article2സ്വാമി വിവേകാനന്ദന് വല്ല ആവശ്യവുമുണ്ടായിരുന്നോ കേരളത്തിൽവന്ന് വെറുതേ ആവശ്യമില്ലാത്തതൊക്കെ വിളിച്ചുപറയാൻ. കേരളം ഒരു ഭ്രാന്താലയമാണുപോലും! പക്ഷേ, അന്ന് കേരളം മുഴുവനായി രൂപംകൊണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ കേരളം എന്നൊരു വാക്കുതന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ടാവില്ലെന്ന് വ്യക്തം. ഏതായാലും ‘മദ്യ’തിരുവിതാംകൂറല്ല എന്ന് ഈ മധ്യതിരുവിതാംകൂറുകാരനൊന്ന് സമാധാനിച്ചോട്ടെ. അപ്പോൾപ്പിന്നെ മലബാർ ഒരു ഭ്രാന്താലയം എന്നതാണ് ലോജിക്കലി കറക്ട് എന്നുപറയാം. അതിനിനി മലബാറുകാർ പിണങ്ങിയിട്ട് ഒരു കാര്യവുമില്ല. ഇന്ന് ഇറാഖ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നാടൻ ബോംബുണ്ടാക്കുന്നതും അത് സമയാസമയങ്ങളിൽ ഒരു മുടക്കവുംവരാതെ പൊട്ടിക്കുന്നതും നമ്മുടെ മലബാറിലുള്ള കണ്ണൂരിലാണല്ലോ. ചുമ്മാതല്ല കണ്ണൂരുള്ള ആണുങ്ങൾക്ക് പെണ്ണുകിട്ടാത്തത്. കത്തിക്കുത്ത് കൊലപാതകംമാത്രംമതി വിധവയാകാൻ. പെണ്ണുങ്ങളാണെങ്കിൽ അതി സുന്ദരിമാരും. അവരെ വരത്തന്മാർ വന്ന് കൊത്തിക്കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചിട്ടെന്തുകാര്യം. 


ഇടക്കാലത്ത് കുറേ ‘മദ്യ’തിരുവിതാംകൂർ ചേട്ടന്മാർ അങ്ങോട്ട് കുടിച്ചുകുടിയേറിയിട്ടുണ്ടെന്നത് ചരിത്രസത്യം. ആർക്കറിയാം, ഒരുപക്ഷേ അതാകാം കുഴപ്പങ്ങളുടെ തുടക്കവും. ‘സംഭവാമി യുഗേ യുഗേ’. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ കാക്കനാടന്റെ ‘ഒറോത’ എന്ന പുസ്തകം വായിച്ചാൽമതി. നല്ല മെയ്വഴക്കമുള്ള ഒറോത ആ കഥ വായിക്കുന്നവരെപ്പോലും കോരിത്തരിപ്പിക്കും. ചെമ്പേരി പുഴയുടെ തീരത്ത് ആദ്യം ചേട്ടന്മാർ കപ്പകൃഷിചെയ്തു. പിന്നെ പല കൃഷികളും ചെയ്തു. എന്നാലും പൂളച്ചേട്ടന്മാർ എന്നാണ് അന്നൊക്കെ അറിയപ്പെട്ടത്.

ഏതായാലും വിവേകാനന്ദൻ അന്ന് വന്നേച്ചുപോയത് നന്നായി. ഇന്നായിരുന്നെങ്കിൽ ഇവിടെവെച്ചുതന്നെ ആരുടെയെങ്കിലും കൊച്ചുപിച്ചാത്തിക്ക് എല്ലാം അവസാനിപ്പിക്കേണ്ടിവന്നേനേ. എന്തിനുപറയുന്നു, വിവേകമുള്ള ആ ആനന്ദൻ അന്ന് പറഞ്ഞതൊക്കെ അക്ഷരംപ്രതി ശരിയാണെന്നുള്ളത് നമ്മൾ ദിനംപ്രതി തെളിയിച്ചുകൊണ്ടിരിക്കുന്നു. കള്ളവാറ്റ് ഇപ്പോൾ സർക്കാർ നേരിട്ട് ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് അതേപ്പറ്റി ആരും ഒരക്ഷരവും മിണ്ടുന്നില്ല. ബിവറേജു കടകളുടെ മുമ്പിലെ അച്ചടക്കം കാണുമ്പോൾ മനസ്സിലാക്കാവുന്നതേയുള്ളൂ. പെൺവാണിഭം, പീഡിപ്പിക്കൽ, കൊലപാതകം, കൊള്ള ഇതൊക്കെ ഇപ്പോൾ കേരളം മുഴുവൻ ചാനലുകാരും പത്രക്കാരും സിനിമാക്കാരും കൊണ്ടാടുകയല്ലേ. ഒറിജിനൽ 916 ദൈവത്തിനുപോലും നമ്മളെ രക്ഷിക്കാൻ പറ്റുന്നില്ല. പിെന്നയല്ലേ കവലകൾതോറുമുള്ള ആൾദൈവങ്ങൾക്ക്.


കേരളത്തെപ്പറ്റി പറയുമ്പോൾ നമ്മുടെ പരശുരാമകഥ മറക്കാൻ പറ്റുമോ. പരശുരാമൻ മഴുവെറിഞ്ഞത് എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പാണ്. അന്ന് കേരളം പോയിട്ട് ഇരുമ്പുപോലും കണ്ടുപിടിച്ചിട്ടില്ലല്ലോ. പിന്നെ എങ്ങനെ മഴുകൊണ്ടെറിഞ്ഞു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. അഥവാ എറിഞ്ഞെങ്കിൽത്തന്നെ മൂന്ന് നാട്ടുരാജ്യങ്ങൾക്കായി ഏറ്റവും കുറഞ്ഞത് മുന്നൂറ് മഴുവെങ്കിലും വേണ്ടിവന്നിരിക്കും. മൂന്നൊന്നുമല്ല, ഒരു മുന്നൂറ് മഴുവെങ്കിലും ഉണ്ടായിരുന്നിരിക്കണം എന്നുപറയുന്നവരുണ്ട്. മറ്റൊന്നുംകൊണ്ടല്ല കുറേ എറിഞ്ഞുപഠിക്കാൻവേണ്ടി കടലിലേക്ക് എറിഞ്ഞുകളഞ്ഞു എന്നാണ് കേട്ടുകേൾവി. എന്നാലും നമ്മൾ എന്നെന്നും പാടുന്നു- ‘പരശുരാമൻ മഴുവെറിഞ്ഞ് നേടിയനാട്’... 

സെന്റ് തോമസും വന്നത് ഇല്ലാത്ത കേരളത്തിലാണെന്ന് പറയുന്നു. പാവം തോമാച്ചൻ കുറേ പാടുപെട്ടുകാണും വള്ളവും വഞ്ചിയും കയറി വയസ്സുകാലത്ത് ഇവിടംവരെ എത്താൻ. എന്നിട്ട് വെള്ളം മുകളിലോട്ട് ഒഴിച്ച് ആകാശത്ത് നിർത്തി നമ്പൂതിരിമാരെ അദ്ഭുതപ്പെടുത്തി. അന്തംവിട്ട് നോക്കിനിന്ന ജനങ്ങളെല്ലാം ജ്ഞാനസ്ഥാനം ചെയ്തുപോലും. പിന്നെ അവർക്ക്  കർത്താവിനോട് പ്രാർഥിക്കാൻ പള്ളികൾ പണിതു. അന്ന് ക്രിസ്ത്യൻ മതവും പള്ളിയും ലോകത്തിൽ ഒരിടത്തും ഇല്ലായിരുന്നെന്ന് മാത്രമല്ല കുരിശുപോലും സഭയുടെ സിംബൽ ആയിരുന്നില്ല. അങ്ങനെ നോക്കുമ്പോൾ ലോകത്തിലെ ആദ്യത്തെ പള്ളിയും കുരിശുമായിരിക്കുമോ കൊടുങ്ങല്ലൂരിലുള്ളത്. ആർക്കറിയാം, എല്ലാം മറിമായം. 

അന്ന് കേരളത്തിൽ കടൽത്തീരത്ത് മീൻപിടിക്കുന്നവരെയാണ് വെള്ളത്തിൽ മുക്കിയതെന്നും കേട്ടുകേൾവി. അന്ന് മുങ്ങാത്തവർ സംഘടിച്ചാണ് പിന്നിട് നമ്പൂതിരിമാരുൾപ്പെടെ പല ജാതിക്കാരായി അറിയപ്പെട്ടതെന്നും പറഞ്ഞുകേൾക്കുന്നു. അല്ലെങ്കിൽത്തന്നെ നമ്പൂതിരിമാർ കേരളത്തിൽ വന്നത് പതിന്നാലാം നൂറ്റാണ്ടിലാണെന്ന് ചരിത്രം പറയുന്നു. അപ്പോൾ പിന്നെ മുക്കിയത് ആരെയാണെന്ന കാര്യം ഇന്നും തർക്കവിഷയമാണ്. എന്തിരുന്നാലും അന്നൊന്നും കേരളം എന്നൊരു പേരുപോലും ഇല്ലായിരുന്നു എന്നത് ചരിത്രസത്യം. ആരെെന്താക്കെ പറഞ്ഞാലും എഴുതിയാലും ആരൊക്കെയോ കേരളത്തിൽ വന്നിട്ടുണ്ട്. മതങ്ങൾ ഇല്ലാതിരുന്ന കേരളത്തിൽ മതങ്ങൾ ഉണ്ടാക്കി. അല്ലെങ്കിൽ മതം എങ്ങനെ ഉണ്ടാക്കണമെന്ന് മറ്റുള്ളവരെ പഠിപ്പിച്ചു. മതങ്ങൾ സംഘടനകളായി. രാഷ്ട്രീയക്കാരുടെ കൂടെക്കൂടി നാടുമുടിക്കുന്ന ഭരണകർത്താക്കളായി.