കെടുകാര്യസ്ഥതയിലുംപെട്ട്‌ താറുമാറായിരുന്ന ഒരു രാഷ്ട്രത്തെ അതിന്റെ പരമവൈഭവത്തിലേക്ക് എത്തിക്കാനുള്ള പ്രതിജ്ഞയാണ് മോദിയും അദ്ദേഹത്തോടൊപ്പമുള്ളവരും ഏറ്റെടുത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്

ഇക്കാര്യത്തിൽ കേരളത്തിലെ ജനതയ്ക്ക് മറ്റെന്നത്തെക്കാൾ, മറ്റാരേക്കാൾ ചുമതല കൂടുതലുണ്ട് എന്നതുകൂടി ഓർമിപ്പിക്കട്ടെ. തകരുന്ന ഇടതുപാർട്ടികൾക്കും തകർന്നടിഞ്ഞ കോൺഗ്രസിനുമൊപ്പം കേരളത്തിന് മുന്നേറാനാവില്ല എന്നത് സാക്ഷരകേരളം തിരിച്ചറിയുന്നുണ്ട്.