ഒരു ജനാധിപത്യരാജ്യത്തെ ഭരണത്തലവൻ അവിടത്തെ ഏതെങ്കിലുമൊരു മതന്യൂനപക്ഷവിഭാഗത്തിന്റെ ആഘോഷത്തിൽ പങ്കെടുക്കുന്നതിൽ എടുത്തുപറയത്തക്കതായി ഒന്നുമില്ല. ആ ന്യൂനപക്ഷസമൂഹം രാജ്യത്തിന്റെ വളർച്ചയിൽ വഹിക്കുന്ന പങ്കിനെ അദ്ദേഹം അവിടെവെച്ച്‌ വാഴ്ത്തുകയും ഭാവിയെക്കുറിച്ചുള്ള അവരുടെ ഏതുതരത്തിലുള്ള ആശങ്കയും ദൂരീകരിക്കാൻ പരിശ്രമിക്കുകയുമൊക്കെചെയ്യുന്നത്‌ തികച്ചും സ്വാഭാവികം.

എന്നാൽ, കഴിഞ്ഞ ചൊവ്വാഴ്ച കറാച്ചിയിലെ പ്രാദേശിക ഹിന്ദുസമൂഹം സംഘടിപ്പിച്ച ഹോളി ആഘോഷത്തിൽ പങ്കെടുത്തുകൊണ്ട് പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് മേൽപ്പറഞ്ഞതൊക്കെ ചെയ്തതിനെ ഒരു സാധാരണകാര്യമായി കാണാനാവില്ല. ചരിത്രപരമെന്ന് അതിനെ വിശേഷിപ്പിച്ചേമതിയാവൂ. പാകിസ്താനിൽ ന്യൂനപക്ഷമതവിഭാഗങ്ങളോടുള്ള വിവേചനവും മുസ്‌ലിംമേധാവിത്വവാദികൾക്ക്‌ ഭരണാധികാരകേന്ദ്രങ്ങളിൽനിന്ന്‌ ലഭിക്കുന്ന പരിലാളനയും അത്രമേലാണെന്നതാണ്‌ കാരണം. 
പാകിസ്താനിൽ ആദ്യമായി ഹിന്ദുസമൂഹത്തിന്റെ ദീപാവലി ആഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നവാസ് ഷെരീഫാണ്. 2015-ലായിരുന്നു അത്. ‘ഞാൻ എല്ലാ മതക്കാരുടെയും പ്രധാനമന്ത്രിയാണ്’ എന്ന് അദ്ദേഹം അന്നവിടെ പ്രഖ്യാപിക്കുകയുണ്ടായി. പക്ഷേ, ചൊവ്വാഴ്ച ഷെരീഫ് നടത്തിയ ഹോളിപ്രസംഗം അതിനെക്കാളൊക്കെ സവിശേഷമായിരുന്നു; സമാനതകളില്ലാത്തതും. ഇസ്‌ലാമിനെ മൗലികവാദപരവും ആക്രാമികവുമാക്കിത്തീർക്കാനുള്ള സമീപകാലപ്രവണതകളും രാജ്യത്തിന്റെ ചരിത്രത്തെ സംബന്ധിച്ചുള്ള സങ്കുചിത വ്യാഖ്യാനങ്ങളുമാണ് പാകിസ്താനിൽ മതതീവ്രവാദത്തിന് അടിത്തറയൊരുക്കിയതെന്ന്‌ പറയാൻ ഷെരീഫ് മടികാട്ടിയില്ല എന്നതുകൊണ്ടാണത്. ഇസ്‌ലാമിനെ വികലീകരിക്കുന്നതിനെ അപലപിക്കുകയും മതതീവ്രവാദത്തിന് അടിത്തറയൊരുക്കുന്ന വിശ്വാസപ്രമാണത്തെപ്പറ്റി പരാമർശിക്കുകയുംചെയ്തു അദ്ദേഹം. ‘വേർതിരിവുകൾ സൃഷ്ടിക്കുന്നതിനായി ചിലർ മതത്തെ ഉപയോഗിക്കുകയാണ്; ഇസ്‌ലാമിനെ ഉപയോഗിക്കുകയാണ്’- ഷെരീഫ് പറഞ്ഞു. 

മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ഇസ്‌ലാമിക മൗലികവാദികളുടെ അവകാശവാദങ്ങളെപ്പറ്റിയും ഷെരീഫ് അഭിപ്രായപ്രകടനം നടത്തി: ‘ഒരാൾ സ്വർഗത്തിലാണോ നരകത്തിലാണോ പോവുകയെന്നത്‌ നമ്മൾ തീരുമാനിക്കേണ്ട കാര്യമല്ല. ഇവിടം ഭൂമിയിലെ സ്വർഗമാക്കണമെന്നാവണം നാം നിശ്ചയിക്കേണ്ടത്.’ മരണാനന്തര ജീവിതത്തെക്കുറിച്ച്‌ മൗലികവാദികൾ പ്രചരിപ്പിക്കുന്ന ആശയങ്ങൾ പലരെയും ‘ജിഹാദി’ലേക്ക് ആകർഷിക്കാറുണ്ടെന്നത് ഇവിടെ ഓർക്കണം. ഇസ്‌ലാമികമേധാവിത്വവാദത്തിനെതിരെ അങ്ങേയറ്റം സ്പഷ്ടമായി അദ്ദേഹം പറഞ്ഞ വാക്കുകൾ ഇതായിരുന്നു: ‘ഏതെങ്കിലുമൊരു മതത്തിന്‌ മറ്റുള്ളവയ്ക്കുമേൽ അധീശത്വം കാണിക്കാമെന്നമട്ടിലല്ല പാകിസ്താൻ സൃഷ്ടിക്കപ്പെട്ടത്.’ 

‘മതത്തിന്റെ പേരിലുള്ള സമ്മർദങ്ങളെയോ മതപരിവർത്തനത്തെയോ ഇസ്‌ലാം പിന്തുണയ്ക്കുന്നില്ല’ എന്നുകൂടി ഷെരീഫ് പറഞ്ഞുവെച്ചു. ഇസ്‌ലാമിലേക്കുമാറാനുള്ള സമ്മർദങ്ങൾ പാകിസ്താനിലെ മതന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് ഹിന്ദുക്കൾക്ക്, ഏറെ നേരിടേണ്ടിവരുന്ന പശ്ചാത്തലത്തിലായിരുന്നു ഷെരീഫിന്റെ ഈ വാക്കുകൾ. 

പാകിസ്താൻ നടത്തുന്ന ഭീകരവിരുദ്ധയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അപഗ്രഥിക്കുമ്പോൾ, ആക്രാമികമായ ഇസ്‌ലാമികമേധാവിത്വവാദത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട് (തുടർച്ചയായ സൈനികനടപടികളിലൂടെമാത്രം നടത്തപ്പെടുന്ന ഭീകരവിരുദ്ധയുദ്ധം കേവലം ഉപരിപ്ലവമായിത്തീർന്നിട്ടുണ്ടെന്നത്‌ മറ്റൊരു കാര്യം). എന്നാൽ, പാകിസ്താന്റെ സൃഷ്ടിയെക്കുറിച്ച്‌ നടത്തിയ തിരുത്തൽവാദപരമായ പരാമർശങ്ങളാണ് ഷെരീഫിന്റെ ഹോളിപ്രസംഗത്തെ തീർത്തും വിപ്ലവകരമാക്കുന്നത്. പ്രത്യേകിച്ച്, രാജ്യത്ത്‌ നിലനിൽക്കുന്നതരം ഹിന്ദു-മുസ്‌ലിം ബന്ധത്തിന്റെ പശ്ചാത്തലത്തിൽ. 

മുസ്‌ലിം മേധാവിത്വം ഉറപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടെയല്ല പാകിസ്താൻ സൃഷ്ടിക്കപ്പെട്ടതെന്നുമാത്രമല്ല ഷെരീഫ് പറഞ്ഞത്; മതമേധാവിത്വം ഉന്മൂലനം ചെയ്യപ്പെടണമെന്ന ആശയംകൂടി അതിനുപിന്നിൽ ഉണ്ടായിരുന്നു എന്നുകൂടിയാണ്. ‘പാകിസ്താന്റെ പിറവിതന്നെ, മതാടിസ്ഥാനത്തിലുള്ള അടിച്ചമർത്തലിനെതിരായ ഒരു പോരാട്ടത്തിലൂടെയായിരുന്നു’- ഷെരീഫ് പറഞ്ഞു.

രാഷ്ട്രസ്ഥാപകനായ മുഹമ്മദലി ജിന്ന 1947 ഓഗസ്റ്റ് 11-ന്‌ പാക് ഭരണഘടനാനിർമാണസഭയിൽ നടത്തിയ പ്രശസ്തമായ പ്രസംഗത്തിലെ വരികൾ ഷെരീഫ് ഉദ്ധരിച്ചു: ‘ഈ പാക് രാഷ്ട്രത്തിൽ, നിങ്ങൾ സ്വതന്ത്രരാണ്. നിങ്ങൾക്ക് അമ്പലത്തിൽ പോകാൻ സ്വാതന്ത്ര്യമുണ്ട്; പള്ളിയിൽ പോകാൻ സ്വാതന്ത്ര്യമുണ്ട്; അല്ലെങ്കിൽ മറ്റേത് ആരാധനാലയത്തിൽ പോകാനും സ്വാതന്ത്ര്യമുണ്ട്. നിങ്ങൾ ഏതുമതത്തിലോ ജാതിയിലോ വിശ്വാസസമൂഹത്തിലോപെട്ട ആളായിക്കോട്ടെ, രാഷ്ട്രവ്യവഹാരവുമായി അതിനൊന്നും ഒരു ബന്ധവുമില്ല.’ 

പാകിസ്താൻ റേഡിയോയുടെ ശേഖരത്തിൽ ഈ പ്രസംഗം ഇപ്പോഴില്ല; ഏതോ ഒരു ഘട്ടത്തിൽ അത് എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. പാകിസ്താനിലെ പത്രങ്ങളൊന്നും പിറ്റേന്ന് ഈ പ്രസംഗം വായനക്കാരിലെത്തിച്ചിരുന്നില്ല. പിന്നീടുവന്ന സൈനികഭരണകൂടങ്ങൾ ആ പ്രസംഗത്തിന്റെ ഏതെങ്കിലുംതരത്തിലുള്ള പുനഃപ്രകാശനത്തിന്‌ വിലക്കേർപ്പെടുത്തി. ക്രമേണ അത് രാജ്യത്തിന്റെ ഔദ്യോഗികരേഖകളിൽനിന്നുതന്നെ അപ്രത്യക്ഷമാക്കപ്പെട്ടു. അങ്ങനെയൊന്നാണ്‌ ഷെരീഫ് പൊടിതട്ടിയെടുത്ത്‌ തന്റെ പ്രസംഗത്തിൽ ഉദ്ധരിച്ചത്. പുരോഗമനസ്വഭാവമുള്ള ഏതൊരു രാജ്യത്തിനും അതിന്റെ ഭൂതകാലവുമായി പൊരുത്തപ്പെട്ടുപോകേണ്ടിവരും.

ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കും സഹവർത്തിക്കാനാവില്ല എന്ന ആശയത്തിന്റെ പ്രചാരണം ഇനിയും പാകിസ്താനിൽ വിലപ്പോവുകയാണെങ്കിൽ, ഭരണകൂടത്തിന് മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാവില്ല. ഹിന്ദുക്കളുടെ പലായനങ്ങൾ തുടരുന്നതിന്റെ കാരണവും ഇതുതന്നെ. 

ഷെരീഫിന്റെ വാക്കുകളുടെയും വീക്ഷണത്തിന്റെയും വിപ്ലവസ്വഭാവം അംഗീകരിക്കുമ്പോൾത്തന്നെ, അതിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച്‌ ചിന്തിക്കേണ്ടതുണ്ട്. പ്രസംഗത്തിൽ അവതരിപ്പിക്കപ്പെട്ട ആശയങ്ങളുടെ നടപ്പാക്കലാണ് ആ ഘട്ടം. 

 കഴിഞ്ഞ വർഷം പുറത്തുവന്ന പാനമ രേഖകളുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ ഷെരീഫിനുമേൽ രാഷ്ട്രീയസമ്മർദം വർധിപ്പിക്കുന്നതിനുമുമ്പ്, അദ്ദേഹത്തിന്റെ പാർട്ടിയും സർക്കാരും രാജ്യത്തെ ഇസ്‌ലാമിക അധീശത്വത്തിനെതിരെ പല നടപടികളും കൈക്കൊണ്ടിരുന്നു. അഹമ്മദീയ വിഭാഗക്കാർക്കെതിരായ ബാനറുകൾ നീക്കംചെയ്യാൻ പഞ്ചാബ് പോലീസിന്‌ നിർദേശം നൽകിയതും ‘യൂട്യൂബി’നുള്ള വിലക്ക് നീക്കിയതും ശക്തമായ സമ്മർദങ്ങളെ ചെറുത്തുകൊണ്ട് ഒരു വനിതാവകാശനിയമം കൊണ്ടുവന്നതും പഞ്ചാബ് ഗവർണർ സൽമാൻ തസീറിനെ ‘മതനിന്ദ’ ആരോപിച്ച് കൊലപ്പെടുത്തിയ മുംതസ് ഖദ്രിയുടെ വധശിക്ഷ നടപ്പാക്കിയതുമൊക്കെ അതിൽപ്പെടുന്നു. 

മതസഹവർത്തിത്വത്തിനായി ഭരണകൂടം നടത്തുന്ന ചെറിയ കാൽവെപ്പുകൾ സ്വതന്ത്രചിന്തയെ ഉൾക്കൊള്ളുന്നതരത്തിലുള്ള ഒരു കുതിച്ചുചാട്ടമായി പരിണമിക്കുമെന്ന്‌ കരുതുന്നത്‌ ബാലിശമാവും. ഇന്റർനെറ്റിന്റെ സ്വതന്ത്രമായ ഉപയോഗത്തിനുമേൽ നടത്തുന്ന പിടിമുറുക്കം, പ്രധാനമന്ത്രിയുടെ ഹോളിപ്രസംഗം മുന്നോട്ടുവെച്ച പുരോഗമനപരമായ വീക്ഷണത്തിന്‌ വിരുദ്ധമാെണന്ന്‌ സർക്കാർ തിരിച്ചറിയുകതന്നെവേണം.

മതവൈവിധ്യം സ്വന്തം ശക്തിയാക്കിമാറ്റണമെങ്കിൽ പാകിസ്താൻ രണ്ടുകാര്യങ്ങൾ ചെയ്യേണ്ടതുണ്ട്: ഒന്ന്, ഭരണഘടനാപരമായ മതനിരപേക്ഷവത്കരണം. രണ്ട്, ഭരണകൂടം നിയമപിൻബലത്തോടെ പിൻവലിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യങ്ങളുടെ സംരക്ഷണം. ബഹുസ്വരത, സഹിഷ്ണുത, വിട്ടുവീഴ്ചയില്ലാത്ത സമത്വം എന്നിവ ഭരണഘടനയുടെ അവിഭാജ്യഘടകങ്ങളാക്കാത്തിടത്തോളം പാകിസ്താനിലെ മതന്യൂനപക്ഷങ്ങൾ ഏതെങ്കിലും നേതാക്കളുടെ ദയയെമാത്രം ആശ്രയിക്കേണ്ടിവരികയോ രാഷ്ട്രീയതന്ത്രങ്ങളുടെ ബലിയാടുകളാവുകയോ ചെയ്യേണ്ടിവരും.

(പ്രമുഖ പാക് പത്രപ്രവർത്തകനും കോളമിസ്റ്റുമാണ് ലേഖകൻ)